നിങ്ങളേക്കാള്‍ അധികം സ്വാമിഭക്തിയും സന്മാര്‍ഗ്ഗവും ഉള്ള ഒരു ജനത്തെ കാണ്മാന്‍ കഴിയുന്നതല്ല: മംഗളപത്രത്തിനു രാജാവിന്‍റെ മറുപടി

50-ാമത് ലക്കം. വിശുദ്ധ പിതാവാകുന്ന മോറാന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് മുദ്ര കൊടുത്ത തിരുവിതാംകൂര്‍ രാജാവ് നാടുനീങ്ങിയതിന്‍റെ ശേഷം അനുജന്‍ ഇളയരാജാവ് അവര്‍കള്‍ സിംഹാസനമേറിയാറെ, കോട്ടയത്ത് എഴുന്നള്ളിയിരിക്കുമ്പോള്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും കോട്ടയം ഇടവകയുടെ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും ഏതാനും ജനങ്ങളും കൂടി മഹാരാജാവ് അവര്‍കളെ സ്തുതിച്ചും മറ്റും മംഗളപത്രം എഴുതി വച്ച് തിരുമുഖം കാണുക ഉണ്ടായി. അത്പ്രകാരം എഴുതി വച്ച് ബലയാറെന്ന പാലക്കുന്നത്തു അത്താനാസ്യോസ് മെത്രാനെന്ന് പറഞ്ഞുവരുന്ന തോമ്മായും കൂട്ടവും തിരുമുഖം കാണുകയും ചെയ്തു. ഇരു കൂട്ടക്കാര്‍ക്കും കല്പിച്ചു മറുപടി കൊടുത്തു:

സുറിയാനിക്കാരായ നമുക്ക് കിട്ടിയ മറുപടിയുടെ പകര്‍പ്പ്: 

സുറിയാനിസഭയിലെ വൈദികന്മാരും അയ്മേനികളും ആയുള്ളോരേ,

നിങ്ങള്‍ ഇപ്പോള്‍ നമ്മുടെ മുമ്പാകെ ബഹുമതിപൂര്‍വ്വം ബോധിപ്പിച്ചിട്ടുള്ള ഇമ്പവും മനപ്പൂര്‍വ്വവും ആയുള്ള മംഗളപത്രത്താല്‍ നമുക്ക് വളരെ മനോതൃപ്തി ഉണ്ടായിരിക്കുന്നു. നിങ്ങളുടെ സമുദായം പൂര്‍വതിങ്കലേ ഉള്ളതും ചരിത്രസംബന്ധമായ സാഹിത്യത്തോടു കൂടിയതുമായ ഒരു യോഗവും തൃപ്തിയുടെയും സമാധാനത്തിന്‍റെയും സ്വാമിഭക്തിയുടെയും ഒരു നല്ല ദൃഷ്ടാന്തവുമാകുന്നു. പരശുരാമന്‍ തന്നെ ഈ രാജ്യത്തെ  പുനര്‍ ദര്‍ശനം ചെയ്ക എന്ന് വന്നാലും നിങ്ങളേക്കാള്‍ അധികം സ്വാമിഭക്തിയും സന്മാര്‍ഗ്ഗവും ഉള്ള ഒരു ജനത്തെ കാണ്മാന്‍ കഴിയുന്നതല്ല.

നമ്മുടെ കീര്‍ത്തിപ്പെട്ട കാരണവന്‍മാരില്‍ നിന്ന് നിങ്ങളുടെ സമുദായം അനുഭവിച്ചുവന്ന വലിയ പദവികളെക്കുറിച്ച് നിങ്ങള്‍ സൂചിപ്പിക്കുന്നുണ്ടല്ലോ. അതുകള്‍ ഒട്ടും കുറവ് കൂടാതെ നിലനിര്‍ത്തപ്പെടുന്നതാകുന്നു എന്ന് നിങ്ങള്‍ ഉറച്ചുകൊള്‍വിന്‍. സര്‍ക്കാര്‍ ജീവനം അതിന്‍റെ മിക്ക തുറകളിലും മതവിഷയം ആലോചിക്കാതെ എല്ലാവര്‍ക്കും ഒരുപോലെ തുറക്കപ്പെട്ടിരിക്കുന്നു. മതവിശ്വാസം ഗൗനിക്കാതെ യോഗ്യതയും പഠിത്തവും ഉള്ളവരെ അംഗീകരിക്കുന്നതാകുന്നു എന്ന് നിങ്ങളോട് നാം ഉറപ്പായി പറയുന്നു. 

എന്നെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ നല്ല അനുഗ്രഹങ്ങള്‍ക്കുമായിട്ടുള്ള എന്‍റെ മനഃപൂര്‍വ്വമായ വന്ദനവിനെ കൈക്കൊള്‍വിന്‍.

തിരുവിതാംകോട്ടിലെ പഴക്കത്തിന് ബഹുമതിക്കപ്പെട്ടതായ സുറിയാനി സഭയുടെ ക്ഷേമത്തിന് നാം സദായ്പ്പോഴും ദൃഷ്ടി പതിക്കുന്നതാകുന്നു എന്ന് നിങ്ങളോട് നാം ഉറപ്പായി പറയുന്നു.

ആര്‍. വി. (തിരു അടയാളം)

സുറിയാനിക്കാര്‍ എന്നു പറയുന്ന ബലയാര്‍ക്ക് കൊടുത്തതിന്‍റെ പകര്‍പ്പ്:

സുറിയാനി സമുദായക്കാരായ നിങ്ങളുടെ സ്വാമിഭക്തി കൃതജ്ഞതകളെ കൊണ്ടുള്ള തുന്നിതമായ ഈ വിജ്ഞാപനം നമുക്ക് വാസ്തവമോദത്തെ ജനിപ്പിക്കുന്നു.

നമ്മുടെ വന്ദ്യന്മാരായ പൂര്‍വീകന്മാരും സ്വാമിഭക്തി വിശിഷ്ടന്മാരായ സുറിയാനി പ്രജകളും തമ്മില്‍ സഹസ്രാധിക സംവത്സരകാലം നടന്ന് പോന്നിരിക്കുന്ന രക്ഷാകരരക്ഷ്യഭാവം നമ്മുടെ കാലത്തിലും അജന്നാതമായും (?) അഭിവൃദ്ധമായും ഇരിക്കും എന്നുള്ളതിന് സംശയാലേശം പോലും വേണ്ട.

നമ്മുടെ മേല്‍ നിങ്ങള്‍ ഈ വിജ്ഞാപനത്തില്‍ ആരോപിക്കപ്പെട്ടിട്ടുള്ള  ഗുണാതിശയങ്ങള്‍ എന്നല്ലാതെ വാസ്തവമെന്ന് നാം വിശ്വസിക്കുന്നില്ല. എങ്കിലും നിങ്ങളുടെ മതിപ്പിന് കേവലം വൈയര്‍ത്ഥ്യം സംഭവിക്കാതിരിപ്പാന്‍ ആവോളം ശ്രമിക്ക നമ്മുടെ കൃത്യമായി ഭവിക്കുന്നു.

സുറിയാനി സമുദായക്കാരായ നിങ്ങളുടെ സുഖക്ഷേമാഭിവൃദ്ധിയില്‍ നാം സദാ ജാഗരൂകതയോടു കൂടി ഇരിക്കും. നമ്മുടെ ശ്രേയോ ദൃഷ്ടിയായ നിങ്ങളുടെ അവ്യാജ ദൈവപ്രാര്‍ത്ഥനയെ നാം അഭിനന്ദിക്കുന്നു.

1055-ാമാണ്ട് കര്‍ക്കിടകം 31-ാം തീയതി.

Comments

Popular posts from this blog

എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസിയുടെ പഴയസെമിനാരി, ചേപ്പാട്ട് പള്ളി സന്ദര്‍ശനങ്ങള്‍ (1956 ഒക്ടോബര്‍)

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

ബോംബെ സന്ദര്‍ശനം | പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ