സായാഹ്ന കുര്‍ബ്ബാന

 3. സായാഹ്ന കുര്‍ബ്ബാന

1) സന്ധ്യയാകുമ്പോള്‍ പുതിയ ദിവസം ആരംഭിക്കുമെന്നുള്ള ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ പരിഗണന കണക്കിലെടുത്തും ഒരു ദിവസം ഒരു വി. കുര്‍ബ്ബാന മാത്രമേ ഒരു വൈദികന്‍ ചൊല്ലാവുള്ളു എന്ന നിബന്ധന പാലിച്ചും ഞായറാഴ്ച പ്രഭാതത്തില്‍ വി. കുര്‍ബ്ബാന ചൊല്ലിയ വൈദികന് ഞായറാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ് ആറു മണിക്കൂര്‍ ഭക്ഷണം കൂടാതെ കഴിഞ്ഞശേഷം അന്നു വൈകിട്ട് സന്ധ്യാനമസ്കാരം കഴിഞ്ഞ് വീണ്ടും വി. കുര്‍ബ്ബാന ചൊല്ലുവാന്‍ അനുവദിക്കുന്ന രീതി പരീക്ഷണാര്‍ത്ഥം ഡല്‍ഹി മെത്രാസനത്തില്‍ നടപ്പില്‍ വരുത്തി (1978 ജൂലൈ നിശ്ചയം). 

2) മേല്പറഞ്ഞ രീതി ഞായറാഴ്ച ദിവസം മാത്രമല്ല ഇടദിവസങ്ങളിലും പരീക്ഷണാര്‍ത്ഥം ഡല്‍ഹി ഭദ്രാസനത്തിലും, കല്‍ക്കട്ടാ മെത്രാസനത്തിലും നടപ്പിലാക്കി (1979 ഫെബ്രുവരി നിശ്ചയം). 

3) പ്രസ്തുത വിഷയത്തെപ്പറ്റി ഡല്‍ഹി മെത്രാപ്പോലീത്തായുടെയും കല്‍ക്കട്ടാ മെത്രാപ്പോലീത്തായുടെയും റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ സായാഹ്ന കുര്‍ബ്ബാനയെ സംബന്ധിച്ച് 1980 ഫെബ്രുവരി സുന്നഹദോസ് താഴെ പറയുന്ന തീരുമാനങ്ങള്‍ ചെയ്തു. 

a. ഡല്‍ഹി, കല്‍ക്കട്ടാ എന്നീ മെത്രാസനങ്ങള്‍ക്ക് പരീക്ഷണാര്‍ത്ഥം അനുവദിച്ചിട്ടുള്ള സായാഹ്ന കുര്‍ബ്ബാന ബാഹ്യകേരളത്തിലെ എല്ലാ മെത്രാസനങ്ങളിലും അത്യാവശ്യമുള്ള മറ്റു സ്ഥലങ്ങളിലും നടത്തുന്നതിന് അനുവദിച്ചിരിക്കുന്നു. 

b. തലേദിവസം വൈകിട്ട് വി. കുര്‍ബ്ബാന ചൊല്ലിയ ബലിപീഠത്തിലോ ചൊല്ലിയ പട്ടക്കാരനോ പിറ്റേദിവസം സന്ധ്യയ്ക്കല്ലാതെ അതിനു മുമ്പ് വീണ്ടും വി. കുര്‍ബ്ബാന ചൊല്ലാവുന്നതല്ല. 

c. മേല്പറഞ്ഞ അനുവാദപ്രകാരം വി. കുര്‍ബ്ബാന അര്‍പ്പിക്കുന്ന പട്ടക്കാരും, വി. കുര്‍ബ്ബാനയ്ക്കു കൂടുന്ന ശുശ്രൂഷകരും, അനുഭവിക്കുന്നവരും, സംബന്ധിക്കുന്നവരും ഉച്ചഭക്ഷണം കഴിഞ്ഞു വി. കുര്‍ബ്ബാന അനുഭവിക്കുന്ന സമയംവരെ ആറു മണിക്കൂറോളം ഉപവാസമനുഷ്ഠിക്കണം. ചൂടു കൂടുതലുള്ള സ്ഥലങ്ങളില്‍ ദാഹശമനാര്‍ത്ഥം വെള്ളം കുടിക്കാവുന്നതാണ്. 

d. വി. കുര്‍ബ്ബാന ചൊല്ലുന്ന പട്ടക്കാരും ശുശ്രൂഷക്കാരും മറ്റും കഴിവുള്ളടത്തോളം അത്രയും സമയം ലൗകികപ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞു മൗനം ആചരിക്കുകയും വേദവായന, ഭക്തിസംവര്‍ദ്ധകമായ വായനകള്‍ (ഉല്ീശേീിമഹ ൃലമറശിഴ), ധ്യാനം മുതലായവ നടത്തുകയും വേണം. 

e. സന്ധ്യയ്ക്ക് ആറു മണിക്ക് നമസ്കാരവും തുടര്‍ന്ന് വി. കുര്‍ ബാനയും നടത്താവുന്നതാകുന്നു. നമസ്കാരത്തിനു സന്ദര്‍ഭംപോലെ പിറ്റേദിവസത്തെ സാധാരണ നമസ്ക്കാരമോ ഞായറാഴ്ചയോ മറ്റു പെരുന്നാളുകളോ എങ്കില്‍ ചെങ്കീസാ നമസ്കാരമോ ബുധനാഴ്ച നമസ്ക്കാരമോ ക്യംതാ നമസ്കാരമോ ക്രമപ്രകാരം ചൊല്ലാം. 

f. വി. കുര്‍ബ്ബാനയ്ക്കു മുമ്പ് തലേദിവസത്തെ ഒമ്പതാം മണി (ഇരുപത്തിരണ്ടര) അന്നത്തെ സന്ധ്യാ, സൂത്താറാ എന്നീ നമസ്കാരങ്ങള്‍ ചൊല്ലേണ്ടതാണ് (പാതിരാ, പ്രഭാതം, മൂന്നാം മണി, ഉച്ച എന്നീ യാമനമസ്ക്കാരങ്ങള്‍ വെളുപ്പാന്‍കാലത്തേയ്ക്കു മാറ്റിവയ്ക്കാവുന്നതാകുന്നു). സൂത്താറാ നമസ്കാരത്തിനു മുമ്പോ അതിന്‍റെ ബോവൂസാ കഴിഞ്ഞോ വി. കുര്‍ബ്ബാനയ്ക്കുള്ള പൊതു പ്രൊമിയോന്‍ ചൊല്ലിയശേഷം വി. കുര്‍ബ്ബാനയുടെ തൂയോബായ്ക്കായി വൈദികനു മദ്ബഹായിലേക്കു കയറിപ്പോകാവുന്നതാണ്. മറ്റുള്ളവര്‍ ശേഷം നമസ്കാരവും പഴയനിയമ വായനയും വി. കുര്‍ബ്ബാന പരസ്യമായി തുടങ്ങുന്നതിനു മുമ്പുള്ള ഗീതങ്ങളും ചൊല്ലി കഴിയുമ്പോള്‍ വി. കുര്‍ബ്ബാന പരസ്യമായി ആരംഭിക്കാം. 

g. വി. കുര്‍ബ്ബാനഅപ്പം (ഹമ്മീറാ) ഉണ്ടാക്കുന്നതിനുള്ള മാവ് പുളിക്കുന്നതിന് ആവശ്യമുള്ള സമയം അടിച്ചുകാച്ചുന്നതിനു മുമ്പു കിട്ടത്തക്കവണ്ണം മാവു കുഴച്ചുവയ്ക്കണം. മാവു പുളിക്കുന്നതിന് ഉഷ്ണകാലത്തേക്കാള്‍ കൂടുതല്‍ സമയം ശീതകാലത്ത് ആവശ്യമാണ്.

h. ഞായറാഴ്ച വൈകിട്ടു മാത്രമല്ല മറ്റിടദിവസങ്ങളിലും മേല്പറഞ്ഞ നിര്‍ദ്ദേശങ്ങളനുസരിച്ച് വൈകിട്ട് ചൊല്ലാവുന്നതാണ്. വി. കുര്‍ബ്ബാന ചൊല്ലാവുന്നതാണ്.

(1980 ഫെബ്രുവരി സുന്നഹദോസ് നിശ്ചയങ്ങള്‍)

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

നിരണം പള്ളി കൂദാശ (1912)

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍