1950 നവംബറിലെ അദ്ധ്യാപകരുടെ പണിമുടക്ക്


5-11-1950. പരുമല. ഇന്നേദിവസം നാം വി. കുര്‍ബ്ബാന അണച്ചു. കുര്‍ബ്ബാനമദ്ധ്യേ ഗവണ്മെന്‍റിന്‍റെ വിദ്യാഭ്യാസ നയത്തെ സംബന്ധിച്ചും സമുദായത്തിന്‍റെ പൊതുതാല്പര്യങ്ങളെ മറന്നു പണത്തിനു വേണ്ടി നിലകൊള്ളുന്ന നമ്മുടെ നന്ദികെട്ട അദ്ധ്യാപകന്മാരെ സംബന്ധിച്ചും പ്രസംഗമദ്ധ്യേ പ്രസ്താവിച്ചു. 

6-11-1950. പരുമല. നിരണം സ്കൂളിലെ അദ്ധ്യാപക കുഴപ്പങ്ങളെ സംബന്ധിച്ച് വികാരി നമ്മുടെ മുമ്പാകെ റിപ്പോര്‍ട്ടു ചെയ്തു. സ്ഥിതിഗതികള്‍ അന്വേഷിച്ചു വേണ്ടതു പ്രവര്‍ത്തിക്കുന്നതിന് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ നാം നിയമിച്ചു. 

7-11-1950. രാവിലെ കാപ്പിമേശയ്ക്കു ശേഷം ചെങ്ങന്നൂര്‍ക്കു പുറപ്പെട്ടു. ബഥേലില്‍ കയറി കൊച്ചുമെത്രാച്ചനെ സന്ദര്‍ശിച്ചു. കൊച്ചുമെത്രാച്ചന് നല്ല സുഖമില്ലെന്നും വിശ്രമാര്‍ത്ഥം അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മെത്രാച്ചന്‍റെ ചികിത്സയ്ക്കു 100 രൂപ കൊടുത്തു. ഉച്ചയോടു കൂടെ തിരുവല്ലയില്‍ എത്തി. എം.ജി.എം. ലെ സ്ഥിതിഗതികള്‍ അന്വേഷിച്ചതില്‍ നമ്മുടെ അച്ചന്മാരുള്‍പ്പെടെ സകലരും സ്ട്രൈക്ക് ചെയ്തു എന്നറിഞ്ഞു. 

8-11-1950. കോട്ടയം. ഇന്നലെ വൈകിട്ട് നാം ഇവിടെയെത്തി. രാവിലെ കാപ്പിമേശയ്ക്കു ശേഷം മാങ്ങാനത്തും മടങ്ങുന്ന വഴി മനോരമ സ്കൂളും സെമിനാരിയും സന്ദര്‍ശിച്ചു. എം.ഡി. യില്‍ ഹെഡ്മാസ്റ്ററുടെ ഉത്സാഹത്തില്‍ സ്കൂള്‍ നടത്തിവരുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു. 

9-11-1950. കോട്ടയം. വിദ്യാഭ്യാസ പ്രശ്നം സംബന്ധിച്ച് ഗവണ്മെന്‍റിന്‍റെ നിലയെ സുധീരം എതിര്‍ക്കുന്നതിനു വേണ്ട പരിപാടികള്‍ ആരാഞ്ഞുകൊണ്ടിരിക്കുന്നു. മാനേജരന്മാരുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന യാതൊരു വ്യവസ്ഥയും കൈകൊള്ളരുതെന്നാണ് പൊതുവെയുള്ള അഭിപ്രായം. 

കത്തോലിക്കാ സഭക്കാര്‍ എന്തു വന്നാലും പിന്മാറുകയില്ലെന്നു കേള്‍ക്കുന്നു. മാര്‍ത്തോമ്മാ സഭയും സി.എസ്.ഐ. ക്കാരും ഒരു തീരുമാനത്തിലും എത്തിച്ചേര്‍ന്നിട്ടില്ല. 

11-11-1950. കോട്ടയം. പള്ളിക്കൂട കാര്യം സംബന്ധിച്ചു ആലോചിക്കുന്നതിനു അദ്ധ്യാപക പണിമുടക്കില്‍ നിന്നും അദ്ധ്യാപകരെ പിന്‍തിരിപ്പിക്കുന്നതിനും മറ്റുമായി നമ്മുടെ കുണ്ടറ ഹെഡ്മാസ്റ്റര്‍ നൈനാനും കോശി കത്തനാരും കൂടെ വന്നിരുന്നു. 

ഉച്ചയ്ക്കുശേഷം സെന്‍റ് ആന്‍സില്‍ വച്ചു നടന്ന ക്രിസ്തീയ മാനേജരന്മാരുടെ മീറ്റിംഗില്‍ മി. പി. എന്‍. നൈനാനെ നാം അയച്ചു. അവിടെ മാനേജരന്മാരുടെ ഒരു അസോസ്യേഷന്‍ ഉണ്ടാക്കുകയും ഒരു പ്രതിനിധി സംഘം മന്ത്രിമാരെ നേരിട്ടു കണ്ട് മാനേജരന്മാരുടെ അവകാശങ്ങളെ പരിരക്ഷിക്കുന്നതിലേക്കു നിവേദനം നടത്തണമെന്നു തീരുമാനിക്കുകയും ചെയ്തു. 

14-11-1950. പരുമല. ജലദോഷം അല്പം ശക്തിയായി നമ്മെ ബാധിച്ചിരിക്കുന്നു. ഏതായാലും നാം ഇന്ന് തേച്ചുകുളി നടത്തി. നിരണത്തെ അച്ചന്മാര്‍ അദ്ധ്യാപക പണിമുടക്കില്‍ നിന്നും പിന്മാറി സ്കൂളില്‍ ഹാജരായെങ്കിലും ക്ലാസുകള്‍ നടന്നില്ല. സ്കൂള്‍ അടച്ചിരിക്കുകയാണ്. 

15-11-1950. പരുമല. കുണ്ടറ സ്കൂള്‍ സംബന്ധിച്ച കാര്യങ്ങള്‍ അറിയിക്കുന്നതിലേക്കായി കറസ്പോണ്ടന്‍റ് കുറിയാക്കോസ് റമ്പാച്ചന്‍ ഇവിടെ എത്തി. സ്ഥിതിഗതികള്‍ ശാന്തമെന്നും ഗവണ്മെന്‍റുമായി ഒരൊത്തുതീര്‍പ്പില്‍ എത്തുന്നതു വരെ പണിമുടക്കണമെന്നില്ലെന്നും അദ്ധ്യാപകര്‍ പഠിപ്പു തുടര്‍ന്നു നടത്തുമെന്നു സമ്മതിച്ചതായി നമ്മെ അറിയിച്ചു. 

13-11-1950. പരുമല. തൃശ്ശിനാപള്ളി സ്കൂള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായി പോകുന്ന വഴി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ഇവിടെ എത്തി. സ്കൂള്‍ കാര്യങ്ങള്‍ സംബന്ധിച്ചു നമ്മുടെ ഉറച്ചനില തികച്ചും ശ്ലാഘനീയമാണെന്നും ഈ പരിതസ്ഥിതിയില്‍ പിന്മാറേണ്ട അത്യാവശ്യം ഇല്ലെന്നും നമ്മെ അറിയിച്ചു. 

14-11-1950. പരുമല. പുതുശ്ശേരി സ്കൂള്‍ സ്ട്രൈക്കു സംബന്ധിച്ച് അന്വേഷിക്കുന്നതിലേക്കു ശെമ്മാശന്‍ പോയി മടങ്ങി എത്തി. ഇന്നു മുതല്‍ അദ്ധ്യയനം നടക്കുമെന്നും തുടര്‍ന്ന് ക്ലാസ്സുകള്‍ നടത്തിക്കൊള്ളാമെന്നും വിവരം തിരുമനസ്സറിയിക്കണമെന്നും വരമ്പത്തു വറുഗീസ് കത്തനാര്‍ ശെമ്മാശനോടു പറഞ്ഞു. ഉച്ചയ്ക്കുശേഷം നാം കുണ്ടറയ്ക്കു പോയി. 

18-11-1950. കുണ്ടറ. കുണ്ടറ സെമിനാരിയിലെ അഞ്ച് അദ്ധ്യാപകര്‍ ഒഴികെ ബാക്കി എല്ലാവരും സ്കൂളില്‍ ഹാജരായി. ക്ലാസു തുടങ്ങി. എന്നാല്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്‍റെ നിശ്ചയപ്രകാരം ജെ. തോമസ് എന്ന അദ്ധ്യാപകന്‍റെ നേതൃത്വത്തില്‍ കുറേപ്പേര്‍ സ്കൂളില്‍ കയറി വിദ്യാര്‍ത്ഥികളെ പണിമുടക്കിനു പ്രേരിപ്പിച്ചു ബഹളം ഉണ്ടാക്കി. വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ നിന്നിറങ്ങി. തുടര്‍ന്ന് ട്രഷറിയില്‍ പണം അടയ്ക്കുന്നതുവരെ ക്ലാസില്‍ കയറുകയില്ലെന്നു തീരുമാനം ചെയ്തു. സ്കൂള്‍ നടത്താന്‍ സാധിക്കുമെങ്കില്‍ നടത്തണമെന്നും നിവൃത്തിയില്ലെങ്കില്‍ അടക്കണമെന്നും നാം ഹെഡ്മാസ്റ്റര്‍ക്കു നിര്‍ദ്ദേശം കൊടുത്തു. 

ഉച്ചയ്ക്കുശേഷം നാം തിരുവനന്തപുരത്തിനു പുറപ്പെട്ടു. യാത്രാമദ്ധ്യേ ചാത്തന്നൂര്‍ മുതലാളിയെ സന്ദര്‍ശിച്ചു. 

19-11-1950. തിരുവനന്തപുരം. തിരുവനന്തപുരം പള്ളിയുടെ കനകജൂബിലി മഹാമഹം പ്രമാണിച്ച് ഇവിടെ എത്തി അവരെ ആശീര്‍വദിക്കണമെന്നുള്ള ഇടവകക്കാരുടെ അത്യഗാധമായ താല്പര്യവും അപേക്ഷയും പരിഗണിച്ചാണ് നാം ഇവിടെ എത്തിയത്. ഇടവകയുടെ അഭിവൃദ്ധിയും ജനങ്ങളുടെ ഭക്തിപ്രകടനങ്ങളും നമ്മെ അതീവ സന്തുഷ്ടനാക്കി. 

നാമും മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായും, ഗീവറുഗീസ് റമ്പാച്ചനും കൂടെ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. കുര്‍ബ്ബാനമദ്ധ്യേ നാം പ്രസംഗിച്ചു. 

ഉച്ചയ്ക്കുശേഷം നാലു മണിക്കു പള്ളി അങ്കണത്തില്‍ കൂടിയ വമ്പിച്ച പൊതുയോഗത്തില്‍ നാം ആദ്ധ്യക്ഷം വഹിച്ചു. മന്ത്രി ജോണ്‍ ഫീലിപ്പോസും തേവോദോസ്യോസ് മെത്രാച്ചനും മാമ്മന്‍ മാപ്പിളയും പ്രസംഗിച്ചു. ചടങ്ങുകള്‍ എല്ലാം വളരെ മംഗളമായിരുന്നു. 

20-11-1950. തിരുവനന്തപുരം. വിദ്യാഭ്യാസ പ്രശ്നം സംബന്ധിച്ച് നമ്മുടെ നില മനസ്സിലാക്കുന്നതിന് വിദ്യാഭ്യാസ മന്ത്രി പനമ്പള്ളിയുടെ നിയോഗാനുസരണം മന്ത്രി ജോണ്‍ ഫീലിപ്പോസ് നമ്മെ സന്ദര്‍ശിച്ചു സുദീര്‍ഘം സംസാരിച്ചു. നിയമന സ്വാതന്ത്ര്യം എങ്കിലും കിട്ടേണ്ടതാണെന്നും കൂടുതല്‍ വിട്ടുവീഴ്ചയ്ക്കു തല്‍ക്കാലം നാം തയ്യാറില്ലെന്നും പറയുകയുണ്ടായി. തദവസരത്തില്‍ നിയമ വിദഗ്ദ്ധന്‍ ഇ. ജെ. ഫീലിപ്പോസും, ഡെപ്യൂട്ടി സെക്രട്ടറി നൈനാനും ഉണ്ടായിരുന്നു. 

ഉച്ചയ്ക്കുശേഷം നാം കുണ്ടറയ്ക്കു പുറപ്പെട്ടു. 

21-11-1950. കൊട്ടാരക്കര. കുണ്ടറ സ്കൂള്‍ കാര്യത്തില്‍ പുറത്തു നിന്നു തൊഴിലാളികളെ കമ്മ്യൂണിസ്റ്റുകാരും, മാര്‍ത്തോമ്മാക്കാരും മറ്റും ഇടപെട്ട് സ്കൂള്‍ നടത്തിപ്പു വിഷമകരമാക്കുമാറ് ബഹളം കൂട്ടുന്നതായി അറിഞ്ഞു. ഈ പരിതസ്ഥിതിയില്‍ സ്കൂള്‍ അടയ്ക്കുന്നതാണ് നന്നെന്നും, പഠിപ്പിക്കാന്‍ സന്നദ്ധരാണെന്ന് അദ്ധ്യാപകരും പഠിക്കാന്‍ സന്നദ്ധരെന്ന് വിദ്യാര്‍ത്ഥികളും പറയുന്നതുവരെ സ്ഥിതിഗതികള്‍ മാറി നിന്നു മനസ്സിലാക്കിക്കൊള്ളാന്‍ നിര്‍ദ്ദേശം കൊടുത്തതിന്‍റെ ശേഷം നാം കൊട്ടാരക്കര കോട്ടപ്പുറം സെമിനാരിയിലേക്കു പോയി. രാവിലെ അവിടെ എത്തി. 

.....

അദ്ധ്യാപക പണിമുടക്കില്‍ ഉള്‍പ്പെട്ടു നിന്നു പ്രവര്‍ത്തിച്ചു വന്ന പത്തിച്ചിറ അലക്സാണ്ടര്‍ കത്തനാര്‍ ആ സംരംഭങ്ങളില്‍ നിന്നും പിന്മാറിയതായും, തിങ്കളാഴ്ച മുതല്‍ പഠിപ്പിച്ചുകൊള്ളാമെന്നും നമുക്കുറപ്പു തന്നു. 

23-11-1950. കോട്ടയം. നമ്മുടെ ഇഷ്ടത്തിനും അഭിപ്രായത്തിനും വിരോധമായി അദ്ധ്യാപക പണിമുടക്കിനു നേതൃത്വം കൊടുത്ത് സമുദായ സ്ഥാപനങ്ങള്‍ നശിപ്പിക്കാന്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചു വന്ന ചന്ദനപ്പള്ളില്‍ മാവേലില്‍ കെ. ദാവീദ് കത്തനാര്‍ നമ്മുടെ മുമ്പാകെ ഹാജരായി ക്ഷമാപണം ചെയ്തു. അയാളുടെ നടപടിയെ സംബന്ധിച്ച് അയാള്‍ക്ക് യഥാര്‍ത്ഥ പശ്ചാത്താപം ഉണ്ട് എങ്കില്‍ നന്നായിരുന്നു.

26-11-1950. കോട്ടയം. സ്കറിയായോടുള്ള അറിയിപ്പിന്‍റെ ഞായറാഴ്ച. ഇന്നേദിവസം നാം വി. കുര്‍ബ്ബാന അര്‍പ്പിച്ചു. കുര്‍ബ്ബാനയ്ക്കു ശേഷം എം.ജി.എം. ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഇവിടെ എത്തി. അദ്ധ്യാപകസമരം മൂലം അദ്ധ്യയനം നടക്കുന്നില്ലെന്നും നാം അവിടെ എത്തിയാല്‍ സംഗതികള്‍ അവസാനിക്കുമെന്നും പറഞ്ഞു. നമ്മെ നിര്‍ബ്ബന്ധിക്കയാല്‍ നാം അദ്ധ്യാപകരെ കാണുന്നതിനായി തിരുവല്ലയ്ക്കു പോകാമെന്നു സമ്മതിച്ചു. 

27-11-1950. കോട്ടയം. രാവിലെ എം.ജി.എം. സ്കൂള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കു തിരുവല്ലായ്ക്കു പോയി. തിരുവല്ല ബഥനി അരമനയില്‍ മാര്‍ തേവോദോസ്യോസ് മെത്രാച്ചന്‍ ഉണ്ടായിരുന്നു. അദ്ധ്യാപകരെ വരുത്തി നാം അവരെ ഗുണദോഷിച്ചു. അദ്ധ്യയനം മുടക്കി വിദ്യാര്‍ത്ഥികളെയും സ്ഥാപനത്തെയും അപകടത്തിലാക്കരുതെന്ന് നാം അവരെ ഉദ്ബോധിപ്പിക്കുക ഉണ്ടായി. ഉച്ചയോടു കൂടെ നാം മടങ്ങിയെത്തി. 

28-11-1950. കോട്ടയം. ഇന്ന് വൈകിട്ടു കൂടിയ എ.റ്റി.എസ്.എ. സംഘടന അദ്ധ്യാപക പണിമുടക്കു പിന്‍വലിച്ചു. വ്യാഴാഴ്ച 30-നു മുതല്‍ അദ്ധ്യയനം തുടര്‍ന്നു നടത്തേണ്ടതാണെന്ന് തീരുമാനിച്ചു. 

തിരുവനന്തപുരത്തു നിന്നും പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം വിദ്യാഭ്യാസ കാര്യങ്ങളെ സംബന്ധിച്ചു സംസാരിക്കാനായി ഇ. ജെ. ഫീലിപ്പോച്ചന്‍ ഇവിടെ എത്തി. യാതൊരു പരിതസ്ഥിതിയിലും പണിമുടക്കുവാന്‍ ഗവണ്മെന്‍റ് നിര്‍ബ്ബന്ധിക്കുന്നത് മൗലികാവകാശ ധ്വംസനമാണെന്നും നാം ഒരിക്കലും അതിനു വഴിപ്പെടുകയില്ലെന്നും വ്യക്തമാക്കി. അന്തരീക്ഷം ശാന്തമാകുന്നതിനു നിയമന സ്വാതന്ത്ര്യം അനുവദിച്ചാല്‍ നാം വിട്ടുവീഴ്ചയോടെ പദ്ധതിക്കനുകൂലിക്കരുതോ എന്നു ഫീലിപ്പോച്ചന്‍ അഭിപ്രായപ്പെട്ടു. സുദീര്‍ഘമായ കൂടിയാലോചനകള്‍ക്കു ശേഷം ഇന്നത്തെ ആലോചനകള്‍ അവസാനിച്ചു. 

29-11-1950. കോട്ടയം. അദ്ധ്യാപകര്‍ പണിമുടക്കു പിന്‍വലിച്ചതുകൊണ്ടു ഇനിയും അദ്ധ്യാപകരെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗ്ഗം ആരാഞ്ഞു ഗവണ്മെന്‍റ് പദ്ധതിയോടു വിയോജിച്ചു നിക്കാന്‍ സാധിക്കുമോ എന്നുള്ള വിഷയം ചര്‍ച്ചാ വിഷയമായി. 

നമ്മുടെ മാനേജുമെന്‍റിലുള്ള സകല സ്കൂളുകളിലെയും ഫീസ് പിരിവ് കേന്ദ്രീകരിച്ചു ഒരു നല്ല ശമ്പളരീതി നടപ്പാക്കാന്‍ സാധിക്കുമോ എന്നുള്ളതിനെപ്പറ്റി ആലോചിക്കുകയും അതു സംബന്ധിച്ചു സ്ഥിതിവിവര കണക്കുകള്‍ ഉടനെ തന്നെ തയ്യാറാക്കാന്‍ നാം നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 

എം.ഡി. സ്കൂളിലെ ഏതാനും ചില അദ്ധ്യാപകര്‍ നമ്മുടെ മുമ്പാകെ എത്തി അവരുടെ നടപടിയില്‍ ഖേദം പ്രകടിപ്പിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. അവരെ സ്കൂളില്‍ പ്രവേശിപ്പിച്ചുകൊള്ളാന്‍ അനുവദിച്ചു നാം ഹെഡ്മാസ്റ്റര്‍ക്കു കല്പന കൊടുത്തു. 

7-12-1950. മാക്കാംകുന്ന്. കൊച്ചുമെത്രാച്ചന്‍റെ അവധിയെ സംബന്ധിച്ചും ഇടവകയുടെ ഭരണത്തെ സംബന്ധിച്ചും ആലോചിക്കുന്നതിനായി നമ്മുടെ ക്ഷണം അനുസരിച്ച് തുമ്പമണ്‍ ഭദ്രാസനത്തിലെ പട്ടക്കാരുടെ യോഗം ഇന്നു കൂടി. തുമ്പമണ്‍ ഭദ്രാസനത്തിന്‍റെ ഭരണം നാം തന്നെ നടത്തണമെന്നു തീരുമാനിച്ചു. 

ചന്ദനപ്പള്ളി ഇടവകയില്‍പെട്ട മാവേലില്‍ ദാവീദു കത്തനാര്‍ അദ്ധ്യാപക പണിമുടക്കില്‍ ഉള്‍പ്പെട്ടു പ്രവര്‍ത്തിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും എ.റ്റി.എസ്.എ. യിലെ അയാളുടെ അംഗത്വം നിരുപാധികം പിന്‍വലിച്ച് പരസ്യമായി ക്ഷമാപണം ചെയ്യാതെ തുമ്പമണ്‍ ഭദ്രാസനത്തിലെ ഒരു വൈദികനും അയാളുമായി സഹകരിക്കുകയില്ലെന്നും, സണ്ടേസ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഉടന്‍ വിരമിപ്പിക്കണമെന്നും പകരം ഓതറ മാത്യൂസ് കത്തനാരെ (പിന്നീട് പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് രണ്ടാമന്‍ കാതോലിക്കാ. - എഡിറ്റര്‍) നിയമിക്കണമെന്നും യോഗം പാസ്സാക്കി. തുമ്പമണ്‍ ഭദ്രാസനത്തിലെ എല്ലാ പട്ടക്കാരും ഹാജരുണ്ടായിരുന്നു. 

(പ. ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കായുടെ ഡയറിയില്‍ നിന്നും. സമ്പാദകന്‍ - ജോയ്സ് തോട്ടയ്ക്കാട്)

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിന്‍റെ കല്പനകള്‍

കൈതളാവില്‍ കെ. എം. ജേക്കബ് കത്തനാര്‍ (1914-1977)