ചെങ്ങന്നൂര്‍ സുന്നഹദോസിന്‍റെ നിശ്ചയങ്ങള്‍. (1686)

 നിരണം ഗ്രന്ഥവരിയില്‍ നിന്നും: 'ഇതിന്‍റെ ശേഷം മര്‍ത്തോമന്‍ മെത്രാന്‍റെ അനന്തിരവനെ മാര്‍ ഈവാനിയോസ് വരുത്തി അപ്പസ്കോപ്പായുടെ സ്ഥാനവും കൊടുത്ത് മലയാളത്തില്‍ നടന്നുവരുന്ന മര്യാദകളില്‍ ആത്മകടം ഉള്ളതില്‍ അഞ്ചുകൂട്ടം ആയത് എന്തെന്നാല്‍ പള്ളി, തുവര്‍ഗ്ഗം, റൂഹാ, കുറുവാന, നോമ്പ്. ഇങ്ങനെ തലസ്ഥാനവും വര്‍ഗ്ഗത്തിന്‍റെ കാര്യവും റൂഹാദകുദിശയുടെ കാര്യവും നോമ്പിന്‍റെ കാര്യവും ഇങ്ങനെ അഞ്ചു കൂട്ടവും എടുത്ത ശേഷമുള്ള ക്രമങ്ങളും നടപ്പുകളും മുമ്പില്‍ നടന്നുവരുംവണ്ണം തന്നെ നടന്നുകൊള്ളത്തക്കവണ്ണം ക്രമപ്പെടുത്തി. മാര്‍ ഈവാനിയോസ് ആയിട്ട് നടത്തുകയും ചെയ്തു (നിരണം ഗ്രന്ഥവരി, പേജ് 85). അതായത് നസ്രാണികളുടെ 'എടത്തിലെ മര്യാദ'യില്‍ തലയിട്ട് ഒരു സംഘര്‍ഷത്തിന് മാര്‍ ഈവാനിയോസ് ശ്രമിച്ചില്ല. എന്നാല്‍ അവരുടെ ആത്മാവിനെ സംബന്ധിക്കുന്നതായ അഞ്ച് കാര്യങ്ങള്‍ നിശ്ചയിച്ചു; യോഗം പാസ്സാക്കി. അവയാണ് ചെങ്ങന്നൂര്‍ സുന്നഹദോസിന്‍റെ നിശ്ചയങ്ങള്‍. 

നിശ്ചയങ്ങള്‍

1. പള്ളി അഥവാ സഭ: കത്തോലിക്കാ സഭയുടെ പഠിപ്പിക്കലായ റോമാ സഭയാണ് സാര്‍വ്വത്രിക (കാതോലിക) സഭ എന്നത് തെറ്റാണ്. മൂന്ന് പൊതു സുന്നഹദോസുകള്‍ ക്രമപ്പെടുത്തിയ സത്യവിശ്വാസത്തില്‍ അധിഷ്ഠിതമായത് പൊതുസഭയാണ്.

2. തുവര്‍ഗ്ഗം: തുവര്‍ഗ്ഗത്തിന് രണ്ട് വ്യാഖ്യാനങ്ങള്‍ ഉണ്ട്. ഒന്നാമത്തേത് ക്രിസ്തുവിന്‍റെ മനുഷ്യത്വവും ദൈവത്വവും അഭേദ്യമായി കലരപ്പെട്ടിരിക്കുന്നു എന്ന വിശ്വാസമാണ്. രണ്ടാമത്തേത് സ്വര്‍ഗ്ഗത്തെ സംബന്ധിച്ചതാണ്; കത്തോലിക്കാ വിശ്വാസപ്രകാരമുള്ള ബസ്പൂര്‍ക്കാനാ (ശുദ്ധീകരണസ്ഥലം) എന്നൊന്ന് ഇല്ല.

3. പരിശുദ്ധ റൂഹാ: പരിശുദ്ധ റൂഹാ പിതാവില്‍ നിന്ന് പുറപ്പെടുന്നു; പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നു എന്ന കത്തോലിക്കാ പഠിപ്പിക്കല്‍ അംഗീകരിക്കുന്നില്ല.

4. കുറുവാന (ഹമ്മീറാ): വി. കുര്‍ബ്ബാനയ്ക്ക് പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കാന്‍ പാടില്ല. പുളിപ്പുള്ള അപ്പം തന്നെ ഉപയോഗിക്കണം. 

5. നോമ്പ്: ബുധനും വെള്ളിയും ഉപവസിക്കണം; കാനോനിക നോമ്പുകള്‍ നോക്കണം. റോമാസഭ പറയുന്നതുപോലെ ശനിയാഴ്ചയല്ല നോമ്പ് നോക്കേണ്ടത്. 

ഈ അഞ്ച് നിശ്ചയങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ചില പുസ്തകങ്ങളില്‍ കാണുന്നുണ്ട്. ഇ. എം. ഫിലിപ്പ് സ്വരൂപ വന്ദന, പൗരോഹിത്യ ബ്രഹ്മചര്യത്തിന്‍റെ നിഷേധം എന്നിവ ചേര്‍ത്തിട്ടുണ്ട് (മാര്‍ത്തോമാശ്ലീഹായുടെ ഇന്ത്യന്‍ സഭ, പേജ് 155).

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

കൈതളാവില്‍ കെ. എം. ജേക്കബ് കത്തനാര്‍ (1914-1977)

ബോംബെ സന്ദര്‍ശനം | പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ