വിവാഹ സഹായ നിധിയുടെ ചരിത്രം
ആത്മിക ഉയര്‍ച്ചയും സാമൂഹ്യ വളര്‍ച്ചയും ഒരുമിച്ചു കൊണ്ടുപോകണമെന്നുള്ള ലക്ഷ്യത്തോടു കൂടിയാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് രണ്ടാമന്‍ ബാവാ പ്രവര്‍ത്തിക്കുന്നത്. അതനുസരിച്ച് സഭാതലത്തില്‍ എന്തു നടപടിയാണ് സ്വീകരിക്കേണ്ടത് എന്നുള്ളതിനെപ്പറ്റി ബാവാ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ 1992 മാര്‍ച്ച് 31-ന് സമ്മേളിച്ച പ്ലാനിംഗ് കമ്മിറ്റി, ഫിനാന്‍സ് കമ്മിറ്റി, വികസന കമ്മിറ്റി എന്നിവയുടെ സംയുക്തയോഗം ആലോചിക്കുകയും വിവാഹ സഹായപദ്ധതി (സമൂഹവിവാഹം) ആസൂത്രണം ചെയ്യുകയുമാണുണ്ടായത്. സഭയിലും സമൂഹത്തിലും സാമ്പത്തിക പരാധീനത മൂലം വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിവാഹിതരാകുന്ന ഓരോ ദമ്പതികള്‍ക്കും വിവാഹച്ചെലവിന് മൂവായിരം രൂപയും കൂടാതെ പന്തീരായിരം രൂപയും (പാസ് ബുക്ക്) നല്‍കുകയാണ് ചെയ്യുന്നത്. ഈ പദ്ധതി ഘട്ടംഘട്ടമായിട്ടാണ് നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ആദ്യഘട്ടമായി 33 വിവാഹങ്ങള്‍ നടത്തിയത് 1993 ജനുവരി 4-ാം തീയതിയാണ്. പരുമല തിരുമേനിക്ക് ശേഷം മിഷന്‍രംഗത്ത് ത്യാഗബുദ്ധിയോടെ പ്രവര്‍ത്തിച്ച പത്രോസ് മാര്‍ ഒസ്താത്യോസ് തിരുമേനിയുടെ ചരമ രജത ജൂബിലി വര്‍ഷം തന്നെ ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് സമുചിതമായി. അതിനുശേഷം രണ്ടും മൂന്നും ഘട്ടങ്ങളായി യഥാക്രമം 45, 44 എന്നീ ക്രമത്തില്‍ വിവാഹങ്ങള്‍ അതതു സ്ഥലങ്ങളില്‍ വച്ചു നടത്തുകയും ഒരു വിവാഹത്തിന് പതിനയ്യായിരം രൂപ എന്ന ക്രമത്തില്‍ സഹായധനം വിതരണം ചെയ്യുകയുമുണ്ടായി. നാലാംഘട്ടമായി 1994 ജൂണ്‍, ജൂലൈ മാസങ്ങളില്‍ 50 വിവാഹം നടത്തുന്നതിനുള്ള പ്രാരംഭനടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സമൂഹവിവാഹം പ്രമാണിച്ച് ബാവാ തിരുമേനി വളരെ ഏറെ കല്പനകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും വൈദികരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള 14-8-1992-ലെ 171/92-ാം നമ്പര്‍ കല്പനയിലെ രണ്ടാം ഖണ്ഡിക താഴെ ഉദ്ധരിക്കുകയാണ്:
'നമ്മുടെ കര്‍മ്മാനുഷ്ഠാനങ്ങള്‍ കൊണ്ടുമാത്രം നമുക്ക് തൃപ്തിപ്പെട്ടിരിക്കാവുന്നതല്ല. ഓരോ തരത്തില്‍ ക്ലേശം അനുഭവിക്കുന്നവരെ സഹായിക്കുന്നതും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതും നമ്മുടെ കടമയില്‍ പ്പെട്ടതാണ്. നമ്മുടെ സഭ ആവിഷ്കരിച്ചിട്ടുള്ള ഈ നൂതന സംരംഭത്തില്‍ പ്രിയന്‍ ആത്മാര്‍ത്ഥമായി സഹകരിച്ച് ഇടവകജനങ്ങളുടെ ശ്രദ്ധയും ഉത്സാഹവും ഇതിലേക്ക് തിരിക്കണം. പള്ളിയില്‍ പ്രസംഗിക്കുകയും വ്യക്തികളെ കണ്ടു പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ നല്ല പ്രതികരണമുണ്ടാകുമെന്ന് നമുക്കുറപ്പുണ്ട്.'
(മുന്‍ അസോസിയേഷന്‍ സെക്രട്ടറി എ. കെ. തോമസ് എഴുതിയ സഭയും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും എന്ന ലേഖനത്തില്‍ നിന്നും)
സമൂഹ വിവാഹ പദ്ധതി
മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍, വിവാഹം കഴിച്ചയയ്ക്കുവാന്‍ സാമ്പത്തികശേഷി ഇല്ലാതെ, വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന യുവതികളെ സഹായിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് രൂപം കൊടുത്തിട്ടുള്ള ഒരു പദ്ധതിയാണല്ലോ സമൂഹ വിവാഹപദ്ധതി. ഇതിന്‍റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ 5,40,000 രൂപ ചെലവുചെയ്ത് 36 വിവാഹങ്ങള്‍ നടത്തിക്കൊടുത്തിട്ടുള്ളതു അനുകരണീയമായ പ്രവര്‍ത്തനമാണ്. കൂടാതെ പ. ബാവാതിരുമേനിയുടെ ജന്മദിനം പ്രമാണിച്ച് 80 വിവാഹങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഈ വര്‍ഷവും 12 ലക്ഷം രൂപ ഈ ഇനത്തില്‍ വകകൊള്ളിച്ചിട്ടുണ്ട്. ഈ മഹല്‍പ്രസ്ഥാനത്തിനും നമ്മുടെ സഭയിലെ സാമ്പത്തികശേഷിയുള്ള ആളുകള്‍ കൈ തുറന്ന് സഹായിക്കണമെന്ന് അപേക്ഷിക്കുകയാണ്.
(എ. കെ. തോമസ് സാറിന്‍റെ 1995-96-ലെ ബഡ്ജറ്റ് പ്രസംഗം)
സമൂഹ വിവാഹ പദ്ധതി
സാമ്പത്തികമായിട്ടുള്ള കാരണത്താല്‍ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിന് ബുദ്ധിമുട്ടനുഭവിക്കുന്ന മാതാപിതാക്കളെ 15,000 രൂപാ വീതം നല്‍കി സഹായിക്കുക എന്നുള്ളതാണ് ഈ പദ്ധതി. 12.5 ലക്ഷം രൂപ ഈ ബഡ്ജറ്റ് വര്‍ഷത്തില്‍ വിതരണം ചെയ്യുവാന്‍ വക കൊള്ളിച്ചിട്ടുണ്ട്. പരുമല സെമിനാരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ഗ്രാന്‍റ് ഉള്‍പ്പെടെ 26.88 ലക്ഷം രൂപാ വരവും, ചെലവും ബഡ്ജറ്റ് ചെയ്തിരിക്കുന്ന ഈ പദ്ധതിക്കും വിശ്വാസികളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.
31-3-2001 വരെ 500 വിവാഹങ്ങള്‍ക്ക് കേന്ദ്രസഹായം നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്.
(എ. കെ. തോമസ് സാറിന്‍റെ 2001-2002 ലെ ബഡ്ജറ്റ് പ്രസംഗം)
Comments
Post a Comment