മാര്‍ ദീവന്നാസ്യോസ് ആറാമന്‍റെ മര്‍ദ്ദീന്‍ യാത്ര (1923)

സഭാക്കേസില്‍ 1923-ല്‍ ഉണ്ടായ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് സഭാസമാധാന ശ്രമത്തിനായി വട്ടശ്ശേരില്‍ തിരുമേനി 1923 ജൂണ്‍ 23-നു കുണ്ടറയില്‍ നിന്നു മര്‍ദ്ദീനിലേക്കു യാത്ര തിരിച്ചു. 1098 മിഥുനം 21-നു ബോംബെയില്‍ നിന്നു കപ്പല്‍ കയറി. മിഥുനം 28-നു ബസ്രായില്‍ എത്തി. കര്‍ക്കടകം 2-നു മൂസലിലെത്തി. മൂസല്‍ പള്ളിക്കാര്‍ സ്വീകരിച്ചു പള്ളിയിലേക്കു കൊണ്ടുപോയി. 10-നു രാവിലെ മര്‍ദീനിലേക്കു യാത്ര തിരിച്ചു. പല വൈതരണികളും അതിജീവിച്ച് 17-നു രാവിലെ മര്‍ദീന്‍ പട്ടണത്തില്‍ എത്തി. പാത്രിയര്‍ക്കീസ് ബാവാ കുര്‍ക്കുമാ ദയറായില്‍ നിന്നും വന്നു സ്വീകരിച്ചു. ഉച്ചകഴിഞ്ഞ് കുര്‍ക്കുമാ ദയറായിലേക്കു പോയി അവിടെ താമസിച്ചു. ചിങ്ങം 7-നു പാത്രിയര്‍ക്കീസ് ബാവായുമായി സഭാ സമാധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. യോജിപ്പിലെത്തിയില്ല. 9-നു ബാവാ മര്‍ദീനിലേക്കു പോയി. 18-നു ബാവാ തിരികെ വന്നു. കന്നി 20-നു വട്ടശ്ശേരില്‍ തിരുമേനി മര്‍ദീനിലേക്കു ബാവായുടെ ക്ഷണപ്രകാരം ചെന്നു. സന്ധ്യാപ്രാര്‍ത്ഥനാ സമയം തിരുമേനിയുടെ മുടക്കു തീര്‍ത്തിരിക്കുന്നതായി പരസ്യപ്രസ്താവന നടത്തി. പിറ്റേദിവസം ബാവായും വട്ടശ്ശേരില്‍ തിരുമേനിയും ചേര്‍ന്ന് രണ്ട് മെത്രാന്മാരെ വാഴിച്ചു. അതിലൊരാള്‍ പിന്നീട് മലങ്കരയില്‍ വന്ന ഏലിയാസ് യൂലിയോസാണ്. കന്നി 23-നു പാത്രിയര്‍ക്കീസ് ബാവാ, വട്ടശ്ശേരില്‍ തിരുമേനിക്കു ഒരു മുദ്രമാല സമ്മാനിച്ചു. ഉച്ചകഴിഞ്ഞു രണ്ടു മണിയോടെ ഏലിയാസ് യൂലിയോസിനൊപ്പം തിരികെ യാത്രയായി. വഴിയില്‍ കള്ളന്മാരുടെ കവര്‍ച്ചയെയും ദുരിതങ്ങളെയും അതിജീവിച്ച് 14-നു മൂസലിലെത്തി. 

മൂസല്‍ പള്ളിയില്‍ വച്ച് തോമസ് മാര്‍ അത്താനാസ്യോസുമൊത്ത് ഫോട്ടോ എടുത്തു. 21-നു മൂസലില്‍ നിന്നും മടങ്ങി. 22-നു ബാഗ്ദാദിലെത്തി. 25-നു ബസ്രായിലെത്തി താമസിച്ചു. വൃശ്ചികം 3-നു ബസ്രായില്‍ നിന്നും കപ്പല്‍ കയറി. 9-നു രാവിലെ ബോംബെയിലെത്തി. 12-നു ട്രെയിനില്‍ യാത്ര തിരിച്ചു. 14-നു രാവിലെ 5 മണിക്കു ആര്‍ക്കോണത്തു ഇറങ്ങി. 15-നു പത്തു മണിക്ക് ഷൊര്‍ണൂര്‍ എത്തി. അവിടെ നിന്നും സ്ലീബാ ഒസ്താത്തിയോസിനോടൊപ്പം എറണാകുളത്തു വന്നു. അവിടെ മുസാവരിയില്‍ എല്ലാവരും ഒരു മേശയില്‍ കാപ്പി കുടിച്ചു. അവിടെ വച്ചു മുടക്കു തീര്‍ത്ത കല്പന മാര്‍ യൂലിയോസ് ജനങ്ങള്‍ക്കായി വായിച്ചു. വൈകിട്ട് തൃശൂര്‍ നിന്നും ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് എത്തി. അദ്ദേഹത്തോടൊപ്പം വള്ളത്തില്‍ കോട്ടയത്തിനു പുറപ്പെട്ടു. 17-നു ഞായറാഴ്ച രാവിലെ കോട്ടയത്തെത്തി. ഏലിയാ കത്തീഡ്രലില്‍ മാര്‍ ഗ്രീഗോറിയോസ് വി. കുര്‍ബ്ബാന അര്‍പ്പിച്ചു. വട്ടശ്ശേരില്‍ തിരുമേനി പ്രസംഗിച്ചു. 

മര്‍ദീന്‍ യാത്രയില്‍ ഈ കല്പന ബുക്ക് കൊണ്ടുപോയില്ല എന്നു തോന്നുന്നു. ആ യാത്രയില്‍ അയച്ച കല്പനകളുടെ വിവരം ഇതില്‍ കാണുന്നില്ല. മര്‍ദീന്‍ യാത്രയുടെ വിശദ വിവരങ്ങള്‍ക്കു 'മാര്‍ ദീവന്നാസ്യോസ് ആറാമന്‍റെ മര്‍ദ്ദീന്‍ യാത്ര', എഡിറ്റര്‍: ഡോ. എം. കുര്യന്‍ തോമസ്, എം. ഒ. സി. പബ്ലിക്കേഷന്‍സ്, കോട്ടയം, 2019 എന്ന ഗ്രന്ഥം വായിക്കുക.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)