തേനുങ്കല്‍ ഫാ. ഗീവറുഗീസ് മല്പാന്‍
മലങ്കരസഭയുടെ പ്രഥമ കാതോലിക്കാ മുറിമറ്റത്തില്‍ ബസ്സേലിയോസ് പൗലൂസ് പ്രഥമന്‍ ബാവായുടെ ശിഷ്യഗണങ്ങളില്‍ പ്രഥമഗണനീയനായിരുന്നു. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി വികാരിയും ഇടവകാംഗവുമായിരുന്ന തേനുങ്കല്‍ യൗസേഫ് കത്തനാരുടേയും കോലഞ്ചേരി ഇടവകയില്‍ ഞാറ്റുതൊട്ടിയില്‍ വര്‍ക്കിയുടെ മകള്‍ മറിയത്തിന്‍റെയും അഞ്ചാമത്തെ പുത്രനായി 1886 കുംഭം 20-നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സുറിയാനി പഠനത്തിനു 9-ാം വയസ്സില്‍ 1895-ല്‍ ഗീവറുഗീസിനെ ഭദ്രാസന മെത്രാപ്പോലീത്താ മുറിമറ്റത്തില്‍ പൗലോസ് മാര്‍ ഈവാനിയോസിന്‍റെ സന്നിധിയിലാക്കി. തുടര്‍ന്നുള്ള പത്തുപന്ത്രണ്ടു വര്‍ഷത്തോളം തിരുമേനിയെ ശുശ്രൂഷിച്ചുകൊണ്ട് വൈദികപഠനവും ആചാരാനുഷ്ഠാനങ്ങളില്‍ പ്രാവീണ്യവും സമ്പാദിച്ചു. തിരുമേനിയുടെ കൂടെയുള്ള ജീവിതം ഗീവറുഗീസിന്‍റെ ഭാവിരൂപീകരണത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തുകയുണ്ടായി. 1899 സെപ്റ്റംബര്‍ 1-നു ഞായറാഴ്ച കൂത്താട്ടുകുളം പള്ളിയില്‍ വച്ച് മാര്‍ ഈവാനിയോസില്‍ നിന്നും കോറൂയോ പട്ടം സ്വീകരിച്ചു. പലരും ശെമ്മാശന്മാരായി കൂടെ പഠിക്കുന്നുണ്ടെങ്കിലും യാത്രയില്‍ തിരുമേനി കൂടെ കൂട്ടിയിരുന്നത് തേനുങ്കല്‍...