നിരണം പള്ളി കൂദാശ (1912)

 30-ന് കഥാനായകന്‍ വാകത്താനത്തു പള്ളിയില്‍ നിന്നും മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പന അനുസരിച്ചും നിരണത്തു പള്ളിക്കാരുടെ അപേക്ഷ അനുസരിച്ചും ടി. പള്ളി കൂദാശയില്‍ സംബന്ധിപ്പാന്‍ അവിടേക്ക് പുറപ്പെട്ട് കുറിച്ചി പള്ളിക്കടവിലെത്തിയപ്പോള്‍ ടി. മെത്രാപ്പോലീത്തായുടെ വള്ളവും അവിടെ എത്തിയിരുന്നതിനാല്‍ ഒരുമിച്ച് പുറപ്പെട്ട് 31-ന് ഉച്ചയ്ക്കു മുമ്പ് പരുമല എത്തുകയും ചെയ്തു.

കുംഭം 1-ന് പരുമല നിന്നും മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ, അല്‍വാറീസ് മെത്രാപ്പോലീത്താ, പുന്നൂസ് റമ്പാന്‍, പാമ്പാടി കുറിയാക്കോസ് റമ്പാന്‍ എന്നിവരോടൊരുമിച്ച് കഥാനായകന്‍ നിരണത്തേക്ക് അവരുടെ എതിരേല്പോടു കൂടെ പോയി. യാത്ര ഒരു വലിയ ഘോഷയാത്രയായിരുന്നു. തിരുമേനികള്‍ കുതിരകള്‍ കെട്ടിയ ഒരു വണ്ടിയില്‍ ആയിരുന്നു യാത്ര ചെയ്തത്. അനേകം മുത്തുക്കുടകളും കൊടികളും വഴി നീളെ പിടിച്ചിരുന്നു. സന്ധ്യയ്ക്കു മുമ്പ് പള്ളിയില്‍ എത്തി ലുത്തിനിയായും98 പ്രാര്‍ത്ഥനയും കഴിച്ചു. രാത്രി ഏറിയൊരു ഏറുപടക്ക പ്രയോഗവും ഉണ്ടായിരുന്നു.

 2-ന് വ്യാഴാഴ്ച കാലത്തു പള്ളിയകത്തു ഇറങ്ങി നമസ്കാരവും അതിനെത്തുടര്‍ന്ന് ക്യംന്തായും കഴിഞ്ഞ് മെത്രാപ്പോലീത്താ പ്രധാന പീഠത്തിലും ഉപ പീഠങ്ങളില്‍ കഥാനായകനും പാമ്പാടിയില്‍ കുറിയാക്കോസ് റമ്പാനും കൂടി മൂന്നുമ്മേല്‍ കുര്‍ബ്ബാന ചൊല്ലി. ഇതു മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിച്ചിട്ടുള്ള പള്ളികളില്‍ ഒന്നും പുരാതനമേറീതും ആകുന്നു. ആ പഴയ പള്ളി പൊളിച്ച് പുതു മാതൃകയില്‍ 1073 മുതല്‍ പണിത് നിവൃത്തിച്ചിട്ടുള്ളതാകുന്നു. ഇപ്പോഴത്തെ പള്ളി ഹൈക്കലാക്ക് 35 കോല്‍ നീളവും  20 കോല്‍ വീതിയും തെക്കും വടക്കും വശങ്ങളില്‍ റാന്തലുകളുമായി പണി ചെയ്യിച്ചിരിക്കുന്നു. എടഭിത്തി അയ്യഞ്ചു വലിയ ആര്‍ക്കുകളായി കരിങ്കല്ലിനാല്‍ വളച്ചിരിക്കുന്നു. പള്ളി കാഴ്ചക്ക് വളരെ മനോഹരം തന്നെ. അന്നെ ദിവസം 19 തബലൈത്തായും കൂദാശ ചെയ്തു.

4-ന് മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്താ കല്ലടക്കാരന്‍ ഒരു കോറൂയോയ്ക്കും പത്തിച്ചിറ പള്ളി ഇടവകയിലെ 2 കോറൂയെന്‍മാര്‍ക്കും ശെമ്മാശു പട്ടം കൊടുത്തു. 5-ന് ടി. പള്ളിയില്‍ വെച്ച് മെത്രാപ്പോലീത്താ കാലത്തെ നമസ്കാരം കഴിഞ്ഞ് സൈത്തുകൂദാശ കഴിക്കയും അതിന്‍റെ ശേഷം കുര്‍ബ്ബാന ചൊല്ലി നിരണത്തു പള്ളിയിലെ ഒരു ശെമ്മാശനും തലെ ദിവസം പട്ടം കൊടുത്ത 3 ശെമ്മാശന്മാര്‍ക്കും കത്തനാരു പട്ടവും ഇരവിപേരൂര്‍ക്കാര്‍ 2 പൈതങ്ങള്‍ക്ക് കോറൂയാ പട്ടവും കൊടുക്കുകയും ചെയ്തു.

6-ന് തിങ്കളാഴ്ച ശുബുക്കോനോ ക്രമം ഉച്ച നമസ്ക്കാരത്തോടു കൂടെ കഴിക്കയും ഉച്ചകഴിഞ്ഞ് ടി. മെത്രാപ്പോലീത്തായും കഥാനായകനും നിരണത്തു നിന്നും പരുമലക്ക് പോരികയും അല്‍വാറീസു മെത്രാപ്പോലീത്താ പിറ്റെദിവസം അവിടെ നിന്നും മറ്റ് പള്ളികളിലേക്ക് പോകയും ചെയ്തു.

(പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ സഭാജീവിത നാള്‍വഴി എന്ന ഡയറിയില്‍ നിന്നും)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍