മദ്രാസ് ഗവര്‍ണറെ സന്ദര്‍ശിക്കുന്നു (1882)
62-ാമത് ലക്കം. ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കണ്ടനാട്ട് പള്ളിയില്‍ താമസിച്ചിരിക്കുമ്പോള്‍ കൊച്ചിയില്‍ നിന്ന് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ എഴുത്ത് ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് വന്നതില്‍ മഹാരാജശ്രീ. എ. പെ. പെ. ബ. മദ്രാസ് ഗവര്‍ണര്‍ സായിപ്പ് അവര്‍കള്‍ ഈ മാസം 18-ാം തീയതി പോഞ്ഞിക്കര എത്തി കൊച്ചി രാജാവുമായി കൂടിക്കാഴ്ച ഉണ്ടാവുമെന്നും 19-ാം തീയതി ഈ മലയാളത്തിലുള്ള എല്ലാ മെത്രാപ്പോലീത്തന്മാരെയും കാണുന്നതിന് മനസ്സായിരിക്കുന്നപ്രകാരം എല്ലാവരെയും അറിയിക്കണമെന്നും മറ്റും റസിഡണ്ടര്‍ സായിപ്പ് അവര്‍കള്‍ക്ക് ഉത്തരവ് അയക്കയാല്‍65 സായിപ്പ് അവര്‍കള്‍ വരാപ്പുഴ മെത്രാനും തൃശൂര്‍ ഇരിക്കുന്ന കല്‍ദായക്കാരന്‍ അബ്ദീശോ മെത്രാനും പാലക്കുന്നനും ആലത്തൂര്‍ക്കാരനും ഉത്തരവയച്ചു. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ കീഴിലുള്ള എല്ലാ മെത്രാന്മാരെയും അറിയിച്ചു വരത്തണമെന്ന് നമുക്കും എഴുതി വരികയാല്‍ സഹോദരന്മാരായ മെത്രാപ്പോലീത്തന്മാര്‍ക്കും സമീപെ ഉള്ള പള്ളിക്കാര്‍ക്കും എഴുതി അയച്ചിരിക്കകൊണ്ട് 18-ാം തീയതി കൊച്ചിയില്‍ വന്നെത്തണമെന്നും മറ്റും മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ നമുക്ക് എഴുതി അയച്ചപ്രകാരം കണ്ടനാട്ട് നിന്നും 18-ന് പുലര്‍ച്ചയില്‍ കൊച്ചിയില്‍ മട്ടാഞ്ചേരി പള്ളിയില്‍ എത്തി. ഏകദേശം ഉച്ചയ്ക്ക് മുന്നം വടകര നിന്ന് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും എത്തി. ഇരുവരും എഴുത്തിന്‍പ്രകാരം വന്നിരിക്കുന്നു എന്നും ഏതുപ്രകാരം വേണ്ടൂ എന്നും മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് ആളയച്ച് അറിയിച്ചാറെ കോട്ടയില്‍ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് വൈകുന്നേരം എത്തണമെന്ന് മറുപടി അയച്ചതു കൂടാതെ സന്ധ്യ കഴിഞ്ഞപ്പോള്‍ വിളക്കുമായി അദ്ദേഹത്തിന്‍റെ വാലിഭക്കാരന്‍ വന്നു. അപ്പോള്‍തന്നെ ഞങ്ങള്‍ ഇരുവരും അവിടെ ചെന്നു. അവിടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും നിരണത്തിനുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും ഉണ്ടായിരുന്നു. ശേഷം സഹോദരന്മാര്‍ ആരും വന്നില്ല. അപ്പോള്‍ സുറിയാനിക്കാരും കല്‍ദായ സുറിയാനിക്കാരും സുറിയാനിയില്‍ നിന്ന് ഇംഗ്ലീഷ് സഭയിലേക്ക് ചേര്‍ന്നിട്ടുള്ളവരും കൂടി ഒന്നായി ഒരു മംഗളപത്രം എഴുതി വയ്ക്കണമെന്ന് നിശ്ചയിച്ച് എഴുതി ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. ആയതില്‍ ഞങ്ങള്‍ മെത്രാന്മാര്‍ നാലു പേരും അപ്പോള്‍ ഉണ്ടായിരുന്ന പട്ടക്കാരും ജനങ്ങളും ഒപ്പ് വക്കയും ശേഷം പേരെക്കൊണ്ടും അബ്ദീശോ മെത്രാനെക്കൊണ്ടും ഒപ്പ് വെപ്പിക്കാന്‍ കൊണ്ടുപോകയും ചെയ്തു.
മംഗളപത്രത്തിന്‍റെ സാരം: ഇന്നാര്‍ക്ക്. സായിപ്പ് അവര്‍കള്‍ ഈ നാട്ടിലേയ്ക്ക് വരുന്നതിന്നായി നിശ്ചയിച്ച സമയം ഞങ്ങള്‍ എല്ലാവരെയും കാണണമെന്ന് നിശ്ചയിച്ചതിനാല്‍ ഞങ്ങള്‍ വലിയ വണക്കത്തോടുള്ള ആചാരത്തെ ചെയ്യുന്നു. സുറിയാനിക്കാരായ ഞങ്ങള്‍ 52-ല്‍ മാര്‍ത്തോമ്മാ ശ്ലീഹാ അറിയിച്ചശേഷം പിന്നീട് നടത്തിപ്പാന്‍ ആളില്ലാഞ്ഞതിനാല്‍ ബുദ്ധിമുട്ടിക്കിടക്കുന്ന സമയം ക്നായിത്തോമ്മാ ഇവിടെവന്ന് അന്ന് വാഴുന്ന രാജാവിനെ കണ്ട് സകല ഞെരുക്കങ്ങളില്‍ നിന്ന് സ്വാതന്ത്ര്യപ്പെടുത്തുകയും ഏറിയ ജനത്തെയും സുറിയാനി നാട്ടില്‍ നിന്ന് കൊണ്ടുവന്ന് ഇവിടെ ഉള്ളവരോടു കൂടി സംബന്ധപ്പെടുത്തുകയും ചെയ്ത് സ്വാതന്ത്ര്യമായി നടന്ന് വരുന്നതും ആകുന്നു. പിന്നീട് ഓരോ ... പല ഞെരുക്കങ്ങള്‍ ഉണ്ടായി എന്ന് വരികിലും രാജശ്രീ ബ. മണ്‍റോ സായിപ്പ് മുഖാന്തിരത്താല്‍ ഞങ്ങള്‍ക്ക് വളരെ യശസും ബഹുമാനവുമുണ്ടായി. സര്‍ക്കാരില്‍ നിന്നും അവസ്ഥപോല വലിയതും ചെറിയതുമായ പല ഉദ്യോഗങ്ങളും ലഭിച്ചു. മാനമായും യശസോടും കൂടെ നടന്നുവന്നു. സുറിയാനിക്കാരില്‍ വിദ്യയിലും അറിവിലും പൂര്‍ണ്ണന്മാരായി പലരും ഇപ്പോളും സര്‍ക്കാരില്‍ നിന്ന് പല സ്ഥാനങ്ങളും ബഹുമതിയും ലഭിച്ചിട്ടുള്ളവര്‍ പലരും ഉള്ളതാകുന്നു. സായിപ്പ് അവര്‍കള്‍ ഞങ്ങളെ കാണണമെന്ന് വിചാരിച്ചതിനാല്‍ ഞങ്ങളില്‍ തമ്മില്‍ ജാതിവ്യത്യാസം കൊണ്ട് ചേര്‍ച്ച ഇല്ലാതെ നിന്നിരുന്നവരായ ഞങ്ങള്‍ സൊരുമിച്ച് ഞങ്ങളുടെ പൂര്‍ണ്ണ സന്തോഷത്തോടും തൃപ്തിയോടും കൂടെ മംഗളപത്രത്തെ എഴുതി സൊരുമിച്ച് കൂടി വണക്കത്തോടെ നന്ദി പറയുന്നു. ഇതിനാല്‍ ഈ കാഴ്ച കൊണ്ടും സൈത്തു വൃക്ഷം പോലെ ഒരു പുതിയ മുളപ്പ് ഞങ്ങളില്‍ ഉണ്ടായി ആയതിന് ചില്ലികളും കൊമ്പുകളും ഉണ്ടായി ഫലം ഉണ്ടായി വര്‍ദ്ധിച്ചു വരുമെന്നുള്ള ആശയില്‍ ഇവിടെ അവസാനിപ്പിക്കുന്നു.
എന്ന് 1882 ചിങ്ങ മാസം 19-ാം തീയതി.
ഇതുപ്രകാരം പൊതുവെ ഒരു മംഗളപത്രവും ... ചരിത്രവും അച്ചടിപ്പിച്ച് ആയതും മെത്രാന്മാരായ ഞങ്ങള്‍ നാലു പേരും മുദ്ര വച്ച് തയാറാക്കിയിട്ടുണ്ടായിരുന്നു. 18-ാം തീയതി 2 മണിക്ക് എറണാകുളത്തു ചെന്ന് മഹാരാജാക്കളുമായി കൂടിക്കാഴ്ചയും കഴിഞ്ഞ് അവിടെനിന്ന് കൊച്ചിയിലേക്ക് ഇറങ്ങി കൊച്ചി കോവിലകത്ത് കടവില്‍ ഇറങ്ങി കോവിലകം കണ്ട് അവിടെനിന്നും യഹൂദന്മാരുടെ പള്ളിയില്‍ പോയി കണ്ട് തിരികെ പോഞ്ഞിക്കരയ്ക്ക് പോകയും ചെയ്തു. എറണാകുളത്തും മട്ടാഞ്ചേരി കമ്പോളം യൂദഭാഗം മുതലായ സ്ഥലങ്ങളില്‍ കുലവാഴ മുതലായതിനാലും നന്നാ അലങ്കരിച്ചിട്ടുണ്ടായിരുന്നു. അന്ന് രാത്രി സര്‍ക്കാരില്‍ നിന്നും 1050 രൂപാ വരെ ചെലവ് ചെയ്ത് പോഞ്ഞിക്കര വച്ച് വാണം, ചക്രം മുതലായി പലതരമായി കരിമരുന്ന് കൊണ്ടുള്ള പ്രയോഗവും ഉണ്ടായി. പിറ്റേന്നാള്‍ 19-ാം തീയതി വ്യാഴാഴ്ച പുലര്‍ച്ചയില്‍ ഗവര്‍ണര്‍ സായിപ്പ് അവര്‍കളും കൊച്ചി-തിരുവിതാംകോട് റസിഡണ്ടര്‍ സായിപ്പ് അവര്‍കളും മറ്റും കൊച്ചി കോട്ടയ്ക്കകത്ത് വന്നു. ഇംഗ്ലീഷ് പള്ളിയിലും റോമ്മാ പള്ളിയിലും നമ്മുടെ സുറിയാനി പള്ളിയിലും വന്ന് കണ്ട് സന്തോഷത്തോടെ തിരികെ പോഞ്ഞിക്കരക്ക് പോകയും ചെയ്തു. ഇങ്ങോട്ട് കൂടിക്കാഴ്ച്ചക്കായി അറിയിച്ചിരുന്ന സമയമാകുന്ന 11 മണിക്ക് ഞങ്ങള്‍ മെത്രാന്മാര്‍ 4 പേരും പോഞ്ഞിക്കര എത്തി. സൊരുമിച്ച് വേറെ ബോട്ടില്‍ തൃശൂര്‍ ഇരിക്കുന്ന കല്‍ദായക്കാരുടെ അബ്ദീശോ മെത്രാനും വന്നു. ആ സമയം വരാപ്പുഴ മെത്രാന്മാര്‍ ഇരുവരും സായിപ്പ് അവര്‍കളുടെ അടുക്കല്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും ചെന്നപ്പോള്‍ റസിഡണ്ടര്‍ സായിപ്പ് അവര്‍കള്‍ ഇറങ്ങി വന്ന് ഞങ്ങളെയും അബ്ദീശോ മെത്രാനെയും എതിരേറ്റുകൊണ്ട് ചെന്ന് വിവരം ചോദിച്ച് ഞങ്ങളെ ഇരുത്തി. ഉടനെ ബ. ഗവര്‍ണര്‍ സായിപ്പ് അവര്‍കള്‍ ഇറങ്ങിവന്ന് ആരെല്ലാമെന്ന് ചോദിച്ചറിഞ്ഞ് ആചാരം ചെയ്തു. ഉടനെ മുന്‍പറഞ്ഞ മംഗളപത്രവും ചുരുങ്ങിയതായ ചരിത്രവും കൊടുത്തു. പനക്കല്‍ ഐപ്പൂരു, പാറായില്‍ പാപ്പു, എറണാകുളത്ത് ജില്ലാ കോര്‍ട്ടില്‍ പുന്നന്‍ ജഡ്ജി, കൊച്ചിക്കോട്ടയില്‍ ഗിരസ്തദാര്‍ മുതലായി പല മാന്യന്മാരും കണ്ടനാട്ട്, മുളന്തുരുത്തി, കരിങ്ങാശ്ര, നടമേല്‍, കോലഞ്ചേരി, കുന്നക്കുരുടി മുതലായ എട്ടുപത്തു പള്ളിക്കാരും ഉണ്ടായിരുന്നു. മംഗളപത്രം വായിച്ച് കണ്ട് ബ. ഗവര്‍ണര്‍ സായിപ്പ് അവര്‍കള്‍ ആയതിന് മറുപടിയായി വളരെ സന്തോഷത്തോടു കൂടെ ഒരു പ്രസംഗം പോലെ അല്പനേരത്തേക്ക് എഴുന്നേറ്റ് നിന്ന് കഴിവുപോലെയുള്ള സഹായങ്ങള്‍ ഈ ജാതിക്ക് ഞാന്‍ ചെയ്തുതരുന്നതാണെന്നും മറ്റും പറഞ്ഞതു കൂടാതെ ഈ ചരിത്രത്തിന്‍റെ ആറ് പ്രതി കൂടെ ഞങ്ങള്‍ക്കയച്ചു തരണമെന്നും ഉത്തരവായി. വന്ദനം പറഞ്ഞ് പോരികയും ചെയ്തു.
കോട്ടയില്‍ വന്ന് ഉച്ചകഴിഞ്ഞ് ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുളന്തുരുത്തിക്കും ഈവാനിയോസ് മെത്രാപ്പോലീത്താ ഞാനുമായി സൊരുമിച്ച് മട്ടാഞ്ചേരി പള്ളിയില്‍ വന്ന് പിറ്റേദിവസം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് വടകരയ്ക്കും പോയി. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കോട്ടയിലും നാം മട്ടാഞ്ചേരിയിലും താമസിച്ച് വരുന്നു.
ഈ കാഴ്ചയ്ക്ക് പാലക്കുന്നനും അഞ്ഞൂര്‍കാരനും വന്നില്ല. പാലക്കുന്നന്‍ തിരുവനന്തപുരത്ത് വച്ച് കാണ്മാന്‍ നിശ്ചയിച്ചിരിക്കുന്നപ്രകാരം കേട്ടറിയുന്നു. സായിപ്പ് അവര്‍കള്‍ 19-ാം തീയതി വ്യാഴാഴ്ച അസ്തമിച്ച് തിരുവനന്തപുരത്തേക്ക് പോകയും ചെയ്തു.
(ശെമവൂന്‍ മാര്‍ ദീവന്നാസ്യോസിന്‍റെ നാളാഗമത്തില്‍ നിന്നും)
Comments
Post a Comment