തേനുങ്കല്‍ ഫാ. ഗീവറുഗീസ് മല്പാന്‍

മലങ്കരസഭയുടെ പ്രഥമ കാതോലിക്കാ മുറിമറ്റത്തില്‍ ബസ്സേലിയോസ് പൗലൂസ് പ്രഥമന്‍ ബാവായുടെ ശിഷ്യഗണങ്ങളില്‍ പ്രഥമഗണനീയനായിരുന്നു. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി വികാരിയും ഇടവകാംഗവുമായിരുന്ന തേനുങ്കല്‍ യൗസേഫ് കത്തനാരുടേയും കോലഞ്ചേരി ഇടവകയില്‍ ഞാറ്റുതൊട്ടിയില്‍ വര്‍ക്കിയുടെ മകള്‍ മറിയത്തിന്‍റെയും അഞ്ചാമത്തെ പുത്രനായി 1886 കുംഭം 20-നു ജനിച്ചു. 

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സുറിയാനി പഠനത്തിനു 9-ാം വയസ്സില്‍ 1895-ല്‍ ഗീവറുഗീസിനെ ഭദ്രാസന മെത്രാപ്പോലീത്താ മുറിമറ്റത്തില്‍ പൗലോസ് മാര്‍ ഈവാനിയോസിന്‍റെ സന്നിധിയിലാക്കി. തുടര്‍ന്നുള്ള പത്തുപന്ത്രണ്ടു വര്‍ഷത്തോളം തിരുമേനിയെ ശുശ്രൂഷിച്ചുകൊണ്ട് വൈദികപഠനവും ആചാരാനുഷ്ഠാനങ്ങളില്‍ പ്രാവീണ്യവും സമ്പാദിച്ചു. തിരുമേനിയുടെ കൂടെയുള്ള ജീവിതം ഗീവറുഗീസിന്‍റെ ഭാവിരൂപീകരണത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തുകയുണ്ടായി. 1899 സെപ്റ്റംബര്‍ 1-നു ഞായറാഴ്ച കൂത്താട്ടുകുളം പള്ളിയില്‍ വച്ച് മാര്‍ ഈവാനിയോസില്‍ നിന്നും കോറൂയോ പട്ടം സ്വീകരിച്ചു.

പലരും ശെമ്മാശന്മാരായി കൂടെ പഠിക്കുന്നുണ്ടെങ്കിലും യാത്രയില്‍ തിരുമേനി കൂടെ കൂട്ടിയിരുന്നത് തേനുങ്കല്‍ ഗീവറുഗീസ് ശെമ്മാശനെ ആയിരുന്നു. അങ്ങിനെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ കടവില്‍ പൗലൂസ് മാര്‍ അത്താനാസിയോസ്, പുന്നൂസ് റമ്പാന്‍ (പിന്നീട് പ. ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍) മുതലായവരെ പരിചയപ്പെടുവാന്‍ സാധിച്ചു. 

1902-ല്‍ പരുമല തിരുമേനി കാലം ചെയ്തപ്പോള്‍ അദ്ദേഹത്തിന്‍റെ സ്വന്തം ഇടവക പള്ളിയായ മുളന്തുരുത്തി മാര്‍തോമ്മന്‍ പള്ളിക്കാര്‍ ഒരു മത്സര പരീക്ഷ നടത്തി. തേനുങ്കല്‍ ശെമ്മാശന്‍റെ ബുദ്ധിസാമര്‍ത്ഥ്യവും പഠനതൃഷ്ണയും ബോദ്ധ്യപ്പെട്ട ഗുരുനാഥന്‍ പരീക്ഷയ്ക്കു തയാറെടുക്കുന്നതിനു കോട്ടയത്തു കൊണ്ടുപോയി പ്രമുഖ വേദശാസ്ത്ര പണ്ഡിതനായിരുന്ന വട്ടശ്ശേരില്‍ ഗീവറുഗീസ് മല്പാന്‍ (പിന്നീട് പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ്) അടുത്താക്കി. 1904-ലെ അഖില മലങ്കരാടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷയില്‍ ജയിച്ച് 50 രൂപ വിലയുള്ള സ്വര്‍ണ്ണമെഡലിനു അര്‍ഹനായി. 

1904-ല്‍ കുന്നത്ത് ഏലിശുബയെ വിവാഹം കഴിച്ചു. 1905 ജനുവരി 14-നു കത്തനാരുപട്ടം ഏറ്റു കോലഞ്ചേരിയില്‍ തന്നെ പള്ളിഭരണം ഏറ്റു. 1908-ല്‍ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് പള്ളിയിലേക്കു താമസം മാറ്റി. അതോടുകൂടി സുറിയാനി പഠിപ്പിക്കാനും തുടങ്ങി. 

കോലഞ്ചേരി പള്ളിഭരണം, ശെമ്മാശന്മാരുടെ വൈദികപഠനം എന്നീ ജോലികള്‍ക്കു പുറമെ കോലഞ്ചേരിയുടെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനുവേണ്ടിയും തേനുങ്കല്‍ ഗീവറുഗീസ് മല്പാന്‍ പ്രവര്‍ത്തിച്ചു. കോലഞ്ചേരി ഇടവകയില്‍ ഒമ്പത് എല്‍.പി. സ്കൂളുകള്‍ ആരംഭിച്ചു. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് മിഡില്‍ സ്കൂളും ഹൈസ്കൂളും ആരംഭിച്ചത് തേനുങ്കല്‍ മല്പാനാണ്. സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ അഭംഗുരം പാലിക്കുന്നതിനും പാലിപ്പിക്കുന്നതിനും നിര്‍ബന്ധമുള്ള ആളായിരുന്നു. നവീകരണക്കാരുടെ പ്രസംഗങ്ങള്‍ക്കെതിരെ ആളുകളെ ബോധവാന്മാരാക്കുകയും വിശ്വാസത്തില്‍ ഉറപ്പിക്കുകയും ചെയ്തു. കോലഞ്ചേരിയിലും സമീപ ഇടവകകളിലും സണ്ടേസ്കൂള്‍ തുടങ്ങുകയും സുവിശേഷ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. 

പള്ളി ആരാധനക്രമങ്ങള്‍ സുറിയാനിയില്‍ മാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന ആ കാലത്ത് മലയാള പരിഭാഷയുടെ ആവശ്യം മുന്‍കൂട്ടി കാണുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു. കൂദാശക്രമങ്ങളും വൈദികരുടെ ശവസംസ്കാര ശുശ്രൂഷയും (കന്തീല) കൊഹനൈത്ത) മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. ഐക്കരനാട്ടു വില്ലേജ് യൂണിയന്‍ പ്രസിഡന്‍റായിരുന്നു. 1912-ല്‍ ആരംഭിച്ച കക്ഷിവഴക്കില്‍ വളരെ വ്യക്തമായ ധാരണ ഉണ്ടായിരുന്നെങ്കിലും അതു മൂലം പള്ളിയില്‍ ഒരു വഴക്കുണ്ടാകാതിരിക്കാന്‍ ശ്രമിച്ചിരുന്നു. 

1961 ജൂണ്‍ 30-ന് 75-ാം വയസ്സില്‍ അന്തരിച്ചു. കോലഞ്ചേരി പള്ളി സെമിത്തേരിയില്‍ കബറടക്കി.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)