ഏലിയാസ് തൃതീയന്‍റെ ദുരന്തവും, കൊച്ചുതിരുമേനിയുടെ സന്ദര്‍ശനവും | അഡ്വ. പി. സി. മാത്യു പുലിക്കോട്ടില്‍
പുത്തന്‍കാവ് കൊച്ചുതിരുമേനി വാഴിക്കപ്പെട്ട് നാലു മാസം കഴിഞ്ഞപ്പോഴാണ് അന്ത്യോക്യാ പാത്രിയര്‍ക്കീസ് മാര്‍ ഏലിയാസ് തൃതീയന്‍റെ മലങ്കര സന്ദര്‍ശനം. 1106 കുംഭം 21 ന് (1931 മാര്‍ച്ച് മാസം 5) വ്യാഴാഴ്ച; അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന കറാച്ചി തുറമുഖത്ത് പാത്രിയര്‍ക്കീസ് വന്നു ചേര്‍ന്നു. കൂടെ ക്ലീമ്മിസ് എന്നൊരു മെത്രാന്‍, രണ്ടു റമ്പാന്മാര്‍, ഒരു റൈട്ടര്‍, ഒരു അംഗരക്ഷകന്‍ എന്നിവര്‍ ഉണ്ടായിരുന്നു. ന്യൂഡല്‍ഹിയില്‍ ചെന്ന് വൈസ്രോയി ഇര്‍വിന്‍ പ്രഭുവുമായി സഭാസമാധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത ശേഷം പാത്രിയര്‍ക്കീസ് 1106 മേടം 15 ന് (1931 ഏപ്രില്‍ 28) ചൊവ്വാഴ്ച്ച ആലുവയില്‍ എത്തി തൃക്കുന്നത്തു സെമിനാരിയില്‍ താമസിച്ചു. പിന്നീട് വട്ടശ്ശേരില്‍ തിരുമേനിയുമായി സഭാസമാധാനത്തെക്കുറിച്ച് ചര്‍ച്ച നടന്നു. 1931 മാര്‍ച്ച് 20 (1106 മീനം 8) ഏലിയാസ് തൃതീയനും, വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസും തമ്മില്‍ അവിടെ വച്ച് കൂടിക്കാഴ്ച നടത്തി. മാര്‍ച്ച് 27-നു മുടക്കുതീര്‍ത്ത സന്ദേശവും പുറപ്പെടുവിച്ചു.
കാര്യങ്ങള്‍ അങ്ങനെ ഭംഗിയായി നടക്കുന്നു എന്ന് പുറമേക്കു തോന്നിയെങ്കിലും പാത്രിയര്‍ക്കീസ് ഭാഗം വട്ടശ്ശേരില്‍ തിരുമേനിയുടെ അഴിയാത്ത മുടക്കിന് അണിയറയില്‍ പണിയെടുത്തുകൊണ്ടിരുന്നു. മലങ്കരയെ സംബന്ധിച്ചു പാത്രിയര്‍ക്കീസ് എന്തു ചെയ്താലും അത് ഈ ലോകത്തില്‍ അല്ല, പരലോകത്തില്‍ പോലും എന്നും, എന്നേക്കും പ്രാബല്യത്തില്‍ ഇരിക്കും എന്നു ഭാവിച്ചാണ് ദീവന്നാസ്യോസിനെ അബ്ദള്ളാ പാത്രിയര്‍ക്കീസ് മുടക്കുവാനായി ഒരു രേഖ 1086 ഇടവത്തില്‍ പുറപ്പെടുവിച്ചത്. അതെഴുതിയ കടലാസു കീറിയാല്‍ ഉമിക്കരി എടുക്കുന്നതിനു പറ്റിക്കാമെന്നല്ലാതെ മറ്റൊന്നിനും കൊള്ളുകയില്ലെന്നു വന്നു. 1095 ചിങ്ങത്തില്‍ വട്ടിപ്പണക്കേസില്‍ ജി. ശങ്കരപ്പിള്ള എഴുതിയ വിധിയിന്‍മേലുണ്ടായ അപ്പീലില്‍ ആ വിധിയെ വീരരാഘവ അയ്യങ്കാര്‍ 98 മീനത്തില്‍ അസ്ഥിരപ്പെടുത്തി എങ്കിലും, ആ അസ്ഥിരപ്പെടുത്തലിനെതിരെ 1103 കര്‍ക്കിടകത്തില്‍ ചാറ്റ്ഫീല്‍ഡ് ഉള്‍പ്പെട്ട ഫുള്‍ബഞ്ച് തീര്‍ച്ച ചെയ്തു. അതുകഴിഞ്ഞപ്പോഴാണ് പാത്രിയര്‍ക്കീസ് മലങ്കരയുടെ ദൈവം അല്ലെന്ന് ആ സ്ഥാനിക്കും, ഇളക്കിവിട്ടവര്‍ക്കും ബോദ്ധ്യമായത്. അബ്ദള്ളാ കണ്ണുംപൂട്ടി മുടക്കിയത് അബദ്ധമായിപ്പോയി, ഒരു വിചാരണ നടത്തി എന്നു വരുത്തുക എങ്കിലും ചെയ്യേണ്ടതായിരുന്നു എന്ന് ശങ്കരപ്പിള്ളയുടെ വിധി സ്ഥിരപ്പെടുത്തിക്കൊണ്ട് ചാറ്റ്ഫീല്‍ഡ് ഉള്‍പ്പെട്ട ഫുള്‍ബഞ്ച് 1103 കര്‍ക്കിടകത്തില്‍ എഴുതിയ വിധിയുടെ ഫലം ശരിക്ക് അനുഭവത്തില്‍ വന്നപ്പോള്‍ പാത്രിയര്‍ക്കീസ് പക്ഷത്തെ ആധുനിക നേതാക്കന്മാര്‍ക്ക് തോന്നി. സി. ജെ. കുര്യന്‍റെ പിമ്പെ വന്നവരും അദ്ദേഹത്തിന്‍റെ 'ചെരിപ്പിന്‍റെ വാര്‍ കുനിഞ്ഞഴിപ്പാന്‍' യോഗ്യതയില്ലാത്തവരും ആയവര്‍ ഒഴിയാത്ത മുടക്ക് സൃഷ്ടിക്കാന്‍ ഏതോ ഒരു പദ്ധതിയുടെ രൂപരേഖ സൃഷ്ടിച്ചു. അതിന് മദ്രാസിലെ ഒരു അഭിഭാഷകന്‍റെ അനുഗ്രഹാശിസ്സും വാങ്ങി. ആ പദ്ധതിയില്‍ ദീവന്നാസ്യോസിനെ കുറുപ്പംപടി പള്ളിയില്‍ വരുത്തി ഒരു വിചാരണ പ്രഹസനം നടത്തുക എന്നത് ഉള്‍പ്പെട്ടിരുന്നു. ഇതനുസരിച്ചു തമ്മില്‍ കണ്ട് ചില പ്രത്യേക കാര്യങ്ങള്‍ സംസാരിക്കാന്‍ ഉള്ളതിനാല്‍ അടുത്ത ദിവസം ഇത്രടം വരണമെന്ന് ഏലിയാസ് പാത്രിയര്‍ക്കീസ് എഴുതിയ ഒരു കത്ത് 1106 മിഥുനം 15-നു വൈകുന്നേരം മാര്‍ ദീവന്നാസ്യോസിനു കിട്ടി. അദ്ദേഹം അതനുസരിച്ച് 16 ന് കുറുപ്പംപടിയില്‍ എത്തി. പാത്രിയര്‍ക്കീസിന്‍റെ മുറിയില്‍ കയറിച്ചെന്നപ്പോള്‍ മിഖായേല്‍, അത്താനാസ്യോസ്, ക്ലിമ്മിസ്, യൂലിയോസ് എന്നീ മേല്‍പ്പട്ടക്കാരും ഉണ്ടായിരുന്നു" (മ. ന., വാല്യം 4, പേജ് 746-747).
വിസ്തരിച്ചു മുടക്കാനുള്ള ഭാവമാണെന്നു കണ്ടപ്പോള്‍ വട്ടശ്ശേരില്‍ തിരുമേനി അതിന് വഴിപ്പെട്ടില്ല. ഏലിയാസ് തൃതീയന്‍ ക്ഷോഭിച്ച് ഉറക്കെ സംസാരിച്ചപ്പോള്‍ വട്ടശ്ശേരില്‍ തിരുമേനി ശാന്തമായി പാത്രിയര്‍ക്കീസിനോടു പറഞ്ഞു.
"സുഖമില്ലാത്ത ആളാണല്ലൊ. വര്‍ത്തമാനം ദീര്‍ഘിപ്പിച്ചാല്‍ - ഉറക്കെ സംസാരിച്ചാല്‍ - സുഖക്കേട് വര്‍ദ്ധിച്ചേക്കും. അതിനാല്‍ സംസാരം നിര്‍ത്തി വിശ്രമിക്കയാണ് നല്ലത്. എനിക്ക് ഉടന്‍ പോകണം."
മാര്‍ ദീവന്നാസ്യോസിനെ അന്നവിടെ താമസിപ്പിച്ച് വിസ്തരിച്ചു എന്നു വരുത്തണമെന്നായിരുന്നു ലാക്ക്. അതിലേക്ക് ദീവന്നാസ്യോസ് കുറുപ്പംപടിയില്‍ എത്തിയ ശേഷം ദീയസ്കോറോസ് ഉടന്‍ വന്നു ചേരണമെന്ന് പാത്രിയര്‍ക്കീസ് കമ്പിയടിച്ചു. കോലഞ്ചേരിയില്‍ നിന്നു മാര്‍ തീമോത്തിയോസിനെ വരുത്തുന്നതിന് എഴുത്തുകൊടുത്തു സൈക്കിളില്‍ ആളയച്ചു. നേതാവായ ചാക്കോത്തരകന്‍ ഓടി എത്തണമെന്ന് അത്താനാസ്യോസും കമ്പി കൊടുത്തു.
അതുകൊണ്ടൊന്നും യാതൊരു പ്രയോജനവും ഉണ്ടായില്ല. വിസ്തരിക്കാന്‍ വിസമ്മതിച്ച വട്ടശ്ശേരില്‍ തിരുമേനി ഇറങ്ങിപ്പോന്നതിനാല്‍ ആ പരിപാടി പൊട്ടി. ഇത് പാത്രിയര്‍ക്കീസിന് വലിയ ഇച്ഛാഭംഗത്തിന് ഇടയാക്കി. ആരോഗ്യസ്ഥിതിയെക്കൂടി ഈ നിരാശ ബാധിച്ചു. ഓമല്ലൂര്‍ക്ക് സമീപം മഞ്ഞനിക്കരയില്‍ ഒരു വ്യക്തിയുടെ വകയായ ഒരു ചെറിയ പള്ളിയില്‍ വച്ച് 1107 കുംഭം ഒന്നിനു (1932 ഫെബ്രുവരി 13) ശനിയാഴ്ച രാവിലെ ഹൃദയസ്തംഭനം മൂലം പാത്രിയര്‍ക്കീസ് അന്തരിച്ചു. കൂടെ വന്നിരുന്ന രണ്ടു റമ്പാന്മാരില്‍ ഒരാള്‍ പിന്നീട് അമേരിക്കയില്‍ മെത്രാനായി പോയ ശമുവല്‍ അത്താനാസ്യോസായിരുന്നു. ഇദ്ദേഹത്തിനായിരുന്നു പുരാതന ചാവുകടല്‍ ബൈബിള്‍ ചുരുളുകള്‍ ഇടയബാലന്‍മാരില്‍ നിന്നു കിട്ടിയത്. അത് അമേരിക്കയിലേക്ക് കടത്തിക്കൊണ്ടു പോയി വിറ്റ് അദ്ദേഹം പണക്കാരനായി. ചാവുകടല്‍ ബൈബിള്‍ ചുരുളുകളെക്കുറിച്ച് അദ്ദേഹം ഇംഗ്ലീഷില്‍ ഒരു ഗ്രന്ഥവും എഴുതി. അതില്‍ ഏലിയാസ് തൃതീയനുമായി മലങ്കരയില്‍ വന്നതും പാത്രിയര്‍ക്കീസ് ഹാര്‍ട്ടറ്റാക്കായി മരിച്ച വിവരവും കൊടുത്തിട്ടുണ്ട്. "അയ്യോ, എന്‍റെ ഹൃദയം വേദനിക്കുന്നു" എന്ന് പ്രാണവേദനയോടെ നിലവിളിച്ചാണ് ബാവാ ചരമമടഞ്ഞതെന്ന് പ്രസ്തുതഗ്രന്ഥത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 1958 -ലെ സഭാസമാധാനത്തിനു ശേഷം പൗലൂസ് മാര്‍ പീലക്സിനോസിന്‍റെ കീഴില്‍ (പിന്നീട് ശ്രേഷ്ഠ കാതോലിക്കാ) അന്ത്യോക്യന്‍ മൂവ്മെന്‍റ് എന്ന പ്രസ്ഥാനം തുടങ്ങി, 'അഖില മലങ്കര യാക്കോബായ സംയുക്ത ഭദ്രാസന മെത്രാപ്പോലീത്താ' എന്ന ദീര്‍ഘമായ പേരില്‍ കലഹത്തിന്‍റെ വിത്തുപാകിയപ്പോള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് മേല്‍പ്പറഞ്ഞ സാമുവല്‍ മാര്‍ അത്താനാസ്യോസിനെയാണ് കേരളത്തിലേക്ക് അയച്ചത്.
മഞ്ഞനിക്കര വെച്ച് പാത്രിയര്‍ക്കീസ് കാലം ചെയ്ത വിവരം അറിഞ്ഞ ഉടനെ പത്തനംതിട്ടയില്‍ ഉണ്ടായിരുന്ന പുത്തന്‍കാവ് കൊച്ചുതിരുമേനി മറ്റൊന്നും ആലോചിക്കാതെ മഞ്ഞനിക്കര എത്തി. ബദ്ധശത്രുവായിരുന്ന ഒരു സഭാമേലദ്ധ്യക്ഷന്‍റെ മൃതദേഹം സന്ദര്‍ശിക്കാനാണ് താന്‍ പോകുന്നതെന്ന കാര്യം തിരുമേനി തല്‍ക്കാലം മറന്നു. ഓര്‍ത്തഡോക്സ് വിഭാഗത്തെ, തീണ്ടല്‍ ജാതിക്കാരേക്കാളും മ്ലേച്ഛമായി കരുതുന്ന 'ആഢ്യന്‍' മാരുടെ പാളയത്തിലേയ്ക്കാണ് താന്‍ കടന്നു ചെല്ലുന്നതെന്ന കാര്യവും വിസ്മരിച്ചു. ആരുടേയും അനുവാദത്തിനോ, സമ്മതത്തിനോ കാത്തു നില്‍ക്കാതെ യുവാവായ ആ പ്രധാനാചാര്യന്‍ മഞ്ഞനിക്കരയില്‍ എത്തിയപ്പോള്‍ തികച്ചും ശോകപൂര്‍ണ്ണമായ അന്തരീക്ഷമായിരുന്നു അവിടെ. ഇടിവെട്ടേറ്റതുപോലെ പാത്രിയര്‍ക്കീസിന്‍റെ കൂടെ വന്നവര്‍ സ്തംഭിച്ചു നിന്നിരുന്നു. സൂത്രശാലിയായ യൂലിയോസ് മെത്രാന്‍ തലയും താഴ്ത്തി ഇരിപ്പാണ്. എന്താണ് സംഭവിച്ചതെന്നോ, എന്താണിനി ചെയ്യേണ്ടതെന്നോ അറിയാന്‍ പാടില്ലാതെ അവര്‍ തീര്‍ത്തും സംഭ്രമത്തിലായിരുന്നു. അത്താനാസ്യോസ്, മിഖായേല്‍, ദീയസ്കോറോസ്, തീമോത്തിയോസ് എന്നിവര്‍ രംഗത്ത് എത്തിക്കഴിഞ്ഞിട്ടില്ല. വിവരം എല്ലാവരേയും അറിയിച്ചിട്ടുണ്ടെന്ന് ക്ലിമ്മിസ് മെത്രാന്‍ പുത്തന്‍കാവ് മാര്‍ പീലക്സിനോസിനോട് പറഞ്ഞു. പാത്രിയര്‍ക്കീസ് കാലം ചെയ്താല്‍ ചൊല്ലേണ്ട പ്രാര്‍ത്ഥനകളും ചെയ്യേണ്ട ക്രിയകളും നടുക്കം കൊണ്ട് നിര്‍വ്വഹിക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു അവിടെയുള്ളവര്‍. മാര്‍ പീലക്സിനോസ് ഒരു ശ്രേഷ്ഠാചാര്യന്‍ ദിവംഗതനായാല്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളും, പ്രാര്‍ത്ഥനകളും നടത്തി. ഒരു ചെറു പ്രസംഗവും ചെയ്തു. വട്ടശ്ശേരില്‍ തിരുമേനിയെ താന്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കോട്ടയത്തു നിന്നും പുറപ്പെട്ടതായി വിവരം കിട്ടിയിട്ടുണ്ടെന്നും ആബൂന്‍ ഉടനെ തന്നെ വന്നെത്തുമെന്നും കൊച്ചുതിരുമേനി അറിയിച്ചു. ഇത് കേട്ടതോടെ പാത്രിയര്‍ക്കീസ് പക്ഷക്കാരുടെ മനസ്സില്‍ ഒരു വെള്ളിടി വെട്ടി. വട്ടശ്ശേരില്‍ തിരുമേനി വന്നാല്‍ മൃതദേഹം കോട്ടയം പഴയസെമിനാരിയിലേയ്ക്ക് കൊണ്ടുപോയേക്കുമെന്നു അവര്‍ വിശ്വസിച്ചു!
മലങ്കര മെത്രാപ്പോലീത്താ, പാത്രിയര്‍ക്കീസ് ബാവായുടെ മൃതദേഹം സന്ദര്‍ശിക്കാന്‍ വരുന്നു എന്ന് അറിഞ്ഞ ക്ഷണം മഞ്ഞനിക്കരയിലെ അന്ത്യോഖ്യന്‍ പാളയത്തില്‍ ആകെ അങ്കലാപ്പായി. അവര്‍ ധരിച്ചത് വട്ടശ്ശേരില്‍ തിരുമേനി, ഭൗതികദേഹം കോട്ടയത്തേക്ക് കൊണ്ടുപോകുമെന്നായിരുന്നു. പരേതനായ പാത്രിയര്‍ക്കീസിന്‍റെ സ്ഥാനചിഹ്നങ്ങളായ വിലപിടിച്ച സ്വര്‍ണ്ണ സ്ലീബായും, ഇരട്ടപ്പത്തിയുള്ള മുഴുസ്വര്‍ണ്ണ അംശവടിയും, സ്വര്‍ണ്ണ കാസായും, പീലാസായും, പല കുരിശുമാലകളും, രത്നങ്ങള്‍ പതിച്ച മെഡലുകളും മറ്റും വട്ടശ്ശേരില്‍ തിരുമേനി കൈക്കലാക്കുമെന്ന് അവര്‍ ഭയപ്പെട്ടു. മാര്‍ ദീവന്നാസ്യോസ് ആറാമന്‍ ശരിയായിട്ടുള്ള മലങ്കര മെത്രാപ്പോലീത്താ ആണെന്ന് ഹൈക്കോടതിയുടെ അന്തിമവിധി അനുസരിച്ച് തന്‍റെ അധികാരാവകാശങ്ങള്‍ വട്ടശ്ശേരില്‍ തിരുമേനി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സമയമാണ്. വട്ടിപ്പണത്തിന്‍റെ 19 കൊല്ലത്തെ പലിശ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വാങ്ങിയിരുന്നു. വട്ടിപ്പണത്തിന്‍റെ പലിശ (16000 രൂപ) വട്ടശ്ശേരില്‍ വറുഗീസിനെ കൊണ്ട് തൊടുവിക്കില്ലെന്നായിരുന്നു സി. ജെ. കുര്യന്‍ മീശപിരിച്ചു ആക്രോശിച്ചിരുന്നത്. അനുയായികള്‍ അതു വിശ്വസിച്ച് ആശ്വാസം കണ്ടെത്തിയിരുന്നു. വട്ടിപ്പണപ്പലിശ വട്ടശ്ശേരില്‍ തിരുമേനി വാങ്ങിക്കൊണ്ടു പോകുന്നത് അത്താനാസ്യോസ് വ്യസനത്തോടെ നോക്കിക്കണ്ടു. സി. ജെ. കുര്യനും, കോനാട്ട് മാത്തന്‍ മല്പാനും അക്കരയ്ക്കു പോയതിനാല്‍ ഈ കാഴ്ച അവര്‍ക്കു കാണേണ്ടതായി വന്നില്ല. ജീവിച്ചിരുന്നു എങ്കില്‍ അതോടെ ഹൃദയംപൊട്ടി മരിച്ചേനെ! സി. ജെ. കുര്യന്‍ ലക്ഷക്കണക്കിനു രൂപ കേസു നടത്താന്‍ ഒഴുക്കിക്കളഞ്ഞത് വട്ടശ്ശേരില്‍ തിരുമേനിയുടെ മലങ്കര മെത്രാപ്പോലീത്താസ്ഥാനം തട്ടിത്തെറിപ്പിക്കാനായിരുന്നല്ലോ. അങ്ങനെ മലങ്കര സഭയിലെ സര്‍വ്വാധിപതിയായ ദീവന്നാസ്യോസു തിരുമേനി മഞ്ഞനിക്കര വന്ന് പാത്രിയര്‍ക്കീസിന്‍റെ മൃതദേഹം കോട്ടയം പഴയസെമിനാരിയില്‍ കൊണ്ടുപോയി അടക്കം ചെയ്യണമെന്ന് ആജ്ഞാപിച്ചാല്‍ സര്‍ക്കാരും അത് സമ്മതിച്ചെന്നു വരും. വിലപിടിച്ച സ്വര്‍ണ്ണ ഉരുപ്പടികള്‍ മുഴുവന്‍ മല്ലപ്പള്ളി മെത്രാന്‍ കൈവശപ്പെടുത്തി കോട്ടയം പഴയസെമിനാരിയിലെ ബസ്ഗാസാ മുറിയിലെ ഇരുമ്പുപൂട്ടില്‍ കൊണ്ടുചെന്നു വച്ച് മൂന്ന് പൂട്ടിട്ട് പൂട്ടും! അതിന്‍റെ മൂന്നു താക്കോലുകളില്‍ രണ്ടു താക്കോലുകള്‍ ഒന്ന് കുര്യനും, മറ്റൊന്ന് കോനാട്ട് മല്പാനും കിട്ടണമെന്നു പറഞ്ഞായിരുന്നല്ലൊ മലങ്കര മെത്രാപ്പോലീത്തായായി സ്ഥാനമേറ്റ വട്ടശ്ശേരില്‍ തിരുമേനിയുമായി കൊ-ട്രസ്റ്റികള്‍ ആദ്യമേ ഉരസാന്‍ തുടങ്ങിയത്. എന്തൊരു ദൈവനടത്തിപ്പാണിതു കര്‍ത്താവേ? ആ ബര്‍ഗാസാ മുറിയില്‍ അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിന്‍റെ സ്വര്‍ണ്ണശേഖരവും ചെന്നുപെട്ട് വട്ടശ്ശേരില്‍ തിരുമേനി താക്കോലു മൂന്നും തൂവാലയില്‍ കെട്ടി ചുമലിലിട്ട് നടക്കുന്ന കാഴ്ച കാണേണ്ടി വരുമോ ദൈവമേ? പാത്രിയര്‍ക്കീസ് ഭാഗത്തെ പ്രധാനികളുടെ ചിന്ത കാടുകയറി; അവര്‍ നിഴലിനെപ്പോലും ഭയപ്പെടാന്‍ തുടങ്ങി!
മഞ്ഞനിക്കരയിലെ അന്ത്യോഖ്യന്‍ പടയണിയിലെ പരിഭ്രാന്തി മിനിട്ടു തോറും വര്‍ദ്ധിച്ചു വന്നു. വിദേശത്തു നിന്നു വന്ന ക്ലിമ്മിസ് മെത്രാനും, റമ്പാന്മാരും, റൈട്ടറും തലപുകഞ്ഞ് ആലോചിച്ചു. ഇതിനകം നാടന്‍ മെത്രാ ന്മാര്‍ ഓരോരുത്തരായി മഞ്ഞനിക്കര വന്നു തുടങ്ങി.
അവിടെയുണ്ടായിരുന്ന മേല്‍പ്പട്ടക്കാരോടും, വേണ്ടപ്പെട്ടവരോടും അനുശോചനം അറിയിച്ചശേഷം മാര്‍ പീലക്സിനോസ് പത്തനംതിട്ടയിലേക്ക് മടങ്ങി. അതിനു ശേഷമാണ് വട്ടശ്ശേരില്‍ തിരുമേനി എത്തിയത്. മാര്‍ പീലക്സിനോസ് പോയിക്കഴിഞ്ഞശേഷം അവിടെയുണ്ടായിരുന്ന പാത്രിയര്‍ക്കീസ് ഭാഗത്തെ മെത്രാന്മാര്‍ കൂടി ആലോചിക്കുകയും കുന്നംകുളത്തു നിന്നു വന്നു ചേര്‍ന്ന പനയ്ക്കല്‍ മാത്തു വശം പാത്രിയര്‍ക്കീസ് ബാവായുടെ സ്വര്‍ണ്ണച്ചമയങ്ങള്‍ കുന്നംകുളത്തേയ്ക്ക് മാറ്റുകയും ചെയ്തു. പനയ്ക്കല്‍ മാത്തു അവ കൊണ്ടുവന്നു കുന്നംകുളത്തെ അദ്ദേഹത്തിന്‍റെ വസതിയിലെ നിലവറയില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചു (ഞങ്ങളുടെ 'ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ: ചരിത്രവും സംസ്കാരവും' എന്ന ഗ്രന്ഥത്തില്‍ 887-892 പേജുകളില്‍ കൂടുതല്‍ വിവരങ്ങള്‍ കാണാം).
സമയോചിതമായി സംസാരിക്കുന്നതിനും, അവസരോചിതമായി പ്രവര്‍ത്തിക്കുന്നതിനും കൊച്ചുതിരുമേനിക്ക് അസാമാന്യ കഴിവുണ്ടായിരുന്നു. ആ സിദ്ധിവിശേഷമാണ് മറ്റുള്ളവര്‍ കടന്നുചെല്ലുവാന്‍ മടിച്ചു നില്‍ക്കുന്ന രംഗത്തേയ്ക്ക് കടന്നുചെല്ലുവാന്‍ അദ്ദേഹത്തിന് പ്രേരണ നല്‍കുന്നത്. അപകടകരമായ മേഖലകളിലേക്ക് അദ്ദേഹം ചെന്നിട്ടുണ്ട്. പക്ഷേ ഒരു അപകടവും സ്പര്‍ശിച്ചില്ല. അദ്ദേഹത്തിന്‍റെ നയചാതുര്യത്തിനു മുന്‍പില്‍ ഒരു നാവും വിലക്കാന്‍ മുതിരാറില്ല എന്നതാണ് അനുഭവം. മലങ്കരയെ അടിമയാക്കി ഭരിക്കാന്‍ സകല തന്ത്രങ്ങളും പയറ്റി നോക്കി തോറ്റ മഹാചാര്യനായിരുന്നു ഏലിയാസ് തൃതീയന്‍. വട്ടശ്ശേരില്‍ തിരുമേനിയെ കീഴ്പ്പെടുത്താന്‍ പല തന്ത്രങ്ങള്‍ പയറ്റി നോക്കി. ഉപയോഗിച്ച ആയുധത്തിന്‍റെ ചിറി മടങ്ങി പയറ്റ് നിര്‍ത്തിവെക്കുകയാണ് പാത്രിയര്‍ക്കീസ് ചെയ്തത്. നിരാശയുടേയും, ഇച്ഛാഭംഗത്തിന്‍റെയും കയത്തില്‍ മുങ്ങിത്തുടിക്കുമ്പോഴാണ് മരണം ഉണ്ടായതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
ഏലിയാസ് മൂന്നാമന് മലങ്കരസഭയോട് ഒട്ടും സ്നേഹമോ, കാരുണ്യമോ ഇല്ലായിരുന്നു എന്ന് അദ്ദേഹത്തിന്‍റെ കല്പന തെളിയിക്കുന്നുണ്ട്. മലങ്കരയില്‍ രണ്ടാം കാതോലിക്കായെ നിരണത്തു വെച്ച് വാഴിച്ചുവെന്നും, അദ്ദേഹം ഫാദര്‍ പി. റ്റി. ഗീവര്‍ഗീസിനെ പിറ്റെദിവസം നിരണം പള്ളിയില്‍ വെച്ച് മെത്രാനായി വാഴിച്ചുവെന്നും പാത്രിയര്‍ക്കീസ് ഭാഗത്തെ മലങ്കരയിലുള്ള മേല്‍പ്പട്ടക്കാര്‍ ഏലിയാസ് തൃതീയനെ അറിയിച്ചിരുന്നു. മലങ്കരയിലെ മേല്‍പ്പട്ടസ്ഥാനാഭിഷേകങ്ങള്‍ എല്ലാം തന്‍റെ കൈകൊണ്ടു വേണം നടത്താന്‍ എന്നു ശഠിച്ചിരുന്ന പാത്രിയര്‍ക്കീസ് വിവരം അറിഞ്ഞപ്പോള്‍ കോപം കൊണ്ട് കലി തുള്ളുകയായിരുന്നു. പാത്രിയര്‍ക്കീസ് രണ്ടാം കാതോലിക്കാ ബാവായേയും, അദ്ദേഹത്തില്‍ നിന്നു പട്ടമേറ്റ മാര്‍ ഈവാനിയോസിനെയും ശക്തിയായ ഭാഷയില്‍ ശപിച്ചുകൊണ്ട് ഒരു മുടക്കു കല്പന അയച്ചു. ഏലിയാസ് തൃതീയന്‍റെ മനഃസ്ഥിതി ശരിക്കു മനസ്സിലാക്കുവാന്‍ പ്രസ്തുത കല്പന ഒരാവര്‍ത്തി വായിക്കുന്നതു നന്നായിരിക്കും. ഇത്തരം കടുത്ത കല്പന അയച്ച ആള്‍ നിര്യാതനായപ്പോഴാണ് മാര്‍ പീലക്സിനോസ് മൃതദേഹം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയതെന്ന് അറിയുമ്പോള്‍ തിരുമേനിയുടെ ധൈര്യവും, ദീര്‍ഘവീക്ഷണവും, ഹൃദയവിശാലതയും ഏറെക്കുറെ മനസ്സിലാക്കുവാന്‍ കഴിയും.
സര്‍വ്വശക്തനായി സാരാംശസമ്പൂര്‍ണ്ണനായിരിക്കുന്ന ആദ്യന്തമില്ലാത്ത നിത്യന്‍റെ തിരുനാമത്തില്‍ മൂന്നാമത്തെ ഏലിയാസ് ആകുന്ന അന്തോഖ്യയുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്‍റെ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് (മുദ്ര)
നമ്പര്‍ 402
നമ്മുടെ വാത്സല്യവാന്മാരായ ബ. സ്ലീബാ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായ്ക്കും, ബ. പൗലൂസ് അത്താനാസ്യോസ് മെത്രാപ്പോലീത്തായ്ക്കും, ബ. ഗീവറുഗീസ് സേവേറിയോസു മെത്രാപ്പോലീത്തായ്ക്കും, ബ. ഏലിയാസ് യൂലിയോസു മെത്രാപ്പോലീത്തായ്ക്കും കൂടി എഴുതുന്നത്. ദൈവമായ കര്‍ത്താവിന്‍റെ വാഴ്വ് അവരുടെമേലും അവരോടുചേരുന്ന എല്ലാവരുടെ മേലും വസിക്കുമാറാകട്ടെ. അതു ദൈവമാതാവായ മറിയാമിന്‍റെ പ്രാര്‍ ത്ഥനയാല്‍ തന്നെ; അമ്മീന്‍.
നിങ്ങളുടെ സ്നേഹത്തിനു സമാധാനത്തെ നാം പ്രദാനം ചെയ്യുന്നു. ക്രിസ്തബ്ദം 1925 മിഥുനം 21-നു നിങ്ങള്‍ അയച്ച എഴുത്തു നമുക്കു കിട്ടി. മെത്രാപ്പോലീത്താ അല്ലാതിരിക്കുന്ന വാകത്താനത്തുകാരന്‍ ഗീവറുഗീസ് റമ്പാനെ മുടക്കപ്പെട്ടവരും, ശപിക്കപ്പെട്ടവരുമായ അവന്‍റെ ഇഷ്ടന്മാര്‍ കാതോലിക്കാ എന്നു പേര്‍ വിളിച്ചതായും, പരേതനായ നമ്മുടെ മുന്‍ഗാമി അബ്ദള്ളാ പാത്രിയര്‍ക്കീസിനാല്‍ പ്രത്യേകം ശപിക്കപ്പെട്ടിരിക്കുന്ന ഗീവറുഗീസു കശ്ശീശാ എം. എ. യെ അവന്‍റെ ഇഷ്ടന്മാര്‍ എപ്പിസ്കോപ്പാ എന്നു പേര്‍ വിളിച്ചതായും അതില്‍ നിന്നു നമുക്കു മനസ്സിലായി. മുടക്കപ്പെട്ട അബ്ദല്‍ മിശിഹാ ചുവപ്പു വേഷം ധരിപ്പിച്ചിട്ടുള്ള മൂന്നുപേരും വ്യര്‍ത്ഥന്മാരും, മുടക്കപ്പെട്ടവരും ആകുന്നു. എന്തെന്നാല്‍ ഒരുവനു ഏതെങ്കിലും സ്ഥാനം കൊടുപ്പാന്‍ അബ്ദല്‍ മിശിഹിനു നമ്മുടെ വിശുദ്ധസഭയില്‍ റൂഹായ്ക്കടുത്ത അധികാരം അശേഷമില്ല. അവന്‍റെ പ്രവൃത്തികളും കല്പനകളും അസാധുവാകുന്നു. മരിച്ചുപോയ ഒരാളില്‍ നിന്നു യാതൊരു സ്ഥാനവും കൈക്കൊള്ളുവാന്‍ ഒരുവനു നിവൃത്തില്ലാത്തതുപോലെ തന്നെ സിംഹാസനത്തില്‍ നിന്നു തള്ളപ്പെട്ടതിനു ശേഷം പാത്രിയര്‍ക്കാസ്ഥാനത്തില്‍ നിന്നു മരിച്ചവനായി തീര്‍ന്നുപോയ അബ്ദല്‍ മ്ശിഹില്‍ നിന്നു യാതൊരു സ്ഥാനവും പ്രാപിക്കുവാന്‍ നിവൃത്തിയില്ല. മുടക്കപ്പെട്ട ഗീവറുഗീസിനെയും, റൂഹായ്ക്കടുത്ത നല്‍വരത്തില്‍ നിന്നു ഒഴിഞ്ഞിരിക്കുന്ന അബ്ദല്‍ മിശിഹിനേയും അംഗീകരിക്കുന്നവര്‍ സഭയുടെ ഉടലില്‍ നിന്നു വേര്‍പെട്ടു പോയിരിക്കുന്നു എന്നു നാം മുമ്പു പ്രസ്താവിച്ചിട്ടുള്ളതുപോലെ ഇപ്പോഴും പ്രസ്താവിക്കുന്നു. അവര്‍ നമ്മുടെ വിശ്വാസത്തിനു എതിരാളികളാകുന്നു. ഈ വിവരത്തിനു ക്രിസ്തബ്ദം 1924-നു (ചിങ്ങം 12) നാം ഒരു പൊതുകല്പന നിങ്ങള്‍ക്ക് അയച്ചിട്ടുണ്ടല്ലൊ. വ്യര്‍ത്ഥസ്ഥാനം പ്രാപിച്ചവരായ മേല്‍പ്പറഞ്ഞ വാകത്താനത്തുകാരനും, എം. എ. ക്കാരനും യാതൊരു സ്ഥാനവുമില്ല. റൂഹായ്ക്കടുത്ത യാതൊരു വരവും അവര്‍ക്കില്ല എന്നു മാത്രമല്ല, അവര്‍ക്കു നമ്മുടെ സഭയില്‍ ഒരവകാശവുമില്ല. ഈ വിവരം ഇപ്പോള്‍ നിങ്ങള്‍ നല്ലവണ്ണം മനസ്സിലാക്കി എന്നു നാം വിചാരിക്കുന്നു. അനന്തരം നിങ്ങളുടെ സ്നേഹത്തോടു നാം ആജ്ഞാപിക്കുന്നതെന്തെന്നാല്‍ ഗീവറുഗീസും അവരുടെ സഖാക്കളും, അവരോടു ചേര്‍ന്നിരിക്കുന്നവരും പൈശാചികപ്രവൃത്തികളില്‍ പെരുമാറുകയും, അന്ത്യോഖ്യാ സിംഹാസനത്തിനെതിരായി നിന്നു പാത്രിയര്‍ക്കാ സ്ഥാനത്തെ നിന്ദിക്കുകയും, തന്നിഷ്ടപ്രകാരം നടക്കുവാനും മലയാളത്തു കാതോലിക്കാ സ്ഥാനം സ്ഥിരപ്പെടുത്തുവാനും ആഗ്രഹിക്കുകയും ചെയ്യുന്നവരാകുന്നു. മൂശയ്ക്കു വിരോധമായി എഴുന്നേറ്റവരെയും, യോനീസിനെയും, യന്നബാറിസിനെയും ഓര്‍ത്തുകൊള്‍വിന്‍. ശാപത്തിന്‍റെ ഈവക പ്രവൃത്തി ചെയ്യുന്നവരും അപ്രകാരമുള്ളവരാകുന്നു. എന്നേക്കും നിന്നില്‍ നിന്ന് ഒരുവനും ഫലം "ലഭിക്കാതിരിക്കട്ടെ" എന്നു നമ്മുടെ കര്‍ത്താവ് ആ അത്തിവൃക്ഷത്തോടു പറഞ്ഞപ്പോള്‍ അതു ഉണങ്ങിപ്പോയി എന്നുള്ളതും ഓര്‍ത്തുകൊള്‍വിന്‍. ദൈവത്തിന്‍റെ ശക്തിയാല്‍ അങ്ങനെ തന്നെ അവരും ഉണങ്ങിപ്പോകുന്നതാകുന്നു. അവരില്‍ നിന്നു ഫലം ഉണ്ടാകുകയില്ല. അവര്‍ വിശുദ്ധസഭയുടെ മടിയിലേക്ക് മടങ്ങി വരത്തക്കവണ്ണം ദൈവം അനുതാപത്തിന്‍റെ ആത്മാവ് അവര്‍ക്കു കൊടുത്തില്ല. അവരുടെ പാപങ്ങളില്‍ നിങ്ങള്‍ അശുദ്ധപ്പെടാതിരിക്കാനായിട്ടു അവരില്‍ നിന്ന് അകന്നു കൊള്‍വിന്‍. ദുഷ്ടന്‍മാര്‍ക്കു സമാധാനമില്ലെന്നു ദീര്‍ഘദര്‍ശി പറഞ്ഞിരിക്കുന്നതു കൊണ്ടു നിങ്ങള്‍ അവര്‍ക്ക് സമാധാനം കൊടുക്കരുത്. ഇസ്രായേലിന്‍റെ ദൈവം സകല ദോഷങ്ങളില്‍ നിന്നും നിങ്ങളെ കാത്തു സഹായിക്കട്ടെ. വിവരം പൊതുവില്‍ അറിയിക്കണം. അനുസരണമുള്ളവരുടെ മേല്‍കൃപയും വാഴ്വും ഉണ്ടായിരിക്കട്ടെ. അമ്മീന്‍.
കൃസ്താബ്ദം 1925 - ചിങ്ങം 28-ാം തീയതി സിംഹാസന ദയറായില്‍ നിന്നും.
ഈ കല്പന അന്ത്യോഖ്യയുടെ അപ്പസ്തോലിക സിംഹാസനത്തില്‍ വാഴുന്ന മൂന്നാമത്തെ ഏലിയാസു എന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസു ബാവാ അയച്ചു തന്നിട്ടുള്ള കല്പനയുടെ തര്‍ജ്ജമയാകുന്നു.
സ്ലീബാ മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ (ഒപ്പും, മുദ്രയും)
ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ ,,
പൗലൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ ,,
ഗീവറുഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ,,
Comments
Post a Comment