മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍

 "മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍റെ മെത്രാപ്പോലീത്തായും ഈശോമിശിഹായുടെ അടിയാന്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസു ബാവായുടെ ശ്ലീഹായും ആയ മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ" വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍

1

ഒക്കെയും പിടിക്കപ്പെട്ടവനും കാതല്‍ത്വത്തം തിങ്ങപ്പെട്ടവനും ആദിയും അറുതിയും ഇല്ലാത്തവനുമായ കാതലിന്‍റെ തിരുനാമത്താലെ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍റെ മെത്രാപ്പോലീത്തായും ഈശോമിശിഹായുടെ അടിയാന്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസു ബാവായുടെ ശ്ലീഹായും ആയ മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ എഴുത്ത്.
വാഴ്ത്തപ്പെട്ടവനും റൂഹായ്ക്കടുത്തവനുമായ പുതുപ്പള്ളി പള്ളിയില്‍ നമുക്കുള്ള പുത്രന്‍ സ്കറിയാ കശീശയുടെയും വീട്ടുജനങ്ങളുടെയും മേല്‍ തമ്പുരാനെപെറ്റ അമ്മ മറിയത്തിന്‍റെയും ശുദ്ധമാക്കപ്പെട്ടവരൊക്കെയുടെയും മാര്‍ ഗീവറുഗീസ് സഹദായുടെയും നമസ്കാരത്താലെ തമ്പുരാന്‍റെ നന്മയും അനുഗ്രഹങ്ങളും എന്നും എന്നന്നേക്കും ഉണ്ടായിവരട്ടെ ആമീന്‍. 
വാഴ്ത്തപ്പെട്ട നമുക്കുള്ള പുത്രാ നിന്നോടു നാം അറിയിക്കുന്നു. ആ ഇടവകയില്‍ വാകത്താനം മുറിയില്‍ പള്ളിക്കല്‍കുന്ന് എന്ന സ്ഥലത്ത് ഒരു കുരിശുപള്ളി വയ്ക്കുന്നതിനു ഉത്തരവു വാങ്ങിയപ്രകാരവും മറ്റും വെട്ടീപ്പറമ്പില്‍ ഉലഹന്നാന്‍ മുതല്‍പേരും ഇവിടെ വന്നു ബോധിപ്പിക്കകൊണ്ടും എന്‍റെ പുത്രനും ഇവിടെ വന്നാറെ ആ ഇടവകമേല്‍ പെരുത്തു നാം സന്തോഷിച്ചിരിക്കുന്നതാകകൊണ്ടും അപ്രകാരം തന്നെ നമ്മുടെ സ്തുതിക്കും സന്തോഷത്തിനും ആ ഇടവകയില്‍ തന്നെ നമ്മുടെയും മാര്‍ ദീവന്നാസ്യോസിന്‍റെയും അനുവാദത്താല്‍ മുന്‍ ഒരു കുരിശുപള്ളി വയ്ക്കുന്നതിനു അപേക്ഷയായി വന്നിരിക്കകൊണ്ടും ഏറ്റത്താലെ നിങ്ങളെ വാഴ്ത്തി അനുഗ്രഹങ്ങളുടെ മഞ്ഞ് നിങ്ങള്‍ കൈക്കൊള്ളും. ഇതിനെക്കുറിച്ച് എന്‍റെ പുത്രാ നിന്‍റെ ബഹുമാനത്തോടു നാം അറിയിക്കുന്നു. അവരുടെ അപേക്ഷപ്രകാരം ആ സ്ഥലത്ത് ഒരു കുരിശുപള്ളി വയ്ക്കുന്നതിനു അനുവാദം കൊടുത്തിരിക്കുന്നതിനാല്‍ നീ തന്നെ ചെന്ന് കല്ലും ഇട്ട് കുര്‍ബ്ബാനയും ചൊല്ലി പള്ളിപണി തുടങ്ങിവെച്ച് നമ്മുടെ അടുക്കല്‍ വരുന്നതിനു വാഴ്ത്തപ്പെട്ട നിന്‍റെ ഉപവിയോടു നാം അറിയിക്കുന്നു. നിന്നെ കണ്ട് പലകൂട്ടം കാര്യങ്ങളും വിചാരിച്ച് നിശ്ചയിപ്പാന്‍ ഒണ്ടാകകൊണ്ടു വേഗത്തില്‍ നമ്മുടെ അടുക്കല്‍ വരിക. നിന്നെ നാം വാഴ്ത്തുന്നു. ആമ്മീന്‍. 1022-ാമാണ്ട് (1847) ഇടവ മാസം 8-ാം തീയതി കരിങ്ങാശ്രപള്ളിയില്‍ നിന്നും. 

2

ഒക്കെയും പിടിക്കപ്പെട്ടവനും കാതല്‍ത്വത്തം തിങ്ങപ്പെട്ടവനും ആദിയും  അറുതിയുമില്ലാത്തവനുമായ കാതലിന്‍റെ തിരുനാമത്താലെ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍റെ മെത്രാപ്പോലീത്തായും ഈശോമശിഹായുടെ അടിയാന്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസു ബാവായുടെ ശ്ലീഹായും ആയ മാര്‍ കൂറിലോസു യൂയാക്കീം മെത്രാപ്പോലീത്താ എഴുത്ത്.
വാഴ്ത്തപ്പെട്ടവനും റൂഹായ്ക്ക് അടുത്തവനുമായ പുതുപ്പള്ളിപ്പള്ളിയില്‍ നമുക്കുള്ള പുത്രന്‍ സ്കറിയാ കശീശായുടെയും വീട്ടുജനങ്ങളെയും തലകള്‍ മേല്‍ തളരാതെ പെറ്റമ്മ മറിയത്തിന്‍റെയും ശുദ്ധമാക്കപ്പെട്ടവരൊക്കെയുടെയും മാര്‍ ഗീവറുഗീസ് സഹദായുടെയും നമയ്കാരത്താലെ തമ്പുരാന്‍റെ അനുഗ്രഹങ്ങളും എന്നും എന്നേക്കും ഉണ്ടായിരിക്കട്ടെ. ആമ്മീന്‍. നിന്നെ കണ്ടു പലകൂട്ടം കാര്യങ്ങളും വിചാരിച്ച് നിശ്ചയിക്കപ്പെടേണ്ടതാകകൊണ്ടും വേഗത്തില്‍ നമ്മുടെ അടുക്കല്‍ വരിക. നിന്നെ നാം വാഴ്ത്തുന്നു. 
ഇത് 1022-ാമാണ്ടു (1847) ഇടവമാസം 8-നു കരിങ്ങാശ്രപള്ളിയില്‍ നിന്നു ഒപ്പ്. 

3

ഒക്കെയും പിടിക്കപ്പെട്ടവനും കാതല്‍ത്വത്താല്‍ തിങ്ങപ്പെട്ടവനും ആദിയും അറുതിയുമില്ലാത്തവനുമായ കാതലിന്‍റെ തിരുനാമത്താലെ മലയാളത്തിലുള്ള സുറിയാനിക്കാരുടെ മെത്രാപ്പോലീത്തായും ഈശോമശിഹായുടെ അടിയാനും മാറാന്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായുടെ ശ്ലീഹായുമെന്ന മാര്‍ കൂറിലോസു മെത്രാപ്പോലീത്താ എഴുത്ത്. 
വെട്ടീപ്പറമ്പില്‍ ഉലഹന്നാന്‍റെയും കളപ്പുരയ്ക്കല്‍ പൗലൂസിന്‍റെയും കൊച്ചുപറമ്പില്‍ പുന്നൂസിന്‍റെയും കൈതയില്‍ കോരയുടെയും ശേഷം പേരുടെയും തലകള്‍ മേല്‍ ദൈവത്തിന്‍റെ നന്മയും ആകാശത്തിനടുത്ത വാഴ്വും തമ്പുരാനെപെറ്റ മറിയത്തിന്‍റെയും ശുദ്ധമാക്കപ്പെട്ടവരൊക്കെയുടെയും നമസ്കാരങ്ങളാലെ വര്‍ദ്ധിച്ചു വരുമാറാകട്ടെ.
റൂഹായിക്കടുത്ത നമുക്കുള്ള മക്കളെ, നിങ്ങളുടെ ഉപവിയോടു നാം അറിയിക്കുന്നു. നമുക്കുള്ള മക്കളായ പടിഞ്ഞാറെ വെട്ടിയില്‍ സ്കറിയായും പ്ലാപ്പറമ്പില്‍ തോമ്മായും നമ്മുടെ അടുക്കല്‍ വന്നു ചേര്‍ന്നപ്പോള്‍ മാര്‍ ദീവന്നാസിയോസു മെത്രാപ്പോലീത്തായില്‍ നിന്ന് ഒരു കുറിപ്പും നമുക്കവരു കൊണ്ടുവന്നു. സകലവും നമ്മെ അവര്‍ അറിയിച്ചു. പള്ളിപണിയുടെ സംഗതി നിങ്ങള്‍ നിരുവിച്ചതുപോലെ സ്കറിയാ കശീശാ പള്ളിയുടെ അടിസ്ഥാനം ചെയ്യുന്നതിനായി നാം ഒരു കുറി അവനു കൊടുത്തയച്ചിട്ടുണ്ട്. നിങ്ങളെല്ലാവരും ഒരുമിച്ച് മൂപ്പച്ചന്‍റെ അടുക്കല്‍ ചെന്ന് വല്യ ബഹുമാനത്താലെ കൊണ്ടുപോയി അടിസ്ഥാനം ഇടുവിക്കണം. എല്ലായ്പ്പോഴും സ്കറിയാ കശീശായുടെ നല്ല വചനങ്ങള്‍ നിങ്ങള്‍ കേട്ടുകൊള്ളുകയും മൂപ്പച്ചന്‍റെ പ്രമാണത്താലെ പുതുപ്പള്ളി പള്ളിയില്‍ നിന്നു കത്തങ്ങളെ (വൈദികരെ) കൊണ്ടുപോയി നടത്തിച്ചുകൊള്ളണം. മറ്റു വേറൊരു പള്ളിയില്‍ നിന്നും കത്തങ്ങളെ കൊണ്ടുപോയി നടത്തരുത്. കലഹം കൂടാതെ എല്ലാവരും ഉപവിയാലെ നടന്നുകൊള്ളണം. ഇതാ ഇപ്പോള്‍ നാലു കല്ലുകള്‍ ശുദ്ധമാക്കപ്പെട്ട മൂറോന്‍ കൊണ്ട് പൂശി അവമേല്‍ നമസ്കരിച്ച് പാത്രത്തില്‍ കൊടുത്തു വിടുന്നു. ടി കല്ലു നാലും നാലു കോണിലും നാലു കുപ്പി പാത്രങ്ങളിലാക്കി അടച്ചുകൊള്ളണം. തമ്പുരാന്‍റെ അമ്മ എന്നും എന്നന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കട്ടെ. ആമീന്‍. എന്ന് കൊല്ലം 1023-ാമാണ്ടു (1848) ധനു 19-ാം തീയതി.
(വാകത്താനത്തു സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിക്ക് അനുവാദം (രാജകല്‍പ്പന) വാങ്ങിയ വെട്ടിയില്‍ ഉലഹന്നന്‍ തൊമ്മന്‍ എഴുതിയ വാകത്താനം പള്ളിചരിത്രത്തില്‍ നിന്നും)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)