കിഴക്കേത്തലയ്ക്കല്‍ തോമ്മാ കത്തനാര്‍ | അഡ്വ. പി. സി. മാത്യു പുലിക്കോട്ടില്‍, കെ. വി. മാമ്മന്‍

കിഴക്കേത്തലയ്ക്കല്‍ തോമ്മാ കത്തനാര്‍

കിഴക്കേത്തലയ്ക്കല്‍ പെരുമാള്‍ തരകന്‍റെ പുത്രനായി 1036 കര്‍ക്കിടകം 18-നു ജനിച്ചു. അങ്ങാടിയ്ക്കല്‍ സ്കൂളിലും, കായംകുളം മിഡില്‍ സ്കൂളിലും, മാവേലിക്കര ഗവണ്‍മെന്‍റ് ഹൈസ്കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മാവേലിക്കര വച്ച് യാദൃഛികമായി കാണുകയും സുറിയാനി പഠിക്കാന്‍ പരുമല സെമിനാരിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. പരുമല തിരുമേനിയുടെയും വട്ടശ്ശേരില്‍ തിരുമേനിയുടെയും ശിക്ഷണത്തില്‍ വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പരുമല മാര്‍ ഗ്രിഗോറിയോസ്, ജോസഫ് മാര്‍ ദീവന്നാസ്യോസ് എന്നിവരുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

1058-ല്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസില്‍ നിന്ന് ശെമ്മാശപട്ടം ഏറ്റ് പരുമല സെമിനാരിയില്‍ തുടര്‍ന്ന് താമസിച്ചുവരവെ ശെമ്മാശന്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ ആറാട്ടുപുഴ കോഴിപ്രത്ത് ചുങ്കത്തില്‍ കരിങ്ങാകുന്നേല്‍ റാഹേലമ്മയാണ് ഭാര്യ. 1062-ല്‍ പുലിക്കോട്ടില്‍ തിരുമേനിയില്‍ നിന്നു കശ്ശീശ്ശാ പട്ടം സ്വീകരിക്കുകയും പുത്തന്‍കാവു പള്ളിയില്‍ വികാരിയായി ചുമതല ഏല്‍ക്കുകയും ചെയ്തു. 

നവീകരണക്കാരുടെ അതിപ്രസരം മലങ്കരസഭയെ ഞെരുക്കിയിരുന്ന കാലം. അന്ന് മലങ്കരസഭാ മക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി സായിപ്പു മാരേയും മറ്റും കൊണ്ടുവന്ന് പ്രസംഗയോഗങ്ങളും മറ്റും നടത്തി വന്നിരുന്നു. ഇതിനെതിരെ പ്രതികരിക്കാനും സഭ വിട്ടുപോയവരെ തിരികെ ക്കൊണ്ടുവരാനുമായി മലങ്കരസഭയില്‍ ഒരു സംഘം രൂപവല്‍ക്കരിച്ചു. മാര്‍ ഗ്രീഗോറിയോസ് സ്മാരക സുവിശേഷസംഘം. ആ സംഘത്തിലെ പ്രമുഖ പ്രസംഗകനും പ്രവര്‍ത്തകനുമായിരുന്നു കിഴക്കെത്തലയ്ക്കല്‍ തോമ്മാ കത്തനാര്‍. 

കിഴക്കേത്തലയ്ക്കല്‍ തോമ്മാ കത്തനാര്‍ സുവിശേഷ വേല ചെയ്ത കായംകുളം, പത്തനാപുരം മുതലായ സ്ഥലങ്ങളില്‍ നിന്ന് പില്‍ക്കാലത്ത് ധാരാളം ഭക്തജനങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രസംഗം കേള്‍ക്കാനും, വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കാനും പുത്തന്‍കാവ് പള്ളിയില്‍ വന്നുകൊണ്ടിരുന്നു. നവീകരണക്കാരുമായി പല പള്ളികളിലും വ്യവഹാരങ്ങള്‍ ഉത്ഭവിച്ചു. പുത്തന്‍കാവ് പള്ളിയെ സംബന്ധിച്ചും കേസുണ്ടായി. പള്ളിക്കു വേണ്ടി കേസു നടത്താന്‍ ചുമതലപ്പെടുത്തിയത് കിഴക്കേത്തലയ്ക്കല്‍ അച്ചനെ ആയിരുന്നു. പ്രസ്തുത കേസില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പരിപൂര്‍ണ്ണ വിജയം ലഭിച്ചു.

പില്‍ക്കാലത്ത് കക്ഷി വഴക്ക് ആരംഭിച്ചപ്പോള്‍ കിഴക്കേത്തലയ്ക്കല്‍ അച്ചന്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ വലംകൈയായി മെത്രാന്‍ കക്ഷിക്കു വേണ്ടി ധീരമായി പോരാടി. 84-ാമത്തെ വയസ്സില്‍ 1945 ഫെബ്രുവരി 15-ന് അന്തരിച്ചു. പ. ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടേയും മറ്റു തിരുമേനിമാരുടെയും, അനേകം പട്ടക്കാരുടെയും, ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തില്‍ പുത്തന്‍കാവ് പള്ളിമുറ്റത്ത് കബറടക്കി.

*****

പുത്തന്‍കാവ് മാര്‍ പീലക്സിനോസ് തിരുമേനിയുടെ പിതാവായ കിഴക്കേത്തലയ്ക്കല്‍ തോമ്മാ കത്തനാര്‍, പെരുമാള്‍ തരകന്‍റെ പുത്രനായി 1036 കര്‍ക്കിടകം 18-നു ജനിച്ചു. കായംകുളത്ത് വല്യമ്മയുടെ സഹോദരന്‍റെ വീട്ടിലാണ് പിറന്നത്. ചെങ്ങന്നൂര്‍ കോരുള ആശാന്‍റെ കീഴില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചു. തുടര്‍ന്ന് അങ്ങാടിയ്ക്കല്‍ സ്കൂളിലും, കായംകുളം മിഡില്‍ സ്കൂളിലും, മാവേലിക്കര ഗവണ്‍മെന്‍റ് ഹൈസ്കൂളിലുമായി  വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അക്കാലത്ത് പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ തിരുമേനി മാവേലിക്കര വച്ച് ഇദ്ദേഹത്തെ യാദൃഛികമായി കാണുകയും ഇദ്ദേഹത്തില്‍ വിളങ്ങിയിരുന്ന സല്‍ഗുണങ്ങള്‍ കണ്ട് സുറിയാനി പഠിക്കാന്‍ പരുമല സെമിനാരിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്നുള്ള വൈദിക വിദ്യാഭ്യാസത്തെക്കുറിച്ചും മറ്റും അച്ചന്‍ വട്ടിപ്പണക്കേസില്‍ കൊടുത്ത മൊഴിയില്‍ നിന്ന് ഉദ്ധരിക്കുന്നു (1092 കര്‍ക്കിടകം 20 ലെ മൊഴി):

ചോദ്യം: 'നിങ്ങള്‍ ഒന്നാം പ്രതിയുടെ (വട്ടശ്ശേരില്‍ ദീവന്നാസ്യോ സിന്‍റെ) ശിഷ്യനാണ് അല്ലേ?' ഉത്തരം: 'അല്ല, ഒന്നാം പ്രതി എന്നെ കുറച്ചു പഠിപ്പിച്ചിട്ടുണ്ട്. ഞാന്‍ പരുമല സെമിനാരിയില്‍ പഠിച്ചിട്ടുണ്ട്. പരുമല സെമിനാരിയില്‍ ഞാന്‍ ഒന്നു രണ്ടു വര്‍ഷം പലപ്പോഴായി പഠിച്ചിട്ടുണ്ട്. പിന്നെ ഞാന്‍ മെത്രാച്ചന്മാരുടെ കൂടെ നടന്നു പഠിക്കുകയായിരുന്നു. ഞാന്‍ സെമിനാരിയില്‍ ആയിട്ടു പഠിച്ചതു പരുമല സെമിനാരിയില്‍ മാത്രമെയുള്ളൂ. 56, 57 ഈ ആണ്ടുകള്‍ക്കിടയ്ക്കാണ് ഞാന്‍ സെമിനാരിയില്‍ പഠിച്ചത്. അവിടെ എന്നെ പഠിപ്പിച്ചതു മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായാണ് (പരുമല തിരുമേനി). ഞാന്‍ പരുമല സെമ്മിനാരിയില്‍ ചെന്നപ്പോള്‍ ഒന്നാംപ്രതി (വട്ടശ്ശേരില്‍ തിരുമേനി) മേല്‍ ക്ലാസില്‍ പഠിക്കുകയായിരുന്നു. ഒന്നാം പ്രതി മേല്‍ ക്ലാസില്‍ പഠിച്ചതിനു ശേഷം മാര്‍ ഗ്രിഗോറിയോസ് സര്‍ക്കീട്ടുപോയ അവസരങ്ങളിലാണ് ഒന്നാം പ്രതി എന്നെ പഠിപ്പിച്ചത്. മാര്‍ ഗ്രിഗോറിയോസ്, ജോസഫ് മാര്‍ ദീവന്നാസ്യോസ് എന്നിവരുടെ കൂടെ നടന്നാണ് പഠിച്ചത്. സര്‍ക്കീട്ടില്‍ കൂടെ നടക്കുന്ന ശെമ്മാശന്മാരെ മെത്രാന്മാര്‍ പഠിപ്പിക്കും. അതിനു പ്രത്യേകം സമയം വച്ചിട്ടുണ്ട്. ജോസഫ് ദീവന്നാസ്യോ സിന്‍റെ കൂടെ നടന്നു പഠിത്തം കഴിഞ്ഞതിന്‍റെ ശേഷമാണ് എനിക്കു കത്തനാര്‍ പട്ടം കിട്ടിയത്. പഠിത്തം കഴിഞ്ഞ് ഒന്നു രണ്ടു മാസത്തിനുള്ളില്‍ പട്ടം കിട്ടി. 62-ല്‍ ആണെന്നാണ് തോന്നുന്നത്. പട്ടക്കടലാസു നോക്കിയാലെ നിശ്ചയം ബോധിപ്പിക്കാവൂ. എനിക്കു പട്ടക്കടലാസു ഒപ്പിട്ടു തന്നിരിക്കുന്നതു യൌസേഫ് മാര്‍ ദീവന്നാസ്യോസാണ്. പുത്തന്‍കാവ്പള്ളിയിലേക്കാണ് എനിക്കു പട്ടം തന്നത്.'

വിജ്ഞാനപ്രദവും, വളരെ രസകരവുമാണ് തോമ്മാ കത്തനാരുടെ കോടതിമൊഴികള്‍. അബ്ദുള്ളാ പാത്രിയര്‍ക്കീസ് വന്നുണ്ടാക്കിയ കലാപങ്ങളെക്കുറിച്ച് ഒരു ദൃക്സാക്ഷി വിവരണം എന്ന പോലെ അച്ചന്‍ മൊഴി കൊടുക്കുന്നുണ്ട്.

1058-ല്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസില്‍ നിന്ന് ശെമ്മാശപട്ടം ഏറ്റ് പരുമല സെമിനാരിയില്‍ തുടര്‍ന്ന് താമസിച്ചു വരവെ ശെമ്മാശന്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ ആറാട്ടുപുഴ കോഴിപ്രത്ത് ചുങ്കത്തില്‍ കരിങ്ങാകുന്നേല്‍ കുടുംബത്തില്‍ ഗീവര്‍ഗീസിന്‍റെ മകള്‍ ഒന്‍പതു വയസ്സുണ്ടായിരുന്ന റാഹേലമ്മയെയാണ് വിവാഹം കഴിച്ചത്. 1062-ല്‍ പുലിക്കോട്ടില്‍ തിരുമേനിയില്‍ നിന്നു കശ്ശീശ്ശാ പട്ടം സ്വീകരിക്കുകയും പുത്തന്‍കാവു പള്ളിയില്‍ വികാരിയായി ചുമതല ഏല്‍ക്കുകയും ചെയ്തു.

നവീകരണക്കാരുടെ അതിപ്രസരം മലങ്കരസഭയെ ഞെരുക്കിയിരുന്ന കാലം. അന്ന് മലങ്കരസഭാ മക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി സായിപ്പു മാരേയും മറ്റും കൊണ്ടുവന്ന് പ്രസംഗയോഗങ്ങളും മറ്റും നടത്തി വന്നിരുന്നു. ഇതിനെതിരെ പ്രതികരിക്കാനും സഭ വിട്ടുപോയവരെ തിരികെ ക്കൊണ്ടുവരാനുമായി മലങ്കരസഭയില്‍ ഒരു സംഘം രൂപവല്‍ക്കരിച്ചു. മാര്‍ ഗ്രീഗോറിയോസ് സ്മാരക സുവിശേഷസംഘം. ആ സംഘത്തിലെ പ്രമുഖ പ്രസംഗകനും പ്രവര്‍ത്തക നുമായിരുന്നു കിഴക്കെത്തലയ്ക്കല്‍ തോമ്മാ കത്തനാര്‍. അതിനെക്കുറിച്ച് 92 കര്‍ക്കിടകം ക്രോസ് വിസ്താരത്തില്‍ അദ്ദേഹം ഇങ്ങനെ മൊഴി കൊടുത്തു.

'ഞാന്‍ സുവിശേഷസംഘത്തില്‍ ഒരു പ്രാസംഗികനായിരുന്നു. ആ ജോലിക്ക് എന്നെ ആക്കിയത് അതിനായിട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു കമ്മിറ്റിയാണ്. ആ കമ്മിറ്റിയില്‍ തേരകത്തു കോശി മുതലാളിയും ഓമല്ലൂര്‍ വടക്കേടത്തു ഗീവറുഗീസും, പുത്തന്‍വീട്ടില്‍ യാക്കോബു കത്തനാരും, കടവില്‍ ഉപദേശിയും ഉണ്ടായിരുന്നു.'

ചോദ്യം: 'നിങ്ങളെ പ്രാസംഗികനാക്കിയത് ഒന്നാം പ്രതി കൂടെ ചേര്‍ന്നാണോ?'

ഉത്തരം: എന്നെ ആക്കിയത് ഒന്നാം പ്രതി അല്ല. ഒന്നാം പ്രതി കൂടെ അറിഞ്ഞിട്ടുണ്ട്. അദ്ദേഹം അതിന് വിരോധമൊന്നും പറഞ്ഞിട്ടില്ല. എന്നെ പ്രാസംഗികനായിട്ട് ആക്കിയത് ഏതാണ്ടിലാണെന്ന് ആണ്ടു തിട്ടമായിട്ട് ഓര്‍ക്കുന്നില്ല. ഉദ്ദേശം 84 - ലൊ, 85 -ലൊ ആണ്.

ചോദ്യം: 'മലങ്കര സുറിയാനി സുവിശേഷസംഘം എന്നൊരു സുവി ശേഷസംഘം ഉണ്ടോ?'

ഉത്തരം: മലങ്കര മാര്‍ ഗ്രിഗോറിയോസ് സ്മാരക സുവിശേഷസംഘം എന്നൊരു സംഘം ഉണ്ട്. ഈ സംഘത്തെ ഉദ്ദേശിച്ചാണ് ഞാന്‍ മേല്‍ ബോധിപ്പിച്ചത്. അതല്ലാതെ വേറെ സുവിശേഷസംഘം ഉള്ളതായി എനിക്ക് അറിയില്ല. മാര്‍ ഗ്രിഗോറിയോസ് സ്മാരകസുവിശേഷ സംഘം സ്ഥാപിച്ചതു ജോസഫ് മാര്‍ ദീവന്നാസ്യോസിന്‍റെ കാലത്തു തേരകത്തു കൊച്ചുകോശി മുതല്‍ പേരാണ്. ഞാന്‍ 88 വരെയോ, 89 വരെയോ പ്രാസംഗികനായിരുന്നു. ഞങ്ങള്‍ പ്രസംഗിക്കാന്‍ പോകുന്ന പള്ളി ഇടവക ജനങ്ങളില്‍ നിന്നു മാസം വീതം ഉള്ള ഒരു സംഭാവനയായിരുന്നു ഞങ്ങള്‍ക്ക് ഇതിനു പ്രതിഫലമായി നിശ്ചയിച്ചിരുന്നത്.' ഞാന്‍ പല സ്ഥലത്തും സഞ്ചരിച്ചു പ്രസംഗിച്ചു......'

കിഴക്കേത്തലയ്ക്കല്‍ തോമ്മാ കത്തനാര്‍ സുവിശേഷ വേല ചെയ്ത കായംകുളം, പത്തനാപുരം മുതലായ സ്ഥലങ്ങളില്‍ നിന്ന് പില്‍ക്കാലത്ത് ധാരാളം ഭക്തജനങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രസംഗം കേള്‍ക്കാനും, വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കാനും പുത്തന്‍കാവ് പള്ളിയില്‍ വന്നു കൊണ്ടിരുന്നു.

നവീകരണക്കാരുമായി പല പള്ളികളിലും വ്യവഹാരങ്ങള്‍ ഉത്ഭവിച്ചു. പുത്തന്‍കാവ് പള്ളിയെ സംബന്ധിച്ചും കേസുണ്ടായി. പള്ളിക്കു വേണ്ടി കേസു നടത്താന്‍ ചുമതലപ്പെടുത്തിയത് കിഴക്കേത്തലയ്ക്കല്‍ അച്ചനെ ആയിരുന്നു. പ്രസ്തുത കേസില്‍ ഓര്‍ത്തഡോക്സ് കക്ഷിക്കാര്‍ക്ക് പരിപൂര്‍ണ്ണ വിജയം ലഭിച്ചു.

പില്‍ക്കാലത്ത് ബാവാ കക്ഷി - മെത്രാന്‍ കക്ഷി വഴക്ക് ആരംഭിച്ചപ്പോള്‍ കിഴക്കേത്തലയ്ക്കല്‍ അച്ചന്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ വലംകൈയായി മെത്രാന്‍ കക്ഷിക്കു വേണ്ടി ധീരമായി പോരാടി. വട്ടിപ്പണക്കേസില്‍ 23-ാം സാക്ഷിയായി 1092 കര്‍ക്കിടകം 18 മുതല്‍ 23 വരെ അദ്ദേഹം മൊഴി കൊടുത്തു. മൊഴിയില്‍ നിന്ന് ആദ്യത്തെ കുറച്ചുഭാഗം താഴെ ക്കൊടുക്കുന്നു.

"പുത്തന്‍കാവില്‍ കിഴക്കേത്തലയ്ക്കല്‍ പെരുമാള്‍ തരകന്‍ മകന്‍ തോമ്മാ കത്തനാര്‍ സത്യം ചെയ്തു ബോധിപ്പിച്ച മൊഴി. ഞാന്‍ ഈ കേസില്‍ 20-ാം പ്രതിയാണ്. ഞാന്‍ മലങ്കര യാക്കോബായ സുറിയാനി സഭയിലെ ഒരു പട്ടക്കാരനാണ്. എന്‍റെ ഇടവകപ്പള്ളി ചെങ്ങന്നൂര്‍ പുത്തന്‍കാവാണ്. ഈ പള്ളിയില്‍ നാനൂറ് വീട്ടുകാരുണ്ട്. ഇപ്പോള്‍ ആ പള്ളിയില്‍ ഞാന്‍ ഉള്‍പ്പെടെ രണ്ടു പട്ടക്കാരുണ്ട്. മറ്റേ പട്ടക്കാരന്‍റെ പേര് ആലുംമൂട്ടില്‍ പത്രോസ് കത്തനാര്‍ എന്നാണ്. ഈ പള്ളിയില്‍ നാലാം പ്രതിയെ (ബാവാകക്ഷി ഭാഗത്തെ മാര്‍ കൂറിലോസ്) അനുകൂലിക്കുന്ന പട്ടക്കാരോ ജനങ്ങളോ ഇല്ല.....'

സ്തുത്യര്‍ഹമായ സഭാസേവനത്തിനു ശേഷം വയസ്സായപ്പോള്‍ അച്ചന്‍ സ്വഗൃഹത്തില്‍ വിശ്രമജീവിതം നയിച്ചു വന്നു. വളരെ കുറച്ചു ദിവസത്തെ ആലസ്യത്തിനു ശേഷം 84 -ാമത്തെ വയസ്സില്‍ 1945 ഫെബ്രുവരി 15 ന് അദ്ദേഹം നിര്യാതനായി. ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ യുടേയും മറ്റു തിരുമേനിമാരുടെയും, അനേകം പട്ടക്കാരുടെയും, ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തില്‍ പുത്തന്‍കാവ് പള്ളിമുറ്റത്ത് കബറടക്കി.

മാര്‍ പീലക്സിനോസ് തിരുമേനിയുടെ മാതാവ് റാഹേലമ്മ വളരെ സ്വഭാവവൈശിഷ്ട്യമുള്ള കുടുംബിനിയായിരുന്നു. മക്കളെ ദൈവാശ്രയ ത്തില്‍ വളര്‍ത്താനും, അവര്‍ക്ക് നല്ല സാരോപദേശ കഥകള്‍ പറഞ്ഞു കൊടുത്ത് ഉത്തമ പൗരന്മാരും സഭാസ്നേഹമുള്ളവരുമായി വളര്‍ത്താനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. തിരുമേനിയുടെ ശരീരകാന്തിയും, മുഖ ഭംഗിയും അമ്മയില്‍ നിന്നും ഭാഷണപ്രാവീണ്യവും, സ്വരമാധുരിയും പിതാവില്‍ നിന്നും ലഭിച്ചതാണെന്ന് അവരെ അടുത്ത് അറിഞ്ഞിട്ടുള്ളവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. പള്ളിക്കു പുറത്ത് വിശുദ്ധ കുര്‍ബ്ബാനയിലെ ഗീതങ്ങള്‍ കേട്ടു നില്‍ക്കുന്ന ഒരാള്‍ക്ക് ആ കേള്‍ക്കുന്ന ശബ്ദം തോമ്മാ കത്തനാരുടേതാണോ പീലക്സിനോസ് തിരുമേനിയുടേതാണോ എന്ന് സംശയം തോന്നുമായിരുന്നുവത്രെ! ബഥനി സമൂഹസുപ്പീരിയറായിരുന്ന ഫാദര്‍ കുറിയാക്കോസ് ഒ. ഐ. സി. ഈ വസ്തുത പല തവണ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. മക്കളെല്ലാം നല്ല നിലയില്‍ എത്തിക്കാണുവാനുള്ള സൌഭാഗ്യം പീലക്സിനോസ് തിരുമേനിയുടെ മാതാപിതാക്കള്‍ക്ക് ലഭിച്ചു. 1947 ഫെബ്രുവരി 10 നാണ് തിരുമേനിയുടെ മാതാവ് അന്തരിച്ചത്.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)