ജാത്യാഭിമാനി ലഘുലേഖ, 1-5-1085

"രാജാവ് പ്രജകളോടുള്ള തന്‍റെ കടമകള്‍ ലംഘിക്കുമ്പോള്‍, രാജാവിനെ എതിര്‍ക്കുകയാണ് രാജാവിനോട് കൂറുള്ള ഒരു പ്രജയുടെ കടമ. (ഇംഗ്ലണ്ടിലെ) ചാള്‍സ് ഒന്നാമന്‍ രാജാവിന്‍റെ ശിരസ്സ് ഛേദിച്ചുകൊണ്ടാണ് ഞങ്ങള്‍ ആ തത്വം സ്ഥാപിച്ചത്. ഇംഗ്ലണ്ടിലെ ഒരു പ്രസിദ്ധ പത്രാധിപരായിരുന്ന ഡബ്ലിയു. റ്റി. സ്റ്റെഡ്, 'റിവ്യൂ ഓഫ് റിവ്യൂസ്'-ന്‍റെ 1904 ഏപ്രില്‍ ലക്കത്തില്‍ എഴുതിയതാണിത് എന്ന തലവാചകത്തോടു കൂടിയുള്ള ഈ ലഘുലേഖയില്‍ പ്രകടിപ്പിച്ചിരിക്കുന്ന, വികാരങ്ങളുടേയും അഭിപ്രായങ്ങളുടെയും സംഗ്രഹം താഴെപ്പറയുംപ്രകാരമാണ്:

മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിതം

"പാത്രിയര്‍ക്കീസ് (കോട്ടയത്ത്) വിളിച്ചുകൂട്ടിയ പള്ളിപ്രതിപുരുഷന്മാരുടെ സുന്നഹദോസ് യോഗത്തില്‍ അദ്ദേഹത്തിന്‍റെ ചായ്വുകളും ഉദ്ദേശ്യങ്ങളും എല്ലാവര്‍ക്കും ഏറെക്കുറെ ബോദ്ധ്യമായിട്ടുണ്ട്. മലങ്കരസഭ ഒന്നാം നൂറ്റാണ്ടില്‍ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായതാണ്. ഇതാണ് ഞങ്ങളുടെ പൊതുവായുള്ള വിശ്വാസം. അന്ത്യോഖ്യന്‍ സഭ മറ്റൊരു ശ്ലീഹായാല്‍ സ്ഥാപിതമായതാണ്. ഞങ്ങളുടെ സഭയുടെ മേല്‍ ആ സഭയ്ക്ക് ആദ്യം മുതലെ മേലധികാരം ഉണ്ടായിരുന്നെന്ന് വിചാരിക്കാന്‍ കാരണമൊന്നുമില്ല. എന്തായാലും അത് (മേലധികാരം) ഉണ്ടെന്ന് തെളിയിക്കുന്നതിനുള്ള ചരിത്രപരമായ ഒരു രേഖയുമില്ല. ക്നായിത്തോമ്മാ ഇവിടെവന്ന് ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ പ്രയോജനകരമായ ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ വിദേശസഭകളുമായുള്ള (മലങ്കരസഭയുടെ) ബന്ധം ക്രമേണ തുടങ്ങി. പോര്‍ട്ടുഗീസുകാര്‍ നമ്മുടെ സഭയില്‍ പിളര്‍പ്പ് ഉണ്ടാക്കിയപ്പോള്‍ നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ ആഗ്രഹിച്ചത്, കിഴക്കന്‍ സഭകളില്‍ ഏതെങ്കിലും ഒന്നുമായി ബന്ധം സ്ഥാപിക്കണമെന്നായിരുന്നു. അല്ലാതെ അന്ത്യോഖ്യയുമായി തന്നെ അതു വേണമെന്നായിരുന്നില്ല. ഭാഗ്യവശാലോ, നിര്‍ഭാഗ്യവശാലോ പതിനേഴാം നൂറ്റാണ്ടില്‍ അന്ത്യോഖ്യാ സിംഹാസനവുമായുള്ള നമ്മുടെ ബന്ധം ദൃഢപ്പെട്ടു. ഈ ബന്ധം പോലും ഇപ്പോഴത്തെ പ്രാധാന്യം കൈവരിച്ചത് രണ്ടു നൂറ്റാണ്ടുകള്‍ കഴിഞ്ഞു മാത്രം, അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ ആത്മീയ മേലധികാരം യഥാക്രമം സെമിനാരി കേസിലെ തിരുവിതാംകൂര്‍ റോയല്‍ കോടതിയുടെ വിധിയിലൂടെയും (ആര്‍ അക്കം), ആര്‍ത്താറ്റുകേസിലെ കൊച്ചി റോയല്‍ കോടതിയുടെ വിധിയിലൂടെയും സ്ഥാപിക്കപ്പെട്ടതോടെയാണ്. നമ്മുടെ സഭയുടെമേല്‍ വൈദിക മേലധികാരം സ്ഥാപിക്കുന്നതില്‍ അന്ത്യോഖ്യയിലെ ജനങ്ങള്‍ നമുക്കുവേണ്ടി ഒരു പൈസാപോലും ചെലവഴിക്കുകയുണ്ടായില്ലെന്നത്, ഇത്തരുണത്തില്‍ ഓര്‍ത്തിരിക്കേണ്ടതാണ്. സര്‍വ്വോപരിയായി ഈ ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തി സ്ഥാപിക്കാന്‍ വേണ്ടി ഇവിടെയെത്തിയിരുന്ന പത്രോസ് പാത്രിയര്‍ക്കീസ് നാല്പതിനായിരം രൂപായും, അദ്ദേഹത്തെ അനുഗമിച്ചിരുന്ന മാര്‍ ഗ്രീഗോറിയോസ് - ഇപ്പോഴത്തെ അബ്ദള്ളാ പാത്രിയര്‍ക്കീസ് - പതിനായിരം രൂപായും മലങ്കരയില്‍ നിന്നും കൊണ്ടുപോയി. കൂടാതെ 19-ാം നൂറ്റാണ്ടില്‍ ആരംഭിച്ചതും വര്‍ഷംതോറും രണ്ടായിരം രൂപാ വരുന്നതുമായ റശ്ശീസാ എന്നു പറയുന്ന ഒരിനം ചുങ്കം ആ വിദേശ രാജ്യത്തേക്ക് (അന്ത്യോഖ്യയിലേക്ക്) നമ്മള്‍ അയച്ചുകൊണ്ടുമാണിരിക്കുന്നത്. പണത്തിന്‍റെ ഈ പാഴ്ചെലവുകളെല്ലാം ആവശ്യമാണോ എന്ന പ്രശ്നം നമ്മള്‍ ഗൗരവപൂര്‍വ്വം പരിചിന്തിച്ചിരിക്കേണ്ടതാണ്. അവിടത്തെ ജനങ്ങള്‍ ഏതു തരക്കാരാണെന്നതിനെയും, അവര്‍ നമ്മുടെ സഹതാപവും സഹായവും അര്‍ഹിക്കുന്നുണ്ടോ എന്നതിനെപ്പറ്റിയും നമുക്ക് യാതൊരു ധാരണയുമില്ല. തുര്‍ക്കിയിലെ ക്രിസ്ത്യാനികള്‍ അവിടെ പ്രാബല്യത്തിലിരിക്കുന്ന ഭരണരീതി മൂലം വളരെ കഷ്ടത്തിലാണ്. ഒരു വിദേശസ്ഥലത്തേക്ക് വര്‍ഷംതോറും ഭീമമായ ഒരു തുക നമ്മള്‍ അയച്ചുകൊടുക്കേണ്ടത് വിവേകപരമായിരിക്കുമെന്ന് തോന്നുന്നതേയില്ല. ഇതു വഹിക്കാന്‍ കഴിയുമെങ്കില്‍ തന്നേയും നമ്മുടെമേല്‍ ഭരണം നടത്തിക്കൊണ്ട്, നമ്മുടെ ജീവരക്തം ഊറ്റിക്കുടിക്കാനുള്ള വിദേശികളുടെ ശ്രമം അനുവദിച്ചു കൊടുക്കുക സാദ്ധ്യമല്ലാത്തതാണ്. മേല്‍പട്ടക്കാരുടെയും, സഭയിലെ ഉന്നതസ്ഥാനീയരുടെയും പദവികള്‍ ലേലത്തില്‍ ഉറപ്പിക്കാനാണെങ്കില്‍, ഈ പദവി നല്‍കപ്പെടുന്നവരെക്കുറിച്ച് ഒരുപക്ഷേ നമുക്ക് എന്തു ബഹുമാനമാണ് ഉണ്ടാകാന്‍ പോവുക. തന്‍റെ ആഗ്രഹാഭിലാഷങ്ങള്‍ അനുസരിച്ച് കൈകാര്യം ചെയ്യാന്‍ ആവുമെന്നതില്‍ (മലങ്കര) സഭാസ്വത്തുക്കളുടെയും സമുദായത്തിന്‍റെയും നിയന്ത്രണം തനിക്ക് ലഭിക്കണമെന്നാണ് പാത്രിയര്‍ക്കീസ് ആഗ്രഹിക്കുന്നത്. മലങ്കരയില്‍ ഏഴു മെത്രാപ്പോലീത്താമാര്‍ ഉണ്ടായിരിക്കണമെന്ന് പാത്രിയര്‍ക്കീസ് ശഠിക്കുന്നു. അതേസമയം സമുദായാംഗങ്ങളുടെ ഏറെക്കുറെ ഏകകണ്ഠമായ അഭിപ്രായം മൂന്നു മെത്രാപ്പോലീത്താമാര്‍ മതിയാകുമെന്നാണ്. പാത്രിയര്‍ക്കീസിന്‍റെ ഈ പെരുമാറ്റത്തില്‍ നിന്ന്, മെത്രാന്‍ സ്ഥാനങ്ങള്‍ നല്‍കുന്നതിന് അദ്ദേഹം അഡ്വാന്‍സ് വാങ്ങിയിട്ടുണ്ടെന്ന് ഊഹിക്കുന്നത് അബദ്ധമായിരിക്കുകയില്ല. മെത്രാന്‍ സ്ഥാനാഭിഷേകം സംബന്ധിച്ചിടത്തോളം താനായിരിക്കണം അത് നിര്‍വ്വഹിക്കേണ്ടതെന്നും പാത്രിയര്‍ക്കീസ് ശഠിക്കുന്നു. ഒരു മെത്രാന്‍ മറ്റൊരു മെത്രാനെ എന്നതാണ് ഇവിടത്തെ ആചാരമെന്ന് മലങ്കര സഭാചരിത്ര പഠനത്തില്‍ നിന്ന് വ്യക്തമാകുന്നതായിരിക്കും. മെത്രാന്‍ സ്ഥാനാഭിഷേകത്തിന് ഇവിടെ നിന്ന് സ്ഥാനാര്‍ത്ഥികളെ അന്ത്യോഖ്യയിലേക്ക് അയക്കുന്ന നടപടി, വലിയ ചെലവും ഏറിയ അസൗകര്യങ്ങളും വരുത്തിവയ്ക്കുന്നതാണ്. ആ നടപടി തീര്‍ച്ചയായും അവസാനിപ്പിക്കേണ്ടതുണ്ട്. ഒരു വര്‍ഷത്തേക്ക് പാത്രിയര്‍ക്കീസിനെ ആരും ഒന്നിലും അലട്ടരുത്. പള്ളികള്‍ സന്ദര്‍ശിക്കാനോ, പള്ളികളിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാനോ ആരും അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു കൂടാ. അബ്ദല്‍ മിശിഹാ പാത്രിയര്‍ക്കീസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. തുര്‍ക്കി സുല്‍ത്താന്‍റെ ഉത്തരവുപ്രകാരം അദ്ദേഹത്തെ നീക്കം ചെയ്തെങ്കിലും, ജനങ്ങളുടെ മേലും പള്ളികളുടെമേലും ഇപ്പോഴും അദ്ദേഹം ആത്മീയ അധികാരം വിനിയോഗിച്ചു പോരുന്നുണ്ട്. നമ്മുടെ സഭയോടുള്ള അദ്ദേഹത്തിന്‍റെ വാത്സല്യവും സ്നേഹവും വികാരതീവ്രമായതാണ്. പതിവ് റശീസ്സാ മാത്രം അദ്ദേഹത്തിന് അയച്ചുകൊടുക്കേണ്ടതായാല്‍, കൂടുതല്‍ പ്രതിഫലമൊന്നും ആവശ്യപ്പെടാതെ നമ്മുടെ എല്ലാ ആത്മീയ വശങ്ങളും നിറവേറ്റിത്തരാന്‍ അദ്ദേഹം സന്നദ്ധനും സമ്മതമുള്ളവനുമാണെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. ആവശ്യമെങ്കില്‍ വാര്‍ദ്ധക്യം വകവെയ്ക്കാതെ ഈ രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിനും അദ്ദേഹം മടിക്കുന്നതല്ല. എന്തായാലും ഇപ്പോള്‍ ഇതില്‍ കൂടുതലായി പറയത്തക്ക ഒരു ഘട്ടത്തില്‍ കാര്യങ്ങള്‍ എത്തിയിട്ടില്ല. അബ്ദള്ളാ പാത്രിയര്‍ക്കീസിന്‍റെ ജീവിതവും, സ്വഭാവവും പ്രതിപാദിക്കുന്ന ലഘുലേഖകള്‍ (പിന്നാലെ) യഥാവസരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. സ്വാതന്ത്ര്യത്തിന്‍റെ ആത്മാവ് (അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിനെ ആയിരിക്കണം ലഘുലേഖാ കര്‍ത്താവ് ഉദ്ദേശിക്കുന്നത്) വിദേശത്തുണ്ട്. നമ്മുടെ സ്വന്തം കാര്യങ്ങളിലും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതില്‍ യാതൊരു തെറ്റുമില്ല."

(Source: മലങ്കരസഭാ കേസുകളുടെ സമഗ്ര സമാഹാരം, അഡ്വ. കെ. മാത്തന്‍, കോട്ടയം, 2009, പേജ് 346-349)

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്

മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍