ചെങ്ങന്നൂര്‍ സുന്നഹദോസ് (1686) | ഡോ. എം. കുര്യന്‍ തോമസ്
മാര്‍ ഈവാനിയോസ് ഹദിയള്ളാ കേരളത്തിലെത്തുമ്പോഴുള്ള നസ്രാണികളുടെ സ്ഥിതി പരിശോധിച്ചാല്‍ വളരെ വിചിത്രമായ ഒരു ചിത്രമാണ് കിട്ടുന്നത്. ഉദയംപേരൂര്‍ സുന്നഹദോസിനു മുമ്പ് മലങ്കരസഭ പിന്‍തുടര്‍ന്നു വന്നിരുന്ന നെസ്തോറിയന്‍ വിശ്വാസവും കല്‍ദായ ആചാരങ്ങളും റോമാഭരണകാലത്ത് അവരുടേതായ രീതിയില്‍ ഭേദപ്പെടുത്തിയിരുന്നു. അവയ്ക്കുപരി, ലത്തീന്‍ക്രമങ്ങളും ആചാരങ്ങളും കൂടി അവര്‍ മലങ്കരയില്‍ അവതരിപ്പിച്ചു. ഇവയില്‍ പലതും സുറിയാനിയില്‍ പരിഭാഷപ്പെടുത്തി സുറിയാനിക്രമങ്ങള്‍ എന്ന ഭാവേനയാണ് അവതരിപ്പിച്ചത്. ഒരു നൂറ്റാണ്ടുകാലം റോമാസഭയുടെ കീഴില്‍ വൈദികാഭ്യസനം നടത്തിയ പട്ടക്കാരും അവരിലൂടെ അതു ശീലിച്ച ജനങ്ങളും അനുവര്‍ത്തിച്ചു വന്നിരുന്നത് ഈ സമ്മിശ്ര രൂപമായിരുന്നു. ക്രമീകൃതമായ റോമന്‍ പ്രചാരവേല ഇവയോടുള്ള ആഭിമുഖ്യം ജനങ്ങളില്‍ രൂഡമൂലമാകുന്നതിന് ത്വരകവുമായി. 1653-ല്‍ റോമാബന്ധം വിച്ഛേദിച്ചു സുറിയാനി പാരമ്പര്യത്തിലേയ്ക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും അതിന്‍റെ രണ്ടാം ഭാഗം അത്ര സുഗമമായിരുന്നില്ല. ഒന്നാമത് യഥാര്‍ത്ഥ സുറിയാനി പാരമ്പര്യം എന്തെന്നറിയാന്‍ പുസ്തകങ്ങളോ മല്പാന്മാരോ ഉണ്ടായിരുന്നില്ല. നസ്രാണികളാകട്ടെ ഒരു നൂറ്റാണ്ടുകൊണ്ട് അവരുടെ പൂ...