1977 ഫെബ്രുവരി സുന്നഹദോസ് നിശ്ചയങ്ങള്‍
1. കാതോലിക്കാദിനം (സഭാദിനം)
എല്ലാക്കൊല്ലവും കാതോലിക്കാദിനമായി ആചരിച്ചുവരുന്ന വലിയ നോമ്പിലെ 36-ാം ഞായറാഴ്ച മേലില്‍ സഭാദിനമായി ആചരിക്കണമെന്നും എന്നാല്‍ കാതോലിക്കാദിനമെന്ന പേര് മാറ്റേണ്ടതില്ലെന്നും തീരുമാനിച്ചു.
2. പള്ളിപ്പെരുന്നാള്‍
പെരുന്നാള്‍ദിവസം ഇടവകാംഗങ്ങള്‍ എല്ലാവരും വി. കുര്‍ബ്ബാനയില്‍ സംബന്ധിക്കേണ്ടതാകയാല്‍ തലേ രാത്രിയില്‍ പ്രദക്ഷിണം മുതലായ എല്ലാ പരിപാടികളും നീട്ടിക്കൊണ്ടുപോകാതെ രാത്രി 10 മണിക്ക് മുമ്പായി അവസാനിപ്പിക്കണം. പെരുന്നാള്‍രാത്രിയില്‍ കലാപരിപാടികള്‍ നടത്താന്‍ പാടില്ല. അവ ആവശ്യമെങ്കില്‍ പെരുന്നാള്‍ ദിവസത്തിനു മുമ്പോ പിമ്പോ ഉള്ള ദിവസങ്ങളില്‍ മാത്രം നടത്തേണ്ടതും ആയതിന് ഇടവക മെത്രാപ്പോലീത്തായുടെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങിയിരിക്കേണ്ടതുമാകുന്നു.
3. മാമോദീസാ
1) റോമന്‍ കത്തോലിക്കാ, കല്‍ദായ (നെസ്തോറിയന്‍) എന്നീ സഭകളില്‍പ്പെട്ടവരെ നമ്മുടെ സഭയിലേക്ക് ചേര്‍ക്കുമ്പോള്‍ അവര്‍ ഏറ്റിട്ടുള്ള കൂദാശകള്‍ ആവര്‍ത്തിക്കേണ്ട ആവശ്യമില്ല. അവരെക്കൊണ്ട് അതതു സഭകളേയും അതതിന്‍റെ വിശ്വാസ പിശകുകളേയും ഉപേക്ഷിച്ച് ഓര്‍ത്തഡോക്സ് സഭയേയും അതിന്‍റെ വിശ്വാസത്തേയും സ്വീകരിക്കുന്നു എന്ന് ഏറ്റുപറയിച്ചു സഭയില്‍ ചേര്‍ത്താല്‍ മതിയാകുന്നതാകുന്നു.
2) സി.എസ്.ഐ., സി.എന്‍.ഐ., മാര്‍ത്തോമ്മാ മുതലായ നവീകരണ എപ്പിസ്ക്കോപ്പല്‍ സഭകളില്‍പ്പെട്ടവരെയും അവരുടെ കൂദാശകള്‍ സ്വീകരിക്കുന്ന തൊഴിയൂര്‍ സ്വതന്ത്ര എപ്പിസ്കോപ്പല്‍ സഭയില്‍പ്പെട്ടവരേയും നമ്മുടെ സഭയില്‍ ചേര്‍ക്കുമ്പോള്‍ മാമ്മോദീസാ ആവര്‍ത്തിക്കേണ്ടതില്ല. അവരെക്കൊണ്ട് അതതു സഭകളേയും അവയുടെ വിശ്വാസ പിശകുകളേയും ഉപേക്ഷിച്ച് ഓര്‍ത്തഡോക്സ് സഭയേയും അതിന്‍റെ വിശ്വാസങ്ങളേയും സ്വീകരിക്കുന്നതായി ഏറ്റുപറയിച്ച് വി. മൂറോന്‍ അഭിഷേകത്തിന്‍റെ പ്രാര്‍ത്ഥന ചൊല്ലി വി. മൂറോനഭിഷേകവും വി. കുമ്പസാരവും വി. കുര്‍ബ്ബാനാനുഭവവും നടത്തി അവരെ വി. സഭയില്‍ ചേര്‍ത്താല്‍ മതിയാകും.
3) എപ്പിസ്ക്കോപ്പല്‍ അല്ലാത്ത മറ്റു ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നും നമ്മുടെ സഭയിലേക്ക് വരുന്നവരെ അതതു സഭകളേയും അതതിന്‍റെ വിശ്വാസപിശകുകളേയും ഉപേക്ഷിച്ച് നമ്മുടെ സഭയേയും അതിന്‍റെ വിശ്വാസത്തേയും സ്വീകരിക്കുന്നതായി ഏറ്റുപറയിച്ചു വി. മാമോദീസായും, വി. മൂറോനഭിഷേകവും, വി. കുര്‍ബ്ബാനാനുഭവവും നടത്തി വി. സഭയില്‍ ചേര്‍ക്കണം.
4) നമ്മുടെ സഭയില്‍ നിന്നും മാമോദീസായും വി. മൂറോന്‍ അഭിഷേകവും മറ്റും സ്വീകരിച്ചശേഷം മറ്റു ക്രൈസ്തവ വിഭാഗങ്ങളിലോ, മറ്റു മതവിഭാഗങ്ങളിലോ ചേര്‍ന്നുകഴിഞ്ഞ് തിരിച്ചുവരുന്നവര്‍ക്ക് മാമോദീസായും മൂറോന്‍ അഭിഷേകവും ആവര്‍ത്തിക്കേണ്ട ആവശ്യം ഇല്ല. അവരേക്കൊണ്ട് അതതു ക്രൈസ്തവ വിഭാഗങ്ങളുടെയോ മതങ്ങളുടെയോ വിശ്വാസാചാരങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നതായും, നമ്മുടെ സഭയുടെ വിശ്വാസാചാരങ്ങള്‍ വിണ്ടും സ്വീകരിക്കുന്നതായും ഏറ്റുപറയിച്ച് വി. കുമ്പസാരവും, വി. കുര്‍ബ്ബാനാനുഭവവും നടത്തി അവരെ വീണ്ടും സ്വീകരിച്ചാല്‍ മതിയാകും.
കുറിപ്പ്: മേല്പറഞ്ഞ ഖണ്ഡികകളില്‍ പറഞ്ഞ നടപടികള്‍ വിവാ ഹത്തോടനുബന്ധിച്ച് നടത്തേണ്ടി വരികയാണെങ്കില്‍ കഴിവുള്ളടത്തോളം നേരത്തെ അപ്രകാരമുള്ള നടപടികള്‍ ചെയ്യേണ്ടതാണ്.
5) നമ്മുടെ വൈദികര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വച്ച് മാമോദീസാ മുതലായവ നടത്തേണ്ട ആവശ്യം വന്നാല്‍, നമ്മോടു വി. കുര്‍ബാനാ സംസര്‍ഗ്ഗമുള്ള അന്ത്യോഖ്യന്‍, അര്‍മ്മീനിയന്‍, കോപ്റ്റിക്, എത്യോ പ്യന്‍ എന്നീ കിഴക്കന്‍ സഭകള്‍ സ്ഥലത്തുണ്ടെങ്കില്‍ അവയില്‍ ഏതെങ്കിലും സഭയിലെ വൈദികനില്‍ നിന്നും മാമോദീസായും വി. മൂറോന്‍ അഭിഷേകവും മറ്റും സ്വീകരിക്കാവുന്നതാണ്. അതിനു സാദ്ധ്യതയില്ലെങ്കില്‍ നാം അവരുടെ മാമോദീസായും മറ്റും അംഗീകരിക്കുന്ന മറ്റ് ഓര്‍ത്തഡോക്സ് സഭകളിലെ വൈദികരില്‍ നിന്നോ, റോമന്‍ കത്തോലിക്കാ സഭയിലെ വൈദികരില്‍ നിന്നോ മാമോദീസായും മറ്റും സ്വീകരിക്കാവുന്നതാണ്. എന്നാല്‍ വി. മൂറോന്‍ അഭിഷേകം, വി. മാമ്മോദീസായോടു കൂടി നടത്തിയിട്ടില്ലെങ്കില്‍ ഏറ്റവും അടുത്ത അവസരത്തില്‍ ആ വിശുദ്ധ കര്‍മ്മം നടത്തിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. മേല്പറഞ്ഞപ്രകാരം മാമോദീസാ നടന്നാല്‍ അതു സംബന്ധിച്ചുള്ള സര്‍ട്ടിഫിക്കേറ്റ് അവനവന്‍റെ ഇടവകവികാരിയെ ഏല്പിച്ചു മാമോദീസാ രജിസ്റ്ററില്‍ പേര് ചേര്‍പ്പിക്കേണ്ടതാകുന്നു.
മേല്പറഞ്ഞവ ഒഴിച്ചുള്ള ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നും മാമോദീസായും മൂറോന്‍ അഭിഷേകവും സ്വീകരിക്കാവുന്നതല്ല.
6) നമ്മുടെ സഭയില്‍ നിന്നും മറ്റു ക്രൈസ്തവ സഭകളിലേയ്ക്കു വിവാഹം കഴിപ്പിച്ചുകൊടുത്തിട്ടുള്ള സ്ത്രീകളുടെ കുട്ടികളെ നമ്മുടെ വിശ്വാസാചാരങ്ങളില്‍ വളത്തിക്കൊള്ളാമെന്നു മാതാവെങ്കിലും രേഖാമൂലം ഉറപ്പുനല്കുകയും തല തൊടുന്നത് നമ്മുടെ സഭാംഗമായിരിക്കുകയും ചെയ്താല്‍ മാമോദീസാ നടത്തിക്കൊടുക്കാവുന്നതും നമ്മുടെ സഭയില്‍ ചേര്‍ക്കാവുന്നതുമാകുന്നു.
4. വിവാഹം
1) നമ്മുടെ സഭയില്‍പെട്ടവരും ഇതര ക്രൈസ്തവ സഭകളില്‍ വിവാഹം ചെയ്തുകൊടുത്തിട്ടുള്ളവരുമായ സ്ത്രീകള്‍ നമ്മുടെ വിശ്വാസാചാരങ്ങളിന്‍പ്രകാരം തുടര്‍ന്ന് നടന്നുകൊള്ളാമെന്ന് ഉറപ്പുതരുകയും പ്രതിജ്ഞ ചെയ്യുകയും ചെയ്യുമെങ്കില്‍ അവരെ നമ്മുടെ സഭാംഗങ്ങളായി തുടരുന്നതിന് അനുവദിക്കാവുന്നതാണ്.
2) മറ്റു സഭകളില്‍ പോയി വിവാഹം നടത്തിക്കുവാന്‍ നമ്മുടെ സ്ത്രീപുരുഷന്മാര്‍ക്ക് അനുവാദമില്ല. എന്നാല്‍ ഇതിനു വിപരീതമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് നമ്മുടെ സഭയില്‍ തുടരുന്നതിനു താഴെ വിവരിച്ചിരിക്കുന്ന നടപടികള്‍ സ്വീകരിക്കേണ്ടതാകുന്നു.
1) റോമന്‍ കത്തോലിക്കാ, കല്‍ദായ (നെസ്തോറിയന്‍) എന്നീ സഭകളില്‍ വച്ച് വിവാഹം കഴിച്ചിട്ടുള്ളവരാണെങ്കില്‍ അവര്‍ ചെയ്ത തെറ്റിനെ ഏറ്റുപറഞ്ഞു വി. കുമ്പസാരം നടത്തി വി. കുര്‍ബ്ബാന അനുഭവിക്കുന്നതു കൂടാതെ അവര്‍ പട്ടക്കാര്‍ നിശ്ചയിക്കുന്ന പ്രായശ്ചിത്തവും ചെയ്യേണ്ടതാകുന്നു.
2) സി.എന്‍.ഐ., സി.എസ്.ഐ., മാര്‍ത്തോമ്മാ, തൊഴിയൂര്‍ സ്വതന്ത്ര സഭ എന്നീ എപ്പിസ്ക്കോപ്പല്‍ സഭകളില്‍ വച്ച് വിവാഹം കഴിച്ചിട്ടുള്ളവരാണെങ്കില്‍ അവര്‍ ചെയ്ത തെറ്റിനെ ഏറ്റുപറയുകയും കുമ്പസാരിച്ചു വിശുദ്ധ കുര്‍ബ്ബാന അനുഭവിക്കുകയും അവരുടെ ഭാര്യാപദം സ്വീകരിച്ചിട്ടുള്ള ആ സഭയിലെ പെണ്‍കുട്ടികള്‍ക്ക് മൂറോന്‍ അഭിഷേകം നടത്തുകയും അവര്‍ കുമ്പസാരിച്ച് വി. കുര്‍ബ്ബാന അനുഭവിക്കുകയും ചെയ്യു ന്നതു കൂടാതെ അവരുടെ വിവാഹം, നമ്മുടെ വിവാഹശുശ്രൂഷയുടെ രണ്ടാം ക്രമത്തില്‍ നിന്നും തക്കതായ പ്രാര്‍ത്ഥനകള്‍ ചൊല്ലി കിരീടം വാഴ്ത്തും കൈപിടിത്തവും നടത്തി പൂര്‍ത്തീകരിക്കുകയും പട്ടക്കാര്‍ നിശ്ചയിക്കുന്ന പ്രായശ്ചിത്തം നടത്തുകയും ചെയ്യേണ്ടതാണ്. മോതിരം വാഴ്ത്ത്, മിന്നുകെട്ട്, മന്ത്രകോടി ഇടീല്‍ എന്നിവ വീണ്ടും നടത്തേണ്ടതില്ല.
3) എപ്പിസ്ക്കോപ്പലല്ലാത്ത മറ്റു ക്രൈസ്തവ വിഭാഗങ്ങളില്‍ വച്ചു നടന്നിട്ടുള്ള വിവാഹങ്ങളാണെങ്കില്‍ അങ്ങനെയുള്ളവരെ സ്വീകരിക്കുമ്പോള്‍ അവര്‍ ചെയ്ത തെറ്റ് ഏറ്റുപറയുകയും പട്ടക്കാര്‍ നിശ്ചയിക്കുന്ന പ്രായശ്ചിത്തം കഴിക്കുകയും അവര്‍ വി. കുമ്പസാരവും വി. കുര്‍ബ്ബാനാനുഭവവും നടത്തുകയും അവര്‍ വിവാഹം കഴിച്ചിട്ടുള്ള പെണ്‍കുട്ടികളെ മാമോദീസാ മുക്കുകയും വി. മൂറോന്‍ അഭിഷേകം നടത്തുകയും അവര്‍ വി. കുര്‍ബ്ബാന അനുഭവിക്കുകയും അവരുടെ വിവാഹം നമ്മുടെ ക്രമം അനുസരിച്ച് മുഴുവനായി നടത്തുകയും ചെയ്യേണ്ടതാണ്.
5. വിവാഹക്കുറി
മറ്റു സഭകളില്‍ വച്ച് നടത്തുന്ന വിവാഹത്തിന് നമ്മുടെ സഭയില്‍ വച്ച് നടക്കുന്ന വിവാഹങ്ങള്‍ക്കു കൊടുത്തുവരുന്ന രീതിയിലുള്ള വിവാഹക്കുറി കൊടുക്കുകയോ പ്രസ്തുത വിവാഹങ്ങളുടെ വിളിച്ചുചൊല്ല് നമ്മുടെ പള്ളികളില്‍ നടത്തുകയോ ചെയ്യാന്‍ പാടില്ലാത്തതാകുന്നു. എന്നാല്‍ ഒഴിച്ചുകൂടാത്ത ആവശ്യം ഉണ്ടായാല്‍ താഴെപ്പറയുന്ന വിധത്തിലുള്ള ഒരു വിവാഹക്കുറി 'ഇന്ന' വികാരിക്ക് എന്ന് എഴുതാതെ "ഈ ഇടവകയില്‍പെട്ട ഇന്നാരുടെയും ഇന്നാരുടെയും മകള്‍/മകന്‍ ഇന്നാരുടെ വിവാഹം നടത്തുന്നതിനു കാനോനികവും സഭാപരവുമായ യാതൊരു തടസ്സവും ഇല്ലാത്തതാകുന്നു" എന്നു വിവാഹക്കുറി എന്നും മേലെഴുത്തുള്ള പ്രത്യേക കടലാസ്സില്‍ എഴുതി കൊടുക്കാവുന്നതാകുന്നു.
6. മറ്റു സഭകളുടെ ആരാധന നടത്തുവാന്‍ നമ്മുടെ ദേവാലയങ്ങള്‍ കൊടുക്കുന്നതിനെപ്പറ്റി
റോമന്‍ കത്തോലിക്കാ, കല്‍ദായ (നെസ്തോറിയന്‍), സി.എസ്.ഐ., സി.എന്‍.ഐ., തൊഴിയൂര്‍ സ്വതന്ത്ര സഭ, മാര്‍ത്തോമ്മാ എന്നീ സഭാവിഭാഗങ്ങളുടെ ആരാധനയ്ക്ക് അത്യാവശ്യം വന്നാല്‍ നമ്മുടെ ദേവാലയങ്ങള്‍ കൊടുക്കാവുന്നതാണ്. എന്നാല്‍ നമ്മുടെ ത്രോണോസ്, അവരുടെ ഉപയോഗത്തിന് അനുവദിക്കാതെ അവര്‍ക്കായി മറ്റു ക്രമീകരണങ്ങള്‍ ചെയ്തുകൊടുക്കാവുന്നതാകുന്നു. അപ്രകാരം അവരുടെ ആരാധനയ്ക്കു നമ്മുടെ പള്ളികളനുവദിക്കുന്നതിനു മുമ്പ് ഇടവക മെത്രാപ്പോലീത്തായുടെ രേഖാമൂലമായ അനുവാദം വികാരി വാങ്ങിയിരിക്കേണ്ടതാകുന്നു.
7. ചര്‍ച്ചകള്‍ (Dialogues)
നമ്മുടെ വിശ്വാസ സത്യങ്ങള്‍ക്ക് വീഴ്ചവരുത്താതെ മറ്റു ക്രൈസ്തവ സഭാവിഭാഗങ്ങളും മറ്റു മതങ്ങളും പ്രത്യയശാസ്ത്രങ്ങളു മായി (ശറലീഹീഴശലെ) ചര്‍ച്ചകള്‍ നടത്തുകയും സാമൂഹ്യമായും മറ്റുമുള്ള അവരുടെ പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും പങ്കെടുക്കുകയും മറ്റും ചെയ്യുന്നതിന് നമ്മുടെ സഭയില്‍പെട്ട തക്ക യോഗ്യതയുള്ളവരെ അനുവദിക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോള്‍ പ. കാതോലിക്കാ ബാവായുടെ അനുവാദം വാങ്ങിയിരിക്കേണ്ടതാകുന്നു.
8. സംസര്‍ഗ്ഗമില്ലാത്ത ഇതര സഭകളുടെ കൂദാശാനുഷ്ഠാനങ്ങളിലും, ആരാധനകളിലും മറ്റും സംബന്ധിക്കുന്നതിനെപ്പറ്റി
നമ്മോടു വി. കുര്‍ബാനാ സംസര്‍ഗ്ഗമില്ലാത്ത ഇതര ക്രൈസ്തവ സഭകളിലെ കൂദാശാനുഷ്ഠാനങ്ങളിലും ആരാധനകളിലും പ്രാര്‍ത്ഥനകളിലും നമ്മുടെ മേല്പട്ടക്കാരും പട്ടക്കാരും സംബന്ധിക്കേണ്ടതായ ഒഴിച്ചു കൂടാത്ത സാഹചര്യം വന്നാല്‍ കാര്‍മ്മികനടുത്ത അവരുടെ ശുശ്രൂഷകളും പ്രാര്‍ത്ഥനകളും നടത്തുന്നതില്‍ നിന്നു ഒഴിഞ്ഞിരിക്കേണ്ടതാകുന്നു. മറ്റു ക്രൈസ്തവസഭകളിലെ മേല്പട്ടക്കാരും പട്ടക്കാരും നമ്മുടെ ശുശ്രൂഷകളില്‍ സന്നിഹിതമായാല്‍ കാര്‍മ്മികനടുത്ത നമ്മുടെ ശുശ്രൂഷകളും പ്രാര്‍ത്ഥനകളും നടത്തുന്നതില്‍നിന്നു അവരെയും ഒഴിച്ചുനിര്‍ത്തേണ്ടതാകുന്നു.
Comments
Post a Comment