ഏലിയാസ് തൃതീയന്‍റെ അന്ത്യം | അഡ്വ. പി. സി. മാത്യു പുലിക്കോട്ടില്‍

ഏലിയാസ് പാത്രിയര്‍ക്കീസ്

വട്ടിപ്പണക്കേസില്‍ വട്ടശ്ശേരില്‍ തിരുമേനിക്കുണ്ടായ അന്തിമ വിജയം പാത്രിയര്‍ക്കീസ് കക്ഷിയെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. ഹൈക്കോടതിയില്‍ ആദ്യ വിജയം കിട്ടിയതില്‍ ആഹ്ലാദിച്ചു കഴിഞ്ഞിരുന്ന പാത്രിയര്‍ക്കീസ് കക്ഷി മലങ്കര സാമ്രാജ്യം മുഴുവന്‍ പിടിച്ചടക്കി എന്ന വിശ്വാസത്തോടെ കഴിയുമ്പോഴാണ് പുനര്‍ വിചാരണ പതുക്കെ തല പൊക്കിയതും. പുനരിന്‍റെ തീര്‍പ്പ് വരുന്നതിനു മുന്‍പ് സി. ജെ. കുര്യനും, കോനാട്ട് മാത്തന്‍ മല്പാനും കടന്നുപോയി. അതോടെ പാത്രിയര്‍ക്കീസ് പക്ഷത്തു നേതാക്കന്മാരില്ലാതെ വന്നു. ബാവാ കക്ഷി ഭാഗത്തെ മെത്രാന്മാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതായി. മാര്‍ യൂലിയോസും മറ്റു മെത്രാന്മാരും തമ്മിലുള്ള മത്സരം പാത്രിയര്‍ക്കീസ് കക്ഷിയുടെ ശക്തി ക്ഷയിപ്പിച്ചു തുടങ്ങി. ആ വസ്തുത അവരില്‍ ചിലരെല്ലാം മനസ്സിലാക്കി. മെത്രാന്മാരുടെ ഇടയിലുള്ള അഭിപ്രായവ്യത്യാസമോ, നേതൃസ്ഥാനത്ത് എത്തിയവരെപ്പറ്റിയുള്ള അവിശ്വാസമോ മാറ്റാന്‍ പാത്രിയര്‍ക്കീസിനെ വരുത്തുക മാത്രമാണ് പോംവഴി എന്ന് ചിലര്‍ കൂടിയാലോചിച്ച് തീരുമാനിച്ചു. അന്ന് പാത്രിയര്‍ക്കീസ് ഭാഗത്തെ തീപ്പൊരി പ്രസംഗകനായ മീഖായേല്‍ മെത്രാന്‍, യൂലിയോസ് മെത്രാന്‍, ഔഗേന്‍ മാര്‍ തീമോത്തിയോസ്, പൗലോസ് മാര്‍ അത്താനാസിയോസ്, ക്നാനായക്കാരുടെ മെത്രാന്‍ ദീയസ്കോറോസ് എന്നിവര്‍ 1105 വൃശ്ചികത്തില്‍ (1930) ആലുവാ തൃക്കുന്നത്ത് സെമിനാരിയില്‍ വെച്ച് ഒരു സുന്നഹദോസ് കൂടി എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ടി ഒരു മിനിമം പരിപാടിയെങ്കിലും രൂപവല്‍ക്കരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. യൂലിയോസ് അന്തോഖ്യാ പ്രതിനിധി എന്ന പേരില്‍ ഒരു 'കുട്ടി പാത്രിയര്‍ക്കീസിനെ'പ്പോലെയാണ് പെരുമാറിയത്. അത്താനാസിയോസ് മെത്രാനുപോലും ഇതു സഹിക്കാന്‍ കഴിയാതെയായി. ഔഗേന്‍ മെത്രാന്‍ ആദ്യം മുതലെ യൂലിയോസുമായി ഇണങ്ങിച്ചേര്‍ന്നു പോയിരുന്നില്ല. ദീയസ്കോറോസിന് ഇതൊന്നും ഒരു പ്രശ്നമല്ലായിരുന്നു. മലയാളത്തുകാരായ മെത്രാന്മാര്‍ക്ക് യോജിപ്പില്ലെങ്കിലും അവര്‍ ഗൂഢാലോചന നടത്തി തന്നെ അക്കരകടത്തുവാന്‍ ശ്രമിക്കുമെന്നായിരുന്നു ബുദ്ധിമാനായ യൂലിയോസ് മെത്രാന്‍റെ ഭയം. ഇങ്ങനെയൊക്കെ ആയിരുന്നു കാര്യങ്ങള്‍ എങ്കിലും ഒരു കാര്യത്തില്‍ അവരെല്ലാം യോജിച്ചു. അതായത് പാത്രിയര്‍ക്കീസിനെ ഉടന്‍ വരുത്താന്‍ മൂസലിലേക്ക് കമ്പി സന്ദേശം അയക്കാന്‍.

മലങ്കരയില്‍ നിന്നുള്ള ക്ഷണം കിട്ടിയപ്പോള്‍ ഇനി ഒട്ടും അമാന്തിച്ചുകൂടെന്ന് പാത്രിയര്‍ക്കീസിന് തോന്നി. ഉടനെ പുറപ്പെടുകയും ചെയ്തു. ഏലിയാസ് തൃതീയന്‍, ക്ലീമ്മീസ് എന്നൊരു മെത്രാന്‍, രണ്ടു റമ്പാന്മാര്‍, ഒരു റൈട്ടര്‍ എന്നിവര്‍ 1106 കുംഭം 21-ന് കറാച്ചിയില്‍ എത്തി. ഇന്നു പാക്കിസ്ഥാന്‍റെ ഭാഗമായ കറാച്ചി അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നല്ലോ. കറാച്ചിയില്‍ നിന്ന് പിറ്റേ ദിവസം ന്യൂഡല്‍ഹിയില്‍ എത്തി. രണ്ടു ദിവസം അവിടെ താമസിച്ചശേഷം വൈസ്രോയിയെ കണ്ട് സംഭാഷണം നടത്തി. ഇന്ത്യയില്‍ വൈസ്രോയി കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഉള്ള ഇന്ത്യയുടെ മെത്രാപ്പോലീത്താ വെസ്റ്റ് കോട്ടുമായി ഏലിയാസ് തൃതീയന്‍ സംഭാഷണം നടത്തി. സഭാ സമാധാനം ഉണ്ടാക്കുന്നതിന് ബാവാ വന്നതില്‍ താന്‍ വളരെ സന്തോഷിക്കുന്നു എന്നും സമാധാനം സംബന്ധിച്ച്  ഒരു പരസ്പര ധാരണയില്‍ എത്തണമെന്നും വൈസ്രോയി ഉപദേശിച്ചു. 

വൈസ്രോയി ഇടപെടുന്നു

മലങ്കരസഭയില്‍ സമാധാനം ഉണ്ടാക്കാനുള്ള ശ്രമത്തില്‍ വൈസ്രോയി ഇടപെടുന്നതിന് കാരണമായതിന്‍റെ പശ്ചാത്തലം 1106 മീനം 17 ന് മലയാള മനോരമ 'മലങ്കര സുറിയാനി സഭ' എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ നിന്നും മനസ്സിലാക്കാം:

"ഇര്‍വിന്‍ പ്രഭു കഴിഞ്ഞ ആണ്ടില്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ സമുദായത്തിലെ ഇരുവിഭാഗത്തിലും പെട്ട മേല്‍പ്പട്ടക്കാരുമായി സംസാരിച്ചിരുന്നു. സമുദായത്തിന്‍റെ വിഷമസ്ഥിതി മനസ്സിലാക്കി സമാധാനം സ്ഥാപിക്കാന്‍ തന്നാല്‍ കഴിവുള്ളതെല്ലാം ചെയ്യാന്‍ ഒരുക്കമാണെന്ന് വൈസ്രോയി പ്രസ്താവിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹം പ്രവേശിക്കുന്നത് സമ്മതവും സന്തോഷവുമാണെന്ന് കാതോലിക്കാബാവായും വട്ടശ്ശേരില്‍ തിരുമേനിയും മറ്റും ബ്രിട്ടീഷ് പ്രതിനിധി വഴി അദ്ദേഹത്തെ ധരിപ്പിച്ചു. വൈസ്രോയി ഇറാക്കിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറിലൂടെ പാത്രിയര്‍ക്കീസിന്‍റെ അഭിപ്രായം ആരാഞ്ഞു. വൈസ്രോയിയുടെ താല്പര്യം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും താന്‍ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് പുറപ്പെട്ട് വഴക്കവസാനിപ്പിക്കാന്‍ കഴിയുന്നത്ര ശ്രമിക്കാമെന്നും പാത്രിയര്‍ക്കീസ് മറുപടി കൊടുത്തു. അതിന്‍റെ വെളിച്ചത്തിലാണ് ഏലിയാസ് തൃതീയന്‍ ഇന്ത്യയില്‍ വന്ന് വൈസ്രോയിയെ കണ്ടതും തര്‍ക്കങ്ങള്‍ ഒരു മദ്ധ്യസ്ഥ കോടതിക്ക് വിട്ടുകൊടുക്കുന്നതിന് മുമ്പ് മെത്രാപ്പോലീത്തായുമായി സംസാരിച്ച് വഴക്കുകള്‍ അവസാനിപ്പിക്കാനാണ് ആഗ്രഹം എന്നും വൈസ്രോയിയെ പാത്രിയര്‍ക്കീസ് ധരിപ്പിച്ചു. അങ്ങിനെയാണെങ്കില്‍ തന്നെയും ഇന്ത്യയുടെ മെത്രാപ്പോലീത്താ വെസ്റ്റ് കോട്ടും അപ്പോള്‍ ഇന്ത്യയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബിഷപ്പ് ഗോറും  പാത്രിയര്‍ക്കീസും മദ്രാസില്‍ വെച്ച് കണ്ട് സമാധാനപരമായ ഒരു പദ്ധതി കണ്ടുപിടിക്കാന്‍ നോക്കണമെന്ന് വൈസ്രോയി ഉപദേശിക്കുകയും പാത്രിയര്‍ക്കീസ് അതു സമ്മതിക്കുകയും ചെയ്തു. ഇവരുടെ ആലോചന ഫലവത്താകുന്ന പക്ഷം വട്ടശ്ശേരില്‍ തിരുമേനിയെ മദ്രാസിലേക്ക് ക്ഷണിക്കാമെന്ന് നിശ്ചയിച്ചിരുന്നു. മേല്‍പറഞ്ഞ മൂന്നു പേര്‍ മാര്‍ച്ച് 18, 19 എന്നീ തീയതികളിലായി കൂടിയാലോചിച്ചു എങ്കിലും ഒത്തുതീര്‍പ്പുണ്ടായില്ല. അതിനാല്‍ പാത്രിയര്‍ക്കീസ് തിരുവിതാംകൂറില്‍ എത്തി വേണ്ടപ്പെട്ടവരുമായി ആലോചന തുടരാമെന്നു പറഞ്ഞ് മദ്രാസിലെ ആലോചന അവസാനിപ്പിച്ചു. വൈസ്രോയിയുടെ മദ്ധ്യസ്ഥ ശ്രമം വിഫലമായിപ്പോയതില്‍ എല്ലാവര്‍ക്കും വലിയ വ്യസനം തോന്നി. ഏതായാലും പാത്രിയര്‍ക്കീസ് ആലുവായില്‍ എത്തി എന്നറിഞ്ഞ ഉടനെ വട്ടശ്ശേരില്‍ തിരുമേനി തൃക്കുന്നത്ത് സെമിനാരിയില്‍ ചെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചു. പാത്രിയര്‍ക്കീസുമായി സ്നേഹത്തില്‍ വര്‍ത്തിക്കണമെന്നുള്ള ആഗ്രഹം മാര്‍ ദീവന്നാസിയോസ് പ്രദര്‍ശിച്ചപ്പോള്‍ അതില്‍ ഒരു പടി കടന്ന്  മഹാമനസ്കത പ്രദര്‍ശിപ്പിക്കേണ്ടതാണെന്നുള്ള ബോധം പാത്രിയര്‍ക്കീസിന് ഉണ്ടായി. മെത്രാപ്പോലീത്തായെ കണ്ട ക്ഷണത്തില്‍ യാതൊരു വഴക്കും മുമ്പുണ്ടായിട്ടില്ലെന്നു തോന്നത്തക്കവിധത്തില്‍ സ്വീകരിപ്പാന്‍ ഏലിയാസ് തൃതീയന്‍ തീര്‍ച്ചപ്പെടുത്തി. മര്‍ദ്ദീനില്‍ വെച്ച് തന്നോടു കാണിച്ച സ്നേഹപ്രകടനങ്ങള്‍ക്കും, സല്‍ക്കാരങ്ങള്‍ക്കും നന്ദി പറയുക മാത്രമാണ് തന്‍റെ സന്ദര്‍ശനത്തിന്‍റെ ഉദ്ദേശ്യം എന്ന് മെത്രാപ്പോലീത്താ പറഞ്ഞു. പാത്രിയര്‍ക്കീസ് ബാവായില്‍ നിന്ന് വിചാരിച്ചതിലധികം  സ്നേഹപ്രകടനങ്ങള്‍ ഉണ്ടായി. ബാവാ അവിടെ കൂടിയിരുന്ന ജനങ്ങളോട് ഒരു പ്രഖ്യാപനം നടത്തി. മാര്‍ ദീവന്നാസിയോസുമായി സ്നേഹബന്ധത്തില്‍ കഴിയുവാന്‍ താന്‍ തീരുമാനിച്ചതായി അതില്‍ സൂചിപ്പിച്ചു. ആ കൂടിക്കാഴ്ച സഭാമക്കള്‍ക്ക് ശുഭപ്രതീക്ഷകള്‍ നല്‍കി. 

വളഞ്ഞേ നില്‍പ്പൂ ദൃഢം

1106 മീനം 10 ന് വട്ടശ്ശേരില്‍ തിരുമേനി ആലുവായില്‍ ചെന്ന് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസിനെ കണ്ടു. ഇതിനെക്കുറിച്ച് ഫാ. പാറേട്ട്  (പിന്നീട് മാത്യൂസ് മാര്‍ ഈവാനിയോസ്) തന്‍റെ ഡയറിയില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: "വലിയ മെത്രാച്ചന്‍ ആലുവായില്‍ ചെന്നു പാത്രിയര്‍ക്കീസിനെ കണ്ടു. മാനമായി സ്വീകരിക്കുകയും മെത്രാന്മാര്‍ എല്ലാവരും പരസ്പരം ചുംബിക്കുകയും ചെയ്തതായും സമാധാനം ആയിരിക്കുന്നതായി പാത്രിയര്‍ക്കീസ് പ്രഖ്യാപനം ചെയ്തതായും കമ്പി വന്നിട്ടുണ്ട്. എന്തൊരാശ്വാസം. ദൈവത്തിനു സ്തുതി."

മീനം 11 ലെ ഡയറിക്കുറിപ്പ്: "പഴയസെമിനാരിയില്‍ പോയി. വിവരമെല്ലാം മെത്രാച്ചന്‍ തന്നെ പറഞ്ഞു. മെത്രാച്ചന്മാരെല്ലാവരും  അന്യോന്യം ചുംബിക്കുകയും കൂടിയിരുന്നവര്‍ എല്ലാം മെത്രാച്ചന്‍റെ കൈമുത്തുകയും ചെയ്തു. കാര്യങ്ങള്‍ എല്ലാം സമാധാനമായി തീര്‍ന്നിരിക്കുന്നതായി പാത്രിയര്‍ക്കീസ് പ്രസ്താവിച്ചു."

മേടം 15 ലെ ഡയറിക്കുറിപ്പ്: "കാതോലിക്കായുടെ അധികാരം കുറെ കുറച്ചും മെത്രാന്മാരെ വ്യവസ്ഥയൊന്നും കൂടാതെ സ്വീകരിക്കാമെന്നും പാലാമ്പടം വൈകുന്നേരം വന്നു പറഞ്ഞു. മിക്കവാറും തീര്‍ന്നേക്കുമെന്നു തോന്നുന്നു. തുര്‍ക്കി രാജ്യക്കാരുടെ സമ്പ്രദായമാകകൊണ്ട് നിശ്ചയിക്കാന്‍ പാടില്ല. മെത്രാച്ചന് സുഖക്കേടൊന്നുമില്ല."

മേടം 17 ലെ ഡയറിക്കുറിപ്പ്: "ആലുവാ. ഒന്‍പതു മണി കഴിഞ്ഞ് മെത്രാച്ചന്‍ ചെറിയമഠത്തില്‍ അച്ചനും, യാക്കോബു ശെമ്മാശനും ഞാനും ഒരുമിച്ച് പാത്രിയര്‍ക്കീസിനെ കാണാന്‍ തൃക്കുന്നത്തു സെമിനാരിയില്‍ പോയി. രണ്ടു മണിക്കൂര്‍ സംസാരിച്ചു. മര്‍ദ്ദീനില്‍ വച്ച് മെത്രാച്ചന്‍ ക്ഷമായാചനം ചെയ്തെന്നും അപ്പോള്‍ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചെന്നും അതുപോലെ പ്രാര്‍ത്ഥിച്ചു മറ്റു മെത്രാന്മാരെ എടുക്കാമെന്നും, 'അബ്ദേദം ശീഹൊ' വെറും കിറുക്കനും, ആഭാസനും ആയിരുന്നെന്നും, അദ്ദേഹത്തെ സുന്നഹദോസു കൂടി മുടക്കിയതാണെന്നും മറ്റും പാത്രിയര്‍ക്കീസ് ശക്തിയായി വാദിച്ചു. വലിയ ആശയില്ല."

മലങ്കരസഭയെ അടക്കി ഭരിക്കാന്‍ ഇനി എന്തൊക്കെ നടപടികളാണ് വേണ്ടതെന്നായിരുന്നു പാത്രിയര്‍ക്കീസിന്‍റെ ചിന്ത. അബ്ദല്‍ മശിഹാ  സ്ഥാപിച്ച കാതോലിക്കാ സിംഹാസനത്തെ അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ പാത്രിയര്‍ക്കീസിന് മലങ്കരസഭയില്‍ സ്ഥാനമൊന്നും ഉണ്ടായിരിക്കില്ലെന്നു അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിനെ ആഭാസനായി ചിത്രീകരിച്ച് അദ്ദേഹത്തിന്‍റെ മലങ്കരയിലെ നടപടി വ്യര്‍ത്ഥമെന്ന് കൊട്ടിഘോഷിക്കണമെന്നായിരുന്നു ഏലിയാസ് പാത്രിയര്‍ക്കീസിന്‍റെ പദ്ധതി. അതിനു വേണ്ടി എന്തു തരംതാണ അസത്യം പറയാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിനെ സുന്നഹദോസ് കൂടി മുടക്കിയതാണെന്നു ള്ളതിനു രേഖയുണ്ടെന്നും മറ്റും നിറംപിടിപ്പിച്ച നുണകള്‍ തട്ടിവിട്ടിരുന്നു. അതിനുള്ള രേഖയാണെന്നു പറഞ്ഞ് പാത്രിയര്‍ക്കീസിന്‍റെ അരുമ ശിഷ്യന്‍ യൂലിയോസ് മെത്രാന്‍ സ്വന്തം കൈകൊണ്ട് ഒരു കള്ളരേഖ സൃഷ്ടിച്ചു പഴക്കം കാണിക്കാന്‍ കടലാസില്‍ ചില രാസവിദ്യകളെല്ലാം നടത്തിക്കൊണ്ടു നടന്നിരുന്നതായി അദ്ദേഹത്തിന്‍റെ സെക്രട്ടറിയായിരുന്ന ഡോ. വി. സി. സാമുവല്‍ അച്ചന്‍ എഴുതിയത് അന്യത്ര ചേര്‍ത്തിട്ടുണ്ട്. ആ വക സൂത്രമൊന്നും കോടതിയില്‍ വിലപ്പോയില്ല. 

ആലുവായില്‍ വച്ച് ആദ്യം വട്ടശേരില്‍ തിരുമേനിയെ കണ്ടപ്പോള്‍ സൗഹൃദഭാവത്തില്‍ സംസാരിച്ച പാത്രിയര്‍ക്കീസ് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മട്ടു മാറ്റി. ശീമക്കാരുടെ തനിസ്വഭാവം പുറത്തു കാണിക്കാന്‍ തുടങ്ങി. മര്‍ദ്ദീനില്‍ വെച്ച് വട്ടശ്ശേരില്‍ തിരുമേനി ക്ഷമായാചനം ചെയ്തെന്നും, പാത്രീയര്‍ക്കീസ് തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചെന്നും മറ്റും പറയുന്നത് അവരുടെ തനിനിറമായി കണക്കാക്കിയാല്‍ മതി.

അഴിയാത്ത മുടക്കിനു ശ്രമം

1106 മിഥുനം 16 ന് വട്ടശ്ശേരില്‍ തിരുമേനിയുടെ ജീവിതത്തിലെ മറ്റൊരു അഗ്നിപരീക്ഷയുടെ ദിവസമായിരുന്നു. തലേദിവസം - അതായത് 15 ന്  - തിരുമേനിക്ക് വൈകുന്നേരത്തോടു കൂടി പാത്രിയര്‍ക്കീസ് എഴുതിയ ഒരു കത്ത് കിട്ടി. തമ്മില്‍ കണ്ട് ചില പ്രത്യേക കാര്യങ്ങള്‍ സംസാരിക്കാനുള്ളതിനാല്‍ ഇത്രടം വരണമെന്നായിരുന്നു കത്തിന്‍റെ ചുരുക്കം. അതനുസരിച്ച് 16 ന് കുറുപ്പംപ്പടിയില്‍ എത്തി. പാത്രിയര്‍ക്കീസിന്‍റെ മുറിയില്‍ കയറി ചെന്നപ്പോള്‍ മീഖായേല്‍ മാര്‍ അത്താനാസ്യോസ്, ക്ലീമീസ്, യൂലിയോസ് എന്നീ മേല്പട്ടക്കാരും ഉണ്ടായിരുന്നു. കുശലപ്രശ്നങ്ങള്‍ക്കുശേഷം പാണമ്പടിക്കല്‍ വച്ച് അപ്പോള്‍ പൊതുയോഗം കൂടരുതെന്നു താന്‍ പറഞ്ഞതിനു വിരോധമായി ചെയ്യുന്നതെന്തുകൊണ്ടാണെന്നു പാത്രിയര്‍ക്കീസ് ചോദിച്ചു. "എന്തോ പ്രത്യേക കാര്യങ്ങള്‍ പറയാനുള്ളതു കൊണ്ട് ഇത്രടം വരണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് അതു കേള്‍ക്കാനാണ് ഞാന്‍ വന്നത്. ഇപ്പോള്‍ പറഞ്ഞതു പോലുള്ള സംഗതികളെപ്പറ്റി സംസാരിക്കാനല്ല. മാത്രമല്ല പ്രത്യേക കാര്യങ്ങള്‍ നാം തമ്മില്‍ പറയാനുള്ള സമയത്ത് ഈ മെത്രാന്മാര്‍ ഇവിടെ ഹാജരായിരിക്കുന്നതെന്തിനാണെന്നു മനസ്സിലാകുന്നുമില്ല" എന്നു മാര്‍ ദീവന്നാസ്യോസ് മറുപടി പറഞ്ഞു. 

ആ രംഗത്തെക്കുറിച്ച് പാറേട്ട് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: "മാര്‍ ദീവന്നാസ്യോസിനെ അന്ന് അവിടെ താമസിപ്പിച്ചു വിസ്തരിച്ചു എന്ന് വരുത്തണമെന്നായിരുന്നു ഉദ്ദേശ്യം. ദീവന്നാസ്യോസ് കുറുപ്പംപടിയില്‍ എത്തിയശേഷം ദീയസ്കോറോസ് ഉടന്‍ വന്നു ചേരണമെന്ന് പാത്രിയര്‍ക്കീസ് കോട്ടയത്തേക്ക് കമ്പി അടിച്ചു. കോലഞ്ചേരിയില്‍ നിന്നു മാര്‍ തീമോത്തിയോസിനെ വരുത്തുന്നതിനു എഴുത്തു കൊടുത്തു സൈക്കിളില്‍ ആളയച്ചു. നേതാവായ ചാക്കോത്തരകന്‍ ഓടി എത്തണമെന്ന് അത്താനാസ്യോസും കമ്പി കൊടുത്തു."

സിംഹം കൂട്ടില്‍ അകപ്പെട്ടുകഴിഞ്ഞു എന്നുള്ള വിശ്വാസത്തിലാണ് ഇത്രയും എല്ലാവരും കൂടി ചെയ്തതും. പക്ഷേ അതിബുദ്ധിമാനായ വട്ടശ്ശേരില്‍ തിരുമേനി എല്ലാം ഒരൊറ്റ നോട്ടത്തില്‍ മനസ്സിലാക്കി തന്ത്രപരമായി അതില്‍ നിന്നും രക്ഷപ്പെട്ടു.

ഉച്ചഭക്ഷണാനന്തരം മാര്‍ ദീവന്നാസ്യോസ്, പാത്രിയര്‍ക്കീസിന്‍റെ മുറിയില്‍ ചെന്ന് യാത്ര പറഞ്ഞു. അപ്പോള്‍ പാത്രിയര്‍ക്കീസു ചോദിച്ചു: 

"പാത്രിയര്‍ക്കീസിനെയും ആസ്ഥാനത്തെയും നിഷേധിച്ച് നിങ്ങള്‍ മൊഴി കൊടുത്തതായി പത്രങ്ങളില്‍ കണ്ടു. അതു ശരിയാണോ?"

മെത്രാപ്പോലീത്താ: "പത്രങ്ങള്‍ മലയാളത്തിലുള്ളവ തര്‍ജ്ജമ ചെയ്തു കേള്‍പ്പിച്ചതല്ലേ? ഞാന്‍ പാത്രിയര്‍ക്കീസിനെയും സ്ഥാനത്തെയും നിഷേധിച്ചില്ല."

പിന്നെയും ചില ചോദ്യങ്ങള്‍ ബാവാ ചോദിച്ചു. അതിനെല്ലാം തക്ക മറുപടി കൊടുത്തു പതിവുള്ള ഉപചാരങ്ങളോടു കൂടെ യാത്ര പറഞ്ഞ് മാര്‍ ദീവന്നാസ്യോസും അദ്ദേഹത്തെ അനുഗമിച്ചിരുന്നവരും മടങ്ങിപ്പോന്നു.

കുറുപ്പംപടി യോഗം

സുന്നഹദോസ് കൂടി മുടക്കാന്‍ പദ്ധതിയിട്ട് ഒന്നും നടക്കാതെ വന്നപ്പോള്‍ ഒരു പൊതുയോഗം കൂടി ഉദ്ധിഷ്ട കാര്യം നിറവേറ്റാമെന്ന് പാത്രിയര്‍ക്കീസും പാര്‍ശ്വവര്‍ത്തികളും നിശ്ചയിച്ചു. കുറുപ്പംപടി, അന്ത്യോഖ്യാ ഭക്തര്‍ ധാരാളം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായിരുന്നു. മെത്രാന്‍ കക്ഷി ഭാഗത്തെ ജനങ്ങളുടെ എതിര്‍പ്പൊന്നും കാര്യമായി സ്പര്‍ശിക്കാതെ കാര്യങ്ങള്‍ വിചാരിച്ച സ്ഥാനത്ത് കൊണ്ടുപോയി കെട്ടാമെന്നുള്ള വിശ്വാസത്തിലാണ് കുറുപ്പംപടിയില്‍ വെച്ച് യോഗം കൂടാന്‍ തീരുമാനിച്ചത്. മിഥുനം 22 ന് യോഗം കൂടുന്നതാണെന്നു കാണിച്ച് നോട്ടീസ് അയച്ചു. ആ യോഗം സംബന്ധിച്ചുള്ള വിവരങ്ങള്‍ 1106 മിഥുനം 23 ലെ മലയാള മനോരമയില്‍ നിന്ന് പാറേട്ട് സംഗ്രഹിച്ച് ചേര്‍ത്തിരിക്കുന്നതില്‍ നിന്ന് ഉദ്ധരിക്കുന്നു. മാമ്മന്‍ മാപ്പിളയുടെ തൂലികയുടെ മൂര്‍ച്ച ഇതില്‍ നിന്ന് ഏതാണ്ട് ഗ്രഹിക്കാം:

"മി. സി. ജെ. കുര്യന്‍റെ നിര്യാണാനന്തരം അദ്ദേഹത്തിന്‍റെ ഒരു രോമത്തിന്‍റെ വിലയില്ലാത്ത ചില അല്പപ്രാണികള്‍, പ്രമാണികളായി മി. കുര്യന്‍ ചെയ്തതെല്ലാം അബദ്ധമായിപ്പോയി എന്നും തങ്ങള്‍ എല്ലാം സ്വല്പകാലം കൊണ്ട് ശരിപ്പെടുത്തി കളയുമെന്നും കോട്ടയം പട്ടണത്തിന്‍റെ പരിസര പ്രദേശങ്ങളില്‍ ഇവര്‍ കിടന്നു വമ്പു പറഞ്ഞു വരുന്നതായി എല്ലാവര്‍ക്കും അറിയാവുന്നതാണ്. ..... കുറുപ്പംപടി പള്ളിയില്‍ പ്രവേശിച്ചു യോഗത്തില്‍ സംബന്ധിക്കുന്നതിന് ടിക്കറ്റ് വാങ്ങിയിരിക്കണമെന്നു നടത്തിപ്പുകാരില്‍ ചിലര്‍ പറയുകയുണ്ടായി. ഒ. എം. ചെറിയാന്‍ തനിക്ക് ഒരു ടിക്കറ്റ് തരണമെന്ന് ആവശ്യപ്പെട്ടു. മീഖായേല്‍ മെത്രാന്‍റെ സര്‍ട്ടിഫിക്കറ്റ് കൂടാതെ അദ്ദേഹത്തിന് ടിക്കറ്റു കൊടുക്കുകയില്ലെന്നായിരുന്നു മറുപടി. മാര്‍ ദീവന്നാസ്യോസിന്‍റെ ആസ്ഥാനമായ സെമിനാരി ചാപ്പലില്‍ നിന്നു വരുന്നവര്‍ക്കും മീഖായേല്‍ മെത്രാന്‍റെ സര്‍ട്ടിഫിക്കറ്റു വേണമെന്നു പറയുന്നതിന്‍റെ അപഹാസ്യത ചൂണ്ടിക്കാണിക്കപ്പെട്ടു. കുറെ ശബ്ദവും ബഹളവും ഉണ്ടായി. എങ്കിലും ടിക്കറ്റ് ആര്‍ക്കും കിട്ടിയില്ല.

തെക്കു നിന്നു ചെന്നവരെല്ലാം, പള്ളിയില്‍ നേരത്തെ കേറി. പോലീസ് സഹായം ആവശ്യപ്പെട്ടു. കുറുപ്പംപടി പള്ളിക്കാര്‍ രേഖാ മൂലം ആവശ്യപ്പെട്ടാല്‍ ശ്രമിക്കാമെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു. പാത്രിയര്‍ക്കീസ് നേതാക്കന്മാരോട് ആവശ്യപ്പെട്ട് അവരിലൂടെ കുറുപ്പംപടി പള്ളി പ്രധാനികളെ ക്കൊണ്ട് പോലീസില്‍ അപേക്ഷ കൊടുപ്പിക്കാന്‍ ചിലര്‍ നോക്കി. അത് തങ്ങള്‍ക്കു എന്നത്തേക്കും മാഞ്ഞുപോകാത്ത കളങ്കത്തിന് കാരണമാകും. മലങ്കര സമുദായത്തിലെന്നു മാത്രമല്ല കേരളത്തില്‍ പേരും പെരുമയും ഉള്ള പല മാന്യന്മാരാണ് പള്ളിയില്‍ കൂടിയിരിക്കുന്നത്. ഇന്നത്തേക്കു പള്ളിയും കെട്ടിടങ്ങളും പാത്രിയര്‍ക്കീസിന്‍റെ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ആജ്ഞ അനുസരിച്ച് പോലീസ് എന്തെങ്കിലും ചെയ്യുന്നത് സമ്മതമാണ് എന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞു. ഇഷ്ടമില്ലാത്തവരെ പള്ളിയില്‍ നിന്ന് ഇറക്കിവിട്ടു കഴിഞ്ഞ് പള്ളിയില്‍ ഇറങ്ങാന്‍ കാത്തിരുന്ന പാത്രിയര്‍ക്കീസ് ഒടുവില്‍ ഇറങ്ങിവന്നു. ഒരു 'ഞായറാഴ്ച പ്രസംഗം' നടത്തി. അവിടെ നടന്നത് ഒരു സുന്നഹദോസ് ആണെന്ന് പിന്നീട് വാദം ഉണ്ടാകാതിരിക്കുന്നതിന്, അഭിപ്രായവ്യത്യാസം ഉള്ളതും പ്രകടിപ്പിക്കാന്‍ അവസരം കൊടുക്കണമെന്നു മാത്രം ഒ. എം. ചെറിയാന്‍ പാത്രിയര്‍ക്കീസിനോട് ആവശ്യപ്പെട്ടു. അതിന് അനുവാദമില്ല; താന്‍ പറയുന്നത് കേട്ടു കൊണ്ടാല്‍ മാത്രം മതി എന്ന് പറഞ്ഞ് താന്‍ കേരളത്തില്‍ എത്തിയശേഷം സമാധാനത്തിനു വേണ്ടി വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പാത്രിയര്‍ക്കീസ് പ്രസ്താവിച്ചു. പാത്രിയര്‍ക്കീസ് പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ കൂട്ടമണി അടിച്ചു. അദ്ദേഹം പള്ളിയില്‍ നിന്ന് പോയിട്ടും കൂട്ടമണി കുറെ സമയം തുടര്‍ന്നു.

കൂട്ടമണി അവസാനിച്ചപ്പോള്‍ എം. എ. ചാക്കോ ഒരു പ്രസംഗം പറഞ്ഞു. മഫ്രിയാനയെ വേണമെന്ന് മാര്‍ ദീവന്നാസ്യോസിന് മാത്രമെ അഭിപ്രായമുള്ളു എന്ന് പാത്രിയര്‍ക്കീസ് ധരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. മലങ്കരയിലുള്ള എല്ലാവര്‍ക്കും ആ അഭിപ്രായമാണ് ഉള്ളത് എന്ന് അദ്ദേഹം വ്യക്തമായി പ്രസ്താവിച്ചു. ആരും എതിര് പറഞ്ഞില്ലെന്ന് മാത്രമല്ല ഹസ്തതാഡനാദികളാലും ചിയേഴ്സ് വിളികളാലും ജനങ്ങള്‍ അവരുടെ ആനുകൂല്യം വ്യക്തമാക്കുകയും ചെയ്തു. പിന്നീട് പി. ജേക്കബ് കുര്യന്‍ പ്രസംഗം ആരംഭിച്ചു. അപ്പോള്‍ 'കൂട്ടമണി' പിന്നെയും കിണുങ്ങാന്‍ തുടങ്ങി. പള്ളിയില്‍ ഇരുന്നവര്‍ പുറത്തു കടന്നു മുന്‍ വശത്തുള്ള പുല്‍പ്പുറത്തു കൂടി. ജേക്കബ് കുര്യന്‍റെ ഉശിരന്‍ പ്രസംഗത്തിനു ശേഷം പൂതക്കുഴിയില്‍ അബ്രഹാം കത്തനാരും കെ. സി. മാമ്മന്‍ മാപ്പിളയും സാരവത്തായ പ്രസംഗങ്ങള്‍ ചെയ്തു. അങ്ങനെ കുറുപ്പംപടിയില്‍ വെച്ച് ദീവന്നാസ്യോസിനെ കെട്ടാന്‍ മുതിര്‍ന്നവര്‍ തന്നെ അവരുടെ പാശത്തില്‍ ഉടക്കി കറങ്ങി!

ഏലിയാസ് തൃതീയന്‍ പിന്നീട് പുത്തന്‍കുരിശ്, കുറിഞ്ഞി, മലയില്‍ കുരിശ് തുടങ്ങിയ പള്ളികള്‍ സന്ദര്‍ശിച്ച് 1106 കര്‍ക്കിടകം 6 ന് ആലുവായില്‍ ബാവാ കക്ഷിഭാഗക്കാരുടെ ഒരു യോഗം കൂടി അവര്‍ക്ക് ഒരു കാതോലിക്കോസിനെ വാഴിച്ച് കൊടുക്കണമെന്ന് പാത്രിയര്‍ക്കീസിനോടപേക്ഷിച്ചു. തുര്‍ക്കിയിലെ മജിലിസിന്‍റെ അനുവാദം കൂടാതെ തനിക്കൊന്നും ചെയ്യാന്‍ നിവൃത്തിയില്ലെന്നും പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറി.

അസ്സോസിയേഷന്‍

മരിച്ചുപോയ ട്രസ്റ്റി ചിറക്കടവില്‍ കോരുളയ്ക്കു പകരം ഒരു ട്രസ്റ്റിയെ തെരഞ്ഞെടുത്ത് വട്ടിപ്പണപ്പലിശ വാങ്ങേണ്ടത് അടിയന്തിരാവശ്യമുള്ള ഒരു സംഗതിയായിരുന്നു - സംഖ്യ കിട്ടുന്നതല്ല, ആ കാര്യം ക്രമീകരിക്കുന്നത് - 106 മിഥുനം 26 ന് അസ്സോസിയേഷന്‍ കൂടണമെന്ന് കാണിച്ച് മെത്രാപ്പോലീത്താ അയച്ചിരുന്ന നോട്ടീസ് അനുസരിച്ച് അസ്സോസിയേഷന്‍ കൂടി എറികാട്ട് ഇ. ഐ. ജോസഫിനെ ട്രസ്റ്റി ആയി തെരഞ്ഞെടുത്തു. 

വട്ടിപ്പണത്തിന്‍റെ പലിശ വട്ടശ്ശേരില്‍ തിരുമേനി വാങ്ങുന്നത് തടയാന്‍ പാത്രിയര്‍ക്കീസ് ഭാഗം പല വൈഷമ്യങ്ങളും സൃഷ്ടിച്ചുവെങ്കിലും അതെല്ലാം തട്ടിനീക്കി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും കൂട്ടു ട്രസ്റ്റികളും ചേര്‍ന്ന് വട്ടിപ്പണത്തിന്‍റെ പലിശ വാങ്ങി. മിഥുനം 26 ന് തെരഞ്ഞെടുക്കപ്പെട്ട ഇ. ഐ. ജോസഫ് ഉള്‍പ്പെടെ മൂന്ന് ട്രസ്റ്റികളും ഒപ്പിട്ട രസീതിന്‍പടി പിറ്റെന്നാള്‍ 1912 മുതല്‍ 1930 വരെ പത്തൊന്‍പതു വര്‍ഷത്തെ പലിശ ഏതാണ്ട് 16000 രൂപ മാര്‍ ദീവന്നാസ്യോസിന്‍റെ സെക്രട്ടറി മണലില്‍ യാക്കോബ് ശെമ്മാശന്‍ തിരുവനന്തപുരം ഇമ്പീരിയല്‍ ബാങ്കില്‍ നിന്ന് വാങ്ങി. ഇ. ജെ. പീലിപ്പോസും കൂടെയുണ്ടായിരുന്നു. 

ശീമക്കാരുടെ അറിവില്ലായ്മ

കോടതിയോ നിയമവാഴ്ചയോ ശരിക്കില്ലാത്ത സിറിയാ നാട്ടില്‍ നിന്ന് വരുന്ന പാത്രിയര്‍ക്കീസിനും അനുചരന്മാരായ മെത്രാന്മാര്‍ക്കും ഇന്ത്യയിലെ നിയമങ്ങളും, കോടതിവിധികളും അപരിചിതമായിരുന്നു. തുര്‍ക്കി സുല്‍ത്താന് കോഴ കൊടുത്ത് നിയമങ്ങളും, ചട്ടങ്ങളും വളച്ചൊടിച്ച് കാര്യം കണ്ടിരുന്ന ജനവിഭാഗത്തില്‍പ്പെട്ട പാത്രിയര്‍ക്കീസ് ബാവായ്ക്കും, കൂടെവന്ന ശിങ്കിടികള്‍ക്കും തുര്‍ക്കിയില്‍ അവര്‍ അഭ്യസിച്ചുപോന്ന വേലകള്‍ കേരളമണ്ണിലും പയറ്റിനോക്കാന്‍ തോന്നിയതില്‍ അത്ഭുതപ്പെടാനില്ല. പത്രോസ് പാത്രിയര്‍ക്കീസ് ബാവാ നിയമവാഴ്ചയുടെ ആദ്യാക്ഷരങ്ങള്‍ പോലും തനിക്ക് അറിയില്ലെന്ന് വിളിച്ചുപറയുന്ന പോലെ ഒരു പ്രവൃത്തി ചെയ്തു. സെമിനാരി കേസിലെ വിധി ശരിയല്ലെന്നും അതു മാറ്റണമെന്നും മഹാരാജാവിന് ഒരു കല്പന അയച്ചു! വിദേശ ശ്രേഷ്ഠ മഹാപുരോഹിതന്‍റെ 'വങ്കത്തം' മനസ്സിലാക്കി മഹാരാജാവ് ഈ 'കല്പന' കൈയില്‍ 

കിട്ടിയപ്പോള്‍ എന്താണ് ചെയ്തതെന്ന് ചരിത്രരേഖ ഒന്നും ഇല്ല. അങ്ങിനെ ഒരു കല്പന താന്‍ അയച്ചതായി പത്രോസ് പാത്രിയര്‍ക്കീസ് ബാവാ പുലിക്കോട്ടില്‍ തിരുമേനിക്ക് അയച്ച കത്ത് സമുദായക്കേസിന്‍റെ റിക്കാര്‍ഡുകളില്‍ ഉണ്ട്. അതുപോലെ ഒരു കാച്ച് ഏലിയാസ് ത്രിതീയനും കാച്ചി. പത്രോസ് പാത്രിയര്‍ക്കീസിന്‍റെ ഇളമുറക്കാരനാണ് താനെന്ന് ഏലിയാസും തെളിയിക്കണമല്ലോ! വട്ടിപ്പണത്തിന്‍റെ പലിശ വട്ടശ്ശേരില്‍ തിരുമേനിക്ക് കൊടുത്തത് ശരിയായില്ലെന്ന് കാണിച്ച് ഏലിയാസ് ത്രിതീയന്‍ പൊളിറ്റിക്കല്‍ ഏജന്‍റിനു ഒരു കത്ത് അയച്ചു. പത്രോസ് ത്രിതീയന്‍റെ കത്തു കണ്ട മഹാരാജാവിനെപ്പോലെ, അമ്പരപ്പോ പരിഹാസമോ എന്താണ് സായിപ്പിന്‍റെ മുഖത്ത് ഉണ്ടായതെന്ന് അറിയില്ല. എന്നാലും ബ്രിട്ടീഷുകാരനായതിനാല്‍ മറുപടി അയയ്ക്കാന്‍ സന്മനസു കാട്ടി. നിയമാനുസരണം, കോടതിയുടെ തീര്‍പ്പനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി. മലയില്‍കുരിശ്  തുടങ്ങിയ വടക്കന്‍ പ്രദേശങ്ങളിലെ പര്യടനം മതിയാക്കി തെക്കോട്ടു നീങ്ങിയ ഏലിയാസ് ത്രിതീയന് കന്നി മാസം ഒടുവിലാണ് ചിങ്ങവനത്തു വച്ച് ആ കത്ത് കിട്ടിയത്. അതു കഴിഞ്ഞ് ദീര്‍ഘയാത്രയൊന്നും ചെയ്തില്ല. മഞ്ഞിനിക്കര വച്ച് കുംഭം ഒന്നിന് ഹൃദയസ്തംഭനം മൂലം അദ്ദേഹം കടന്നുപോയി.

ഏലിയാസ് തൃതീയന്‍റെ അന്ത്യം

ഓമല്ലൂര്‍ക്ക് സമീപം മഞ്ഞനിക്കരയില്‍ ഒരു കത്തനാരുടെ വക ചെറിയ പള്ളിയില്‍ വച്ചാണ് ഏലിയാസ് തൃതീയന്‍ 107 കുംഭം 1 -ന് ഹൃദയസ്തംഭനം മൂലം നിര്യാതനായത്. അദ്ദേഹത്തിന്‍റെ കൂടെ വന്നിരുന്ന രണ്ടു റമ്പാന്മാരില്‍ ഒരാള്‍ പിന്നീട് അമേരിക്കയില്‍ മെത്രാനായി പോയ ശാമുവല്‍ അത്താനാസിയോസ് ആയിരുന്നു. ഇദ്ദേഹത്തിനായിരുന്നു ചാവു കടല്‍ ബൈബിള്‍ ചുരുളുകള്‍ ഇടയ ബാലന്മാരില്‍ നിന്നു കിട്ടിയത്. അത് വിറ്റ് അദ്ദേഹം പണക്കാരനായി. ചാവുകടല്‍ ചുരുളുകളെക്കുറിച്ച് അദ്ദേഹം ഇംഗ്ലീഷില്‍ ഒരു ഗ്രന്ഥം എഴുതി പ്രസിദ്ധീകരിച്ചു. അതില്‍ ഏലിയാസ് തൃതീയനുമായി അദ്ദേഹം മലങ്കരയില്‍ വന്നതും പാത്രിയര്‍ക്കീസ് ഹാര്‍ട്ട് അറ്റാക്ക് ആയി മരിച്ച വിവരവും കൊടുത്തിട്ടുണ്ട്. 'അയ്യോ എന്‍റെ ഹൃദയം വേദനിക്കുന്നു' എന്ന് പ്രാണവേദനയോടെ നിലവിളിച്ചാണ് അദ്ദേഹം ചരമമടഞ്ഞതെന്ന് പ്രസ്തുത ഗ്രന്ഥത്തില്‍ സൂചിപ്പിട്ടുണ്ട്. 1958-ലെ സഭാ സമാധാനത്തിനു ശേഷം പൗലൂസ് മാര്‍ പീലക്സീനോസിന്‍റെ കീഴില്‍ (പിന്നീട് ശ്രേഷ്ഠ കാതോലിക്കാ) അന്ത്യോഖ്യന്‍ മൂവ്മെന്‍റ് എന്ന പ്രസ്ഥാനം തുടങ്ങി 'അഖില മലങ്കര യാക്കോബായ സംയുക്ത ഭദ്രാസന മെത്രാപ്പോലീത്താ' എന്ന അതി ദീര്‍ഘമായ പേരില്‍ കലഹത്തിന്‍റെ വിത്തു പാകിയപ്പോള്‍ അന്വേഷിച്ച് റിപ്പോര്‍ട്ടു ചെയ്യാന്‍ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് മേല്‍പറഞ്ഞ സാമുവേല്‍ മാര്‍ അത്താനാസിയോസിനെയാണു കേരളത്തിലേക്ക് അയച്ചത്.

മഞ്ഞനിക്കര വച്ച് ഏലിയാസ് ബാവാ കാലം ചെയ്ത വിവരം അറിഞ്ഞപ്പോള്‍ വട്ടശ്ശേരില്‍ തിരുമേനി ഭൗതികദേഹം സന്ദര്‍ശിക്കാന്‍ മഞ്ഞനിക്കരയ്ക്കു തിരിച്ചു. മലങ്കര മെത്രാപ്പോലീത്താ പാത്രിയര്‍ക്കീസ് ബാവായുടെ മൃതദേഹം സന്ദര്‍ശിക്കാന്‍ വരുന്നു എന്ന വിവരം കിട്ടിയ പാടെ മഞ്ഞനിക്കരയിലെ അന്ത്യോഖ്യന്‍ പാളയത്തില്‍ ആകെ അങ്കലാപ്പായി. അവര്‍ ധരിച്ചത് വട്ടശ്ശേരി തിരുമേനി, ഭൗതികദേഹം കോട്ടയത്തേക്ക് കൊണ്ടുപോകുമെന്നായിരുന്നു. പരേതനായ പാത്രിയര്‍ക്കീസിന്‍റെ സ്ഥാനിക ചിഹ്നങ്ങളായ വിലപിടിച്ച സ്വര്‍ണ്ണ സ്ലീബായും, ഇരട്ടപ്പത്തിയുള്ള മുഴുസ്വര്‍ണ്ണ അംശവടിയും, സ്വര്‍ണ്ണ കാസായും, പീലാസായും പല കുരിശുമാലകളും, രത്നങ്ങള്‍ പതിച്ച മെഡലുകളും മറ്റും വട്ടശ്ശേരില്‍ തിരുമേനി കൈക്കലാക്കുമെന്ന് അവര്‍ ഭയപ്പെട്ടു. മാര്‍ ദീവന്നാസ്യോസ് ആറാമന്‍ ശരിയായിട്ടുള്ള മലങ്കര മെത്രാപ്പോലീത്താ ആണെന്ന് ഹൈക്കോടതിയുടെ അന്തിമ വിധി അനുസരിച്ച് സംശയലേശമെന്യേ തന്‍റെ അധികാരാവകാശങ്ങള്‍ വട്ടശ്ശേരില്‍ തിരുമേനി നടപ്പിലാക്കികൊണ്ടിരിക്കുന്ന സമയമാണ്. വട്ടിപ്പണത്തിന്‍റെ 19 കൊല്ലത്തെ പലിശ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തിരുമേനിയും കോ ട്രസ്റ്റികളും കൂടി വാങ്ങിച്ചു കഴിഞ്ഞു. വട്ടിപ്പണത്തിന്‍റെ പലിശ 'വട്ടശ്ശേരില്‍ വറുഗീസിനെ' കൊണ്ട് തൊടുവിക്കില്ലെന്നായിരുന്നു സി. ജെ. കുര്യന്‍ മീശ പിരിച്ചു ആക്രോശിച്ചിരുന്നത്. അന്ത്യോഖ്യന്‍ കുഞ്ഞാടുകള്‍ ആ വീമ്പിളക്കല്‍ കേട്ട് കൂത്താടി ആശ്വസിച്ചു പോന്നു. എന്നിട്ടും ഇപ്പോളിതാ വട്ടശ്ശേരില്‍ മെത്രാന്‍ 16000 രൂപ ഗവര്‍മെന്‍റില്‍ നിന്നു കെട്ടി വാങ്ങിയിരിക്കുന്നു! 

ബദല്‍ മലങ്കര മെത്രാപ്പോലീത്തായായി പാത്രിയര്‍ക്കീസ് ഭാഗത്തു നിന്നു കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവന്ന പൗലൂസ് മാര്‍ അത്താനാസിയോസിന് വട്ടിപ്പണ പലിശ വട്ടശ്ശേരില്‍ തിരുമേനി വാങ്ങിക്കൊണ്ടു പോകുന്നത് വ്യസനത്തോടെ നോക്കിയിരിക്കേണ്ടി വന്നു. സി. ജെ. കുര്യനും, കോനാട്ടു മാത്തന്‍ മല്പാനും ഇതിനകം മരിച്ചുപോയിരുന്നതിനാല്‍ ഈ കാഴ്ച അവര്‍ക്ക് കാണേണ്ടതായി വന്നില്ല. അവര്‍ ജീവിച്ചിരുന്നു എങ്കില്‍ അതോടെ ഹൃദയം പൊട്ടി മരിച്ചേനെ! സി. ജെ. കുര്യന്‍ ലക്ഷക്കണക്കിന് സ്വന്തം പണം കേസു നടത്താന്‍ ഒഴുക്കികളഞ്ഞത് വട്ടശ്ശേരില്‍ തിരുമേനിയുടെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഇല്ലാതെയാക്കാനായിരുന്നല്ലോ. മലങ്കര സഭയില്‍ സര്‍വ്വാധികാരം മലങ്കര മെത്രാപ്പോലീത്തായ്ക്കാണെന്ന് തിരുവിതാംകൂര്‍ ഗവര്‍മെന്‍റും ബ്രിട്ടീഷ് ഗവര്‍മെന്‍റും സമ്മതിച്ചതിന്‍റെ ലക്ഷണമാണല്ലോ വട്ടിപ്പണപലിശ വാങ്ങാന്‍ അനുവദിച്ചത്. അങ്ങിനെ മലങ്കര സഭയിലെ സര്‍വ്വാധിപതിയായ ദീവന്നാസ്യോസ് തിരുമേനി മഞ്ഞനിക്കര വന്ന് പാത്രിയര്‍ക്കീസിന്‍റെ ഭൗതികദേഹം കോട്ടയം പഴയസെമിനാരിയില്‍ കൊണ്ടുപോയി അടക്കം ചെയ്യണമെന്ന് ആജ്ഞാപിച്ചാല്‍ സര്‍ക്കാരും അത് സമ്മതിച്ചെന്നു വരും. വില പിടിച്ച സ്വര്‍ണ്ണ ഉരുപ്പടികള്‍ മുഴുവന്‍ മല്ലപ്പള്ളി മെത്രാന്‍ കൈവശപ്പെടുത്തി കോട്ടയം പഴയസെമിനാരിയിലെ ബര്‍ഗാസാ മുറിയിലെ ഇരുമ്പു പൂട്ടില്‍ കൊണ്ടു ചെന്ന് വെച്ച് മൂന്ന് പൂട്ടിട്ട് പൂട്ടും! അതിന്‍റെ മൂന്ന് താക്കോലുകളില്‍ രണ്ട് താക്കോലുകള്‍ ഒന്ന് കുരിയനും, മറ്റൊന്ന് കോനാട്ട് മല്പാനും കിട്ടണമെന്ന് പറഞ്ഞായിരുന്നല്ലൊ മലങ്കര മെത്രാപ്പോലീത്തായായി സ്ഥാനമേറ്റ വട്ടശ്ശേരില്‍ തിരുമേനിയുമായി കൊ - ട്രസ്റ്റികള്‍ ആദ്യമേ ഉരസല്‍ തുടങ്ങിയത്. എന്തൊരു ദൈവനടത്തിപ്പാണിത്. കര്‍ത്താവേ? ആ ബര്‍ഗാസാ മുറിയില്‍ (നിക്ഷേപമുറി അഥവാ ടമളല ൃീീാ) അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്‍റെ സ്വര്‍ണ്ണ ശേഖരവും ചെന്നുപെട്ട് വട്ടശ്ശേരില്‍ തിരുമേനി താക്കോലു മൂന്നും തുവ്വാലയില്‍ കെട്ടി ചുമലിലിട്ട് നടക്കുന്ന കാഴ്ച കാണേണ്ടി വരുമോ? പാത്രിയര്‍ക്കീസ് ഭാഗത്തെ പ്രധാനികളുടെ ചിന്ത കാടുകയറി; അവര്‍ നിഴലിനെപ്പോലും ഭയപ്പെടാന്‍ തുടങ്ങി.

മഞ്ഞനിക്കരയിലെ അന്ത്യോഖ്യന്‍ പടയണിയിലെ പരിഭ്രാന്തി മിനിട്ടു തോറും വര്‍ദ്ധിച്ചുവന്നു. വിദേശത്തു നിന്നു വന്ന ക്ലീമീസ് മെത്രാനും, റമ്പാന്മാരും, റൈട്ടരും തലപുകഞ്ഞ് ആലോചിച്ചു. നാടന്‍ മെത്രാന്മാരും ആലോചനയില്‍ പങ്കെടുത്തു. അപ്പോള്‍ അതാ വരുന്നു ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെടുന്ന പോലെ കുന്നംകുളം പനക്കല്‍ മാത്തു. പാത്രിയര്‍ക്കീസ് ബാവായെ കുന്നംകുളത്തേക്ക് ക്ഷണിച്ചുകൊണ്ടു പോകാനാണ് അദ്ദേഹം വന്നത്. ബാവാ കാലം ചെയ്ത വിവരം മഞ്ഞനിക്കര വന്നപ്പോഴാണ് അറിയുന്നത്. അന്ത്യോഖ്യാ പ്രതിനിധിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച സ്ലീബാ മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ കാലം ചെയ്ത് രണ്ടു വര്‍ഷമേ ആയിരുന്നുള്ളു. കുന്നംകുളത്തെ സിംഹാസനപ്പള്ളിയിലെ മാര്‍ ഒസ്താത്തിയോസിന്‍റെ കബറിടം സന്ദര്‍ശിക്കണമെന്ന് ഏലിയാസ് പാത്രിയര്‍ക്കീസിന് ആഗ്രഹമുള്ളതായി അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തെ ക്ഷണിക്കാന്‍ വന്നതാണ് പനക്കല്‍ മാത്തു. 

ആലുവായിലെ പൗലൂസ് മാര്‍ അത്താനാസിയോസിന്‍റെ അതിവാത്സല്യവാനായ സുഹൃത്താണ് പനക്കല്‍ മാത്തു. മാത്തുവിനെപ്പറ്റി അങ്ങേയറ്റത്തെ മതിപ്പാണ് അത്താനാസിയോസിന്. കുന്നംകുളം പട്ടണത്തിന്‍റെ പ്രഥമ തിരഞ്ഞെടുക്കപ്പെട്ട മുനിസിപ്പല്‍ ചെയര്‍മാനായി പിന്നീട് അദ്ദേഹം സേവനം അനുഷ്ഠിച്ചു. തറവാട്ടു മഹിമക്ക് അനുയോജ്യമായ  സത്യസന്ധ തയും, കാര്യപ്രാപ്തിയും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു പനക്കല്‍ മാത്തുവിന്‍റേത്. കാണാന്‍ അതിയോഗ്യന്‍. ഐശ്വര്യമുള്ള ഏതോ കുടുംബത്തിലെ അംഗമാണെന്ന് ഒറ്റ നോട്ടത്തില്‍ ആരും പറയും. കുന്നംകുളത്തെ അതിപ്രശസ്തമായ പനക്കല്‍ കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. മാര്‍ അത്താനാസിയോസ് ഭരിച്ചു വന്ന പെങ്ങാമുക്കിലെ പള്ളിയും അതിനോട് ചേര്‍ന്നു കിടക്കുന്ന വസ്തുക്കളും, മറ്റും മാത്തുവിന്‍റെ പൂര്‍വ്വികന്‍ സഭക്ക് ദാനമായി കൊടുത്തിട്ടുള്ളതായിരുന്നുവെന്ന് അത്താനാസിയോസിന് അറിയാമായിരുന്നു. കഴിഞ്ഞില്ല അന്ത്യോഖ്യായുടെ ശ്രേഷ്ഠ പ്രതിനിധി എന്ന ഭാരിച്ച സ്ഥാനനാമവും പേറി നടന്നിരുന്ന വിദേശിയായ സ്ലീബാ മാര്‍ ഒസ്താത്തിയോസ് മെത്രാന്‍ താമസിക്കുവാന്‍ ഇടംപോലും ഇല്ലാതെ കുന്നംകുളത്ത് ചില ദയാലുക്കള്‍ വാങ്ങിക്കൊടുത്ത പറമ്പില്‍ ഓലപ്പുര വെച്ച് കെട്ടി മറയുണ്ടാക്കി അതിനുള്ളില്‍ കഴിഞ്ഞുവരവെ പനക്കല്‍ മാത്തുവിന്‍റെ പിതാവിന്‍റെ സഹോദരന്‍റെ വീട്ടില്‍ നിന്നാണ് അന്ത്യോഖ്യാ പ്രതിനിധിക്ക് കഴിക്കാനുള്ള ശാപ്പാട് ഒരു വേലക്കാരന്‍ വശം ദിവസവും മൂന്നു നേരം കൊടുത്തയച്ചിരുന്നത്. നാലു വര്‍ഷത്തോളം പനക്കല്‍ മാത്തുവിന്‍റെ പിതാവിന്‍റെ സഹോദര ഭാര്യ തയ്യാറാക്കി കൊടുത്തയച്ച ആഹാരം കഴിച്ചാണ് മാര്‍ ഒസ്താത്തിയോസ് ജീവിച്ചു വന്നത്. മാര്‍ ഒസ്താത്തിയോസ് കബറടങ്ങിയ ആര്‍ത്താറ്റ് സിംഹാസനപ്പള്ളിയില്‍ നിന്ന് അദ്ദേഹത്തിന്‍റെ ജീവചരിത്രം 1971-ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആ ജീവചരിത്രത്തില്‍ ഈ വിവരങ്ങള്‍ കാണാം (പേജ് 68).

കുന്നംകുളം പനക്കല്‍ കുടുംബത്തിന് മലങ്കര സഭയുമായി അഭേദ്യമായ ബന്ധമാണുള്ളത്. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് തിരുമേനി മേല്‍പ്പട്ടം ഏറ്റുവരാന്‍ അന്ത്യോഖ്യായിലെ ആമീദില്‍ (ഡയര്‍ ബക്കര്‍) അയച്ചപ്പോള്‍ അഞ്ഞൂറ് പവന്‍ ആ കാലത്ത് സ്വന്തം പോക്കറ്റില്‍ നിന്ന് എടുത്തു കൊടുത്തതും മാത്തുവിന്‍റെ പൂര്‍വ്വികന്‍ പനക്കല്‍ ഐപ്പൂരു എന്ന ധനികനായ സഭാസ്നേഹിയായിരുന്നു. ഈ ഐപ്പൂരുവിനെ കൊച്ചി രാമവര്‍മ്മ മഹാരാജാവ് ഉടവാള്‍ സമ്മാനിച്ച് ബഹുമാനിച്ചിരുന്നു. ഐപ്പൂരു നിര്യാതനായപ്പോള്‍ ആ ഉടവാള്‍ മൃതദേഹത്തിന് സമീപം വെച്ച് എടുത്ത ഫോട്ടോ കുന്നംകുളത്തെ ചില ഭവനങ്ങളില്‍ ഇപ്പോഴും കാണാം. മേല്‍മീശ വെച്ച് ഒരു തറവാട്ട് കാരണവരുടെ അന്തസ്സും, ആഭിജാത്യവും വഴിഞ്ഞൊഴുകുന്ന മുഖശ്രീയുള്ള ഐപ്പൂരിന്‍റെ ഛായാചിത്രം പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് കോട്ടയം പഴയസെമിനാരിയിലെ കമ്മിട്ടി മാളികയിലെ പടിഞ്ഞാറേ ചുമരില്‍ വെച്ചിരുന്നു. മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ കാലം വരെ ആ ഛായാചിത്രം അവിടെ ഉണ്ടായിരുന്നു. മാത്യൂസ് പ്രഥമന്‍ ബാവാ ചില പരിഷ്ക്കാരങ്ങള്‍ വരുത്തിയതിനെ തുടര്‍ന്ന് ആ പടം അവിടെ നിന്ന് കാണാതായി.

നമുക്ക് മഞ്ഞനിക്കരയിലേക്ക് മടങ്ങാം. പനക്കല്‍ മാത്തുവിനെ കണ്ടപ്പോള്‍ പൗലൂസ് മാര്‍ അത്താനാസിയോസിന് എന്തെന്നില്ലാത്ത ആശ്വാസമായി. അദ്ദേഹം മറ്റുള്ളവരുമായി കൂടി ആലോചിച്ചു. എന്നിട്ട് മാത്തുവിനോടായി പറഞ്ഞു, 'വട്ടശ്ശേരില്‍ തിരുമേനി ഇപ്പോള്‍ വരും. പാത്രിയര്‍ക്കീസിന്‍റെ സ്വര്‍ണ്ണച്ചമയങ്ങള്‍ മുഴുവന്‍ അദ്ദേഹം കൊണ്ടുപോകും. മാത്തു ഒരുപകാരം ചെയ്യണം. ഇതെല്ലാം കുന്നംകുളത്തേക്ക് കൊണ്ടുപോയി നിന്‍റെ 

നിലവറയില്‍ സൂക്ഷിച്ച് വെയ്ക്കണം. സമയമാകുമ്പോള്‍ ഞങ്ങള്‍ വന്ന് 

വാങ്ങിച്ചുകൊള്ളാം. ഒട്ടും താമസിക്കരുത്. വേഗം കുന്നംകുളത്തേക്ക് തിരിച്ചോളൂ.' അവരുടെ എല്ലാം നിര്‍ദ്ദേശപ്രകാരം അനേകം പവന്‍ വരുന്ന സ്വര്‍ണ്ണ ഉരുപ്പടികളും കൊണ്ട് അദ്ദേഹം കുന്നംകുളത്തേക്ക് തിരിച്ചു. ആരും അറിയാതെ അതെല്ലാം കുന്നംകുളം പനക്കല്‍ മാളികയിലെ നിലവറയില്‍ ഭദ്രമായി സൂക്ഷിച്ചു. 

കുന്നംകുളത്തേക്ക് കൊണ്ടുപോകാന്‍ പറഞ്ഞതില്‍ മറ്റൊരു സംഗതികൂടി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അന്ന് കുന്നംകുളം കൊച്ചി രാജ്യത്തില്‍ പെട്ടതായിരുന്നു. തിരുവിതാംകൂറില്‍ വല്ലയിടത്തും ഒളിപ്പിച്ചാല്‍ വട്ടശ്ശേരില്‍ തിരുമേനി സര്‍ച്ച് വാറണ്ട് സമ്പാദിച്ച് അതെല്ലാം കണ്ടെടുത്തെങ്കിലോ എന്ന് ഭയമുണ്ടായിരുന്നു. കൊച്ചിയിലാണെങ്കില്‍ അത്ര എളുപ്പം കണ്ടുപിടിക്കാനാവില്ല. കേസും, സേര്‍ച്ചും വരികയാണെങ്കില്‍ അതെല്ലാം പുഷ്പം പോലെ കൈകാര്യം ചെയ്യാന്‍ ഉള്ള കഴിവ് മാത്തുവിനുണ്ടെന്ന് അത്താനാസിയോസിന് അറിയാമായിരുന്നു.

ഇതില്‍ നിന്ന് വട്ടശ്ശേരില്‍ തിരുമേനിയെ എത്ര ഭയന്നാണ് അന്ത്യോഖ്യന്‍ പ്രഭൃതികള്‍ അന്ന് കഴിഞ്ഞിരുന്നതെന്ന് ഊഹിക്കാം. മറ്റൊരു സത്യം കൂടെ ഇതില്‍ വെളിപ്പെടുന്നുണ്ട്. മഹാനായ വട്ടശ്ശേരില്‍ തിരുമേനിയെ ശരിക്കും മനസ്സിലാക്കാന്‍ പാത്രിയര്‍ക്കീസ് ഭാഗത്തെ നേതൃമാന്യന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ല എന്നുള്ളതാണ്. തിരുമേനിയുടെ വ്യക്തിമാഹാത്മ്യവും, മഹത്വവും മനസ്സിലാക്കാനുള്ള കഴിവ് അവര്‍ക്ക് ഇല്ലാതെപോയി. അപരിഷ്കൃതരും ഇടുങ്ങിയ മനസ്ഥിതിക്കാരുമായ തുര്‍ക്കിയിലെ അറബി ക്രിസ്ത്യാനികളുമായുള്ള നിരന്തര സമ്പര്‍ക്കം മൂലം ദൂരക്കാഴ്ചയും, വിശാല മനസ്ഥിതിയും അന്ത്യോഖ്യാ ഭക്തന്മാര്‍ക്ക് ഇതിനകം നഷ്ടപ്പെട്ടു പോയിരുന്നു. 

മല്ലപ്പള്ളി തിരുമേനി യഥാസമയം മഞ്ഞനിക്കര എത്തി. പാത്രിയര്‍ ക്കീസ് സ്ഥാന മഹിമയെ ഓര്‍ത്തും സഭയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള സാഹചര്യം വര്‍ദ്ധിപ്പിക്കുമെന്നുള്ള വിവരം മനസ്സിലാക്കി അദ്ദേഹത്തെ മലങ്കര സഭയുടെ തലസ്ഥാനമായ കോട്ടയത്തു അടക്കണമെന്ന് അവിടെ കൂടിയിരിക്കുന്നവരോട് ആവശ്യപ്പെട്ടു. അപ്പോള്‍ അവിടെ സ്വാധീനം കൂടുതലുണ്ടായിരുന്നവര്‍ക്ക് അത്ര ദൂരത്തില്‍ കാണാന്‍ കഴിവില്ലാതിരുന്നതിനാല്‍ അവര്‍ വിസ്സമ്മതിച്ചു. "നാം നിര്‍ബന്ധിക്കുന്നില്ല. ശവം വെച്ച് വില പേശാന്‍ നാം ആഗ്രഹിക്കുന്നില്ല" എന്ന് അവിടെ കൂടിയിരിക്കുന്നവര്‍ കേള്‍ക്കെ പറഞ്ഞ് പതിവുള്ള പ്രാര്‍ത്ഥനകളും നടത്തി സഭാഭാസുരന്‍ മടങ്ങിപ്പോന്നു. ഏലിയാസ് പാത്രിയര്‍ക്കീസിന്‍റെ മൃതശരീരം മഞ്ഞനിക്കര കബറടക്കാന്‍ സംഗതിയായി. സഭാ സമാധാനത്തിന്, അതോ സാമ്രാജ്യ സ്ഥാപനത്തിനോ വന്ന ആ അത്യുന്നത മഹാപുരോഹിതന്‍റെ ഭൗതികാവശിഷ്ടം മലങ്കരയുടെ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളാന്‍ ഇടവന്നു. കാതോലിക്കായുടെ ഭരണസീമയില്‍ പാത്രിയര്‍ക്കീസ് കാലം ചെയ്താല്‍ കാതോലിക്കായുടെ ആസ്ഥാനത്തും പാത്രിയര്‍ക്കീസിന്‍റെ ഭരണസീമയില്‍ കാതോലിക്കാ കാലം ചെയ്താല്‍ പാത്രിയര്‍ക്കീസിന്‍റെ ആസ്ഥാനത്തും കബറടക്കപ്പെടണം എന്നാണ് ഹൂദായ കാനോനില്‍. 

പാത്രിയര്‍ക്കീസിന്‍റെ സ്വര്‍ണ്ണ ശേഖരം കുന്നംകുളത്തേക്കു കൊണ്ടു പോയ കാര്യം മുകളില്‍ പറഞ്ഞല്ലോ. അതിനോട് അനുബന്ധിച്ച് പിന്നീടുണ്ടായ ഒരു സംഭവം കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ. സ്വര്‍ണ്ണ ഉരുപ്പടികള്‍ മൂന്നു മാസത്തോളം പനക്കല്‍ മാളികയിലെ നിലവറയില്‍ സുഖ സുഷുപ്തിയില്‍ കഴിഞ്ഞു. പിന്നെ വേണ്ടപ്പെട്ടവര്‍ വന്ന് വാങ്ങിക്കൊണ്ടുപോയി. 

( 'ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ: ചരിത്രവും സംസ്കാരവും', രണ്ടാം പതിപ്പ്, പേജ് 860-865)

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിന്‍റെ കല്പനകള്‍

കൈതളാവില്‍ കെ. എം. ജേക്കബ് കത്തനാര്‍ (1914-1977)