തിരുവനന്തപുരം മാര്‍ ബസേലിയോസ് സ്മാരക മന്ദിരം
മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് തിരുവനന്തപുരത്ത് സ്ഥാപനങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്തതിനാല്‍ ഒരു കെട്ടിടം പണിയുന്നത് സഭയുടെ ആത്മീയവും സാമൂഹ്യവുമായ പുരോഗമനത്തിന് നല്ലതായിരിക്കുമെന്നുള്ള ബഹു. ഈപ്പനച്ചന്‍റെ നിര്‍ദ്ദേശത്തില്‍ നിന്നും ഉയര്‍ന്നു വന്നതാണ് മാര്‍ ബസേലിയോസ് സ്മാരക മന്ദിരം. ഈ കെട്ടിടത്തിന്‍റെ പൂര്‍ത്തീകരണത്തിന് വേണ്ടിയുള്ള അച്ചന്‍റെ അശ്രാന്ത പരിശ്രമം സ്മരണീയമാണ്. വാസ്തു വിദ്യാ വിദഗ്ധരായ ശ്രീ കെ. സി. അലക്സാണ്ടര്‍, ശ്രീ.പി. വി. തോമസ് പണിക്കര്‍ എന്നിവരാണ് കെട്ടിടത്തിന്‍റെ രൂപരേഖ തയ്യാറാക്കിയത്.
1962 നവംബര്‍ 8-നു സെനിത്ത് സ്റ്റുഡിയോ നില്‍ക്കുന്ന സഭാ വക സ്ഥലത്ത് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം മാര്‍ ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ നിര്‍വ്വഹിച്ചു. 30-03-1963 ല്‍ ബഹു. ഈപ്പനച്ചന്‍ ഇടവക കടപ്പത്രം ഇറക്കി ഈ കെട്ടിടം പണിയുന്നതിന് അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മാര്‍ ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാക്ക് അപേക്ഷ നല്‍കി. പരിശുദ്ധ ബാവാ ഈ അപേക്ഷ അനുവദിച്ചില്ല.
എന്നാല്‍ നിരന്തരമായ അപേക്ഷ പരിഗണിച്ച്, പൊതു സമുദായത്തിന് ടി. വസ്തുക്കളില്‍ മേലുള്ള അവകാശത്തിന് ഹാനി വരാതെയും തിരുവനന്തപുരം പള്ളിക്കാരുടെ സഹായം കൂടുതല്‍ ലഭിക്കത്തക്കവണ്ണവും കെട്ടിടം പണികളുടെ വ്യവസ്ഥകളെ സംബന്ധിച്ച് ആലോചിക്കുന്നതിന് വേണ്ടി ഈ വിഷയം സഭാ മാനേജിംഗ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. 1963 ജൂണ്‍ 3 തീയതി കൂടിയ മലങ്കര അസോസ്സിയേഷന്‍ മാനേജിങ് കമ്മിറ്റി ടി. വ്യവസ്ഥകള്‍ ആലോചിച്ചു തീരുമാനിച്ച് രണ്ടുമാസത്തിനകം പ. കാതോലിക്കാ ബാവായെ അറിയിക്കുന്നതിന് മൂന്ന് പേര്‍ അടങ്ങുന്ന ഒരു സബ്കമ്മിറ്റിയെ നിയോഗിച്ചു. ശ്രീ. കെ. ഇ. ചെറിയാന്‍ കണ്‍വീനറും ഫാദര്‍ ജേക്കബ് മണലില്‍, അഡ്വക്കേറ്റ് എം. എബ്രഹാം എന്നിവര്‍ മറ്റു രണ്ട് അംഗങ്ങളും ആയിരുന്നു. 1963 ജൂലൈ 10-ന് മൂന്നംഗ സബ്കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി.
ഇടവക വികാരി പ്ലാന്‍ സഹിതം അയച്ചുകൊടുത്ത അപേക്ഷയും, സബ് കമ്മിറ്റിക്കാരുടെ റിപ്പോര്‍ട്ടും പരിഗണിച്ച് പരിശുദ്ധ കാതോലിക്കാ ബാവാ മോറാന്‍ മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ 1963 ജൂലൈ 25-ന് കെട്ടിടം പണിയുടെ ചുമതല വഹിക്കുന്നതിനും നടത്തിക്കുന്നതിനും ബഹു. ഈപ്പനച്ചനെ കൂടാതെ ശ്രീ. പി. പീലിപ്പോസ്, ശ്രീ കെ ഇ. ചെറിയാന്‍ എന്നിവരെ കല്പന നമ്പര്‍ 82/63 പ്രകാരം നിയമിച്ച് അധികാരപ്പെടുത്തി. കെട്ടിടം പണിക്ക് ആവിശ്യമായ പണം ശേഖരിക്കുന്നതിനും ഈ കമ്മറ്റിക്ക് അനുവാദം കൊടുത്തു. കെട്ടിടത്തിന്‍റെ പണിക്ക് വേണ്ടി കടപ്പത്രം വഴി ശേഖരിച്ച പണവും സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ നിന്ന് കടം വാങ്ങിയ നാല്പതിനായിരം രൂപയും പിന്നീട് വാടകയിനത്തില്‍ കിട്ടിയ വരുമാനത്തില്‍ നിന്ന് തിരികെ കൊടുത്തു.
കെട്ടിടം പണിയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ, മലങ്കരയുടെ വലിയബാവാ ആയ മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ 1964 ജനുവരി 3-ന് കാലം ചെയ്തു. പിന്‍ഗാമിയായ മാര്‍ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ ഭരണകാലത്താണ് കെട്ടിടം പണി നടന്നത്. 1975 -ല്‍ മാര്‍ ബസേലിയോസ് സ്മാരക മന്ദിരത്തിന്‍റെ പണി പൂര്‍ത്തിയായി.
1970 ഡിസംബര്‍ 31-ന് കോട്ടയത്ത് കൂടിയ മലങ്കര അസോസിയേഷന്‍ മാര്‍ മാത്യൂസ് അത്താനാസ്യോസിനെ (പിന്നീട് വട്ടക്കുന്നേല്‍ ബാവാ) നിയുക്ത കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി തെരഞ്ഞെടുത്തു. പരിശുദ്ധ മാര്‍ ഔഗേന്‍ പ്രഥമന്‍ ബാവാ, തന്‍റെ തൊണ്ണൂറാം വയസ്സില്‍ അനാരോഗ്യത്തെ തുടര്‍ന്ന് സ്ഥാനത്യാഗം നടത്തി. എല്ലാ അധികാരാവകാശങ്ങളും അനന്തരഗാമിയെ ഏല്‍പ്പിച്ചു. 1975 ഡിസംബര്‍ എട്ടിന് മാര്‍ ഔഗേന്‍ ബാവാ കാലം ചെയ്തു. പിന്‍ഗാമിയായി അഭിഷിക്തനായ മലങ്കര മെത്രാപ്പോലീത്താ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്ക ബാവാ (വട്ടക്കുന്നേല്‍ ബാവാ), മുന്‍ഗാമിയായ ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവയുടെ 82/63 നമ്പര്‍ കല്‍പ്പനയുടെ തുടര്‍ച്ചയായി മാര്‍ ബസേലിയോസ് സ്മാരക മന്ദിരം സംബന്ധിച്ചുള്ള ഭരണ വ്യവസ്ഥകള്‍ 14/07/1977 ല്‍ പ്രഖ്യാപിച്ചു (സഭാ മാനേജിംഗ് കമ്മിറ്റിയും, പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസും അംഗീകരിച്ച വ്യവസ്ഥകളുടെ കരട് തയ്യാറാക്കിയത് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, റിട്ട. ജഡ്ജി ശ്രീ. കെ.കോരുത്, ശ്രീ. പി. എന്‍. നൈനാന്‍ എന്നിവരായിരുന്നു. അത്മായ ട്രസ്റ്റി ശ്രീ. കുര്യന്‍ എബ്രഹാം സമര്‍പ്പിച്ച ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമ വ്യവസ്ഥകള്‍ അംഗീകരിച്ചത്) . 01/08/1977 മുതല്‍ മാര്‍ ബസേലിയോസ് സ്മാരക മന്ദിരത്തിന്‍റെ ഭരണ വ്യവസ്ഥകള്‍ പ്രാബല്യത്തിലായി.
എന്നാല്‍ ഈ വ്യവസ്ഥകള്‍ പാലിക്കപ്പെടാതെ പോയത് 1978-ല്‍ കോടതി വ്യവഹാരത്തിന് ഹേതുവായി. ഇടവക മെത്രാപ്പോലീത്താ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് ഈ കേസ് ഒത്തുതീര്‍ക്കുന്നതിന് പ്രാരംഭ നടപടികള്‍ ആരംഭിച്ചു. കേസില്‍ കക്ഷി ചേര്‍ന്ന പലരും മരിച്ചുപോയിരുന്നു. അവശേഷിക്കുന്നവരുമായി ഇടവക മെത്രാപ്പോലീത്താ നിരന്തരം ചര്‍ച്ച നടത്തി പരിഹാര നിര്‍ദ്ദേശങ്ങളില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കി. ബഹു. ഈപ്പനച്ചന്‍റെ സാന്നിധ്യവും ഐക്യം ഉണ്ടാക്കുന്നതിന് സഹായകരമായി. പിന്നീട് ദേവലോകം അരമനയില്‍ 14-06-2011, 12-07-2011 എന്നീ ദിവസങ്ങളില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ക്ക് സാധൂകരണം കിട്ടി. മലങ്കര മെത്രാപ്പോലീത്താ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസ്യോസ്, പ്രൊഫ. ഇ. ജേക്കബ് ജോണ്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പള്ളി വികാരി ഫാ. പി. ജി. ജോസും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സഭയുടെ തീരുമാനത്തോടൊപ്പം നിന്ന് ഇടവകജനങ്ങളെ തീരുമാനങ്ങള്‍ ബോധ്യപ്പെടുത്തി. പരിഹാര നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് കൊണ്ട് ഇരുഭാഗവും യോജിച്ചു കൊടുത്ത രാജി ഹര്‍ജി ഹൈക്കോടതിയില്‍ തീര്‍പ്പാക്കി. കേസുകള്‍ രമ്യമായി പര്യവസാനിച്ചു.
Comments
Post a Comment