മെത്രാന്‍ സ്ഥാനാഭിഷേകം വട്ടശേരില്‍ തിരുമേനിയുടെ മൊഴി | ഇസ്സഡ്. എം. പാറേട്ട്

വട്ടിപ്പണക്കേസില്‍ സ്ഥാനാഭിഷേകത്തെ സംബന്ധിച്ച് മാര്‍ ദീവന്നാസ്യോസ് വട്ടിപ്പണക്കേസില്‍ 1093 മിഥുനം 20-ാം തീയതി ഈ വിധം മൊഴികൊടുത്തു. 1083-ലാണ് മലങ്കര പള്ളി പ്രതിപുരുഷന്മാരുടെ പൊതുയോഗം കൂടിയത്. കുംഭമാസത്തിലാണ്. മേല്‍ പറഞ്ഞ പൊതുയോഗം കൂടുന്നതിന് നോട്ടീസയച്ചത് മാര്‍ ജോസഫ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായാണ്. ഞാനും ആ യോഗത്തില്‍ ഹാജരുണ്ടായിരുന്നു. നാലും അഞ്ചും പ്രതികളും (മാര്‍ കൂറിലോസും കോനാട്ടു മല്‍പ്പാനും) ഹാജരുണ്ടായിരുന്നു. .അന്നത്തെ മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റന്‍റും പിന്‍ഗാമിയുമായി ആ യോഗം എന്നെ തിരഞ്ഞെടുത്തു. ...ഞാന്‍ മെത്രാന്‍ സ്ഥാനം ഏറ്റത് ഊര്‍ശ്ലേമില്‍ വച്ചാണ്. 

ചോ - ആരെല്ലാം കൂടിയാണ് അവിടുത്തെ പട്ടകൊട ശുശ്രൂഷ നടത്തിയത്. ഉ- അബ്ദള്ളാ പാത്രിയര്‍ക്കീസും ഊര്‍ശ്ലേമിന്‍റെ സുറിയാനി പാത്രിയര്‍ക്കീസും, അര്‍മ്മനായക്കാരുടെ ഊര്‍ശ്ലേം പാത്രീയര്‍ക്കീസും, ഈഗുപ്തായക്കാരുടെ ഊര്‍ശ്ലേം പാത്രീയര്‍ക്കിസും ഒസ്താസ്ത്യോസ് മെത്രാനും കൂടിയ മേല്പട്ടക്കാരുടെ സംഘമാണ്.

തൃശൂര്‍ ജില്ലാ കോര്‍ട്ടില്‍ 1088-ല്‍ ആദ്യനമ്പര്‍ 66-ല്‍ (കുന്നംകുളം കേസ്) കൊടുത്ത മൊഴിയില്‍ സ്ഥാനാഭിഷേകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കാണാം. 1091 ഇടവം 13-ാം തീയതി കാലത്ത് 11 മണിക്ക് ആരംഭിച്ച വിസ്താരത്തില്‍ സാക്ഷി പറഞ്ഞു:

'ഞാന്‍ മെത്രാന്‍സ്ഥാനം ഏറ്റത് ഊര്‍ശ്ലേമില്‍ വച്ചാണ്. മെത്രാന്‍ സ്ഥാനം ഏല്‍ക്കുന്നതിലേക്ക് എന്‍റെ കൂടെ മാര്‍ കൂറിലോസും ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടാള്‍ക്കും ഒരേ സമയത്തുതന്നെ ആണ് മെത്രാന്‍ സ്ഥാനം തന്നത്. ഞങ്ങള്‍ ഇരുവര്‍ക്കും ഒരേ സ്ഥലത്തുവച്ചുതന്നെയാണ് പട്ടം തന്നത്. മെത്രാന്‍ സ്ഥാനം ഏറ്റ് തിരിച്ചുപോരുമ്പോള്‍ എനിക്കു സ്ഥാത്തിക്കോന്‍ തന്നിട്ടുണ്ട്. സ്ഥാത്തിക്കോന്‍ തന്നത് അബ്ദള്ളാ പാത്രിയര്‍ക്കീസാണ്. 

ചോ - തീബേലിന്‍റെ മെത്രാനായിട്ടാണൊ സ്ഥാത്തിക്കോന്‍ തന്നത്. 

ഉ - തീബേലിന്‍റെയും കാലം ചെയ്ത യൌസേഫ് ദീവന്നാസ്യോസിന്‍റെ അസിസ്റ്റന്‍റും സഹായിയുമായിയും എന്നുള്ള നിലയിലുമാണ് എനിക്കു സ്ഥാത്തിക്കോന്‍ തന്നത്. ...പാത്രീയര്‍ക്കീസിനാകട്ടെ കാതോലിക്കായിക്കാകട്ടെ, മെത്രാപ്പോലീത്തായിക്കാകട്ടെ, ഒരു എപ്പിസ്ക്കോപ്പായിക്കാകട്ടെ തനിച്ചു സ്ഥാനം കൊടുക്കാന്‍ ആര്‍ക്കും അധികാരമില്ല. ഒരാള്‍ തനിച്ച് എപ്പിസ്ക്കോപ്പാ സ്ഥാനം കൊടുക്കുക എന്നത് ഒഴികഴിവില്ലാത്ത അത്യാവശ്യം നേരിടുമ്പോള്‍ മാത്രം ചെയ്യേണ്ടതാണ്. 

...അവിടുന്ന് അര്‍മ്മനായ പാത്രിയര്‍ക്കീസ് എന്ന് പറഞ്ഞതാരാണ്. 

ഉ - ഊര്‍ശ്ലേമിന്‍റെ അര്‍മ്മനായ പാത്രിയര്‍ക്കീസ് എന്ന് ഞാന്‍ പറഞ്ഞിട്ടുളളത് മുന്‍ അന്ത്യോഖ്യാ സിംഹാസനത്തോടു സംബന്ധമുണ്ടായിരുന്ന കൈസറിയാ പിലിപ്പോസിന്‍റെ മെത്രാപ്പോലീത്തായുടെ കീഴില്‍ ഉണ്ടായിരുന്ന സഭ ചില കാരണങ്ങളാല്‍ അന്ത്യോഖ്യാ സിംഹാസനവുമായുള്ള ബന്ധത്തില്‍ നിന്ന് പിരിഞ്ഞ് തങ്ങള്‍ക്കു തന്നെ പാത്രിയര്‍ക്കീസന്മാരെ പട്ടം കെട്ടുകയും അവരാല്‍ തന്നെ ഭരിക്കപ്പെട്ടു വരികയും ചെയ്യുന്നതും, ഇപ്പോള്‍ സഹോദര പാത്രീയര്‍ക്കീസെന്നപോലെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസന്മാരാല്‍ അംഗീകരിക്കപ്പെടുന്നവരും, ഞങ്ങളുടെ സുറിയാനി സഭയുമായി വിശുദ്ധ സംസര്‍ഗ്ഗം ഉള്ളവരുമായ അര്‍മ്മനയക്കാരുടെ ഒരു എപ്പിസ്ക്കോപ്പായുടെ അധികാരത്തോടും, ഊര്‍ശ്ലേം പട്ടണത്തിന്‍റെ ബഹുമാനം നിമിത്തം ഊര്‍ശ്ലേം പാത്രിയര്‍ക്കീസ് എന്ന പേരോടുകൂടെ ഊര്‍ശ്ലേമില്‍ താമസിക്കുന്ന ആളിനെക്കുറിച്ചാണ് . 

ചോ - അവിടത്തേയ്ക്ക് പട്ടം തന്നപ്പോള്‍ ഉണ്ടായിരുന്നു എന്ന് അവിടന്നു പറയുന്ന അര്‍മ്മനായ പാത്രിയര്‍ക്കീസിന്‍റെ മേലായിട്ട് വല്ല പാത്രിക്കീസും ഉണ്ടൊ? 

ഉ - അര്‍മ്മനായക്കാര്‍ക്ക് ഇപ്പോള്‍ നാലു പാത്രിയര്‍ക്കീസന്മാര്‍ ഉള്ളതായി അറിവുണ്ട്. അവരില്‍ ഒരുവന്‍റെ കീഴിലാണൊ, അതൊ വേറെ വല്ല മെത്രാപ്പൊലീത്താമാരുടെയും കീഴിലാണൊ അദ്ദേഹം എന്ന് എനിക്കറിവില്ല. 

ചോ- അര്‍മ്മനായ പാത്രിയര്‍ക്കീസും ഈഗുപ്തായ പാത്രിയര്‍ക്കീസും യാക്കോബായ സുറിയാനി സഭയില്‍ ഉള്‍പ്പെട്ടവരാണൊ? 

ഉ - അവര്‍ക്കു യാക്കോബായ സുറിയാനി സഭയുമായി വിശുദ്ധ സംസര്‍ഗ്ഗം ഉണ്ടെന്നല്ലാതെ അവര്‍ യാക്കോബായ സുറിയാനി സഭയില്‍ ഉള്‍പ്പെട്ടവരല്ല. 

ചോ- ഊര്‍ശ്ലേമ്മിലെ ഈഗുപ്തായ പാത്രിക്കീസും സുറിയാനി പാത്രിക്കീസും കൂടി ആണൊ അവിടത്തേക്ക് പട്ടം തന്നത്. 

ഉ- എനിക്കു പട്ടം തന്നത് ഇവരും കൂടെ കൂടിയിട്ടാണ്. ഇവരും കൂടെ കൂടിയിട്ടാണ് എന്ന് പറഞ്ഞത് എനിക്കു പട്ടം തന്ന സിന്നഡില്‍ ഉള്‍പെട്ടവരെന്നാണ്. 

ചോ- അവിടന്നു പറയുന്ന സിന്നഡ് ആരു നിശ്ചയിച്ചതാണ്. 

ഉ- നിഖ്യാ മുതലായ പൊതുവിന്നടുത്ത പൂര്‍വ്വിക സുന്നഹദോസുകളുടെ നിശ്ചയം അനുസരിച്ചു കൂടുന്നതാണ്. 

ചോ- ഇവരെ കൂട്ടിയത് ആരാണ്? 

ഉ- എനിക്കു സ്ഥാനം തന്ന സിന്നഡിന്‍റെ അംഗങ്ങളായി ഇവരെ ക്ഷണിച്ചു വരുത്തിയത് ആരെന്നാണ് ചോദ്യമെങ്കില്‍ അബ്ദള്ളാ പാത്രിയര്‍ക്കീസായിരുന്നു ഇവരെ ക്ഷണിച്ചു വരുത്തിയത്. 

ചോ- പല ആളുകളുടെ പേരു പറഞ്ഞതില്‍, അവിടേക്കു മെത്രാന്‍ സ്ഥാനത്തിനടുത്ത നല്‍വരം ആരാണ് തന്നത്. 

ഉ- എനിക്കു സ്ഥാനം തന്ന ദിവസം പട്ടക്കാര്‍, റമ്പാന്മാര്‍, അയ്മേനികള്‍ മുതലായി അനേകംപേര്‍ അവിടെ കൂടിയിരുന്നു. എങ്കിലും ദൈവത്തില്‍ നിന്നുള്ള നല്‍വരമാണ് എനിക്കു ലഭിച്ചത്. മേല്‍പറഞ്ഞ സിന്നഡിലെ അംഗങ്ങളായ മുന്‍പറഞ്ഞ മേല്പട്ടക്കാരുടെ കൈവയ്പു മൂലമായിരുന്നതിനാലാണ്, ടി സിന്നഡ് എനിക്കു സ്ഥാനം തന്നു എന്ന് ഞാന്‍ പറഞ്ഞത്. അതിനാല്‍ സിന്നഡാണ് എനിക്കു സ്ഥാനം തന്നത്. 

ചോ- അവിടത്തേക്ക് സ്ഥാനത്തിനടുത്ത നല്‍വരം തന്നത് ആരാണ്. 

ഉ - എനിക്കു സ്ഥാനത്തിനടുത്ത നല്‍വരം തന്നതിനെക്കുറിച്ചാണ് മുമ്പു ബോധിപ്പിച്ചത്. എനിക്കു സ്ഥാനം തന്നപ്പോള്‍ കുര്‍ബ്ബാന ചെല്ലിയത് അബ്ദള്ളാ പാത്രിയര്‍ക്കീസാണ്. 

ചോ- സ്ഥാനം കൊടുക്കുന്ന സമയം, സ്ഥാനശുശ്രൂഷയുടെ ഒരു ഗഡുവില്‍ ,സ്ഥാനദാതാവിന്‍റെ ആചാര്യചിഹ്നമായ കാപ്പയുടെ അകത്ത് സ്ഥാനം ഏല്‍ക്കുന്ന ആളിനെ നിറുത്തി റൂഹാ ഇറക്കുക പതിവുണ്ടൊ? 

ഉ- ഒരു മേല്പട്ടക്കാരന്‍ ഒരു കത്തനാര്‍ക്കു കത്തനാരു സ്ഥാനം കൊടുക്കുമ്പോള്‍ മേല്‍പ്പറഞ്ഞ വിധം കത്തനാരെ കാപ്പയുടെ ഉള്ളില്‍ നിറുത്തിക്കൊണ്ട്, വിശുദ്ധാത്മാവിറങ്ങി മേല്പടി കത്തനാര്‍ക്കു ദൈവവരം കൊടുക്കുന്നു എന്ന് ദൃഷ്ടാന്തപ്പെടുത്തി കാണിപ്പാന്‍ വേണ്ടി മേല്പട്ടക്കാരന്‍ തന്‍റെ കൈകളെ പട്ടക്കാരന്‍റെ തലയിന്മേല്‍ ആഘോഷിക്കുക പതിവുണ്ട്. കശ്ശീശ്ശാ പട്ടവും ശെമ്മാശു പട്ടവും കൊടുക്കുമ്പോള്‍ ഇങ്ങനെ ചെയ്ക പതിവുണ്ട്. 

ചോ. - മെത്രാന്‍ സ്ഥാനം കൊടുക്കുമ്പോള്‍ ഇങ്ങനെ ചെയ്ക പതിവുണ്ടൊ? 

ഉ- മെത്രാന്‍ സ്ഥാനത്തിന് ഇതു പതിവുണ്ടൊ എന്ന് എനിക്കു നല്ല ഓര്‍മ്മ ഇല്ല. എങ്കിലും ഉണ്ടെന്നാണ് തോന്നുന്നത്. 

ചോ- അവിടേക്കു മെത്രാപ്പട്ടം തന്നപ്പോള്‍ ഇത് ചെയ്തൊ എന്ന് ഓര്‍മ്മ ഇല്ലെന്നാണൊ പറഞ്ഞത്? 

ഉ- ഇതിനെക്കൂടി ഉള്‍പ്പെടുത്തിയാണ് ഞാന്‍ മുമ്പു പറഞ്ഞത്. 

ചോ- അവിടന്ന് ഒന്നു ശ്രമിച്ചാല്‍ അവിടെ നടന്ന കാര്യം ഓര്‍മ്മിക്കാമൊ? 

ഉ- ശ്രമിച്ചുനോക്കണമെങ്കില്‍ ശ്രമിച്ചുനോക്കാം. എനിക്ക് ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും ഇങ്ങനെ പതിവുണ്ടെന്നും ആണ് തോന്നുന്നത്. 

ചോ- ആരുടെ കാപ്പയ്ക്കകത്താണ് അവിടത്തെ കയറ്റി നിറുത്തി എന്ന് ഓര്‍മ്മയുള്ളത്? 

ഉ- കയറ്റി നിറുത്തി എങ്കില്‍ അബ്ദള്ളാ പാത്രിക്കീസിന്‍റെ കാപ്പയ്ക്കകത്തു മാത്രമെ ആവാന്‍ പാടുള്ളു. അങ്ങനെ ആയിരിക്കണം. 

ചോ- ശുശ്രൂഷസമയത്ത് അവിടത്തെ തലയില്‍ ആരെങ്കിലും കൈവച്ചിട്ടുണ്ടൊ? ഉണ്ടെങ്കില്‍ ആരാണ്? 

ഉ- എല്ലാവരും കൂടെ കൈവയ്ക്കുന്നു എന്നുള്ള സ്ഥിതിയില്‍ ഏവന്‍ഗേലിയോന്മേല്‍ പിടിക്കുകയും അംശവടിയിന്മേല്‍ എല്ലാവരും പിടിക്കുകയും ചെയ്തിട്ടുണ്ട്. എന്‍റെ തലയിന്മേല്‍ ഒരോരുത്തര്‍ മാറി മാറി കൈവച്ചിട്ടില്ല. അങ്ങനെ മാറി മാറി കൈ വയ്ക്ക പതിവില്ല. ഒരാള്‍ നേരെ കൈവയ്ക്കുകയും മറ്റുള്ളവര്‍ അതിനോടുകൂടെ സംബന്ധിക്കുകയുമാണ് പതിവ്. അങ്ങനെ ചെയ്തിരിക്കും. 

ചോ- ഒരാള്‍ നേരെ കൈവയ്ക്കും എന്ന് പറഞ്ഞത് ആരാണ്? 

ഉ- എന്‍റെ സംഗതിയില്‍ അങ്ങനെ ചെയ്തത് അബ്ദള്ളാ പാത്രിയര്‍ക്കീസ് ആയിരിക്കണം. 

ചോ-അബ്ദള്ളാ പാത്രിയര്‍ക്കീസ് ആയിരിക്കണം എന്നെയുള്ളൊ അതൊ ഓര്‍മ്മയുണ്ടൊ? 

ഉ- കുറുബാന ചൊല്ലുന്ന ആളാണ് അങ്ങനെ ചെയ്ക പതിവ്. അബ്ദള്ളാ പാത്രിയര്‍ക്കീസാണ് കുറുബാന ചൊല്ലിയത്. അതിനാല്‍ അദ്ദേഹമായിരിക്കണം. മേല്പട്ടസ്ഥാനമേല്‍ക്കുന്ന ആളിന്‍റെ തലയും മുഖവും മിക്ക സമയങ്ങളിലും മൂടപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കു സ്ഥാനം തന്ന സമയത്ത് നടന്ന സംഗതികളെക്കുറിച്ച് ഒക്കെയും കണ്ടറിവായി പറവാന്‍ പാടില്ലാ...' 

എവിഡന്‍സ് ആക്റ്റ് (തെളിവുനിയമം) അനുസരിച്ച് സാക്ഷിക്ക് നേരിട്ടു അറിയാകുന്ന വിവരങ്ങള്‍ ആണ് പറയേണ്ടത്. കേട്ടറിവും ഊഹാപോഹവും സ്വീകാര്യമല്ല. ആ നിയമസിദ്ധാന്തത്തി്ല്‍ ഉറച്ചു നിന്നുകൊണ്ടാണ് മാര്‍ ദീവന്നാസ്യോസ് മൊഴികൊടുത്തത് എന്ന് ഓര്‍ക്കേണ്ടതുണ്ട്.

സ്ഥാനാഭിഷേകസമയത്ത് തലയില്‍ കൈവച്ചത് ആരാണെന്ന് കുന്നംകുളം കേസില്‍ 1091-ല്‍ ഇടവം 13 -ാം തീയതി കൊടുത്ത മൊഴിയെ അടിസ്ഥാനപ്പെടുത്തി, മാര്‍ ദീവന്നാസ്യോസിനെ 1094 ചിങ്ങം 13-ാം തീയതി വട്ടിപ്പണക്കേസില്‍ വിസ്തരിച്ചപ്പോള്‍ ചില ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി.

ചോ- അവിടന്ന് മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടപ്പോള്‍ അവിടത്തെ തലയില്‍ കൈവച്ചത് അബ്ദള്ളാ പാത്രിക്കീസല്ലെ?

നേരെ കൈവച്ചത് അബ്ദള്ളാ പാത്രിയര്‍ക്കിസാണെന്നാണ് എന്‍റെ പൂര്‍ണ്ണ വിശ്വാസം എന്നുത്തരം...

ചോ - അവിടന്നു സ്ഥാനമേറ്റ സമയം അവിടത്തെ തലയില്‍ കൈവച്ചത് അബ്ദള്ളാ പാത്രിയര്‍ക്കീസ് ആണെന്ന് പൂര്‍ണ്ണ വിശ്വാസം മാത്രമേയുള്ളു, നിശ്ചയം ഇല്ല എന്നാണോ പറയുന്നത്?

നിശ്ചയമില്ല എന്നല്ല, കാണാന്‍ സാധിച്ചില്ല എന്നാണ് എന്നുത്തരം..."

(മലങ്കര നസ്രാണികള്‍, ഇസ്സഡ്. എം. പാറേട്ട്, കോട്ടയം, എം.ഒ.സി. പബ്ലിക്കേഷന്‍സ്, 2024, പേജ് 44-47)

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

നിരണം പള്ളി കൂദാശ (1912)

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്