പുലിക്കോട്ടില്‍ ഒന്നാമന്‍ തിരുമേനിയെ മലങ്കരസഭാജ്യോതിസ്സായി പ്രഖ്യാപിച്ചുകൊണ്ട് പുറപ്പെടുവിച്ച കല്പന
No. P. 433/91
സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസമ്പൂര്‍ണ്ണനും ആയ
ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി)
വിശുദ്ധ മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തിന്‍മേല്‍
ആരൂഢനായിരിക്കുന്ന
പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ
മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ തോമ്മാ മാത്യൂസ് ദ്വിതീയന്‍
(മുദ്ര)
നമുക്കെത്രയും പ്രിയപ്പെട്ടിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ എല്ലാ മേല്പ്പട്ടക്കാരും പട്ടക്കാരും ശെമ്മാശ്ശന്മാരും കുഞ്ഞാടുകളും പെണ്ണാടുകളും ആടുകളുമായ എല്ലാവര്‍ക്കും സഭയെ സ്നേഹിക്കുകയും പ്രിയപ്പെടുകയും ചെയ്യുന്ന എല്ലാ അഭ്യൂദയകാംക്ഷികള്‍ക്കും യഥാക്രമം കര്‍ത്താവില്‍ സമാധാനവും വാഴ്വും. പ്രിയരെ, വളരെ സന്തോഷത്തോടും കൃതജ്ഞതാനിര്‍ഭരമായ ഹൃദയത്തോടും കൂടി നിങ്ങളെ നാം അറിയിക്കുന്നത്.
കുന്നംകുളത്ത് പുലിക്കോട്ടില്‍ തറവാട്ടില്‍ ഉത്തമനായ ചുമ്മാരുടെ സീമന്തപുത്രനായി 1740 നവംബര്‍ മാസം 25-ാം തീയതി ജനിച്ച യൗസേഫ് എന്ന ഇട്ടൂപ്പ് ദൈവത്തിന്‍റെ ഒരു വലിയ ദാനമായിരുന്നു. കാലചക്രത്തിന്‍റെ ഉരുളിച്ചയില്‍ വളര്‍ന്നുവലുതായ ഇട്ടൂപ്പില്‍ നോമ്പ്, നമസ്ക്കാരം തുടങ്ങിയ ഭക്തിജീവിതവും കാര്യങ്ങള്‍ ഗ്രഹിച്ച് അപ്പോഴപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ മടി കൂടാതെ ചെയ്യുവാനുള്ള ശേഷിയും ശേമുഷിയും കണ്ടറിഞ്ഞ സഭയുടെ ചുമതലക്കാര്‍ അദ്ദേഹത്തെ ശെമ്മാശ്ശനായും പിന്നീട് വൈദികനായും ഉയര്‍ത്തി. പല സിദ്ധികളുടെയും പ്രഭവസ്ഥാനമായി പ്രശോഭിച്ച ദാര്‍ശനികനായ അദ്ദേഹം കോട്ടയത്തേക്ക് വന്ന്, ഒന്നുമില്ലായ്മയില്‍ നിന്ന് സഭയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പഠിത്തവീടുണ്ടാക്കുവാന്‍ ശ്രമിച്ചു. അതിന്‍റെ ഫലമായി പേരും പെരുമയും സമാര്‍ജ്ജിച്ചു പ്രകാശിക്കുന്ന ഇന്നത്തെ ഓര്‍ത്തഡോക്സ് വൈദികസെമിനാരിയുടെ ജനയിതാവ് എന്ന പേരിന് അര്‍ഹനായി. മലയാള ഭാഷയില്‍ വി. വേദപുസ്തകം പരിഭാഷപ്പെടുത്തുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം കേരളത്തില്‍ ആരംഭിക്കുകയും ചെയ്തത് ഈ പിതാവിന്‍റെ നേട്ടങ്ങളില്‍ ചിലവ മാത്രമാണ്. ക്രാന്തദര്‍ശിയായ ഇദ്ദേഹം പില്‍ക്കാലത്ത് ഒരു മെത്രാപ്പോലീത്താ ആയി എന്നുള്ളത് അത്ഭുതത്തിനു വകയില്ല. ഇപ്രകാരം പ്രശോഭിതനായി വരികെ 1816 നവംബര്‍ മാസം 25-ാം തീയതി തിരുമേനിയുടെ 76-ാം ജന്മദിനത്തില്‍ അദ്ദേഹം സ്വര്‍ഗ്ഗത്തിലേക്കു യാത്ര ചെയ്തു. അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനാനുഗ്രഹങ്ങള്‍ എല്ലാവര്‍ക്കും കോട്ടയായിരിക്കട്ടെ.
ഭാഗ്യസ്മരണീയനും ദൈവകൃപാലുവും ദൈവഹിതം ബോദ്ധ്യമായാല്‍ അവയുടെ സിദ്ധിക്കുവേണ്ടി ദൈവത്തെ മാത്രം നോക്കി പുറപ്പെടുന്ന ധീരവീരനും ദാര്‍ശനികനും കര്‍മ്മനിരതനുമായ ഈ വന്ദ്യപിതാവിന്‍റെ പ്രകാശിതവും പ്രശോഭിതവുമായ ജീവിതത്തേയും നേട്ടങ്ങളേയും പരിഗണിച്ച് 1991 ഒക്ടോബര്‍ മാസം 31-ാം തീയതി സോഫിയാ സെന്‍ററില്‍ വെച്ചു കൂടിയ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ തീരുമാനപ്രകാരം അദ്ദേഹത്തിന് "സഭാ ജ്യോതിസ്സ്" എന്നു ഉചിതവും ഉത്തമവുമായ നാമം നല്‍കി ബലഹീനനായ നാം കൃതാര്‍ത്ഥനാകട്ടെ. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് പ്രഥമന്‍ "സഭാ ജ്യോതിസ്സ്" "സഭാ ജ്യോതിസ്സ്" "സഭാ ജ്യോതിസ്സ്." കര്‍ത്താവില്‍ ബലഹീനനായ നമ്മുടെ സ്നേഹം.
ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ. ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും നിങ്ങളെല്ലാവരോടും സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയത് ദൈവമാതാവായ വിശുദ്ധ മര്‍ത്തമറിയാം അമ്മയുടെയും, ഇന്ത്യയുടെ കാവല്‍പിതാവായ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെയും ശേഷം എല്ലാ ശുദ്ധിമാന്മാരുടെയും ശുദ്ധിമതികളുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ.
ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ......
(ഒപ്പ്)
29-11-1991
കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ നിന്ന്
(പുലിക്കോട്ടില്‍ ഒന്നാമന്‍ തിരുമേനിയെ മലങ്കരസഭാജ്യോതിസ്സായി പ്രഖ്യാപിച്ചുകൊണ്ട് പ. മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ പുറപ്പെടുവിച്ച കല്പന)
Comments
Post a Comment