കാതോലിക്കായും മെത്രാപ്പോലീത്താമാരും നല്‍കുന്ന വാഴ് വ്
സര്‍വ്വശക്തനായ കരുണയുള്ള ദൈവം ദയയുള്ള തൃക്കണ്ണു കൊണ്ട് നിങ്ങളെ ദര്‍ശിച്ച് നിങ്ങളോടും നിങ്ങളുടെ പുത്രന്മാരോടും ദയ ചെയ്തു നിങ്ങളുടെ പ്രാര്‍ത്ഥനകളും യാചനകളും ഉപവാസങ്ങളും ദാനധര്‍മ്മങ്ങളും കുര്‍ബാനകളും വഴിപാടുകളും ദശാംശങ്ങളും റീശീസാകളും അംഗീകരിച്ച് കുറ്റങ്ങളുടെ മോചനവും പാപപരിഹാരവും നിങ്ങള്‍ക്കു നല്‍കുന്നതിനും നിങ്ങളുടെ വലതുകൈച്ചട്ട പിടിച്ച് നിങ്ങളുടെ ആത്മരക്ഷയ്ക്കായി നിങ്ങളെ താങ്ങി സഹായിക്കുന്നതിന്നും ആയിട്ട് തന്‍റെ കരുണയോട് നാം യാചിച്ചുകൊണ്ട് അപേക്ഷിച്ച് പ്രാര്‍ത്ഥിക്കുന്നു.
താന്‍ നിങ്ങളുടെ ഹൃദയങ്ങളിലും നിങ്ങളുടെ ഇടയിലും ദൈവികസ്നേഹം വിതക്കുകയും നിങ്ങളുടെ വൈരിയുടെ ശക്തിയെ ക്ഷീണിപ്പിക്കുകയും നിങ്ങളുടെ മുമ്പാകെ തന്‍റെ അനുഗ്രഹമുള്ള വാതിലിനെ തുറന്ന് തന്‍റെ കൃപകളും വാഴ്വുകളും ചൊരിഞ്ഞ് നിങ്ങളെയും നിങ്ങളുടെ ഭവനങ്ങളെയും നിങ്ങളുടെ മക്കളെയും നിങ്ങളുടെ കൈവേലകളെയും നിലങ്ങളെയും കൃഷികളെയും വിളവുകളെയും തോട്ടങ്ങളെയും പുരയിടങ്ങളെയും നിങ്ങളുടെ സകല സമ്പാദ്യങ്ങളെയും വാഴ്ത്തുമാറാകട്ടെ.
അനുകൂലമുള്ള ആയുസ്സുകളെയും സന്തോഷമുള്ള മാസങ്ങളെയും ഏകാന്തമുള്ള സംവത്സരങ്ങളെയും നിങ്ങള്‍ക്ക് നല്‍കി സകല ശിക്ഷകളെയും ക്രോധത്തിന്‍റെ വടികളെയും നിങ്ങളില്‍ നിന്ന് വിരോധിച്ച് നീക്കുമാറാകട്ടെ. സത്യമുള്ള തന്‍റെ വാഗ്ദത്തപ്രകാരം നിങ്ങളുടെ ആയുസ്സുള്ള നാള്‍ ഒക്കെയും നിങ്ങളോടു കൂടിയും നിങ്ങളുടെ ഇടയിലും താന്‍ ഉണ്ടായിരുന്ന് തന്‍റെ ഉന്നത ഭുജത്താല്‍ നിങ്ങളുടെ വൃദ്ധന്മാരെ താങ്ങുകയും യൗവ്വനക്കാരെ കാത്തുകൊള്ളുകയും പൈതങ്ങളെ വളര്‍ത്തുകയും സ്ത്രീകളെ കരുണയുടെ മറ കൊണ്ട് മറയ്ക്കുകയും നിങ്ങളുടെ മരിച്ചുപോയവരുടെ ആത്മാക്കളെ അനുകൂലമാക്കി നമ്മുടെ കര്‍ത്താവിനെ സ്നേഹിച്ച് തന്‍റെ കല്പനകളെ ആചരിച്ചിട്ടുള്ള സകല നീതിമാന്മാരോടും പുണ്യവാന്മാരോടും കൂടെ നമ്മുടെ പിതാക്കന്മാരായ അബ്രഹാമിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും മടിയില്‍ അവരെ ഇരുത്തുകയും ചെയ്യുമാറാകട്ടെ.
എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, അകത്തു വന്ന് ലോകാരംഭത്തിന് മുമ്പേ നിങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്ന സ്വര്‍ഗ്ഗരാജ്യം അവകാശമായി അനുഭവിപ്പിന്‍ എന്ന് വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യുന്ന സന്തോഷപ്രദമായ ശബ്ദം നിങ്ങളെ കേള്‍പ്പിക്കുകയും ചെയ്യുമാറാകട്ടെ. അത് ദൈവമാതാവായ മറിയാമിന്‍റെയും എല്ലാ വിശുദ്ധന്മാരുടെയും പരിശുദ്ധ സ്ത്രീകളുടെയും ഇന്ത്യയുടെ കാവല്‍ക്കാരനും പ്രസംഗക്കാരനുമായ ശു. മാര്‍ത്തോമ്മാ ശ്ലീഹായുടെയും പ്രാര്‍ത്ഥനകളാല്‍ത്തന്നേ.
Comments
Post a Comment