എത്യോപ്യന്‍ ചക്രവര്ത്തി ഹെയ്ലി സെലാസിയുടെ പഴയസെമിനാരി, ചേപ്പാട്ട് പള്ളി സന്ദര്‍ശനങ്ങള്‍ (1956 ഒക്ടോബര്‍)
1956 ഒക്ടോബര് 24 ബുധന്. രാവിലെ തുമ്പമണ്കാരന് ഇടിക്കുള വന്നിരുന്നു. സ്കൂള് കാര്യത്തെപ്പറ്റിയും മറ്റും പറഞ്ഞു. കുരിശുംതൊട്ടിയില് ലൈറ്റിടുന്നതിനായി 200 രൂപാ നമ്മെ ഏല്പിച്ചു. പത്തര മണിക്ക് ഫീലിപ്പോസ് കത്തനാര് ഓഫീസില് വന്നിരുന്നു. 12 മണിക്ക് സി. പി. മാത്തന് വന്നിരുന്നു. എത്യോപ്യന് ചക്രവര്ത്തിയുടെ പ്രോഗ്രാം വ്യത്യാസപ്പെടുത്തിയതില് സൈമണ് ശെമ്മാശനും മറ്റുമുള്ള പങ്കിനെപ്പറ്റി പറഞ്ഞു. പഴയസെമിനാരിയിലെ സ്വീകരണം ഏറ്റം ഭംഗിയാക്കണമെന്നും അതേപ്പറ്റി ആലോചിക്കുന്നതിന് ഇന്ന് വൈകിട്ട് മാത്തന് പഴയസെമിനാരിയില് വന്നെത്താമെന്നും പറഞ്ഞു.
മൂന്നു മണിക്ക് മണിക്ക് മാര് തേവോദോസ്യോസ് മെത്രാച്ചനും ഒന്നിച്ച് പഴയസെമിനാരിയില് പോയി. മാര് ദീവന്നാസ്യോസ് മെത്രാച്ചന് അവിടെ ഉണ്ടായിരുന്നു. മെത്രാച്ചനുമായി അധികനേരം ചക്രവര്ത്തിയുടെ വരവിനെ സംബന്ധിച്ചും മറ്റും മറ്റും വര്ത്തമാനം പറഞ്ഞു.
ചക്രവര്ത്തിയുടെ വരവു സംബന്ധിച്ചു പെയിന്റിംഗ്, വെള്ളപൂശ്, വഴി നന്നാക്ക് മുതലായ ജോലികള് ധൃതഗതിയില് നടന്നുകൊണ്ടിരുന്നു. നാലര മണിക്ക് ഫീലിപ്പോസച്ചനും, കൊച്ചുണ്ണൂണ്ണിയും വന്നു. കളക്ടര് ഒരു പ്രോഗ്രാം കുറിച്ചു കൊടുത്തത് കൊച്ചുണ്ണൂണ്ണി വായിച്ചു കേള്പ്പിച്ചു. അതനുസരിച്ച് ചക്രവര്ത്തി 30-ാം തീയതി വൈകിട്ടു കോട്ടയത്തു എത്തി ഗസ്റ്റ്ഹൗസില് താമസിക്കും. 31-ാം തീയതി രാവിലെ 8.30-നു നാം അദ്ദേഹത്തെ ഗസ്റ്റ് ഹൗസില് വച്ച് കണ്ട് സംഭാഷണം നടത്തുന്നതും അതു കഴിഞ്ഞാലുടനെ മാര് യൂലിയോസും കാണുന്നുണ്ടെന്നും അതിനുശേഷം വലിയപള്ളി സന്ദര്ശനവും താഴത്തങ്ങാടിയിലെ വള്ളംകളിയും കണ്ടതിനുശേഷം സെമിനാരിയില് പത്തരയ്ക്കു എത്തുന്നതും അവിടുത്തെ ചടങ്ങുകളില് സംബന്ധിച്ച ശേഷം ഒരു മണിക്ക് ഗസ്റ്റ് ഹൗസില് വച്ച് ഉച്ചഭക്ഷണവും വിശ്രമവും കഴിഞ്ഞ് ചേപ്പാട്ടിനു പോകും.
അഞ്ചര മണിക്ക് സി. പി. മാത്തന് വന്നു. മാത്തന് സെമിനാരിയിലെ അറേഞ്ച്മെന്റ്സ് ഒക്കെ നോക്കി. പല കാര്യങ്ങളെപ്പറ്റി പറഞ്ഞു. ചക്രവര്ത്തി വരുന്നതിനു തലേ ദിവസം തന്നെ മാത്തന് ഇവിടെ എത്താമെന്നും വേണ്ട ക്രമീകരണങ്ങള് ആവശ്യമായത് ചെയ്യാമെന്നും പറഞ്ഞുപോയി. ആറര മണിക്ക് തേവോദോസ്യോസ് മെത്രാച്ചനും നാമും തിരിച്ചുപോന്നു. മെത്രാച്ചന് മാങ്ങാനത്തിനു പോയി.
1956 ഒക്ടോബര് 25 വ്യാഴം. എത്യോപ്യന് ചക്രവര്ത്തി ഇന്ന് ബോംബെയില് എത്തുമെന്ന് പത്രങ്ങളില് കണ്ടു. അതനുസരിച്ച് അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട് ഒരു കമ്പി നാം ഇവിടെ നിന്നും അടിച്ചു.
താഴത്തങ്ങാടിയില് നിന്നും എറികാട്ടു ലൂക്കോച്ചന് വന്നിരുന്നു. ചക്രവര്ത്തിയുടെ വരവ് പ്രമാണിച്ചും വള്ളംകളി പ്രമാണിച്ചുമുള്ള താഴത്തങ്ങാടിയിലെ ഒരുക്കങ്ങളെപ്പറ്റിയും മറ്റും പറഞ്ഞു.
ഉമ്മന് ശെമ്മാശന് വിവാഹം കഴിഞ്ഞ് ഭാര്യയും അപ്പനും അമ്മയും പെങ്ങളുമൊന്നിച്ച് വന്നു. ശെമ്മാശന് ഇവിടെ താമസിച്ചു. മറ്റവരെല്ലാം അഞ്ചു മണിക്കു തിരിച്ചുപോയി.
1956 ഒക്ടോബര് 28 വെള്ളി. 10 മണിയോടു കൂടി അത്താനാസ്യോസ് മെത്രാച്ചനും, ഫീലിപ്പോസ് അച്ചന്, തേവോദോസ്യോസ് മെത്രാച്ചന്, പി. സി. ഏബ്രഹാം, പഴയസെമിനാരി മാനേജരച്ചന്, കൊച്ചുണ്ണൂണ്ണി മുതലായവര് വന്നിരുന്നു. ചക്രവര്ത്തിക്കു കൊടുക്കുന്ന അഡ്രസ്സിന്റെ കോപ്പി പ്രിന്റ് ചെയ്തതു കൊണ്ടുവന്നു. ചക്രവര്ത്തിയുടെ കൂടെ വരുന്ന റോയല് ഫാമിലിയില്പെട്ടവര്ക്ക് (മകനും മകള്ക്കും കൊച്ചുമകള്ക്കും) കൊടുക്കുവാനുള്ള സമ്മാനങ്ങള് ഓരോ നല്ല പെട്ടികളില് ആക്കിക്കൊടുക്കണമെന്നു പറഞ്ഞു. അതനുസരിച്ച് പെട്ടി പണിയുന്നതിനും പേരു കൊത്തുന്നതിനുമായി മില്യന് കമ്പനിയില് സാധനങ്ങള് ഏല്പിച്ചു. പോള് വര്ഗീസ് വന്നിരുന്നു. ഗവണ്മെന്റില് നിന്നും ഇതുവരെ ചക്രവര്ത്തിയുടെ ഫൈനല് പ്രോഗ്രാം ഇവിടെ ഔദ്യോഗികമായി അയച്ചുതന്നിട്ടില്ലാത്തതിനാല് ചീഫ് സെക്രട്ടറിയുടെ പേര്ക്ക് ടി വിവരത്തിന് ഒരു കമ്പി അടിച്ചു. പോള് വര്ഗീസ് ഉച്ചയോടു കൂടി തിരിച്ചുപോയി.
1956 ഒക്ടോബര് 27 ശനി. കൊച്ചുണ്ണൂണ്ണിയും, മാനേജരച്ചനും, ഫീലിപ്പോസച്ചനും, കുട്ടിയപ്പനും വന്നിരുന്നു. അവര് മുത്തുക്കുട അന്വേഷിക്കുന്നതിനായി അതിരമ്പുഴയ്ക്കും മറ്റും പോയി. ഇന്നലെ അടിച്ച കമ്പിക്ക് ചീഫ് സെക്രട്ടറിയുടെ മറുപടി വിശദമായ പ്രോഗ്രാം ഉള്പ്പെടുത്തി വന്നു.
ചക്രവര്ത്തിയുടെ പേര്ക്ക് ബോംബെയ്ക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട് നാം അടിച്ച കമ്പിക്കു പ്രൈവറ്റ് സെക്രട്ടറിയുടെ മറുപടി കിട്ടി.
മേല്പാടത്തുകാരന് കത്തനാര് പള്ളത്തു കുര്ബ്ബാന ചൊല്ലുന്നതിനു പോയി. യോഹന്നാന് കത്തനാര് എം.ഡി. യില് നിന്നും വന്നു.
വൈകിട്ടും മാനേജരച്ചനും കൊച്ചുണ്ണൂണ്ണിയും വന്നിരുന്നു. ചക്രവര്ത്തിയുടെ സ്വീകരണത്തിനു പള്ളിയകത്തു കയറുന്നവരുടെ (പട്ടക്കാരുടെയും മറ്റും) ലിസ്റ്റ് തയ്യാറാക്കി കളക്ടറെ ഏല്പിച്ചു.
28 ഞായര്. രാവിലെ നാം വി. കുര്ബ്ബാന അര്പ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തു. യോഹന്നാന് കത്തനാര് മാങ്ങാനത്തു പോയി വി. കുര്ബ്ബാന ചൊല്ലി. അഞ്ചു മണിക്ക് കഞ്ഞിക്കുഴി കവലയില് പണികഴിപ്പിക്കുന്ന കുരിശുംതൊട്ടിയുടെ മുകളിലത്തെ കുരിശ് വച്ചു. കുരിശ് മേസ്തിരിമാര് ഇവിടെ കൊണ്ടുവന്നത് നാം ശുദ്ധീകരിച്ചു കൊടുത്തയച്ചു. യോഹന്നാന് കത്തനാരും സഖറിയാ ശെമ്മാശനും കവലയില് പോയി പ്രാര്ത്ഥന നടത്തി കുരിശു സ്ഥാപിച്ചു. കുരിശ് സ്ഥാപനം പ്രമാണിച്ച് ആളുകള് പലരും കവലയില് കൂടിയിരുന്നുവെന്നും മറ്റും ശെമ്മാശന് പറഞ്ഞു.
29 തിങ്കള്. രാവിലെ ഫീലിപ്പോസ് അച്ചന് വന്നിരുന്നു. ചക്രവര്ത്തിയുടെ വരവ് പ്രമാണിച്ചുള്ള ചടങ്ങുകളില് സംബന്ധിക്കുന്നതിനു കുറെപ്പേരെയെങ്കിലും അന്യസമുദായത്തില് നിന്നും മറ്റും ക്ഷണിക്കണമെന്ന് പലര്ക്കും അഭിപ്രായമുണ്ടെന്നു പറഞ്ഞു. അങ്ങനെ ചെയ്യുന്നതിന് നമുക്ക് വിരോധമില്ലെന്നു നാം പറഞ്ഞതനുസരിച്ച് ഇന്വിറ്റേഷന് അയക്കാന് തീരുമാനിച്ചു.
10 മണിക്ക് പഴയസെമിനാരിയില് പോയി ഒരുക്കങ്ങളെല്ലാം കണ്ടു. 12 മണിക്കു തിരിച്ചുപോന്നു. പോരുന്ന വഴി എം.ഡി. സെമിനാരിയില് കയറി ഉച്ചനമസ്കാരം കഴിഞ്ഞ് ഹെഡ്മാസ്റ്ററെയും, മനോരമയിലെ കുഞ്ഞിനെയും മറ്റും വരുത്തി മനോരമ കവലയില് ചക്രവര്ത്തിയുടെ വരവ് പ്രമാണിച്ച് വല്ല അലങ്കാരങ്ങളും ആര്ച്ചുകളും മറ്റും ഉണ്ടാക്കണമെന്ന് പറഞ്ഞു.
രണ്ടരയ്ക്കു ഡോക്ടര് മാത്യു വന്നു. നമ്മുടെ കാലിലെ നീരിന് ചില മരുന്നുകള് കുറിച്ചു തന്നിട്ടുപോയി.
നാലു മണിക്ക് നമ്മുടെ വണ്ടി മൂവാറ്റുപുഴയ്ക്കു അയച്ചു. തീമോത്തിയോസ് മെത്രാച്ചനെ കൊണ്ടുവന്നു. ഏഴു മണിയോടു കൂടി മെത്രാച്ചന് വന്നുചേര്ന്നു.
30 ചൊവ്വ. രാവിലെ ഇ. ജെ. അബ്രഹാം കത്തനാര് വി. കുര്ബ്ബാന അര്പ്പിച്ചു. കൊച്ചുണ്ണൂണ്ണി 11 മണിയോടു കൂടി ചക്രവര്ത്തിക്കു മംഗളപത്രം കൊടുക്കാനുള്ള കാസ്കറ്റുമായി വന്നു. ഈട്ടിപെട്ടിമേല് ആനക്കൊമ്പു കൊണ്ടുള്ള പണികള് ചെയ്തതാണ് കാസ്ക്കറ്റ്. അതില് രണ്ട് ആനകളും മാലാഖമാരുടെയും തോമ്മാ ശ്ലീഹായുടെയും രൂപം കൊത്തിയിട്ടുണ്ട്. വളരെ ഭംഗിയായിരിക്കുന്നു.
ചക്രവര്ത്തി ഇന്ന് കോട്ടയം ഗസ്റ്റ് ഹൗസില് വന്നുചേരുമെന്നുള്ള പ്രോഗ്രാം കാലാവസ്ഥയുടെ മാറ്റം മൂലം റദ്ദു ചെയ്തെന്നും നാളെ 10 മണിക്കേ ഇവിടെ വന്നു ചേരുകയുള്ളുവെന്നും 10 മണിക്ക് നാം ഗസ്റ്റ് ഹൗസില് എത്തി അദ്ദേഹത്തെ കാണണമെന്നും 12 മണിക്കാണ് അദ്ദേഹം സെമിനാരിയില് എത്തുന്നതെന്നും പന്ത്രണ്ടരയ്ക്ക് അവിടെ നിന്നും ഗസ്റ്റ് ഹൗസിലേക്കു മടങ്ങുമെന്നും കൊച്ചുണ്ണൂണ്ണി മൂലം കളക്ടര് ഇവിടെ അറിയിച്ചു.
ഉച്ചകഴിഞ്ഞ് തീമോത്തിയോസ് മെത്രാച്ചനുമൊന്നിച്ച് പഴയസെമിനാരിയില് പോയി. മെത്രാച്ചന് അവിടെ താമസിച്ചു. പാമ്പാടിയിലെ മെത്രാച്ചനും, തേവോദോസ്യോസ് മെത്രാച്ചനും പഴയസെമിനാരിയില് വന്നു താമസിച്ചു. 5 മണിക്ക് നാം സെമിനാരിയില് നിന്നും ദേവലോകത്തേക്കു വരികയും താമസിക്കുകയും ചെയ്തു. ആറ് മണിക്ക് ഒസ്താത്തിയോസ്, പീലക്സിനോസ്, കൂറിലോസ് എന്നീ മെത്രാച്ചന്മാര് അരമനയില് വന്നു താമസിച്ചു.
1956 ഒക്ടോബര് 31 ബുധന്. എത്യോപ്യന് ചക്രവര്ത്തി ഹെയ്ലി സെലാസിയുടെ വരവ് പ്രമാണിച്ച് അച്ചന്മാര്, ശെമ്മാശന്മാര് മറ്റ് ധാരാളം ആളുകള് വന്നുകൊണ്ടിരുന്നു. 8 മണിക്ക് മെത്രാച്ചന്മാര് പഴയസെമിനാരിയിലേക്കു പോയി. 9 മണിക്ക് ദീവന്നാസ്യോസ് മെത്രാച്ചന് പഴയസെമിനാരിയില് നിന്ന് ദേവലോകം അരമനയിലേക്കു വന്നു. 10 മണിക്ക് നമ്മോട് ഒരുമിച്ചു ദീവന്നാസ്യോസ് മെത്രാച്ചനും പോള് വര്ഗീസ്, സെക്രട്ടറി ഉമ്മന് ശെമ്മാശന് എന്നിവര് ദേവലോകത്തു നിന്നും ചക്രവര്ത്തിയെ കാണ്മാന് കോട്ടയത്തുള്ള ഗസ്റ്റ് ഹൗസിലേക്കു പുറപ്പെട്ടു. പോകുന്ന വഴി എം.ഡി. സെമിനാരിയില് കയറി കുറെ സമയം വിശ്രമിച്ചു. 10 മണിക്ക് സി. പി. മാത്തന് എം.ഡി സെമിനാരിയില് വന്ന് ചക്രവര്ത്തിയോട് പറയേണ്ട കാര്യങ്ങള് നമ്മെ അറിയിച്ചു. പത്തര മണിക്ക് അവിടെ നിന്നും ഗസ്റ്റ് ഹൗസിലേക്കു പോയി. അവിടെ എത്തിച്ചേര്ന്ന ഉടനെ ഡോക്ടര് സൈമണ് ശെമ്മാശന് ചക്രവര്ത്തിയുടെ എ.ഡി.സി. തുമ്പമണ്കാരന് മാത്യു എന്നിവര് നമ്മെ സ്വീകരിച്ച് മുറിയില് കൊണ്ടുപോകയും ചക്രവര്ത്തിയുമായി കൂടിക്കാഴ്ച ആരംഭിക്കുകയും ചെയ്തു. പത്തു മിനിട്ടു നേരം ചക്രവര്ത്തിയുമായി നാം സംഭാഷണം നടത്തിയശേഷം അവിടെ നിന്നും പഴയസെമിനാരിയിലേക്കു പോകുകയും ചെയ്തു. 12 മണി കഴിഞ്ഞ് ചക്രവര്ത്തി സെമിനാരിയില് വന്നു. അദ്ദേഹത്തിന് അതിവിപുലമായ ഒരു സ്വീകരണം കൊടുത്തു. നൂറില്പരം അച്ചന്മാരും ശെമ്മാശന്മാരും കറുത്ത കുപ്പായം ഇട്ടുകൊണ്ട് കത്തിച്ച മെഴുകുതിരികളുമായി അദ്ദേഹത്തെ എതിരേറ്റു. മെത്രാച്ചന്മാര് എല്ലാവരും ഉണ്ടായിരുന്നു. അദ്ദേഹത്തെ പള്ളിയില് വച്ച് കൈ കൊടുത്ത് സ്വീകരിച്ച് മദ്ബഹായിലേക്കു കൊണ്ടുപോയി ലുത്തിനിയായും പ്രത്യേക പ്രാര്ത്ഥനകളും നടത്തി. അദ്ദേഹത്തിന് ആനക്കൊമ്പും കരിന്താളിയും കൊണ്ടു സ്വര്ണ്ണം കെട്ടിയ ഒരു വടി സമ്മാനിച്ചു. വീണ്ടും എതിരേറ്റ് പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില് ഇരിപ്പിടത്തില് ഇരുത്തി മംഗളപത്രം, കാസ്ക്കറ്റ് എന്നിവയും കൂടെ ഉണ്ടായിരുന്ന ചക്രവര്ത്തിയുടെ മകനും മകളും മറ്റുള്ളവര്ക്കും ആനക്കൊമ്പ് നിര്മ്മിതമായ സമ്മാനങ്ങളും കൊടുത്തു. അദ്ദേഹം ഒരു പ്രസംഗം പറഞ്ഞതിനുശേഷം ഒരു കുരിശ്, ധൂപക്കുറ്റി, കാര്പറ്റ്, ഒരു വേദപുസ്തകം എന്നിവകള് സഭയ്ക്കു വേണ്ടിയും നമുക്കു വേണ്ടിയും നല്കുകയുണ്ടായി. ഒരു മണിക്ക് അദ്ദേഹം പിരിഞ്ഞു പോയി. വലിയ ഒരു ജനക്കൂട്ടം അവിടെ കൂടിയിരുന്നു. ഒന്നര മണിക്ക് നാമും ദീവന്നാസ്യോസ് മെത്രാച്ചനും പരിവാരസമേതം പഴയസെമിനാരിയില് നിന്നും ചേപ്പാട്ടു പള്ളിയിലേക്കു തിരിച്ചു. പോകുന്ന വഴിയില് ചക്രവര്ത്തിക്കു വേണ്ടി കെട്ടി അലങ്കരിച്ചിട്ടുള്ള എല്ലാ സ്ഥാനങ്ങളിലും വണ്ടി നിര്ത്തി അവര്ക്കു വേണ്ട നിര്ദ്ദേശങ്ങള് കൊടുത്തു. 3 മണിക്ക് ചേപ്പാട്ടു പള്ളിയില് എത്തി ലുത്തിനിയാ നടത്തി മുറിയില് വന്നു വിശ്രമിച്ചു, ഉച്ചമേശ കഴിക്കുകയുണ്ടായി. ചക്രവര്ത്തിക്ക് ഗംഭീര സ്വീകരണവും മീറ്റിംഗും കാലം ചെയ്ത ചേപ്പാട്ടു മാര് ദീവന്നാസ്യോസിന്റെ ശതാബ്ദ ജൂബിലിയും മറ്റും ഉണ്ടായിരുന്നു. നാലര മണിക്ക് പ്രത്യേകം തയ്യാര് ചെയ്തിരുന്ന മന്ദിരത്തില് ചക്രവര്ത്തിയെ സ്വീകരിച്ചു. സി. പി. മാത്തന്, കെ. എം. ചെറിയാന്, ഐ. ഡാനിയേല്, മാര് ദീവന്നാസ്യോസ് മെത്രാച്ചന് ആദിയായവര് പ്രസംഗിച്ചു. ചക്രവര്ത്തിയും ഒരു പ്രസംഗം നടത്തി. നാമും ഒടുവില് ചക്രവര്ത്തിയെക്കുറിച്ച് അല്പ കാര്യങ്ങള് പറഞ്ഞ് വാഴ്വ് കൊടുത്ത് അദ്ദേഹത്തെ അഞ്ചേമുക്കാല് മണിക്ക് യാത്ര അയയ്ക്കയുണ്ടായി. ചേപ്പാട്ടു പള്ളിക്കാര് ചക്രവര്ത്തിക്ക് ചില സമ്മാനങ്ങള് നല്കി. ചക്രവര്ത്തിയും പള്ളിക്കു ചില സമ്മാനങ്ങള് കൊടുത്തു. ആറ് മണിക്കു നാമും ദീവന്നാസ്യോസ് മെത്രാച്ചനും കൂടി ചേപ്പാട്ടു നിന്നും തിരിച്ച് മാവേലിക്കര പുതിയകാവ് പള്ളിയില് കയറി സന്ധ്യാനമസ്കാരം നടത്തി. രാത്രി അവിടെ വിശ്രമിച്ചു.
(പ. ഗീവര്ഗീസ് രണ്ടാമന് ബാവായുടെ 1956-ലെ ഡയറിയില് നിന്നും. സമ്പാദകന് - ജോയ്സ് തോട്ടയ്ക്കാട്)
Comments
Post a Comment