ആദ്യം അച്ചടിച്ച യാത്രാവിവരണം | ഡി.സി. കിഴക്കെമുറി

 7. ആദ്യം അച്ചടിച്ച യാത്രാവിവരണം... 

ഡി.സി. കിഴക്കെമുറി 

'ഊർശ്ലേം യാത്രാവിവരണം' എന്ന പുസ്തകത്തിന്റെ ശതാബ്ദിപ്പതിപ്പിന്റെ പ്രകാശനം 1996 ജൂലൈ 12ന് കോട്ടയത്ത് നടന്നു. ഒരു അസാധാരണമായ ചടങ്ങ് എന്ന് വിശേഷിപ്പിക്കാവുന്ന പുസ്തകപ്രകാശനം. 

പരുമല തിരുമേനി എന്ന പേരിൽ പ്രസിദ്ധനായ ഗീവറുഗീസ് മാർ ഗ്രിഗോറിയോസ് 101 വർഷം മുൻപ് നടത്തിയ ജെറുസലേം യാത്രയുടെ വിവരണമാണിത്. പുസ്തകം അച്ചടിച്ചത് 1895ൽ ആണ്. വേണമെങ്കിൽ ഈ ശതാബ്ദി ആഘോഷം 1995ൽ തന്നെ നടത്താമായിരുന്നു. 

പഴയ സെമിനാരിയിൽ (ഓർത്തഡോക്സ് വൈദിക സെമിനാരി) നടന്ന ചടങ്ങിൽ വൈദികരും വൈദികാധ്യക്ഷന്മാരും വൈദികവിദ്യാർത്ഥികളും പൊതുജനങ്ങളുമെല്ലാം പങ്കെടുത്തു. അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ ആയിരുന്നു. ഉദ്ഘാടകൻ സുകുമാർ അഴീക്കോടും. പുസ്തകം പ്രകാശിപ്പിച്ചത് മലയാള മനോരമ എഡിറ്റർ മാമ്മൻ മാത്യുവും സ്വീകരിച്ചത് തകഴി ശിവശങ്കരപ്പിള്ളയുമാണ്. സി. രാധാകൃഷ്ണനും റവ. ഡോ. കെ.എം. ജോർജും ഞാനും പ്രസംഗിച്ചു. തീർത്ഥാടന ശതാബ്ദി ഉദ്ഘാടനം ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് നിർവഹിച്ചു. ശതാബ്ദിപ്പതിപ്പിന്റെ സമർപ്പണം പോൾ മണലിൽ നടത്തി. ഫാ. കെ.ജെ. ഗബ്രിയേൽ സ്വാഗതം ആശംസിച്ചു. 

തകഴിയുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ആദ്യത്തെ പ്രസംഗം അദ്ദേഹത്തിന്റേതാക്കി. ശ്വാസംമുട്ടലും മറ്റു രോഗങ്ങളുമുള്ള തനിക്ക് നിൽക്കാനുള്ള കഴിവില്ലെന്നു പറഞ്ഞുകൊണ്ട് തകഴി പ്രസംഗം ആരംഭിച്ചു. പരുമല തിരുമേനിയെപ്പറ്റി വളരെ ചെറുപ്പം മുതലേ താൻ കേട്ടിട്ടുണ്ടെന്ന് തകഴി പറഞ്ഞു. വളരെയധികം ആദരിക്കപ്പെട്ട ഒരു സിദ്ധനായിരുന്നു അദ്ദേഹം. 

'വർത്തമാനപുസ്തക'ത്തിന്റെ ചരിത്രം എന്റെ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. അതിന്റെ ചുരുക്കം ഇവിടെത്തന്നെ പറയുന്നത് കൂടുതൽ യുക്തമാണെന്ന് തോന്നുന്നു. പാറേമ്മാക്കൽ തോമ്മാ കത്തനാരും (പിൽക്കാലത്തു ഗോവർണദോർ എന്നറിയപ്പെട്ടിരുന്നു) കരിയാറ്റിൽ യൗസേപ്പ് മൽപ്പാനും (ഡോ. ജോസഫ് കരിയാറ്റി) കൂടി 1778ൽ ആണ് റോമിന് പുറപ്പെട്ടത്. മദ്രാസ് വരെ കാൽനടയായിപ്പോയി. അവിടെ നിന്നു കപ്പൽമാർഗം. ആഫ്രിക്ക ചുറ്റി തെക്കേആഫ്രിക്കയുടെ തീരം വഴിയുള്ള ക്ലേശകരമായ യാത്ര. എട്ടു വർഷത്തിനു ശേഷം തിരിച്ചെത്തിയ തോമ്മാ കത്തനാർ 'വർത്തമാനപുസ്തകം' എന്ന പ്രസിദ്ധമായ യാത്രാവിവരണം 1785ൽ പൂർത്തിയാക്കി. എങ്കിലും ഇത് അച്ചടിച്ചത് 1936ൽ ആണ്. 150 വർഷത്തിനു ശേഷം. അതുകൊണ്ട് ആദ്യം അച്ചടിച്ച യാത്രാവിവരണം എന്ന ബഹുമതി 'ഊർശ്ലേം യാത്രാവിവരണ'ത്തിന് ലഭിച്ചു. 

പഴയകാലത്തെ മഹത്തായ കൃതികൾക്ക് വിശുദ്ധിയുടെ പരിവേഷമുണ്ടായിരുന്നുവെന്ന് സുകുമാർ അഴീക്കോട് പറഞ്ഞു. ആ വിശുദ്ധിയാണ് പരുമല തിരുമേനിയുടെ 'ഊർശ്ലേം യാത്ര' എന്ന ഗ്രന്ഥത്തെ മഹനീയമാക്കുന്നത്. ഈ കൃതി ആധ്യാത്മികതയുടെ ഔന്നത്യത്തിൽ എത്തിനിൽക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യേശുക്രിസ്തു സഞ്ചരിച്ച സ്ഥലങ്ങൾ നേരിട്ടു കണ്ടു നിർവൃതിയടയാൻ പരിശ്രമിച്ചതിന്റെ ഫലമാണ് ഈ കൃതിയെന്ന് കാതോലിക്കാ ബാവ ചൂണ്ടിക്കാണിച്ചു. ഊർശ്ലേം യാത്രാവിവരണ ഗ്രന്ഥം പ്രകാശിപ്പിക്കുന്ന ഈ സമ്മേളനം തന്നെ വിശുദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ യാത്രാവിവരണം എഡിറ്റ് ചെയ്ത് മലയാളികൾക്ക് ലഭ്യമാക്കിയ പോൾ മണലിൽ നിർവഹിച്ച സേവനം വളരെ വിലപ്പെട്ടതാണെന്നും ബാവ പ്രസ്താവിച്ചു. ആധ്യാത്മികതയുടെ പരിളം പരത്തുന്ന 'ഊർശ്ലേം യാത്രാവിവരണം' എല്ലാവരിലും എത്തിക്കണമെന്ന് മാമ്മൻ മാത്യു പറഞ്ഞു. രാവിലെ നടന്ന സാഹിത്യ സെമിനാറിൽ ഡോ. സാമുവൽ ചന്ദനപ്പള്ളി മോഡറേറ്ററായിരുന്നു. കാവ്യപൂജയിൽ ഡോ. സി.ജെ. റോയ് അധ്യക്ഷത വഹിച്ചു. തുമ്പമൺ തോമസ് പ്രസംഗിച്ചു.

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

പ. പാമ്പാടി തിരുമേനിയുടെ ഡയറിക്കുറിപ്പുകള്‍

മാര്‍ ദീവന്നാസ്യോസ് ആറാമന്‍റെ മര്‍ദ്ദീന്‍ യാത്ര (1923)