മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്

 പൂതക്കുഴിയില് അബ്രഹാം കത്തനാര് (1875-1944)

തുമ്പമണ് പള്ളി ഇടവകയില് പി. റ്റി. തോമസ് കത്തനാരുടെ പുത്രന്. വട്ടശ്ശേരില് തിരുമേനിയുടെ വിശ്വസ്ഥന്. കാനോന് വിദഗ്ദ്ധന്. തിരുവനന്തപുരം പള്ളി വികാരി (1901-1944). സഭാക്കേസുകള് തിരുവനന്തപുരത്ത് നടന്ന സമയത്ത് കേസു നടത്തിപ്പിനായി അക്ഷീണ പരിശ്രമം നടത്തി. വട്ടശ്ശേരില് തിരുമേനിയുടെ നിലപാടുകളെ വിമര്ശിച്ച 'സുറിയാനി സഭ' മാസികയ്ക്കെതിരെ 'കാതോലിക് സഭ' എന്ന മാസിക ആരംഭിച്ചു നടത്തി. ഭരണഘടനാ ഡ്രാഫ്റ്റ് കമ്മിറ്റിയംഗം എന്ന നിലയില് എപ്പിസ്ക്കോപ്പസിക്ക് മുന്തൂക്കം കിട്ടുവാന് പരിശ്രമിച്ചു. 1923-ല് വട്ടശ്ശേരില് തിരുമേനി സഭാ സമാധാന പരിശ്രമങ്ങള്ക്കായി മര്ദീനിലേക്കു നടത്തിയ അതി ക്ലേശകരമായ യാത്രയില് ഒപ്പമുണ്ടായിരുന്നു. 1920-1930 കളിലെ സഭാപ്രസിദ്ധീകരണങ്ങളില് നിരവധി ലേഖനങ്ങള് എഴുതിയിട്ടുണ്ട്. 1930-34 കാലത്ത് സഭാ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്നു. മാര് ഈവാനിയോസ് കത്തോലിക്കാ സഭയില് ചേര്ന്ന 1930-കളില് 'റോമ്മാ സഭയും റീത്തുകളും' എന്ന ഗ്രന്ഥം രചിച്ചു. കേസില് കാനോന് വിദഗ്ദ്ധന് എന്ന നിലയില് മൊഴി കൊടുത്തുകൊണ്ടിരിക്കെ കോടതിമുറിയില് വച്ച് പക്ഷാഘാതം ഉണ്ടായി. രോഗിയായി കുറച്ചുനാള് കിടന്നശേഷം തിരുവനന്തപുരത്തു വച്ച് 1944 ജൂണ് 2-നു 69-ാമത്തെ വയസ്സില് അന്തരിച്ചു. ഭൗതികദേഹം തുമ്പമണ് പള്ളിയില് സംസ്കരിച്ചു. മക്കള്: ഒരാണും (സെക്രട്ടറിയേറ്റില് ഡപ്യൂട്ടി സെക്രട്ടറി ആയിരുന്നു) നാല് പെണ്ണും.

പാറേട്ട് മാത്യൂസ് കത്തനാര്‍ (മാത്യൂസ് മാര് ഈവാനിയോസ്: 1889-1980)
പുതുപ്പള്ളി സെന്റ് ജോര്ജ്ജ് വലിയപള്ളി ഇടവകാംഗമായ വല്യപാറേട്ട് മാത്യുവിന്റെയും അച്ചാമ്മയുടെയും പുത്രനായി 1889 ജനുവരി 19-ന് ജനിച്ചു. കോട്ടയം എം.ഡി. സെമിനാരിയില് സ്കൂള് വിദ്യാഭ്യാസവും പഴയ സെമിനാരിയിലും കല്ക്കട്ട ബിഷപ്സ് കോളജിലും വൈദിക വിദ്യാഭ്യാസവും പൂര്ത്തിയാക്കി. 1899 ജൂണ് 7-ന് പുതുപ്പള്ളി വലിയ പള്ളിയില്വച്ച് കടവില് പൗലോസ് മാര് അത്താനാസ്യോസ് കോറൂയോ സ്ഥാനവും 1908 മെയ് 17-ന് യെരുശലേം സെഹിയോന് മാളികയില് വച്ച് യെരുശലേം പാത്രിയര്ക്കീസ് മ്ശംശോനോ പട്ടവും നല്കി. വട്ടശ്ശേരില് ഗീവര്ഗീസ് റമ്പാന് മേല്പ്പട്ടസ്ഥാനം ഏല്ക്കാന് യെരുശലേമില് പോയപ്പോഴാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്ന ശെമ്മാശ്ശന് മ്ശംശോനോ സ്ഥാനം നല്കിയത്. 1920 ജൂണ് 7-ന് പരുമല സെമിനാരിയില്വച്ച് വട്ടശ്ശേരില് ഗീവര്ഗീസ് മാര് ദീവന്നാസ്യോസ് കശീശാ സ്ഥാനം നല്കി. പുതുപ്പള്ളി വലിയപള്ളി വികാരിയായി 33 വര്ഷം സേവനമനുഷ്ഠിച്ചു.

അബ്ദുള്ളായുടെ മുടക്ക്, റീത്ത് പ്രസ്ഥാനസ്ഥാപനം മുതലായ സഭയിലെ പ്രശ്നകലുഷിതമായ കാലത്ത് വട്ടശ്ശേരില് മെത്രാപ്പോലീത്തായുടെ വലംകൈയായി നിന്നു പ്രവര്ത്തിച്ചു. രണ്ടു പ്രാവശ്യം മേല്പട്ടസ്ഥാനത്തേക്കു തിരഞ്ഞടുത്തെങ്കിലും സ്ഥാനമേല്ക്കാന് വിസമ്മതിച്ചു. 1953 മെയ് 11-ന് പ. ഗീവര്ഗീസ് രണ്ടാമന് ബാവാ റമ്പാന് സ്ഥാനം നല്കി. 1953 മെയ് 15-ന് പ. ഗീവര്ഗീസ് ദ്വിതീയന് കാതോലിക്കാ ബാവാ കോട്ടയം ഏലിയാ ചാപ്പലില് വച്ച് എപ്പിസ്കോപ്പായായി വാഴിച്ച് കോട്ടയം ഇടവകയുടെ സഹായമെത്രാനായി നിയമിച്ചു. 1965 മുതല് കോട്ടയം ഇടവകയുടെ മെത്രാപ്പോലീത്തായായി പ്രവര്ത്തിച്ചു (1965-1980). കോട്ടയം ബസേലിയോസ് കോളജ്, പാമ്പാടി എം.ജി.എം. അഭയഭവന് മുതലായവയുടെ സ്ഥാപനത്തിന് നേതൃത്വം നല്കി. 1980 ആഗസ്റ്റ് 31-ന് കാലം ചെയ്തു. പാമ്പാടി കുറിയാക്കോസ് ദയറായില് കബറടക്കി.

ഫാ. ടി. വി. ജോണ്‍ (1890-1970) കറുകച്ചാല്‍ പനയമ്പാല കല്ലക്കടമ്പില്‍ തെക്കേക്കര വറുഗീസിന്‍റെയും അമയന്നൂര്‍ തിരുവാതുക്കല്‍ മറിയാമ്മയുടെയും പുത്രനായി 1890 ഫെബ്രുവരി 11-നു ജനിച്ചു. മല്ലപ്പള്ളി സ്കൂളിലെ പഠനശേഷം എം. ഡി. സെമിനാരി ഹൈസ്കൂളില്‍ ചേര്‍ന്നു. ക്ലാസ്സില്‍ ഒന്നാമനായി മെട്രിക്കുലേഷന്‍ പാസ്സായി. ഹെഡ്മാസ്റ്ററായിരുന്ന ഫാ. പി. റ്റി. ഗീവര്‍ഗീസ്, ജോണിനെ വട്ടശ്ശേരില്‍ തിരുമേനിക്കു പരിചയപ്പെടുത്തി. 1910-ല്‍ അബ്ദുള്ളാ ബാവാ ശെമ്മാശ പട്ടം നല്‍കി. മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും പണം മുടക്കി ജോണ്‍ ശെമ്മാശനെ ഉന്നതപഠനത്തിനയച്ചു. 1914-ല്‍ തിരുച്ചിറപ്പള്ളിയിലെ എസ്.പി.ജി. കോളജില്‍ നിന്നും ബി.എ. ബിരുദം നേടി. തുടര്‍ന്ന് കോട്ടയം എം.ഡി. സെമിനാരി ഹൈസ്കൂളില്‍ അദ്ധ്യാപകനായി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. 1919-ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്നും എം.എ. ലഭിച്ചു. 1921-ല്‍ എല്‍.റ്റി. ബിരുദം നേടി.

ഗുണ്ടൂരിലെ ആന്ധ്രാ ക്രിസ്ത്യന്‍ കോളജിലും മസൂലിപട്ടം നോബിള്‍ കോളജിലും അദ്ധ്യാപകനായി ജോലി ചെയ്തു. ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളജ് സ്ഥാപകന്‍ കെ. സി. ചാക്കോയുടെ ആഗ്രഹപ്രകാരം ഗുണ്ടൂര്‍ കോളജിലെ ജോലി ഉപേക്ഷിച്ച് 1925-ല്‍ ആലുവാ യു.സി. കോളജില്‍ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായി. സഭയില്‍ നിന്നു പഠനത്തിനു ചിലവാക്കിയ പണം മുഴുവനും തിരിച്ചുകൊടുത്ത ശേഷം 1925-ല്‍ വാളക്കുഴി വാളുവേലില്‍ അന്നമ്മയെ വിവാഹം ചെയ്തു. 1927 സെപ്റ്റംബര്‍ 25-നു പ. ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ വൈദികപട്ടം നല്‍കി. 1946-ല്‍ മലങ്കരസഭ മാസിക ആരംഭിക്കുവാന്‍ അന്നത്തെ മലങ്കരസഭാ അസോസിയേഷന്‍ സെക്രട്ടറിയും ആലുവാ യു.സി. കോളജ് പ്രിന്‍സിപ്പലുമായിരുന്ന എ. എം. വര്‍ക്കിയുമൊത്തു പ്രവര്‍ത്തിച്ചു. 1948-ല്‍ റിട്ടയര്‍ ചെയ്തു. ആലുവാ സെന്‍റ് തോമസ് ഇടവക സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. പ്രഥമ വികാരിയായി സേവനമനുഷ്ഠിച്ചു.
അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന തന്നെ, തിരുവനന്തപുരത്തു നിന്നും പരിചയപ്പെട്ട് വിളിച്ചു വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ച്, ആലുവാ യു.സി. കോളജില്‍ അഡ്മിഷന്‍ വാങ്ങി നല്‍കി ഫിലോസഫി ക്ലാസ്സില്‍ ചേര്‍ക്കുകയും ഹൈന്ദവ സന്യാസിയാകാന്‍ പ്രേരിപ്പിക്കുകയും ചെയ്തത് ജോണച്ചനാണെന്ന് ഗുരു നിത്യചൈതന്യയതി നന്ദിപൂര്‍വ്വം അനുസ്മരിച്ചിട്ടുണ്ട്. 1933-34 കാലത്ത് ഇംഗ്ലണ്ടില്‍ താമസിച്ച് പഠനം നടത്തി. തുടര്‍ന്ന് പാരീസ്, പലസ്തീന്‍, റോം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മടങ്ങി. അഞ്ചു പുത്രന്മാരും മൂന്നു പുത്രിമാരും. മകന്‍ ഡോ. അലക്സാണ്ടര്‍ ജോണ്‍ പിതാവിനെക്കുറിച്ചു 'ആലുവായിലെ ജോണച്ചന്‍' എന്ന ഗ്രന്ഥം എഴുതിയിട്ടുണ്ട് (ആലുവാ, 2020). 1957 മാര്‍ച്ച് 17-നു മലങ്കര കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. 1970 ജൂലൈ 20-നു അന്തരിച്ചു. ആലുവാ സെന്‍റ് ജോണ്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍ സംസ്കരിച്ചു.

ചെറിയമഠത്തില്‍ സി. ജെ. സ്കറിയാ മല്പാന്‍ (1894-1952)

കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരി മല്പാനും പ്രിന്‍സിപ്പലുമായിരുന്നു. ചെറിയമഠത്തില്‍ വലിയ യാക്കോബു കത്തനാരുടെ പുത്രനായി 1894-ല്‍ (1069 മിഥുനം 12) ജനിച്ചു. കോട്ടയം എം.ഡി. സെമിനാരിയിലെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1914-ല്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്ന് ശെമ്മാശ പട്ടം സ്വീകരിച്ചു. തുടര്‍ന്ന് സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ (കല്‍ക്കട്ട) ചേര്‍ന്ന് വേദശാസ്ത്രപഠനം പൂര്‍ത്തിയാക്കി. 1919-ല്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അദ്ദേഹത്തിന് കശീശ്ശാ സ്ഥാനം നല്‍കുകയും പഴയസെമിനാരിയില്‍ അദ്ധ്യാപകനായി നിയമിക്കുകയും ചെയ്തു. സമുദായക്കേസുകള്‍ മൂലം സെമിനാരി അടച്ചിടപ്പെട്ട കാലത്ത് സ്കറിയാ മല്പാന്‍ മാങ്ങാനം എബനേസര്‍ ദയറാ സ്ഥാപിച്ച് അവിടെ താമസിച്ചു. 1923-ല്‍ വട്ടശ്ശേരില്‍ തിരുമേനിയോടൊപ്പവും 1934-ല്‍ പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായോടൊപ്പവും ദമാസ്ക്കസും വിശുദ്ധ നാടുകളും സന്ദര്‍ശിച്ചു. 1924-25 വര്‍ഷങ്ങളില്‍ ബ്രഹ്മവാര്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. വൈദിക സെമിനാരി പുനരാരംഭിച്ചപ്പോള്‍ അവിടെ അദ്ധ്യാപനവൃത്തി തുടര്‍ന്നു. 1943-47 കാലഘട്ടത്തില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. സെമിനാരിയില്‍ നിന്ന് വിരമിച്ചശേഷം മദ്രാസിലും തിരുവനന്തപുരം സെന്‍റ് ജോര്‍ജ് ഇടവകയിലും സേവനമനുഷ്ഠിച്ചു. 1952 മെയ് 11-ന് (1127 മേടം 29) തിരുവനന്തപുരത്തു വച്ച് അന്തരിച്ചു. ഭൗതികദേഹം വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ കബറടക്കി. ഉത്തമനായ ഒരു ദയറാക്കാരന്‍, സുറിയാനി ഭാഷാ പ്രവീണന്‍, ശ്രേഷ്ഠാദ്ധ്യാപകന്‍, ജനഹൃദയം കവര്‍ന്ന അജപാലകന്‍, കൃത്യനിഷ്ഠയും സത്യസന്ധതയും തികഞ്ഞ ഒരു കര്‍മ്മയോഗി ഇതെല്ലാമായിരുന്നു അദ്ദേഹം.

അഡ്വ. ഇ. ജെ. ജോണ്‍ (1863-1942)

നിരണം ഇലഞ്ഞിക്കല്‍ ചാക്കോയുടെയും കോട്ടയം കുന്നുംപുറത്തു പ്രശസ്തനായ കുര്യന്‍ റൈട്ടറുടെ സഹോദരി മറിയാമ്മയുടെയും പുത്രനായി 1863-ല്‍ ജനിച്ചു. കോട്ടയം അക്കര കുര്യന്‍ റൈട്ടറുടെ സഹോദരിയാണ് മാതാവ്. മേപ്രാല്‍ പൂതികോട്ട് കുരുവിളയുടെ പുത്രി അന്നാമ്മയാണ് ഭാര്യ. തിരുവിതാംകൂര്‍ - കൊച്ചി ക്രൈസ്തവ സുറിയാനി മഹാജനസഭയുടെയും പൗരസമത്വവാദ ലീഗിന്‍റെയും സ്ഥാപകന്‍. തിരുവനന്തപുരം ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്നു. പിന്നീട് തിരുവനന്തപുരം ലോ കോളജിന്‍റെ പ്രിന്‍സിപ്പലായി. അവിടെ ഒരു ഇന്ത്യാക്കാരന്‍ ആദ്യമായി പ്രിന്‍സിപ്പലാകുന്നത് ജോണിന്‍റെ നിയമനത്തോടെയാണ്. അഭിഭാഷകനായിരിക്കേ ഹൈക്കോടതിയില്‍ നിയമനത്തിന് ക്ഷണം ലഭിച്ചെങ്കിലും അതു നിരസിച്ചു. പൊതുപ്രവര്‍ത്തനത്തിലായിരുന്നു താല്പര്യം. സര്‍ക്കാര്‍ സര്‍വ്വീസില്‍ നസ്രാണികള്‍ക്ക് അര്‍ഹതയുള്ള സ്ഥാനം നേടിയെടുക്കാനും രാഷ്ട്രീയാവകാശങ്ങള്‍ക്കു വേണ്ടി പൊതുജനാഭിപ്രായം രൂപീകരിക്കാനുമാണ് സുറിയാനി മഹാജനസഭ അദ്ദേഹം ഉണ്ടാക്കിയത്. ജോണ്‍ വക്കീല്‍ തന്നെയായിരുന്നു പ്രസിഡന്‍റ്. സ്റ്റേറ്റ് കോണ്‍ഗ്രസിലേക്കും ജനകീയഭരണത്തിലേക്കും കേരളജനതയെ പ്രബുദ്ധരാക്കി നയിക്കുന്നതിനും മഹാജനസഭ സഹായിച്ചു. 

ഓര്‍ത്തഡോക്സ് സഭയുടെ സ്വാതന്ത്ര്യം അബ്ദുള്ളാ പാത്രിയര്‍ക്കീസില്‍ നിന്നും സംരക്ഷിക്കുന്നതിന് ജോണ്‍ വക്കീല്‍ ഈ വേദിയെ ഉപയോഗിച്ചു. അവര്‍ണര്‍ക്കു സ്റ്റേറ്റ് സര്‍വീസിലും ഇംപീരിയല്‍ സര്‍വീസിലും പ്രവേശനം ലഭിക്കുന്നതിന് ജോണ്‍ വക്കീലിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ പ്രസ്ഥാനമാണ് പൗരസമത്വവാദ ലീഗ്. ലീഗിന്‍റെ പ്രക്ഷോഭണം 1920 മാര്‍ച്ച് എട്ടിന് തിരുവനന്തപുരം ലണ്ടന്‍ മിഷന്‍ ഹാളില്‍ ജോണ്‍ വക്കീല്‍ ഉദ്ഘാടനം ചെയ്തു. അതിനുശേഷമാണ് റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റില്‍ അവര്‍ണര്‍ക്കു പ്രവേശനം അനുവദിച്ചത്. മലങ്കരസഭയില്‍ അന്ത്യോഖ്യന്‍ കൈകടത്തലിനെ എതിര്‍ത്ത പ്രമുഖനാണ്. മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന വട്ടശ്ശേരില്‍ തിരുമേനിയെ അബ്ദുള്ളാ പാത്രിയര്‍ക്കീസ് മുടക്കിയപ്പോള്‍ ആ മുടക്ക് അന്യായമാണെന്ന് ജോണ്‍ വക്കീല്‍ വാദിച്ചു. സഭയിലെ സന്ധിയാലോചനകള്‍ക്കും നേതൃത്വം നല്‍കി. ബഥനി ആശ്രമം സ്ഥാപിക്കാന്‍ പെരുനാട് മുണ്ടന്‍മലയില്‍ 100 ഏക്കര്‍ സ്ഥലം ദാനം ചെയ്തു. 1942 ഡിസംബര്‍ 14-നു അന്തരിച്ചു. മാതൃഇടവകയായ നിരണം സെന്‍റ് മേരീസ് വലിയപള്ളിയില്‍ കബറടക്കി. മക്കള്‍: ഇ. ജോണ്‍ സിറിയക്, ഇ. ജോണ്‍ കുരുവിള (ബാംഗ്ലൂരിലും കുന്നൂരിലും പ്ലാന്‍ററായിരുന്നു, വ്യവസായിയും), അച്ചാമ്മ മത്തായി, കുഞ്ഞൂഞ്ഞമ്മ ഈപ്പന്‍, ഇ. ജോണ്‍ ഫിലിപ്പോസ് (തിരു-കൊച്ചി മന്ത്രിയും സ്റ്റേറ്റ് കോണ്‍ഗ്രസ് സ്ഥാപകനേതാവും മുന്‍ മന്ത്രിയും), ഇ. ജോണ്‍ ജേക്കബ് (കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും).

കെ. സി. മാമ്മന്‍ മാപ്പിള (1873-1953)

മലങ്കരസഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ അത്മായ പ്രമുഖന്‍, മഹാനായ പത്രാധിപര്‍, ക്രാന്തദര്‍ശിയായ വ്യവസായി, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ചിന്തകന്‍, സംഘാടകന്‍, കാര്‍ഷിക മേഖലയ്ക്കു പുരോഗതിയുടെ പാത വെട്ടിത്തുറന്ന നേതാവ് എന്നീ നിലകളിലെല്ലാം പ്രബുദ്ധ കേരളത്തിന്‍റെ വികാസപരിണാമങ്ങളില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തിയ വ്യക്തി. മലയാള മനോരമ സ്ഥാപകന്‍ കെ. ഐ. വര്‍ഗീസ് മാപ്പിളയുടെ ജ്യേഷ്ഠസഹോദരനായ കെ. ഐ. ചെറിയാന്‍റെ പ്രഥമ പുത്രനായി 1873 മെയ് 4-നു ജനിച്ചു.
മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് പ്രശസ്തമായി ബി.എ. പാസ്സായി. കുറെക്കാലം കോട്ടയം എം.ഡി. സ്കൂള്‍ ഹെഡ്മാസ്റ്ററായി ജോലി നോക്കി. പിന്നീട് മനോരമയുടെ പത്രാധിപത്യവും മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്തു. കേരളത്തിന്‍റെ സാമൂഹിക-സാംസ്ക്കാരിക-സാമ്പത്തിക രംഗങ്ങളില്‍ അദ്ദേഹം വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നു. നിയമസഭാരംഗത്തും വ്യക്തിമുദ്ര പതിച്ചു. തിരുവിതാംകൂറില്‍ ഉത്തരവാദഭരണം സ്ഥാപിക്കാന്‍ പോരാടിയവരുടെ ആവേശസ്രോതസ്സായി വര്‍ത്തിച്ചു. ശ്രീമൂലം പ്രജാസഭാ മെംബര്‍ ആയിരുന്നു
സി. പി. രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തുവാന്‍ മലയാള മനോരമയും മാമ്മന്‍ മാപ്പിളയും നേതൃത്വം നല്‍കി. ഇതില്‍ ക്രുദ്ധനായ ദിവാന്‍, നാഷണല്‍ ക്വയിലോണ്‍ ബാങ്കിന്‍റെ പ്രവര്‍ത്തനം അസാദ്ധ്യമാക്കിത്തീര്‍ത്തു. മാമ്മന്‍ മാപ്പിളയെയും സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. മനോരമ ഓഫീസ് 1938 സെപ്റ്റംബര്‍ 10-ന് അടച്ചുപൂട്ടുകയും ചെയ്തു.
മലങ്കരസഭയുടെ പ്രതിസന്ധി ഘട്ടത്തില്‍ മലങ്കര മെത്രാപ്പോലീത്തായായിരുന്ന വട്ടശ്ശേരില്‍ തിരുമേനിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും മലങ്കരസഭാ കാര്യങ്ങളില്‍ മെത്രാപ്പോലീത്തായുടെ നിലപാട് ശരിയാണെന്ന് സ്ഥാപിച്ചുകൊണ്ടും മാമ്മന്‍മാപ്പിള 'മലയാള മനോരമ'യില്‍ മുഖപ്രസംഗ രൂപേണയും സ്വന്തം പേരുവച്ചും ഗുപ്തനാമങ്ങള്‍ സ്വീകരിച്ചും ഇരുനൂറില്‍പരം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹമെഴുതിയ മുഖപ്രസംഗങ്ങള്‍ കേസില്‍ പരാജിതരായ സഭാമക്കളുടെ ആത്മധൈര്യം വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായി. ഏത് ആപത്തിലും കൂസാത്ത സിംഹഹൃദയനായ മാമ്മന്‍ മാപ്പിള വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ മനോരമയില്‍ എഴുതിയ ഒരു മുഖപ്രസംഗം വിദ്യാഭ്യാസ ഡയറക്ടറായിരുന്ന കെ. വി. രങ്കസ്വാമി അയ്യങ്കാരെ ക്രൂദ്ധനാക്കി. 'സുറിയാനി സഭാ സംരക്ഷകന്‍' എന്നൊരു പത്രികയും മനോരമ പ്രസ്സില്‍ നിന്ന് മലങ്കര സഭാകാര്യങ്ങള്‍ക്കു മാത്രമായി പ്രസിദ്ധപ്പെടുത്തിയിരുന്നു. സമുദായക്കേസില്‍ സാക്ഷിയായി പല പ്രാവശ്യം മൊഴി കൊടുത്തിട്ടുണ്ട്.
1951-ല്‍ സമുദായക്കേസ് കാതോലിക്കാ ഭാഗത്തിനു പ്രതികൂലമായി ഹൈക്കോടതിയില്‍ നിന്നു വിധിയുണ്ടായി. പഴയ സെമിനാരി മുതലായ സഭാകേന്ദ്രങ്ങള്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു നഷ്ടപ്പെടുമെന്ന ഒരു സ്ഥിതി സംജാതമായപ്പോള്‍ തന്‍റെ പ്രായാധിക്യത്തെ പോലും വകവെയ്ക്കാതെ മാമ്മന്‍ മാപ്പിള ഏതാനുംപേരും ഒന്നിച്ച് ഒരാഴ്ച കൊണ്ട് ഒന്നര ലക്ഷം രൂപാ സമാഹരിച്ച് ദേവലോകം അരമന കെട്ടിടവും സ്ഥലവും മലങ്കര സഭാദ്ധ്യക്ഷനു താമസിക്കുവാന്‍ വേണ്ടി വാങ്ങിച്ചു എന്നത് മലങ്കരസഭയ്ക്ക് ഒരിക്കലും മറക്കാനാകാത്ത സംഭവമാണ്. 1953 ഡിസംബര്‍ 31-ന് അന്തരിച്ചു. കോട്ടയം പുത്തന്‍പള്ളിയില്‍ കബറടക്കി.

എ. എം. വര്‍ക്കി (1892-1944)

വിദ്യാഭ്യാസ വിചക്ഷണനും അല്മായ പ്രമുഖനും ദൈവശാസ്ത്രജ്ഞനും. മാവേലിക്കര പുതിയകാവ് ഇടവകയില്‍ ആലിന്‍റെതെക്കേതില്‍ മാത്യുവിന്‍റെ പുത്രനായി 1892 ജനുവരി 27-നു ജനിച്ചു. ഫസ്റ്റ് ക്ലാസ്സോടെ മെട്രിക്കുലേഷനും എഫ്.എ. പരീക്ഷയും പാസ്സായി. ബി.എ. പരീക്ഷയില്‍ ഡബിള്‍ ഫസ്റ്റ് ക്ലാസ്സും എം.എ. യ്ക്ക് ഉയര്‍ന്ന സെക്കന്‍റ് ക്ലാസ്സും നേടി. എഫ്.എല്‍., ബി.എല്‍. പരീക്ഷകളില്‍ ഒന്നാം ക്ലാസ്സും ഒന്നാം റാങ്കും കരസ്ഥമാക്കി. തിരുവല്ല എം.ജി.എം. ഹൈസ്ക്കൂളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചതിനുശേഷം 1919-ല്‍ കൊല്ലം ജില്ലാക്കോടതിയില്‍ വക്കീലായി ജോലിയാരംഭിച്ചു.
വിദ്യാദാനത്തിന്‍റെ ശ്രേഷ്ഠതയറിഞ്ഞ ഇദ്ദേഹം ആലുവാ യു.സി. കോളജിന്‍റെ പ്രഥമ പ്രിന്‍സിപ്പലായി 29-ാം വയസ്സില്‍ ചുമതലയേറ്റെടുത്തു. യു.സി. കോളജിനെ ഫസ്റ്റ് ഗ്രേഡ് റസിഡന്‍ഷ്യല്‍ കോളജായി ഉയര്‍ത്തുന്നതില്‍ സുപ്രധാനമായ പങ്കു വഹിച്ചു. 21 വര്‍ഷം പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. പിന്നീട് മദ്രാസ് താംബരം കോളജില്‍ വിസിറ്റിംഗ് പ്രൊഫസറായി പ്രവര്‍ത്തിച്ചു. ആലുവാ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭയെക്കുറിച്ച് ഭാരതത്തിനു പുറത്തു പോയി ആദ്യമായി പ്രഭാഷണം നടത്തിയ വ്യക്തികളില്‍ ഒരാളാണ്. 1932-ല്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ മിഷന്‍ ഫെലോഷിപ്പില്‍ അംഗമായി ഇംഗ്ലണ്ട് സന്ദര്‍ശിച്ച അവസരത്തിലാണ് ഈ ഭാഗ്യം ഇദ്ദേഹത്തിനു സിദ്ധിച്ചത്.
ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയുടെ പ്രവര്‍ത്തനങ്ങള്‍ പുതുക്കുന്നതിനും പുനഃക്രമീകരണങ്ങള്‍ക്കും തുടക്കമിട്ട 'ഫോര്‍വേഡ് മൂവ്മെന്‍റിന്‍റെ' പ്രമുഖ പ്രവര്‍ത്തകനായിരുന്നു. ഫാ. കെ. ഫീലിപ്പോസും (ഡോ. തെയോഫിലോസ്) എ. എം. വര്‍ക്കിയും ഉത്സാഹിച്ചാണ് പഴയസെമിനാരിയില്‍ നിലച്ചുപോയ വൈദിക വിദ്യാഭ്യാസം 1940-കളില്‍ എം.ഡി. സെമിനാരിയില്‍ പുനരാരംഭിച്ചത്. 1942 മുതല്‍ 1943 വരെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഓണററി സെക്രട്ടറിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. സഭാ ആസ്ഥാനത്തെ കാര്യങ്ങളുടെ നടത്തിപ്പിനെ നവീനരീതികളിലേക്കു കൊണ്ടുവരുന്നതില്‍ മുഖ്യപങ്കു വഹിച്ചു. 'മലങ്കര സഭാ' മാസികയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കി. സഭാസമാധാനത്തിനായി മലങ്കരസഭയിലെ പള്ളിപ്രതിപുരുഷന്മാര്‍ ഒന്നിച്ചുകൂടിയ 'ആലുവാ പള്ളി പ്രതിപുരുഷയോഗ'ത്തിന്‍റെ പ്രധാന ശില്പികളിലൊരാളായിരുന്നു. വ്യത്യസ്ത ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് പുനഃസമാഗമനത്തിനുള്ള വേദി ഒരുക്കുവാന്‍ മൂന്നു സമ്മേളനങ്ങള്‍ സി. പി. മാത്തനുമായി സഹകരിച്ച് സംഘടിപ്പിച്ചു. 1944 ജൂണ്‍ 5-ന് നിര്യാതനായി. നിരണം വീയപുരത്തു പുരയ്ക്കല്‍ ശോശാമ്മയായിരുന്നു ആദ്യ ഭാര്യ. മക്കള്‍ മൂന്നാണും രണ്ടു പെണ്ണും. ശോശാമ്മയുടെ മരണത്തെ തുടര്‍ന്ന് മന്ത്രി കെ. സി. ജോര്‍ജിന്‍റെ സഹോദരി പ്രൊഫ. അന്നമ്മയെ വിവാഹം ചെയ്തു.

പത്രോസ് മത്തായി മലങ്കര നസ്രാണികളില്‍ നിന്ന് ആദ്യമായി നേരിട്ടു മുന്‍സിഫ് നിയമനം ലഭിച്ച ഒളശ്ശ മഞ്ചയില്‍ തോമസ് മത്തായി മുന്‍സിഫിന്‍റെ പുത്രനാണ് പത്രോസ് മത്തായി. മത്തായി മുന്‍സിഫും സഭാ മാനേജിംഗ് കമ്മറ്റി മെമ്പറും ആയിരുന്നു. 1880-ല്‍ ജനിച്ച പത്രോസ് മത്തായി 1902-ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ഒന്നാം ക്ലാസ്സില്‍ എം.എ. പാസ്സായപ്പോള്‍ സമുദായത്തിലെ പ്രഥമ എം.എ. ക്കാരന്‍ എന്ന ബഹുമതി അദ്ദേഹത്തിനു ലഭിച്ചു. മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ സമുദായത്തില്‍ നിന്നു കീര്‍ത്തി മുദ്രയുള്ള മെഡല്‍ സമ്മാനിച്ച് പത്രോസ് മത്തായിയെ ആദരിക്കുകയുണ്ടായി. പിന്നീടു തിരുവനന്തപുരം ലോ കോളജില്‍ നിന്നും ബി.എല്‍. ബിരുദം നേടി. അവിടുത്തെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. അതോടൊപ്പം ലോ കോളജില്‍ പഠിപ്പിച്ച അദ്ദേഹം പിന്നീട് ലോ കോളജ് പ്രിന്‍സിപ്പലായി. തുമ്പമണ്‍ ഭദ്രാസനയോഗവും 1930-ല്‍ കൂടിയ മലങ്കര അസോസിയേഷനും മെത്രാന്‍ സ്ഥാനത്തേക്കു തിരഞ്ഞെടുത്തു. മെത്രാന്‍സ്ഥാനം ഏല്‍പ്പാനുള്ള സമ്മര്‍ദ്ദമേറിയപ്പോള്‍ അതിനെ അതിജീവിക്കാന്‍ 49-ാം വയസ്സില്‍ വിവാഹിതനായി. സമുദായക്കേസില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനു വിശിഷ്യ വട്ടശ്ശേരില്‍ തിരുമേനിക്കു വളരെയധികം നിയമോപദേശങ്ങള്‍ നല്‍കി സഹായിച്ചു. കോട്ടയം ജില്ലാക്കോടതിയില്‍ സമുദായ കേസ് നടക്കുമ്പോഴും ജനാധിപത്യ ഭരണ സംവിധാനത്തിന്‍റെ അടിസ്ഥാനത്തില്‍ സഭാഭരണഘടന തയ്യാറാക്കുമ്പോഴും പത്രോസ് മത്തായി നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. സഭാ മാനേജിംഗ് കമ്മിറ്റി അംഗം, യൂത്ത് ലീഗ് പ്രസിഡന്‍റ് തുടങ്ങിയ നിലകളിലും സഭാ സേവനം അനുഷ്ഠിച്ച അദ്ദേഹം 1944-ല്‍ 64-ാമത്തെ വയസ്സില്‍ നിര്യാതനാകുകയും പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്കരിക്കപ്പെടുകയും ചെയ്തു. ഭാര്യ കുഞ്ഞന്നാമ്മ മാവേലിക്കര പടിഞ്ഞാറേതലക്കല്‍ ഇടിച്ചാണ്ടിയുടെ പുത്രിയാണ്. ഏഴു മക്കള്‍. ഉന്നതനിലയില്‍ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയ അവരില്‍ പലരും വലിയ സഭാസ്നേഹികളായിരുന്നു.

പി. ജേക്കബ് കുര്യന്‍, മാവേലിക്കര (1884-1950)

അനുഗൃഹീത വാഗ്മി, പ്രതിഭാസമ്പന്നനായ പത്രാധിപര്‍, സാഹിത്യകാരന്‍, മലങ്കരസഭയുടെ പ്രമുഖനായ അത്മായ നേതാവ്, പ്രശസ്തനായ പൗരസേവകന്‍, നിസ്തുലനായ 'പ്രജാസഭാ' സാമാജികന്‍ എന്നീ നിലകളില്‍ പ്രശോഭിച്ച വ്യക്തി. മാവേലിക്കര പടിഞ്ഞാറേതലയ്ക്കല്‍ കുടുംബത്തില്‍ കൊച്ചുചാക്കോ തരകന്‍റെ പുത്രനായി 1884 മാര്‍ച്ച് 12-നു ജനിച്ചു. കോട്ടയം എം.ഡി. സെമിനാരി ഹൈസ്കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ കഴിഞ്ഞ് പത്രപ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. 'സാരസാഗരം' എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിച്ചു നടത്തി. പതിനേഴാമത്തെ വയസില്‍ ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിരവധി തവണ തുടര്‍ച്ചയായി പ്രജാസഭ മെമ്പറായിരുന്നു. പ്രജാ സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്ന അദ്ദേഹത്തിന്‍റെ ഉജ്ജ്വല പ്രഭാഷണങ്ങള്‍ സഭാവേദിയെ കിടിലം കൊള്ളിക്കുന്നവയായിരുന്നു. രാഷ്ട്രീയമായും സാമുദായികമായും ക്രൈസ്തവജനത ഉയര്‍ന്ന് തിരുവിതാംകൂറിലെ ശക്തിയുള്ള പ്രജാസമൂഹമായി തീരുവാനും, ജനസംഖ്യാനുപാതികമായി സര്‍ക്കാരുദ്യോഗങ്ങളില്‍ ക്രൈസ്തവര്‍ക്കു സ്ഥാനം കിട്ടുവാനും വേണ്ടി അദ്ദേഹം പോരാടി. 1914-ല്‍ അദ്ദേഹത്തിന്‍റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരണം ആരംഭിച്ച 'കേരളാഭിമാനി'ക്ക് രാജ്യത്തുടനീളം പ്രചാരം ലഭിച്ചു. അതിലെ മുഖപ്രസംഗങ്ങള്‍ ഓരോന്നും ഗവണ്മെന്‍റിന്‍റെ ഗൗരവമേറിയ പരിഗണന അര്‍ഹിക്കുന്നതായിരുന്നു. തിരുവിതാംകൂറില്‍ 1917-ല്‍ ആരംഭിച്ച പൗരസമത്വവാദ പ്രക്ഷോഭണത്തിന് നടുനായകത്വം വഹിച്ചത് ഇദ്ദേഹമാണ്. 1928-ല്‍ രൂപംകൊണ്ട 'കേരള ക്രൈസ്തവ സേവകസമിതി' യുടെ സ്ഥാപക സെക്രട്ടറി, സമിതിയുടെ മുഖപത്രമായ 'കേരളസേവകന്‍' എന്ന പത്രത്തിന്‍റെ പത്രാധിപര്‍, സിറിയന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സഭാചരിത്ര പണ്ഡിതനും പൗരസ്ത്യ കാതോലിക്കാ സിംഹാസനത്തിന്‍റെ ധീരനായ കാവല്‍ഭടനുമായിരുന്ന അദ്ദേഹം സഭാ മാനേജിംഗ് കമ്മിറ്റി അംഗമായി ആയുഷ്ക്കാലം മുഴുവന്‍ സേവനമനുഷ്ഠിച്ചു. 'കുഞ്ഞന്നാമ്മ' എന്ന പേരില്‍ ഒരു ക്രിസ്തീയ സാമൂഹിക സംഗീതനാടകം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ സഹോദരപുത്രനാണ് പ്രശസ്തനായ ഡോ. പി. സി. അലക്സാണ്ടര്‍. 1950 ജൂണ്‍ 26-നു അന്തരിച്ചു. മാവേലിക്കര സെന്‍റ് മേരീസ് കത്തീഡ്രലില്‍ കബറടക്കി.

അഡ്വ. ഇ. ജെ. ഫീലിപ്പോസ്

നിരണം ഇലഞ്ഞിക്കല്‍ പെരുമാള്‍ ചാക്കോയുടെയും കോട്ടയം കൊച്ചുപുരയ്ക്കല്‍ ഉതുപ്പു മുതല്‍പിടിക്കാരന്‍റെ മകള്‍ അന്നമ്മയുടെയും മകന്‍. ഇ. ജെ. ജോണ്‍ വക്കീലിന്‍റെ സഹോദ പൗത്രനും ഇ. ജെ. ഉതുപ്പിന്‍റെ ഇളയ സഹോദരനുമാണ്. ഇ. ജെ. പീലിപ്പോസും ഇ. ജെ. ഉതുപ്പും സി. ജെ. കുര്യന്‍റെ ഭാര്യാസഹോദരീ പുത്രന്മാരായിരുന്നു. ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍ നിന്നും ഇന്‍റര്‍മീഡിയറ്റ് വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്നും ബിരുദവും മദ്രാസ് ലോകോളജില്‍ നിന്നു നിയമബിരുദവും നേടി. 

ഇ. ജെ. ഫീലിപ്പോസിന്‍റെ മദ്രാസിലെ പഠനകാലത്ത് അദ്ദേഹത്തോടൊപ്പം അവിടെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളായിരുന്ന കെ. സി. ചാക്കോേ, എ. എ. പോള്‍ മുതലായവരുടെ മനസ്സില്‍ ഉദിച്ച ഒരു ആശയമാണ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ രൂപീകരണത്തിനു കാരണമായത്. ഈ വിദ്യാര്‍ത്ഥികളുടെ ആശയം പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അംഗീകരിക്കുകയും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം 1908 ജനുവരിയില്‍ തിരുവല്ലാ ബാലികാമഠം ഹൈസ്കൂളില്‍ വച്ച് 300-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ആദ്യത്തെ സിറിയന്‍ സ്റ്റുഡന്‍റ്സ് കോണ്‍ഫറന്‍സ് റമ്പാന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ്  മല്പാന്‍റെ അദ്ധ്യക്ഷതയില്‍ കൂടുകയും ഉണ്ടായി. ഇത് സഭയുടെ ആത്മീയ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ വലിയൊരു ചുവടുവയ്പായിരുന്നു. ഈ കോണ്‍ഫറന്‍സ് ആണ് പില്‍ക്കാലത്ത് എം.ജി.ഒ.സി.എസ്.എം. എന്ന വലിയ ആത്മീയപ്രസ്ഥാനമായി വളര്‍ന്ന് രൂപാന്തരപ്പെട്ടത്. ആദ്യത്തെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഈ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്ക് ഇ. ജെ. ഫീലിപ്പോസ് നിസ്തുലമായ സംഭാവനയാണ് നല്‍കിയിട്ടുള്ളത്.

വട്ടശ്ശേരില്‍ തിരുമേനിയുടെ കാലത്ത് തിരുമേനിയുടെ പ്രധാന ആലോചനക്കാരില്‍ ഒരാളായിരുന്ന ഇദ്ദേഹമാണ് വട്ടിപ്പണക്കേസില്‍ കാതോലിക്കാഭാഗത്തിനു വേണ്ടി തിരുവനന്തപുരം ജില്ലാക്കോടതിയിലും ഹൈക്കോടതിയിലും കേസു വാദിക്കുകയും പിന്നീട് വട്ടിപ്പണത്തിന്‍റെ പലിശ വാങ്ങുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തത്. ജില്ലാക്കോടതിയിലും തുടര്‍ന്ന് ഹൈക്കോടതിയിലും മറ്റു സീനിയര്‍ വക്കീലന്മാര്‍ വാദിക്കുന്നതിനുണ്ടായിരുന്നെങ്കിലും അവരെ കേസു പഠിപ്പിക്കുന്ന ചുമതല ഫീലിപ്പോസ് തന്നെയാണ് നിര്‍വ്വഹിച്ചത്. രണ്ടു പ്രാവശ്യം ഹൈക്കോടതിയില്‍ കേസു വാദിക്കാന്‍ മദ്രാസില്‍ നിന്നും പ്രഗല്‍ഭരായ വക്കീലന്മാരെ വരുത്തി കേസു പഠിപ്പിച്ചു വാദം നടത്തിയും അതിനാവശ്യമായ എല്ലാ കാര്യങ്ങളും ഫീലിപ്പോസ് തന്നെയാണ് ചെയ്തത്. മലങ്കരസഭാ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്നു. മലങ്കരസഭാ ഭരണഘടനയുടെ ശില്പികളില്‍ പ്രമുഖനാണ്.
പ. ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാലത്ത് കോട്ടയം ജില്ലാക്കോടതിയില്‍ 'സമുദായക്കേസ്' എന്ന പേരില്‍ ഒരു കേസ് ഉണ്ടായപ്പോള്‍ ആ കേസിന്‍റെ ആലോചനകള്‍ക്കായി കോട്ടയത്തു പലപ്പോഴും വന്നുകൊണ്ടിരുന്നു. കോട്ടയം ജില്ലാ കോടതിയില്‍ കാതോലിക്കാ ബാവായ്ക്ക് അനുകൂലമായി 1943-ല്‍ വിധിച്ചു എങ്കിലും എതിര്‍ കക്ഷികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതിയില്‍ ഈ കേസ് ഇ. ജെ. ഫീലിപ്പോസിന്‍റെ ചുമതലയില്‍ ആയി. കേസുകള്‍ എല്ലാം തീരുവാന്‍ ആവശ്യമായ നടപടികളും മദ്രാസില്‍ നിന്ന് പ്രസിദ്ധരായ വക്കീലന്മാരെ ഏര്‍പ്പാടു ചെയ്യുവാനും മറ്റും വേണ്ടതു ഫീലിപ്പോസിന്‍റെ നേതൃത്വത്തില്‍ നടന്നു. കേസ് കാതോലിക്കാ ബാവായ്ക്കു പ്രതികൂലമായി വന്നു. ആ വിധിയിന്മേല്‍റിവ്യൂ ഹര്‍ജ്ജി ഫയല്‍ ചെയ്തു. റിവ്യൂ അനുവദിച്ച് ഉത്തരവായി. അതനുസരിച്ച് കേരള ഹേക്കോടതിയില്‍ വാദം തുടങ്ങി. ആ വാദത്തിന് പ്രശസ്തനായ അഭിഭാഷകന്‍ എം. കെ. നമ്പ്യാരെ ഏര്‍പ്പാടു ചെയ്ത് കേസു പഠിപ്പിച്ചത് ഇ. ജെ. ഫീലിപ്പോസായിരുന്നു. ഈ കേസിലെ വിധി പ്രതികൂലമാകയാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. 1958-ല്‍ അപ്പീല്‍ കാതോലിക്കാ ബാവായ്ക്ക് അനുകൂലമായി അനുവദിച്ച് വിധിയുണ്ടാവുകയും ആ വിധിയുടെ അടിസ്ഥാനത്തില്‍ 1958 ഡിസംബര്‍ 16-ന് സഭയില്‍ സമാധാനം ഉണ്ടാവുകയും ചെയ്തു. 

സമുദായക്കേസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു വക്കീലന്മാരെ ഏര്‍പ്പാടു ചെയ്യുവാനും അവരെ കേസു പഠിപ്പിക്കുവാനും മറ്റും മദ്രാസ്, ബോംബെ, ഡല്‍ഹി മുതലായ സ്ഥലങ്ങളില്‍ ഇ. ജെ. ഫീലിപ്പോസിന് 1920 മുതല്‍ പല തവണ യാത്ര ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ആരോഗ്യവും ശരീരസുഖവും കണക്കിലെടുക്കാതെ സമുദായസേവനത്തെ അദ്ദേഹം കൂടുതല്‍ വിലമതിച്ചിരുന്നു. സമുദായത്തിന്‍റെ എല്ലാ ആവശ്യങ്ങളിലും അദ്ദേഹത്തിന്‍റെ സേവനം ഉണ്ടായിരുന്നു. 1934-ല്‍ മലങ്കര അസ്സോസിയേഷന്‍ പാസ്സാക്കിയതും സുപ്രീംകോടതി അംഗീകരിച്ചതുമായ മലങ്കര സഭാഭരണഘടനയുടെ സ്രഷ്ടാക്കളില്‍ പ്രമുഖനാണ്. 

വര്‍ഷങ്ങളോളം നിരണം സെന്‍റ് മേരീസ് ഹൈസ്കൂളിന്‍റെ മാനേജര്‍ ആയിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ ആദ്യത്തെ അക്കൗണ്ടന്‍റ് ജനറല്‍സ് ഓഫീസില്‍ ട്രസ്റ്റി ആയി അഞ്ചു വര്‍ഷം സേവനം അനുഷ്ഠിച്ചു. 

തിരുവല്ലാ കണ്ടത്തില്‍ കെ. വി. ഈപ്പന്‍ വക്കീലിന്‍റെ മകള്‍ സാറാമ്മയായിരുന്നു സഹധര്‍മ്മിണി. മൂന്നു പെണ്‍മക്കളും മൂന്ന് ആണ്‍മക്കളും. മകന്‍ ഇ. പി. ഈപ്പന്‍ തിരുവനന്തപുരം മുന്‍ മേയറും മുന്‍ എം.എല്‍.എ. യും ആയിരുന്നു. രണ്ടാമത്തെ മകന്‍ വ്യവസായിയും കൃഷികാര്യങ്ങളില്‍ തല്പരനും ആയിരുന്നു.
സഭാ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്നെങ്കിലും അദ്ദേഹം സഭയില്‍ സമാധാനം ഉണ്ടായിക്കാണുവാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. 1958-ലെ സുപ്രീംകോടതി വിധിക്കുശേഷം ഡിസംബര്‍ 16-ന് സഭയില്‍ സമാധാനം ഉണ്ടായത് കാണുവാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. 1961 മെയ് 3-ന് അന്തരിച്ചു. തിരുവനന്തപുരം സെന്‍റ് ജോര്‍ജ്ജ് പള്ളി വക പാറ്റൂര്‍ സെമിത്തേരിയില്‍ കബറടക്കി.

സി. റ്റി. ഈപ്പന്‍. ഫാ. ഡോ. സി. റ്റി. ഈപ്പന്‍ (1895-1977)

പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എക്യുമെനിക്കല്‍ വക്താവും വേദശാസ്ത്രജ്ഞനും എഴുത്തുകാരനും ദാര്‍ശനികനും. അടൂര്‍ നെല്ലിമൂട്ടില്‍ ചാവടിയില്‍ തോമസ് മുതലാളിയുടെയും ഏലിയാമ്മയുടെയും മകനായി 1895 മാര്‍ച്ച് 25-ന് ജനനം. തിരുവല്ല എം.ജി.എം. ഹൈസ്കൂള്‍, സെറാമ്പൂര്‍ കോളജ്, അമേരിക്കയിലെ ജനറല്‍ തിയോളജിക്കല്‍ സെമിനാരി, ചിക്കാഗോ സര്‍വ്വകലാശാല, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠിച്ച് ങഅ, ടഠങ, ജവ.ഉ ബിരുദങ്ങള്‍ കരസ്ഥമാക്കി. മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തുവെങ്കിലും സ്വയം പിന്മാറി. ഗ്രാമീണ ജനതയുടെ സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി ശാസ്താംകോട്ട കായലിന്‍റെ പ്രശാന്തമായ തീരത്ത് റെസിഡന്‍ഷ്യല്‍ ഹൈസ്കൂള്‍ ആരംഭിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം, കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി പ്രൊഫസര്‍, ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍സ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പത്തനാപുരം മൗണ്ട് താബോര്‍ ദയറാ, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് എന്നിവയുടെ സ്ഥാപനത്തില്‍ നിര്‍ണ്ണായക പങ്കാളിത്തം വഹിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് 1954-ല്‍ ഇവാന്‍സ്റ്റണില്‍ നടന്ന ണഇഇ അസംബ്ലിയിലും 1963-ലെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ നിരീക്ഷകനായും പങ്കെടുത്തു. യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം പകര്‍ന്ന അച്ചന്‍ ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ്സ് കോണ്‍ഫ്രന്‍സിന്‍റെ പ്രഥമ ജനറല്‍ സെക്രട്ടറിയായിരുന്നു. ഭാരതത്തിലും വിദേശത്തുമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വ്വകലാശാലകളിലും വിസിറ്റിംഗ് പ്രൊഫസറായും സേവനം അനുഷ്ഠിച്ചു. 

ഓറിയന്‍റല്‍-ബൈസെന്‍റയിന്‍ ഓര്‍ത്തഡോക്സ് സഭകളുടെ സഭാന്തര സംഭാഷണങ്ങള്‍ക്ക് മുഖ്യ നേതൃത്വം നല്കി. എക്യുമെനിക്കല്‍ ദര്‍ശനവും മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസവും സമന്വയിപ്പിച്ച് പ്രസിദ്ധീകരിച്ച The Star of the East എന്ന എക്യുമെനിക്കല്‍ ജേര്‍ണലിന്‍റെ സ്ഥാപകനും ചീഫ് എഡിറ്ററും ശാസ്താംകോട്ട ഡോ. സി.റ്റി. ഈപ്പന്‍ ട്രസ്സ് സ്ഥാപക ട്രസ്സിയുമായിരുന്നു. 1977 ഏപ്രില്‍ 1-ന് ദിവംഗതനായി.

കെ. റ്റി. മാത്യു (1895-1946)

കോലടി വടക്കൂട്ട് താവൂവിന്‍റെ പുത്രനായി കെ. റ്റി. മാത്യു 1895 നവംബര്‍ 13-നു ജനിച്ചു. ആര്‍ത്താറ്റ് കുന്നംകുളം ഇടവകാംഗമായിരുന്നു. പഴയ കൊച്ചിരാജ്യത്ത് ആദ്യമായി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍ വന്നപ്പോള്‍ രണ്ടു തവണ പ്രതിനിധിയായി. ഇദ്ദേഹം 1944-ല്‍ സ്ഥാപിച്ച അന്ധബധിരമൂക വിദ്യാലയം കേരളത്തില്‍ അപ്രകാരമുള്ള ആദ്യ സംരംഭമാണ്. 1946 മാര്‍ച്ച് 16-ന് അന്തരിച്ചു.

ടി. ജോസഫ് മേമന

കോട്ടയം ഭദ്രാസനത്തിലെ നിലയ്ക്കല്‍ ഇടവകാംഗം പുതുപ്പള്ളി മേമന കുരുവിള തൊമ്മന്‍റെ പുത്രന്‍. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നു ബി.എ. ബിരുദം നേടിയശേഷം തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് സര്‍വ്വീസില്‍ ജോലിയില്‍ പ്രവേശിച്ചു. നീതിനിഷ്ഠയും സത്യസന്ധതയും മൂലം ജോലിയില്‍ ഉയര്‍ച്ച പ്രാപിച്ചു. കുറച്ചുകാലം തിരുവിതാംകൂര്‍ അഞ്ചല്‍ സൂപ്രണ്ടായിരുന്നു (ഇന്നത്തെ കേരള പോസ്റ്റ്മാസ്റ്റര്‍ ജനറലിനു തുല്യമായ സ്ഥാനം). ട്രഷറി സൂപ്രണ്ടായും പ്രവര്‍ത്തിച്ചു. എഴുത്തുകാരനായിരുന്നു അദ്ദേഹം. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം പേരില്‍ ലേഖനങ്ങളെഴുതാന്‍ അനുവാദമില്ലാതിരുന്നതിനാല്‍ 'ചരിത്രാന്വേഷി' എന്ന തൂലികാനാമത്തിലാണ് എഴുതിയിരുന്നത്. 'പൗരപ്രഭ', 'പൗരദ്ധ്വനി' തുടങ്ങിയ പത്രങ്ങളില്‍ ഈ പേരില്‍ ചരിത്രസംബന്ധമായ ലേഖനങ്ങളെഴുതിയിരുന്നു.

പെന്‍ഷന്‍ പറ്റിയ ശേഷം ജീവിതം പൊതുജനസേവനത്തിനായി നീക്കിവെച്ചു. ഇക്കാലത്ത് മുണ്ടകപ്പാടത്ത് ഒരു കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ തുടങ്ങി. വളരെക്കാലം അതു ഭംഗിയായി നടന്നു. രണ്ടാം ലോകമഹാ യുദ്ധകാലത്ത് ഈ സഹകരണസംഘം പൊതുജനങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമായിത്തീര്‍ന്നു. ഒരു നിയമോപദേഷ്ടാവായിരുന്ന റ്റി. ജോസഫ് നിലയ്ക്കല്‍ പള്ളിക്കും മുണ്ടകപ്പാടം അഗതി മന്ദിരത്തിനും ഓരോ ഭരണഘടന എഴുതിക്കൊടുത്തിരുന്നു. കൂടാതെ ചേരമാന്‍ മകുടം എന്ന ചരിത്ര ആഖ്യായികയും ബാരിസ്റ്റര്‍ ജോര്‍ജ്ജ് എന്ന നാടകവും ഇദ്ദേഹത്തിന്‍റെ രചനകളാണ്. മൂന്നു പുത്രന്മാരും മൂന്ന് പുത്രിമാരുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മൂത്ത പുത്രന്മാര്‍ രണ്ടുപേരും ചെറുപ്പത്തില്‍ തന്നെ മരിച്ചു പോയി. പുത്രിമാര്‍ അന്നമ്മ ബി.എ., പൊന്നമ്മ ബി.എ., കുഞ്ഞമ്മ എന്നിവരാണ്. റ്റി. ജോസഫ് 1119 കന്നി മാസത്തില്‍ അന്തരിച്ചു. ഇദ്ദേഹത്തിന്‍റെ ഇളയ പുത്രനായ രാജന്‍ ജോസഫ് കൊച്ചിന്‍ യൂണിവേഴ് സിറ്റിയില്‍ അസിസ്റ്റന്‍റ് റജിസ്ട്രാറായിരുന്നു. മലങ്കരസഭാ ഭരണഘടനയ്ക്ക് വിധേയമായി 'പുതുപ്പള്ളി നിലയ്ക്കല്‍ പള്ളിയുടെ ഭരണവ്യവസ്ഥകളും യോഗനടപടിക്രമവും' തയ്യാറാക്കിയത് ടി. ജോസഫാണ്. 1939-ല്‍ കോട്ടയം മലങ്കര സിറിയന്‍ പ്രസില്‍ അച്ചടിച്ച ഈ ഉപനിയമാവലി ഇടവകാംഗങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. ഏഴംഗ ഉപസമിതിയും വികാരിമാരും പള്ളി പൊതുയോഗവും പല തവണ ചര്‍ച്ച ചെയ്ത് അംഗീകരിച്ച ഈ ഉപ നിയമാവലി ആധുനിക കാലത്തും ഏതു ജനാധിപത്യ പ്രസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണ്. അധ്യക്ഷനും പൊതുയോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കുമുള്ള അധികാരങ്ങള്‍, അവകാശങ്ങള്‍, കടമകള്‍, ചുമതലകള്‍, യോഗനടത്തിപ്പിന്‍റെ ക്രമവും ചിട്ടയും ഇവയെല്ലാം നടപടിക്രമത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. അന്തസ്സുറ്റ രീതിയില്‍ പ്രതിപക്ഷ ബഹുമാനത്തോടെ യോഗാംഗങ്ങള്‍ പെരുമാറേണ്ടതെങ്ങനെ, പ്രമേയങ്ങള്‍ അവതരിപ്പിക്കേണ്ട വിധം, പ്രമേയത്തിന്‍റെ അവസരം, പോയിന്‍റ് ഓഫ് ഓര്‍ഡര്‍ എങ്ങനെ ഉന്നയിക്കാം, ക്ലോഷര്‍ മോഷന്‍റെ സന്ദര്‍ഭം, പോളിങ് എങ്ങനെ നടത്തണം, കാസ്റ്റിങ് വോട്ട് എപ്പോള്‍ ചെയ്യാം ഇവയെല്ലാം നിയമാവലിയില്‍ പറയുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കും മുമ്പ് പൂര്‍ണ ജനായത്ത ഭരണ രീതികള്‍ ഒരു സ്വപ്നം മാത്രമായിരുന്ന കാലത്താണ് ഈ നിയമാവലി എഴുതി ചര്‍ച്ച ചെയ്ത് ഇടവകയോഗം പാസ്സാക്കിയത് എന്നതു പൂര്‍വികരുടെ ദീര്‍ഘവീക്ഷണത്തിനു നിദര്‍ശനമാണ്.

റാവു സാഹിബ് ഒ. എം. ചെറിയാന്‍ (1874-1944)

ഔദ്യോഗിക ജീവിതത്തിലും സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിലും സഭാമണ്ഡലത്തിലും ജ്വലിച്ചു നിന്നിരുന്ന പ്രതിഭാശാലി. കോട്ടയത്തിനടുത്ത് പുതുപ്പള്ളിഒറ്റപ്ലാക്കല്‍ ചെറിയാന്‍ മാത്തുവിന്‍റെയും വാകത്താനം വെട്ടിപറമ്പില്‍ ഉണിച്ചിയമ്മയുടെയും പുത്രനായി 1874 ജൂലൈ 12-ന് ജനിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിരുദം നേടി കോട്ടയം എം.ഡി. സെമിനാരി സ്കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അനന്തരം മദ്രാസ് സെയ്ദപെട് ട്രെയിനിംഗ് കോളജില്‍ നിന്ന് എല്‍.റ്റി. ബിരുദം നേടി. തിരുവനന്തപുരം മോഡല്‍ സ്കൂള്‍, മഹാരാജാസ് ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിലും അദ്ധ്യാപകനായിരുന്നു. തിരുവിതാംകൂര്‍ രാജകൊട്ടാരം ട്യൂട്ടറായിരുന്ന ഇദ്ദേഹത്തിന് രാജകുടുംബങ്ങളില്‍ പലരുടെയും ആചാര്യപദവി ലഭിച്ചു. വിദ്യാഭ്യാസ വകുപ്പില്‍ ചീഫ് ഇന്‍സ്പെക്ടറായി പ്രവര്‍ത്തിച്ച കാലത്ത് അനവധി സ്കൂളുകള്‍ സ്ഥാപിക്കുന്നതിനും അംഗീകാരം നല്‍കുന്നതിനും കഴിഞ്ഞു. തിരുവിതാംകൂറിലെ പ്രഗത്ഭനായ വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്നു. സഭയിലെ അത്മായ നേതാക്കന്മാരില്‍ പ്രമുഖനായിരുന്ന ഇദ്ദേഹം മലങ്കര സഭാ ഭരണഘടന എഴുതിയുണ്ടാക്കുന്നതിനു രൂപവല്‍ക്കരിച്ച കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു. അദ്ദേഹം തയ്യാറാക്കിയ ഭരണഘടനാ വ്യവസ്ഥകളാണ് പിന്നീട് ചില ഭേദഗതികളോടെ മലങ്കര അസ്സോസിയേഷന്‍ പാസാക്കിയത്. 1935-ല്‍ 'കാതോലിക്കാ നിധി' ശേഖരണ പ്രസ്ഥാനത്തില്‍ അതിന്‍റെ ജീവനാഡിയായി പ്രവര്‍ത്തിച്ചു. മലങ്കരയിലുടനീളം സഞ്ചരിച്ച് പ്രസംഗിച്ചും, ഉത്തേജനജനകങ്ങളായ ലഘുലേഖകള്‍ പ്രസിദ്ധപ്പെടുത്തിയും, പത്രങ്ങളില്‍ ലേഖനങ്ങളും കവിതകളും എഴുതിയും നിധിസംഭരണം വിജയപ്രദമാക്കി. അതിന്‍റെ റിപ്പോര്‍ട്ട് ഒരു ബൃഹദ്ഗ്രന്ഥമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഏതാണ്ട് ഒന്നര വ്യാഴവട്ടക്കാലത്തെ അദ്ദേഹത്തിന്‍റെ തപസ്യയിലൂടെ മലയാള സാഹിത്യത്തിനു ലഭിച്ച ഒരു ബൃഹദ്ഗ്രന്ഥമാണ് 'ഹൈന്ദവ ധര്‍മ സുധാകരം'. കൈയെഴുത്തില്‍ ഏതാണ്ട് മുപ്പതിനായിരം പേജ് വരുന്ന ഈ ഗ്രന്ഥം 20 വാല്യങ്ങളായിട്ടാണ് എഴുതിയിട്ടുള്ളത്. അതില്‍ മൂന്നു വാല്യങ്ങള്‍ മാത്രമെ അദ്ദേഹത്തിന്‍റെ കാലത്ത് പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞിട്ടുള്ളൂ. വിദ്യാഭ്യാസ വിഷയകമായി പല കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത അപസര്‍പ്പക നോവലായ 'കാലന്‍റെ കൊലയറ' ഇദ്ദേഹത്തിന്‍റെ പ്രസിദ്ധമായ കൃതിയാണ്. 'മിശിഹാ ഭക്തിലഹരി', 'ക്രൈസ്തവ ധര്‍മ നവനീതം' (അപ്പോസ്തല പ്രവൃത്തികളുടെ വ്യാഖ്യാന പഠനം), 'കാതോലിക്കാ സിംഹാസന ചരിത്രം' എന്നിവയാണ് മറ്റ് കൃതികള്‍. 1944 ഫെബ്രുവരി 1-ന് അന്തരിച്ചു. കോട്ടയം നിലയ്ക്കല്‍ പള്ളിയില്‍ കബറടക്കി.

സി. പി. തരകന്‍ (28-6-1890 - 31-7-1936)

ആലുവായ്ക്കടുത്ത് പള്ളിക്കരയില്‍ പുരാതനമായ ചിറ്റേത്തു കുടുംബത്തില്‍ ചെറിയ തരകന്‍റേയും പറവൂര്‍ കുളങ്ങര എലിശുബ ചാണ്ടിയുടേയും മകനായി 28-6-1890 ല്‍ ജനിച്ചു. വളരെ ചെറുപ്പത്തിലേ തന്നെ പൊതുകാര്യങ്ങളില്‍ വ്യാപൃതനായിരുന്ന തരകന്‍ വിവിധ കാലങ്ങളില്‍ തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലും ലെജിസ്ലേറ്റീവ് അസംബ്ലിയിലും അംഗമായിരുന്നു. (എം.എല്‍.സി., എം.എല്‍.എ.).
വിദ്യാഭ്യാസകാര്യങ്ങളില്‍ തല്പരനായി ആലുവ യു.സി. കോളജ്, ക്രിസ്ത്യന്‍ മഹിളാലയം, കോതമംഗലം മാര്‍ ബേസില്‍ ഹൈസ്കൂള്‍, കിഴക്കമ്പലം സ്വര്‍ണ്ണത്ത് സ്കൂള്‍, മോറക്കാല സെന്‍റ് മേരീസ് സ്കൂള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കു വഹിച്ചു. അലുവാ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച ഇന്ത്യന്‍ സിറ്റിസണ്‍സ് ബാങ്കിന്‍റെ ചെയര്‍മാന്‍ ആയിരുന്നു. നിവര്‍ത്തന പ്രസ്ഥാനത്തിന്‍റെ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു. എം.ഡി. സിമ്മനാരി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് വട്ടശ്ശേരില്‍ തിരുമേനി, പണിക്കരച്ചന്‍ (മാര്‍ ഈവാനിയോസ്), കെ. സി. മാമ്മന്‍ മാപ്പിള തുടങ്ങിയവരുമായി അടുത്തിടപഴകുവാനും അതുവഴി സഭാകാര്യങ്ങളില്‍ ഇടപെടുവാനും സഭയുടെ പ്രധാനമായ പല ആലോചനായോഗങ്ങളില്‍ പങ്കെടുക്കുവാനും ഇടവന്നു.
അങ്കമാലി ഭദ്രാസനത്തില്‍ കാതോലിക്കാ പക്ഷം താരതമ്യേന ബലഹീനമായിരുന്ന ആദ്യകാലത്തുതന്നെ പള്ളിക്കരയില്‍ തരകന്‍ കുടുംബത്തിന്‍റെ വകയായി ഒരു പള്ളി ഉയര്‍ന്നു. 1930-ല്‍ ഗീവറുഗീസ് ദ്വിതീയന്‍ ബാവാ കൂദാശ ചെയ്തു. കാല്‍ നൂറ്റാണ്ടിനു ശേഷം അത് കാതോലിക്കാ സിംഹാസനത്തിലേക്ക് എഴുതിക്കൊടുത്തു. കാതോലിക്കാ പക്ഷത്ത് ഉറച്ചുനില്‍ക്കുമ്പോഴും സഭയിലെ ഇരുവിഭാഗങ്ങളും യോജിച്ച് ശക്തിപ്രാപിച്ച് മുന്നോട്ടു പോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. തന്‍റെ കാലത്തു നടന്ന സമാധാനശ്രമങ്ങളിലെല്ലാം അദ്ദേഹം അകമഴിഞ്ഞ് പരിശ്രമിച്ചു. പാത്രിയര്‍ക്കീസ് പക്ഷത്തെ പ്രധാനികളായിരുന്ന കോനാട്ട് മാത്തന്‍ മല്പാനും, സി. ജെ. കുര്യനുമായുണ്ടായിരുന്ന അടുത്ത കുടുംബബന്ധങ്ങളും അത്താനാസ്യോസ് തിരുമേനിയുമായുണ്ടായിരുന്ന സൗഹൃദവും അവരുമായി തുറന്നു സംസാരിക്കുന്നതിനു സഹായിച്ചു. കോനാട്ട് മല്പാനച്ചന്‍റെ ജീവിതാവസാനകാലത്ത് വട്ടശ്ശേരില്‍ തിരുമേനിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എഴുതുകയും തിരുമേനി അതിനായി പോകുവാന്‍ തയാറായി ദിവസം നിശ്ചയിച്ച് എഴുതുകയും അന്ന് തരകന്‍ കൂടി പാമ്പാക്കുട ചെല്ലണമെന്ന് ആവശ്യപ്പെട്ട് എഴുതുകയും ചെയ്തിരുന്നു. പക്ഷേ പറഞ്ഞ ദിവസത്തിന് രണ്ടു ദിവസം മുമ്പ് മല്പാനച്ചന്‍ ദിവംഗതനായി. സി. പി. തരകന്‍ തന്‍റെ നാല്പത്താറാം വയസ്സില്‍ 31-7-1936 ല്‍ അന്തരിച്ചു.
നെടുമ്പാശ്ശേരി വയലിപറമ്പില്‍ കോരയുടെ മകള്‍ മേരിയെ വിവാഹം കഴിച്ചു. നാലു മക്കള്‍: ബെസ്സി, സൂസി, മോളി, ജോര്‍ജ്ജ്. ബെസ്സിയെ കുന്ദംകുളത്ത് ചീരന്‍ മാത്യു വിവാഹം കഴിച്ചു. മോളിയെ അയ്യമ്പിള്ളി മഴുവഞ്ചേരിപറമ്പത്ത് ഡോ. എം. സി. ജേക്കബ് വിവാഹം കഴിച്ചു. മകന്‍ അഡ്വ. ജോര്‍ജ്ജ് തരകന്‍ കോട്ടയത്ത് കുരിശുംമൂട്ടില്‍ ചെറിയാന്‍റെ (പാപ്പി) മകള്‍ ഡെയ്സിയെ വിവാഹം കഴിച്ചു. അവിവാഹിതയായിരുന്ന സൂസി ഡല്‍ഹി നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയിലും സെന്‍ട്രല്‍ സെക്രട്ടറിയേറ്റിലും ഉദ്യോഗങ്ങള്‍ വഹിച്ചിരുന്നു.

അഡ്വ. പി. റ്റി. ഈപ്പനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.




Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

നിരണം പള്ളി കൂദാശ (1912)