ചെങ്ങന്നൂര്‍ സുന്നഹദോസ് (1686) | ഡോ. എം. കുര്യന്‍ തോമസ്
മാര്‍ ഈവാനിയോസ് ഹദിയള്ളാ കേരളത്തിലെത്തുമ്പോഴുള്ള നസ്രാണികളുടെ സ്ഥിതി പരിശോധിച്ചാല്‍ വളരെ വിചിത്രമായ ഒരു ചിത്രമാണ് കിട്ടുന്നത്. ഉദയംപേരൂര്‍ സുന്നഹദോസിനു മുമ്പ് മലങ്കരസഭ പിന്‍തുടര്‍ന്നു വന്നിരുന്ന നെസ്തോറിയന്‍ വിശ്വാസവും കല്‍ദായ ആചാരങ്ങളും റോമാഭരണകാലത്ത് അവരുടേതായ രീതിയില്‍ ഭേദപ്പെടുത്തിയിരുന്നു. അവയ്ക്കുപരി, ലത്തീന്‍ക്രമങ്ങളും ആചാരങ്ങളും കൂടി അവര്‍ മലങ്കരയില്‍ അവതരിപ്പിച്ചു. ഇവയില്‍ പലതും സുറിയാനിയില്‍ പരിഭാഷപ്പെടുത്തി സുറിയാനിക്രമങ്ങള്‍ എന്ന ഭാവേനയാണ് അവതരിപ്പിച്ചത്. ഒരു നൂറ്റാണ്ടുകാലം റോമാസഭയുടെ കീഴില്‍ വൈദികാഭ്യസനം നടത്തിയ പട്ടക്കാരും അവരിലൂടെ അതു ശീലിച്ച ജനങ്ങളും അനുവര്‍ത്തിച്ചു വന്നിരുന്നത് ഈ സമ്മിശ്ര രൂപമായിരുന്നു. ക്രമീകൃതമായ റോമന്‍ പ്രചാരവേല ഇവയോടുള്ള ആഭിമുഖ്യം ജനങ്ങളില്‍ രൂഡമൂലമാകുന്നതിന് ത്വരകവുമായി.
1653-ല്‍ റോമാബന്ധം വിച്ഛേദിച്ചു സുറിയാനി പാരമ്പര്യത്തിലേയ്ക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും അതിന്‍റെ രണ്ടാം ഭാഗം അത്ര സുഗമമായിരുന്നില്ല. ഒന്നാമത് യഥാര്‍ത്ഥ സുറിയാനി പാരമ്പര്യം എന്തെന്നറിയാന്‍ പുസ്തകങ്ങളോ മല്പാന്മാരോ ഉണ്ടായിരുന്നില്ല. നസ്രാണികളാകട്ടെ ഒരു നൂറ്റാണ്ടുകൊണ്ട് അവരുടെ പൂര്‍വ്വീക അനുഷ്ടാനങ്ങളില്‍ നിന്ന് അന്യമാക്കപ്പെട്ടിരുന്നു. രണ്ടാമത്, ഒരു നൂറ്റാണ്ട് അനുവര്‍ത്തിച്ചു ശീലിച്ച സംഗതികള്‍ ശരിയെങ്കിലും തെറ്റെങ്കിലും മാറ്റുക എന്നത് ജനങ്ങള്‍ക്ക് അത്ര പ്രതിപത്തിയുള്ളതായിരുന്നില്ല.
1663-ലെ പറമ്പില്‍ ചാണ്ടിയുടെ ചതിക്കു ശേഷം നസ്രാണികള്‍ക്ക് അടിയന്തിരമായ മറ്റൊരാവശ്യവും മുമ്പിലുണ്ടായിരുന്നു. അത് എത്രയും വേഗം ഒരു വേദശാസ്ത്ര അടിത്തറയും സഭാവിജ്ഞാനീയവും കരുപ്പിടിപ്പിക്കുക എന്നതായിരുന്നു. 1653 മുതല്‍തന്നെ റോമന്‍ കത്തോലിക്കര്‍, പട്ടവും അടിസ്ഥാനവും പാരമ്പര്യവുമില്ലാത്ത ഒരു നൂതന വിഭാഗം എന്നമട്ടില്‍ നസ്രാണികളെ വിവക്ഷിച്ചു വന്നിരുന്നു. പറമ്പില്‍ ചാണ്ടി മേല്പട്ടക്കാരനായതോടെ ഈ പ്രചരണം രൂക്ഷമായി. 1665-ല്‍ യേറുശലേമിലെ സുറിയാനി പാത്രിയര്‍ക്കീസ് മാര്‍ ഗ്രീഗോറിയോസ് അബ്ദുല്‍ ജലീദ് മാര്‍ത്തോമ്മാ ഒന്നാമന്‍റെ മേല്പട്ടസ്ഥാനം ക്രമപ്പെടുത്തിയതോടെ ഒരു കടമ്പ കടന്നു എങ്കിലും ഒരു സ്വന്തമായ ഒരു സഭാവിജ്ഞാനീയത്തിന്‍റെ അടിയന്തിരാവശ്യം നസ്രാണികളുടെ മുമ്പില്‍ നിലനിന്നു. പ്രത്യേകിച്ചും റോമാസഭയില്‍ ചേര്‍ന്ന നസ്രാണികളുമായി അധികാരകേന്ദ്രത്തിലൊഴികെ മറ്റൊരു സംഗതിയിലും മാറ്റമില്ലാത്ത സാഹചര്യത്തില്‍ നസ്രാണികള്‍ റോമാവലയത്തില്‍ വീഴുക എളുപ്പമായിരുന്നു.
ഈ സാഹചര്യത്തിലാണ് 1685-ല്‍ മാര്‍ ഈവാനിയോസ് ഹദിയള്ളാ കേരളത്തിലെത്തുന്നത്. പിറ്റേവര്‍ഷം ഏപ്രില്‍ മാസത്തില്‍ രണ്ടാം മാര്‍ത്തോമ്മാ മെത്രാന്‍ പിന്‍ഗാമിയെ വാഴിക്കാതെ പെട്ടെന്നു കാലം ചെയ്തു. അതോടെ മേല്പട്ടസ്ഥാനത്തിനു മാര്‍ ഈവാനിയോസിനെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടായി. ഈ അവസരത്തിലാവണം ചെങ്ങന്നൂരില്‍ മലങ്കര പള്ളിയോഗം വിളിച്ചു കൂട്ടിയതും, അടിസ്ഥാന വിശ്വാസ പ്രമാണങ്ങള്‍ അംഗീകരിപ്പിച്ചതും.
പണ്ഡിതനായ മാര്‍ ഈവാനിയോസ് ഹദിയള്ളായ്ക്ക് മലങ്കരസഭയുടെ വിശ്വാസ-ആചാര-അനുഷ്ഠാന കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ട അനേകം സംഗതികളുണ്ടെന്ന് ബോദ്ധ്യപ്പെട്ടു കാണും. പക്ഷേ, അവയെല്ലാം ഒറ്റയടിക്കു മാറ്റാന്‍ ശ്രമിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളും എതിര്‍പ്പുകളും അദ്ദേഹം മനസിലാക്കി. ഒരുപക്ഷേ അദ്ദേഹം തന്നെ നേരത്തെ അതിനു ശ്രമിച്ചു പരാജയപ്പെട്ടതായി കൂടായ്കയുമില്ല. അല്ലെങ്കില്‍ മാര്‍ ഗ്രീഗോറിയോസ് അബ്ദുല്‍ ജലീദിന്‍റെ ശ്രമങ്ങളുടെ പരാജയഫലം അദ്ദേഹം അറിഞ്ഞ് അതിനു ശ്രമിച്ചില്ലെന്നും വരാം.17
പകരം പണ്ഡിതനായ മാര്‍ ഈവാനിയോസ് കൂടുതല്‍ പ്രായോഗികവും അത്യന്താപേക്ഷിതവുമായ പരിഷ്കാരങ്ങള്‍ക്കാണ് മുതിര്‍ന്നത്. സ്തുതി ചൊവ്വാകപ്പെട്ട (ഓര്‍ത്തഡോക്സ്) വിശ്വാസത്തിന്‍റെ താത്വിക അടിത്തറയും അടിസ്ഥാന ഘടകങ്ങളും മലങ്കരയില്‍ ഉറപ്പിക്കാനായി അദ്ദേഹത്തിന്‍റെ പരിശ്രമം. അതിലദ്ദേഹം വിജയിച്ചു.
ഏകപക്ഷീയമായ ഒരു അടിച്ചേല്‍പ്പിക്കലിനു പകരം നസ്രാണി പാരമ്പര്യപ്രകാരം മലങ്കര പള്ളിയോഗം വിളിച്ചുകൂട്ടിയാണ് മാര്‍ ഈവാനിയോസ് ഈ വിശ്വാസപ്രമാണങ്ങള്‍ അംഗീകരിപ്പിച്ചത്. മലങ്കര പള്ളിയോഗം അംഗീകരിക്കാത്ത യാതൊരു തീരുമാനവും നസ്രാണികള്‍ അംഗീകരിക്കുകയോ നടപ്പാവുകയോ ചെയ്യില്ലായിരുന്നു. അതിനാലാണ് സര്‍വശക്തനായ ആര്‍ച്ചുബിഷപ്പ് മെനേസീസിനുപോലും റോമന്‍ കത്തോലിക്കാ സഭയുടെ കാനോനാകള്‍ക്കു വിരുദ്ധമായി അവൈദികര്‍ പങ്കെടുക്കുന്ന മലങ്കര പള്ളിയോഗം ഉദയംപേരൂരില്‍ വിളിച്ചുകൂട്ടേണ്ടിവന്നത്.
സുന്നഹദോസിന്‍റെ തീയതി
1686-ല്‍ നടന്നു എന്നല്ലാതെ ചെങ്ങന്നൂരില്‍ കൂടിയ മലങ്കര പള്ളിയോഗത്തിന്‍റെ കൃത്യമായ തീയതി ഇതുവരെ ലഭ്യമായിട്ടില്ല. എന്നാല്‍ മാര്‍ത്തോമ്മാ രണ്ടാമന്‍റെ മരണശേഷമാണ് എന്നനുമാനിക്കുന്നതില്‍ തെറ്റില്ല. അങ്ങിനെയെങ്കില്‍ ഏപ്രില്‍ 19-ന് ശേഷമാവണം. പില്‍ക്കാലത്തെ പതിവു പരിശോധിച്ചാല്‍ ഈ സുന്നഹദോസു നടന്നത് അദ്ദേഹത്തിന്‍റെ നാല്പതടിയന്തിരത്തോടനുബന്ധിച്ചാവണം. മാര്‍ത്തോമ്മാ രണ്ടാമനെ കബറടക്കിയിരിക്കുന്നത് നിരണത്തു പള്ളിയിലാണ്. എന്നാല്‍ ഇതര പള്ളിയില്‍വെച്ച് മാര്‍ത്തോമ്മാ മെത്രാന്മാരുടെ നാല്പതടിയന്തിരം നടത്തിയതിനും അന്നേദിവസം മലങ്കര പള്ളിയോഗം കൂടിയതിനും രേഖകള്‍ ഉണ്ട്. ഉദാഹരണത്തിന് കോലഞ്ചേരിയില്‍ കബറടക്കിയ ഏഴാം മാര്‍ത്തോമ്മായുടെ നാല്പതടിയന്തിരം 1809 ചിങ്ങം 1-ന് കണ്ടനാട്ടാണ് നടത്തിയത്. അന്നേദിവസം കൂടിയ മലങ്കര പള്ളിയോഗമാണ് പ്രസിദ്ധമായ കണ്ടനാടു പടിയോല പാസാക്കിയത്. ഈ മാനദണ്ഡം അനുസരിച്ച്, ചെങ്ങന്നൂര്‍ സുന്നഹദോസു കൂടിയത് മാര്‍ത്തോമ്മാ രണ്ടാമന്‍റെ നാല്പതടിയന്തിരത്തോടനുബന്ധിച്ച് 1686 മെയ് 29 - 31 തീയതികള്‍ക്കിടയിലാണ് എന്നു ചിന്തിക്കുന്നതില്‍ യുക്തിഭംഗമില്ല. അതിനു ശേഷമാവണം മാര്‍ത്തോമ്മാ മൂന്നാമനെ വാഴിച്ചത്.
1686-ല്‍ ചെങ്ങന്നൂരില്‍ കൂടിയ മലങ്കര പള്ളിയോഗം മാര്‍ ഈവാനിയോസ് അവതരിപ്പിച്ച അഞ്ച് അടിസ്ഥാന വിശ്വാസ ഘടകങ്ങള്‍ അംഗീകരിച്ചു.18 തുടര്‍ന്ന് ഇവയെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം ഒരു പൊതുകല്പനയും എഴുതി.19
വേദശാസ്ത്രം
1686-ല്‍ എഴുതപ്പെട്ടു എന്നു വ്യക്തമാക്കുന്ന ഈ കല്പന ഒരു എബ്രഹാം കശീശയുടെ കൈപ്പടയിലാണെന്ന് കല്പനയുടെ അവസാനം ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയിലുള്ള സത്യക്രിസ്ത്യാനികളായ സുറിയാനിക്കാരുടെ എപ്പിസ്കോപ്പായായ ഈവാനിയോസ് ആണ് കല്പന എഴുതുന്നത.്20 ...ശ്ലീഹന്മാരുടെയും പ. പിതാക്കന്മാരുടേയും കാലം മുതല്‍ സഭയില്‍ പിന്‍തുടര്‍ന്നുവരുന്ന നിയമങ്ങളും നിബന്ധനകളും നാം എഴുതുവാന്‍ ആരംഭിക്കുന്നു... എന്നാണ് കല്പന ആരംഭിക്കുന്നത്. ഈ കല്പനയിലെ പ്രസക്ത സംഗതികള്‍ താഴെ പറയുന്നവയാണ്.
1. നോമ്പ് ദിവസങ്ങളും, നോമ്പിന്‍റെ നിയമങ്ങളും.
2. പുളിപ്പുള്ള അപ്പം (അമ്മീറാ) വി. കുര്‍ബ്ബാനയ്ക്ക് ഉപയോഗിക്കുന്നതിനെപ്പറ്റിയും, അമ്മീറായുടെ ദീര്‍ഘ വിശദീകരണവും.
3. വി. കുര്‍ബ്ബാനയര്‍പ്പണം.
4. വൈദികരെ സംബന്ധിച്ച (വിശേഷിച്ചും വൈദിക വിവാഹം സംബന്ധിച്ച) നിയമങ്ങള്‍.
വേദസാക്ഷികളോടും ഹൂദായ കാനോനില്‍ നിന്നുള്ള ദീര്‍ഘ ഉദ്ധരണികളോടുംകൂടെ വിവരിച്ചിരിക്കുന്ന ഈ നിയമങ്ങള്‍ അന്നത്തെ കാലസ്ഥിതിക്ക് തികച്ചും ആവശ്യമായിരുന്നു. ഒരു നൂറ്റാണ്ടു കാലത്തെ റോമന്‍ സഹവാസവും അര നൂറ്റാണ്ടിന്‍റെ അടിമത്വവും സമ്മാനിച്ച പത്തീറാ, വൈദിക ബ്രഹ്മചര്യം, നോമ്പിനെ സംബന്ധിച്ച റോമന്‍ നിയമങ്ങള്‍ എന്നിവയെ യുക്തിയുക്തം ഖണ്ഡിക്കുന്ന ഈ കല്പനയ്ക്ക് അന്നത്തെ കാലഘട്ട പഠനത്തില്‍ സവിശേഷമായ സ്ഥാനമുണ്ട്.
ഈ കല്പന മാര്‍ ഈവാനിയോസ് ഹദിയള്ളായുടെ വ്യക്തിത്വത്തിലേയ്ക്കും വെളിച്ചം വീശുന്നുണ്ടെന്നു കാണാം. കല്പന വിശകലനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന് വി. വേദപുസ്തകം, ഓര്‍ത്തഡോക്സ് വേദശാസ്ത്രം, ഹൂദായ കാനോന്‍ എന്നിവയിലുള്ള പാണ്ഡിത്യം ദര്‍ശിക്കാം. സമകാലിക രേഖകള്‍ അദ്ദേഹത്തെ പണ്ഡിതന്‍ എന്ന് വിശേഷിപ്പിക്കുന്നത് അന്വര്‍ത്ഥമാണെന്ന് ഈ കല്പന വ്യക്തമാക്കുന്നു (ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പരിഭാഷപ്പെടുത്തിയ കല്പനയുടെ പൂര്‍ണരൂപം അന്യത്ര).
പരിഷ്കാരങ്ങള്‍
മാര്‍ ഈവാനിയോസ് ഹദിയള്ളാ വരുത്തിയ പരിഷ്കാരങ്ങളെപ്പറ്റി ചരിത്രകാരന്മാര്‍ക്കിടയില്‍ ചെറിയ അഭിപ്രായാന്തരങ്ങളുണ്ട്. മുമ്പു പറഞ്ഞതുപോലെ നൂറു വര്‍ഷം റോമന്‍ രീതിയില്‍ പരിചയിച്ചവരെ സുറിയാനി പാരമ്പര്യത്തിലേക്ക് ഒറ്റയടിക്കു മടക്കിക്കൊണ്ടുവരിക അസാദ്ധ്യമാണെന്നു മാര്‍ ഈവാനിയോസ് മനസിലാക്കി. അതില്‍ത്തന്നെ മലങ്കരസഭ അനുവര്‍ത്തിച്ചുവന്നിരുന്ന പൗരസ്ത്യ സുറിയാനി പാരമ്പര്യവും മാര്‍ ഈവാനിയോസിന്‍റെ പാശ്ചാത്യ സുറിയാനി പാരമ്പര്യവും തമ്മിലുള്ള അന്തരവും ഒരു പ്രശ്നമായി.
ഈ സാഹചര്യത്തില്‍ സുറിയാനി പാരമ്പര്യത്തിനു തികച്ചും അത്യന്താപേക്ഷിതമായ അടിസ്ഥാന വേദശാസ്ത്രവും ആചാര അനുഷ്ടാനങ്ങളും മാത്രമാണ് മാര്‍ ഈവാനിയോസ് മലങ്കരയില്‍ അവതരിപ്പിച്ചത്. മലയാള ഭാഷയിലെ ആദ്യ ചരിത്രഗ്രന്ഥമായ നിരണം ഗ്രന്ഥവരി21 മാര്‍ ഈവാനിയോസിന്‍റെ പരിഷ്ക്കാരങ്ങളെപ്പറ്റി വിവരിക്കുന്നത് ഇങ്ങനെയാണ്:
മലെയാളത്തില്‍ നടന്നുവരുന്ന മര്‍യ്യാദകളില്‍ ആത്മകടം ഉള്ളതില്‍ അഞ്ചു കൂട്ടം, ആയത് എന്തെന്നാല്‍ പള്ളി, തുവര്‍ഗം, റൂഹാ, കുറുവാന, നൊന്‍പു ഇങ്ങനെ തലസ്ഥാനവും, വര്‍ഗത്തിന്‍റെ കാര്‍യ്യവും നോമ്പിന്‍റെ കാര്യവും, റൂഹാദ കൂദാശായുടെ കാര്യവും നോന്‍പിന്‍റെ കാര്യവും (ഹന്മീറയുടെ കാര്യവും) ഇങ്ങനെ അഞ്ചു കൂട്ടം എടുത്ത് ശേഷമുള്ള ക്രമങ്ങളും നടപ്പുകളും മുമ്പില്‍ നടന്നു വരുംവണ്ണം തന്നെ നടന്നു കൊള്ളത്തക്കവണ്ണം ക്രമപ്പെടുത്തി മാര്‍ ഈവാനിയോസായിട്ടു നടത്തുകയും ചെയ്തു.22
ഈ വിശ്വാസപ്രമാണങ്ങള്‍ ഏതെല്ലാമാണെന്നു പരിശോധിക്കാം.
1. പള്ളി അഥവാ സഭ - റോമന്‍ കത്തോലിക്കാ സഭ പഠിപ്പിക്കുന്നതുപോലെ കാതോലിക (സാര്‍വത്രിക) സഭ റോമാസഭയല്ല. മൂന്നു പൊതു സുന്നഹദോസുകള്‍ ക്രമപ്പെടുത്തിയ വിശ്വാസത്തില്‍ അധിഷ്ഠിതമായ പൊതുസഭയാണ്.
2. തുവര്‍ഗം - ഇതിന് രണ്ടു പാഠാന്തരങ്ങള്‍ ഉണ്ട്. അവ (മ) ദ്വിവര്‍ഗ്ഗം - കലര്‍പ്പും കുഴച്ചിലും അവിഭാജ്യതയുമില്ലാത്ത ക്രിസ്തുവിന്‍റെ ഏകസ്വഭാവവും 2 ക്നൂമ്മായും (യ) സ്വര്‍ഗ്ഗം - റോമന്‍ കത്തോലിക്കാ വിശ്വാസപ്രകാരമുള്ള ബസ്പുര്‍ക്കാനാ (ശുദ്ധീകരണസ്ഥലം) എന്നൊന്നില്ല.
3. റൂഹാദക്കുദിശാ - പ. റൂഹാ പിതാവില്‍ നിന്നും പുറപ്പെടുന്നു. പിതാവില്‍ നിന്നും പുത്രനില്‍ നിന്നും എന്ന റോമന്‍ പഠിപ്പിക്കല്‍ തെറ്റാണ്.
4. ഹന്മീറ - വി. കുര്‍ബ്ബാനയ്ക്ക് അമ്മീറാ (പുളിപ്പുള്ള അപ്പം) ഉപയോഗിക്കണം.
5. നോയമ്പ് - പൗരസ്ത്യ പാരമ്പര്യപ്രകാരമുള്ള ബുധന്‍, വെള്ളി ദിവസങ്ങളും കാനോനിക നോയമ്പുകളും ആചരിക്കണം.
ഇ. എം. ഫിലിപ്പിന്‍റെ വിവരണത്തില്‍ സഭ, ദ്വിവര്‍ഗ്ഗം, പുളിപ്പുള്ള അപ്പം എന്നിവ കൂടാതെ, സ്വരൂപവന്ദന, പുരോഹിത ബ്രഹ്മചര്യം എന്നിവയുടെ നിഷേധവും കാണുന്നു.23 1776 മുതല്‍ 1787 വരെ കേരളത്തിലുണ്ടായിരുന്ന റോമന്‍ കത്തോലിക്കാ പണ്ഡിതന്‍ പൗലീനാസ് പാദ്രി അല്‍പ്പം വ്യത്യസ്തമായ ഒരു പട്ടികയാണ് നല്‍കുന്നത്.
മേല്‍പറഞ്ഞ രണ്ടു യാക്കോബായ മെത്രാന്മാരും (മാര്‍ ബസേലിയോസ്, മാര്‍ ഈവാനിയോസ്) കാല്‍സിഡണ്‍ കൗണ്‍സിലിന്‍റെ തീരുമാനങ്ങള്‍ ധിക്കരിച്ചിരുന്നു. ക്രിസ്തുവിന് (ദൈവികവും മാനുഷികവുമായ) രണ്ടു പ്രകൃതിയില്ലെന്നും (ദൈവികമായ) ഒരു പ്രകൃതി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അവര്‍ പഠിപ്പിച്ചിരുന്നു. ശുദ്ധീകരണ സ്ഥലത്തെ അവര്‍ നിരാകരിച്ചിരുന്നു. നാല്പതു നോമ്പുകാലത്ത്, ഉയിര്‍പ്പു തിരുന്നാള്‍ വരെ, ഉപവാസമില്ലാത്ത ഞായറാഴ്ച ഒഴിച്ച്, മറ്റു ദിവസങ്ങളില്‍ അവര്‍ ദിവ്യബലിയര്‍പ്പിച്ചിരുന്നില്ല; മറ്റുള്ളവരെ തടയുകയും ചെയ്തിരുന്നു. മരണാനന്തരം ദൈവത്തെ അഭിമുഖമായി ദര്‍ശിച്ച് സായൂജ്യമടയുകയെന്ന വിശ്വാസം അവര്‍ അംഗീകരിച്ചിരുന്നില്ല. മുട്ടു കുത്താതെ എഴുന്നേറ്റു നിന്നാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് അവര്‍ പഠിപ്പിച്ചു. ഭാര്യമാരെ സ്വീകരിക്കുവാന്‍ വൈദികരെ അനുവദിച്ചിരുന്നു. മുമ്പ് ഈ അനുവാദമില്ലായിരുന്ന മലബാറില്‍ നിരവധി ശെമ്മാശ്ശന്മാര്‍ വിവാഹം കഴിക്കുവാന്‍ തുടങ്ങി. ശ്വാസംമുട്ടിച്ചു കൊല്ലുന്ന പക്ഷിമൃഗാദികളുടെ മാംസം ഭക്ഷിക്കുന്നത് വിലക്കപ്പെട്ടിരുന്നു. ഫാ. ഹന്നാ ആലപ്പുഴയില്‍ നിന്നെഴുതിയ കത്തില്‍ ഇക്കാര്യമെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. മാര്‍ ഈവാന്നിയൂസ് പള്ളികളില്‍ നിന്ന് ക്രൂശിതരൂപമുള്ള കുരിശുകളും വിശുദ്ധന്മാരുടെ ബിംബങ്ങളും നീക്കം ചെയ്തു. എന്നാല്‍ ഛായാചിത്രങ്ങള്‍ വണക്കത്തിനു വേണ്ടി പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞിരുന്നില്ല.24 മാര്‍ ഈവാനിയോസിന്‍റെ പരിഷ്കാരങ്ങളെപ്പറ്റി വ്യത്യസ്തമായ ഈ പാഠങ്ങള്‍ക്കെല്ലാമുള്ള പൊതുസ്വഭാവം, അവയെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത് റോമന്‍ കത്തോലിക്കാ സഭയുടെ തെറ്റായ പഠിപ്പിക്കലുകളെ നിരാകരിക്കുകയും സത്യവിശ്വാസത്തെ ഉറപ്പിക്കുകയും ചെയ്യുന്ന പരിഷ്ക്കാരങ്ങളാണ് അദ്ദേഹം നടപ്പിലാക്കിയത് എന്നാണ്.
അനന്തരഫലങ്ങള്‍
മാര്‍ ഈവാനിയോസ് നടപ്പിലാക്കിയ സുറിയാനി പാരമ്പര്യം റോമന്‍ കത്തോലിക്കാ നേതൃത്വത്തെ ബുദ്ധിമുട്ടിലാക്കി. 1663-ലെ പറമ്പില്‍ ചാണ്ടിയുടെ ചതിയ്ക്കുശേഷം രണ്ടു ദശാബ്ദംകൊണ്ട് പകുതിയിലധികം നസ്രാണികളെയും റോമാസഭയ്ക്കു കീഴിലാക്കാന്‍ അവരുടെ തന്ത്രങ്ങള്‍ക്ക് സാധിച്ചു. അവരുടെ പ്രചരണ സാമര്‍ത്ഥ്യവും ധന-സ്വാധീനവുമായിരുന്നു മുഖ്യ കാരണമെങ്കിലും, അന്ന് മലങ്കരസഭയ്ക്ക് വേദശാസ്ത്ര - അനുഷ്ഠാന വിഷയങ്ങളിലുള്ള നിസഹായവസ്ഥയും റോമന്‍ അധിനിവേശത്തിനു വഴിയൊരുക്കി.
ഈ പശ്ചാത്തലത്തിലാണ് മാര്‍ ഈവാനിയോസ് ഹദിയള്ളാ ശക്തമായ വേദശാസ്ത്ര അടിത്തറയും ഉജ്ജ്വലമായ പാണ്ഡിത്യവും കൊണ്ട് തീഷ്ണവാനായി രംഗത്തെത്തുന്നത്. ഇത് മലങ്കരയിലെ സത്യവിശ്വാസികള്‍ക്ക് ആവേശവും ആത്മവിശ്വാസവും നല്‍കി. ബൗദ്ധികതലത്തില്‍ റോമന്‍ കത്തോലിക്കരുമായി നേര്‍ക്കുനേര്‍ പൊരുതാവുന്ന നിലയില്‍ മലങ്കരസഭയെത്തി.
മാര്‍ ഈവാനിയോസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായിരുന്നു എന്നതിന്‍റെ ഏറ്റവും വലിയ തെളിവ് അദ്ദേഹത്തെപ്പറ്റി റോമന്‍ കത്തോലിക്കര്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രതികൂല കുറിപ്പുകളാണ്. അദ്ദേഹത്തിന്‍റെ പഠിപ്പിക്കലുകള്‍ അക്കാലത്ത് മലങ്കരസഭയുമായുള്ള ബൗദ്ധികയുദ്ധത്തില്‍ വിജയിച്ചുനിന്ന റോമന്‍ കത്തോലിക്കരെ അലോസരപ്പെടുത്തി. സുറിയാനിയിലും അറബിയിലും എഴുതി അദ്ദേഹത്തിന്‍റെ വ്യാജസിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായി പൗലിനോസ് പാദ്രി25 രേഖപ്പെടുത്തിയിരിക്കുന്നു.
സുറിയാനി പണ്ഡിതനായ മാര്‍ ഈവാനിയോസിനെ നേരിടുവാന്‍ റോമന്‍ കത്തോലിക്കര്‍ രംഗത്തിറക്കിയത് റോമിലെ പ്രൊപ്പഗാന്താ കോളജില്‍ വിദ്യാഭ്യാസം നേടിയ സിറിയയിലെ ആലപ്പോ സ്വദേശിയായ ഫാ. ബര്‍ത്തലോമ്മാ ഹന്നയെയായിരുന്നു. ഇദ്ദേഹം മാര്‍ ഈവാനിയോസിനോട് വാദപ്രതിവാദം നടത്തിയിരുന്നു26 എന്ന് സമകാലികരേഖകള്‍ സാക്ഷിക്കുന്നു. ഈ തര്‍ക്കങ്ങളുടെ അവസാനം വിവരിക്കുന്നത് ഇപ്രകാരമാണ്: (മാര്‍ ഈവാനിയോസ്) ....സുറിയാനിക്കാരുടെ മര്യാദപോലെ ഞങ്ങളെ നടത്തിവരുന്നകാലങ്ങളില്‍ പറജള്ള എന്ന ബുദ്ധിക്കാരന്‍ പാദ്രിയും അയാളുടെ ശിഷ്യന്‍ മാത്തുള്ള ശെമ്മാശനും ഈ ശുദ്ധമാക്കപ്പെട്ടവനെ നിരസിച്ചു മറുത്തു നില്‍ക്കകൊണ്ട് മഹറോന്‍ അവര്‍ക്കു ചൊല്ലി മാര്‍ അപ്രേമിന്‍റെ നിറത്തില്‍ മിമ്രാപോലെ എഴുതി അവര്‍ക്ക് അയച്ചു. അതിന്‍റെ ശേഷം ഈ ലോകത്തില്‍ വച്ചു തന്നെ അതിനടുത്ത ദുഷ്കര്‍മ്മങ്ങളും ഉടന്‍ അനുഭവിച്ചു അവര് രണ്ടുപേരും മരിക്കുകയും ചെയ്തു.....27
റോമന്‍ കത്തോലിക്കരോട് മാത്രമല്ല സത്യവിശ്വാസികളോടും ഇദ്ദേഹത്തിന് വാദപ്രതിവാദം ചെയ്യേണ്ടി വന്നുവെന്ന് പൗലീനോസ് പാദ്രി പറയുന്നുണ്ട്. ഇതിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഒരു നൂറ്റാണ്ടായി അനുവര്‍ത്തിച്ചു വരുന്നവ - തെറ്റായാലും - മാറ്റാന്‍ പലര്‍ക്കും ബുദ്ധിമുട്ടനുഭവപ്പെടുക സ്വാഭാവികമാണ്. കോനാട്ടു ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു സുറിയാനി ഗ്രന്ഥത്തില്‍ മാര്‍ ഈവാനിയോസിനോട് ചോദിച്ചതെന്ന് വിശ്വസിക്കാവുന്ന മൂന്നു ചോദ്യങ്ങളും അവയ്ക്കുള്ള ദീര്‍ഘമായ മറുപടിയുമുണ്ട്.28 ആ ചോദ്യങ്ങള്‍:
1. പത്തീറാ ഉപയോഗിക്കുന്നത് തെറ്റാണെന്നും അമ്മീറായാണ് ശരിയെന്നും പറയുന്നത് എന്തുകൊണ്ട്? 2. ആദാമിന് ദൈവം ഒരു കല്പന മാത്രം നല്‍കിയിട്ടും അത് ലംഘിച്ചു. പിന്നീട് നമുക്കെന്തിന് പത്ത് കല്പനകള്‍ നല്‍കി? 3. വിശ്വാസപ്രമാണത്തിന്‍റെ രണ്ടാം ഖണ്ഡം (ദൈവത്തിന്‍റെ ഏകപുത്രനും .... എന്നു തുടങ്ങുന്നത്) ചൊല്ലുന്നത് എന്തിന്?
ഇപ്രകാരമുള്ള സംശയങ്ങള്‍ സ്വകക്ഷിയില്‍ നിന്നും മറുകക്ഷിയില്‍ നിന്നും ഉണ്ടാകുക സ്വാഭാവികമാണ്. അതിന് പണ്ഡിതോചിത മറുപടിയും അദ്ദേഹത്തില്‍ നിന്നും ഉണ്ടായിട്ടുമുണ്ട്.
ചെങ്ങന്നൂര്‍ സുന്നഹദോസിന്‍റെ പ്രാധാന്യം
മലങ്കര നസ്രാണികളെ ആത്മാവില്‍ ജനിപ്പിച്ച പിതാവ് പ. മാര്‍ത്തോമ്മാ ശ്ളീഹായാണ്. മലങ്കരയിലെ അദ്ദേഹത്തിന്‍റെ അപ്പോസ്തോലിക ഉപദേശത്തില്‍ നൂറ്റാണ്ടുകളിലൂടെ രണ്ടു തരം പാഷാണ്ഡതകള്‍ കടന്നുകൂടി. ഒരു സഹസ്രാബ്ദത്തിലധികം നീണ്ട പേര്‍ഷ്യന്‍ ബന്ധം കലര്‍ത്തിയ നെസ്തോറിയന്‍ വേദശാസ്ത്രവും, ഉദയംപേരൂര്‍ സുന്നഹദോസിലൂടെ റോമന്‍ കത്തോലിക്കര്‍ അടിച്ചേല്‍പ്പിച്ച അവരുടെ വേദവിപരീതങ്ങളും സഭാ വിജ്ഞാനീയവുമായിരുന്നു അവ. അവയെ നീക്കം ചെയ്ത്, ശുദ്ധവും കലര്‍പ്പില്ലാത്തതുമായ സത്യവിശ്വാസം പുനഃപ്രഖ്യാപനം നടത്തിയ ചരിത്രപ്രാധാന്യമുള്ള ഒരു മഹാസംഭവമാണ് ചെങ്ങന്നൂര്‍ സുന്നഹദോസ്. അതിനു സമാനമായ ഒന്ന് അതിനു മുമ്പോ പിമ്പോ നസ്രാണികളുടെ ഇടയില്‍ ഉണ്ടായിട്ടില്ല. ഉണ്ടാകേണ്ട ആവശ്യകതയുമില്ല.
മറ്റ് രണ്ട് പ്രാധാന്യങ്ങള്‍ കൂടി ചെങ്ങന്നൂര്‍ സുന്നഹദോസിനുണ്ട്. ഒന്നാമതായി ആദിമസഭയുടെ പതിവും, മലങ്കര നസ്രാണികളുടെ കീഴ്വഴക്കവുമനുസരിച്ച് മലങ്കര പള്ളിയോഗം കൂടിയാണ് ഈ വിശ്വാസ പ്രഖ്യാപനം നടത്തിയത്. രണ്ടാമത് നസ്രാണിയുടെ ദേശീയ പാരമ്പര്യമായ എടത്തിലെ മര്യാദ നിലനിര്‍ത്തിയാണ് വേദവിപരീതങ്ങളെയും അബദ്ധോപദേശങ്ങളെയും പിഴുതെറിഞ്ഞത്.
ചെങ്ങന്നൂര്‍ സുന്നഹദോസിനു ചുക്കാന്‍ പിടിച്ച മാര്‍ ഈവാനിയോസ് ഹദിയള്ളായാകട്ടെ, സത്യവിശ്വാസം പുനര്‍പ്രഖ്യാപനം നടത്തുക മാത്രമല്ല, അവ പ്രചരിപ്പിക്കാന്‍ ആവശ്യമായ ലിഖിത പശ്ചാത്തലം ഒരുക്കുകയും ചെയ്തു. ചെങ്ങന്നൂര്‍ സുന്നഹദോസും, മാര്‍ ഈവാനിയോസ് ഹദിയള്ളായും വിജയിച്ചു എന്നതിന്‍റെ പ്രധാന - ഏക - തെളിവ് മലങ്കര നസ്രാണികള്‍ അന്നുമുതല്‍ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു എന്നതാണ്.
കുറിപ്പുകള്‍
1. ലത്തീന്‍ക്രമങ്ങള്‍ നേരിട്ട് പ്രതിഷ്ഠിക്കുന്ന നടപടി വിജയിക്കാഞ്ഞതിനാല്‍ അവ സുറിയാനിയില്‍ പരിഭാഷപ്പെടുത്തി സുറിയാനിക്രമങ്ങളെന്ന വ്യാജേന മലങ്കരയില്‍ പ്രചരിപ്പിച്ചു. അതിനാല്‍ അവ യഥാര്‍ത്ഥ സുറിയാനി പാരമ്പര്യത്തിന്‍റെ ഭാഗമാണെന്ന് മലങ്കര നസ്രാണികള്‍ വിശ്വസിക്കാന്‍ ഇടയായി.
2. 1653 ജനുവരി 3-ന് മട്ടാഞ്ചേരിയിലെ കല്‍ക്കുരിശില്‍ ആലാത്തുകെട്ടി അതില്‍ പിടിച്ചാണ് റോമാബന്ധം ഉപേക്ഷിച്ച് സത്യം ചെയ്തത്. അന്നത്തെ മൊത്തം മലങ്കര നസ്രാണികളില്‍ രണ്ടുലക്ഷത്തില്‍ നാനൂറു കുറയെ ഉള്ളവര്‍ സത്യത്തെ അനുകൂലിച്ചെന്ന് സമകാലിക ചരിത്രരേഖകള്‍.
3. 1653 ജനുവരി 3-ന് മട്ടാഞ്ചേരിയിലും, മൂന്നു നോയമ്പു കാലത്ത് (ഫെബ്രുവരി) ഇടപ്പള്ളിയിലും ജൂണ്‍ 1-ന് ആലങ്ങാട്ടും കൂടിയ മലങ്കര പള്ളിയോഗങ്ങള്‍ ദീര്‍ഘമായ ആലോചനകള്‍ക്കു ശേഷമാണ് ഈ മേല്പട്ട വാഴ്ച നടത്തിയത് (തോമസ്, എം. കുര്യന്‍, നിരണം ഗ്രന്ഥവരി, കോട്ടയം, 2000, ജു 84,109).
4. വി. കുര്‍ബാനയ്ക്ക് പുളിപ്പുളള അപ്പം ഉപയോഗിക്കണമെന്ന മാര്‍ അബ്ദല്‍ ജലീദിന്‍റെ ഉപദേശം പോലും കഠിനമായ എതിര്‍പ്പ് ക്ഷണിച്ചു വരുത്തി (മാര്‍ അപ്രേം, പൗരസ്ത്യ സഭാചരിത്ര പ്രവേശിക, തിരുവല്ല, 1976, ജ 95).
5. കാര്‍ഡിനല്‍ ടിസറന്‍റ്, ഇന്ത്യയിലെ പൗരസ്ത്യ ക്രൈസ്തവരുടെ കഥ. (ഠൃമിഹെമശേീി ീള ഋമലെേൃി ഇവൃശശെേമിശ്യേ ശി കിറശമ), കോട്ടയം, ജ 88.
6. കഴിമശേൗെ അുവൃലാ ക, ജമൃശേമൃരവ ീള അിശേീരവ, ഒശീൃ്യെേ ീള ട്യൃശമര ഘശലേൃമൗൃലേ മിറ ടരശലിരലെ, ജൗരയഹീ, 2000, ു. 168. പാശ്ചാത്യ സുറിയാനി സഭയില്‍ വിഭാര്യര്‍ക്ക് മേല്പട്ടസ്ഥാനം നല്‍കുന്ന പതിവുണ്ട്. 20-ാം നൂറ്റാണ്ടിലും അപ്രകാരം നല്‍കിയിട്ടുണ്ട്.
7. ആമയൗ ജമൗഹ, ഉ, ഠവല ടമശിേ ളൃീാ ഗീീറലറ, ഗീവേമാമിഴമഹമാ, 1985, ുു. 4041.
8. കയശറ, ജ. 38.
9. പൗലൂസ്, ഷെവ. കെ. വി., സ്തുതി ചൊവ്വാക്കപ്പെട്ട വിശുദ്ധ സഭയുടെ ചരിത്രം, പുത്തന്‍കുരിശ്, 2002, ു. 448.
10. കന്നി 14-ന് ഈവാനിയോസ് എപ്പിസ്കോപ്പായെ മെത്രാപ്പോലീത്തായായി ഉയര്‍ത്തി എന്ന ചിലരുടെ വാദം ശരിയല്ല (പൗലൂസ് റമ്പാന്‍, അപ്രേം, ശീമക്കാരായ പിതാക്കന്മാര്‍, മഞ്ഞനിക്കര, 1964, ജ 14). കാരണം, അദ്ദേഹത്തെ എപ്പിസ്കോപ്പാ എന്നുതന്നെയാണ് സമകാലിക രേഖകള്‍ വര്‍ണ്ണിക്കുന്നത്. മാത്രമല്ല, വിഭാര്യര്‍ക്ക് മെത്രാപ്പോലീത്താ സ്ഥാനം നല്‍കുക പാശ്ചാത്യ സുറിയാനി പാരമ്പര്യത്തില്‍ പതിവില്ല.
11. മേല്പട്ടം നല്‍കുമ്പോള്‍ തന്നെ സ്ഥാത്തിക്കോന്‍ കൊടുക്കണമെന്ന് നിര്‍ബന്ധമില്ല. ഉദാഹരണത്തിന് 1876 വൃശ്ചികം 28-ന് മേല്പട്ടസ്ഥാനം ലഭിച്ച പ. പരുമല തിരുമേനിയ്ക്ക് സ്ഥാത്തിക്കോന്‍ നല്‍കിയത് 1877 മേടം 23-നാണ് (ഫാ. ഡോ. ജേക്കബ് കുര്യന്‍ (എഡി.), പരുമലസ്മൃതി, കോട്ടയം, 2002, ജു 145, 423.
12. പൗലൂസ് ഷെവ. കെ. വി., ഛു. ഇശേ. , ുു. 4489, ഹൂദായ കാനോന്‍ പ്രകാരം എപ്പിസ്കോപ്പാമാരെ പട്ടംകെട്ടുവാന്‍ സുന്നഹദോസിന്‍റെ സഹകരണത്തോടെ പാത്രിയര്‍ക്കീസ്, കാതോലിക്കോസ്, മെത്രാപ്പോലീത്താ എന്നിവര്‍ക്കേ അധികാരമുള്ളു. വി. മൂറോന്‍ കൂദാശ ചെയ്യുവാനും ഇവര്‍ക്കു മാത്രമാണ് അധികാരം (എബ്രഹാം കത്തനാര്‍, കോനാട്ട്, ഹൂദായ കാനോന്‍ (പരിഭാഷ), പാമ്പാക്കുട, 1952, ുു. 30, 935).
13. പാറേട്ട്, ദ. ങ., മലങ്കര നസ്രാണികള്‍, ഢ0ഘ കകക, കോട്ടയം, 1967, ുു. 89.
14. പൗരസ്ത്യ സഭകളും, കല്‍ദായ (നെസ്തോറിയന്‍) സഭയും പട്ടം പരസ്പരം അംഗീകരിക്കുന്നുണ്ട്.
15. നിരണം ഗ്രന്ഥവരി, ഛു.രശേ, കോട്ടയം, 2000, ജ 188.
16. മൂന്ന് പൊതു സുന്നഹദോസുകളില്‍ അധിഷ്ഠിതമായ കല്‍ക്കിദോന്‍ ഇതര വേദശാസ്ത്രമാണ് അലക്സാന്‍ഡ്രിയന്‍ വേദശാസ്ത്രം. മലങ്കര, അന്ത്യോഖ്യന്‍, കോപ്ടിക്, അര്‍മീനിയന്‍, എത്യോപ്യന്‍, എറിട്രിയന്‍ സഭകളടങ്ങുന്ന ഓറിയന്‍റല്‍ സഭാകുടുംബം പിന്‍തുടരുന്നത് ഈ വേദശാസ്ത്രമാണ്.
17. മുന്‍ കുറിപ്പ് (4) കാണുക. മാര്‍ ഈവാനിയോസ്, മാര്‍ത്തോമ്മാ മെത്രാനും ജനങ്ങളുമായി കലഹിച്ചിരുന്നുവെന്ന് ചില സമകാലിക റോമന്‍ കത്തോലിക്കാ രേഖകള്‍. ഇത് അദ്ദേഹത്തിന്‍റെ പില്‍ക്കാലത്താവില്ല. ആദ്യകാലത്ത് ആചാരാനുഷ്ടാനങ്ങള്‍ മാറ്റാന്‍ ശ്രമിച്ചപ്പോഴാവാം അങ്ങനെ അഭിപ്രായവ്യത്യാസമുണ്ടായത് (ഉണ്ടായിട്ടുണ്ടെങ്കില്‍).
18. ചെങ്ങന്നൂരില്‍ തെക്കന്‍ ഇടവകകളുടെ മാത്രം പള്ളിയോഗമാണ് കൂടിയതെന്ന് ചിലര്‍ പറയുന്നു (കുര്യന്‍ കോര്‍എപ്പിസ്ക്കോപ്പാ, കണിയാംപറമ്പില്‍, സുറിയാനിസഭ, തിരുവല്ല, 1982, ജ 155). മലങ്കരയില്‍ പുരാതനകാലം മുതല്‍ മലങ്കര പള്ളിയോഗത്തിന്‍റെ സമ്മതം കൂടാതെ ആത്മികവും ലൗകികവുമായ ഒരു തീരുമാനവും പ്രാബല്യത്തില്‍ വരികയില്ലായിരുന്നു. അതിനാലാണ് സര്‍വശക്തനായ ആര്‍ച്ച് ബിഷപ്പ് മെനസിസിന് റോമന്‍ കത്തോലിക്കാ സഭയുടെ കാനോനാകള്‍ക്ക് വിരുദ്ധമായി 1599-ല്‍ ഉദയംപേരൂര്‍ മലങ്കര പള്ളിയോഗം (സുന്നഹദോസ്) വിളിച്ചു കൂട്ടേണ്ടി വന്നത്.
19. ഈ കല്പനയാകാം പാത്രിയര്‍ക്കീസിന്‍റെ അരമനയില്‍ ഇദ്ദേഹത്തിന്‍റെ സൂക്ഷിച്ചിട്ടുള്ള കാനോനാകളായി പരാമര്‍ശിക്കുന്നത് (കഴിമശേൗെ അുവൃലാ, ഛു. ഇശേ., ജ 168). ഈ സുറിയാനി കല്പനയുടെ പകര്‍പ്പ് പാമ്പാക്കുട കോനാട്ട് ലൈബ്രറിയിലുണ്ട് (ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പരിഭാഷപ്പെടുത്തിയ കല്പനയുടെ പൂര്‍ണരൂപം അന്യത്ര).
20. ഇദ്ദേഹത്തെ ഇന്ത്യയുടെ എപ്പിസ്ക്കോപ്പാ എന്നാണ് സ്ഥാത്തിക്കോനില്‍ വിവരിക്കുന്നത് (പൗലൂസ് ഷെവ., കെ. വി., ഛു.രശേ., ുു. 448 9).
21. മലയാള ഭാഷയിലെ ആദ്യ ചരിത്രഗ്രന്ഥവും ആദ്യ സഭാചരിത്രവുമാണ് നിരണം ഗ്രന്ഥവരി. 1773-ന് മുമ്പ് എഴുതിത്തുടങ്ങിയ ഈ കൃതിയുടെ ലഭ്യമായ ഏറ്റവും പുരാതന താളിയോല പകര്‍പ്പിന് 179 ഓലകളുണ്ട്. ഈ ലേഖകന്‍ എഡിറ്റ് ചെയ്ത് പഠനത്തോടും കുറിപ്പുകളോടും കൂടെ സോഫിയാ ബുക്സ്, കോട്ടയം, നിരണം ഗ്രന്ഥവരി 2000 ഓഗസ്റ്റില്‍ ആദ്യമായി പ്രസിദ്ധീകരിച്ചു.
22. നിരണം ഗ്രന്ഥവരി, ഛു.രശേ, ു. 85.
23. ഫിലിപ്പ്, ഇ. എം., മാര്‍ത്തോമ്മാശ്ലീഹായുടെ ഇന്ത്യന്‍ സഭ (3-ാം പതിപ്പ്), ചിങ്ങവനം, 1977, ുു. 1556.
24. പൗളീനാസ് ആ സാന്‍ക്തൊ ബര്‍ത്തിലോമിയോ, ഫാദര്‍, പൗരസ്ത്യ ഭാരതത്തിലെ ക്രിസ്തുമതം (ഠൃമിഹെമശേീി ീള കിറശമ ഛൃശലിമേശെ ഇവൃശശെേമിമ), കളമശ്ശേരി, 1988, ുു.114.
25. പൗളീനാസ്, ഛു.രശേ, ു. 113.
26. ബര്‍നാഡ് തോമാ, ക. നി. മൂ. സ., ഫാ, മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ (2-ാം പതിപ്പ്), കോട്ടയം, 1992, ു. 617). സ്വകക്ഷിയില്‍പ്പെട്ടവരോട് തര്‍ക്കിച്ചു എന്ന പ്രസ്താവന മുഖവിലയ്ക്കെടുക്കാനാവില്ല. അറബിയില്‍ എഴുതി തര്‍ക്കിക്കാനുള്ള സാദ്ധ്യത ഫാ. ബര്‍ത്തലോമ്മാ ഹന്നയുമായാണ്.
27. മാര്‍ ശെമവോന്‍ ദീവന്നാസ്യോസിന്‍റെ നാളാഗമം, കൈയെഴുത്ത്, ുു. 132133. പറജള്ള, ഫാ. ബര്‍ത്തലോമാ ഹന്ന തന്നെയാണ്.
28. കോനാട്ട് ഗ്രന്ഥശേഖരത്തിലെ 154-ാം നമ്പര്‍ കൈയെഴുത്തു പുസ്തകം.
(ഡോ. എം. കുര്യന്‍ തോമസ്, തിരു ചെങ്ങന്നൂര്‍ മാതാപള്ളിയും മാര്‍ ഈവാനിയോസ് ബാവായും, സോഫിയാ ബുക്സ്, കോട്ടയം, 2011, പേജ് 68-75)
Comments
Post a Comment