ഫാ. ടി. വി. ജോണ്‍

കറുകച്ചാല്‍ പനയമ്പാല കല്ലക്കടമ്പില്‍ തെക്കേക്കര വറുഗീസിന്‍റെയും അമയന്നൂര്‍ തിരുവാതുക്കല്‍ മറിയാമ്മയുടെയും പുത്രനായി 1890 ഫെബ്രുവരി 11-നു ജനിച്ചു. മൂന്നു വയസ്സുള്ളപ്പോള്‍ അമ്മ നിര്യാതയായി. മല്ലപ്പള്ളി സ്കൂളിലെ പഠനശേഷം എം. ഡി. സെമിനാരി ഹൈസ്കൂളില്‍ ചേര്‍ന്നു. ക്ലാസ്സില്‍ ഒന്നാമനായി മെട്രിക്കുലേഷന്‍ പാസ്സായി. ഹെഡ്മാസ്റ്ററായിരുന്ന ഫാ. പി. റ്റി. ഗീവര്‍ഗീസ്, ജോണിനെ വട്ടശ്ശേരില്‍ തിരുമേനിക്കു പരിചയപ്പെടുത്തി. തുടര്‍ന്ന് 1910-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അബ്ദുള്ളാ ബാവാ ശെമ്മാശുപട്ടം നല്‍കി. മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും പണം മുടക്കി ജോണ്‍ ശെമ്മാശനെ ഉന്നതപഠനത്തിനയച്ചു. 1914-ല്‍ തിരുച്ചിറപ്പള്ളിയിലെ എസ്.പി.ജി. കോളജില്‍ നിന്നും ബി.എ. ബിരുദം നേടി. തുടര്‍ന്ന് കോട്ടയം എം.ഡി. സെമിനാരി ഹൈസ്കൂളില്‍ അദ്ധ്യാപകനായി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. 1919-ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്നും എം.എ. ലഭിച്ചു. 1921-ല്‍ എല്‍.റ്റി. ബിരുദം നേടി. 

പിന്നീട് ഗുണ്ടൂരിലെ ആന്ധ്രാ ക്രിസ്ത്യന്‍ കോളജിലും മസൂലിപട്ടം നോബിള്‍ കോളജിലും അദ്ധ്യാപകനായി ജോലി ചെയ്തു. ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളജ് സ്ഥാപകന്‍ കെ. സി. ചാക്കോയുടെ ആഗ്രഹപ്രകാരം ശെമ്മാശന്‍ ഗുണ്ടൂര്‍ കോളജിലെ ജോലി ഉപേക്ഷിച്ച് 1925-ല്‍ ആലുവാ യു.സി. കോളജില്‍ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായി. സഭയില്‍ നിന്നു പഠനത്തിനു ചിലവാക്കിയ പണം മുഴുവനും തിരിച്ചുകൊടുത്ത ശേഷം 1925-ല്‍ വാളക്കുഴി വാളുവേലില്‍ അന്നമ്മയെ വിവാഹം ചെയ്തു. 1927 സെപ്റ്റംബര്‍ 25-നു പ. ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ വൈദികപട്ടം നല്‍കി. 1946-ല്‍ മലങ്കരസഭ മാസിക ആരംഭിക്കുവാന്‍ അന്നത്തെ മലങ്കരസഭാ അസോസിയേഷന്‍ സെക്രട്ടറിയും ആലുവാ യു.സി. കോളജ് പ്രിന്‍സിപ്പലുമായിരുന്ന എ. എം. വര്‍ക്കിയുമൊത്തു പ്രവര്‍ത്തിച്ചു. 1948-ല്‍ റിട്ടയര്‍ ചെയ്തു. ആലുവാ സെന്‍റ് തോമസ് ഇടവക സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. പ്രഥമ വികാരിയായി സേവനമനുഷ്ഠിച്ചു.

അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന തന്നെ തിരുവനന്തപുരത്തു നിന്നും പരിചയപ്പെട്ട് വിളിച്ചു വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ച് ആലുവാ യു.സി. കോളജില്‍ അഡ്മിഷന്‍ വാങ്ങി നല്‍കി ഫിലോസഫി ക്ലാസ്സില്‍ ചേര്‍ക്കുകയും ഹൈന്ദവ സന്യാസിയാകാന്‍ പ്രേരിപ്പിക്കുകയും ചെയ്തത് ജോണച്ചനാണെന്ന് ഗുരു നിത്യചൈതന്യയതി നന്ദിപൂര്‍വ്വം അനുസ്മരിച്ചിട്ടുണ്ട്. 1933-34 കാലത്ത് ഇംഗ്ലണ്ടില്‍ താമസിച്ച് പഠനം നടത്തി. തുടര്‍ന്ന് പാരീസ്, പലസ്തീന്‍, റോം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മടങ്ങി. 

അഞ്ചു പുത്രന്മാരും മൂന്നു പുത്രിമാരും. മൂത്ത മകന്‍ ജോര്‍ജ് ജോണ്‍ കെമിക്കല്‍ എഞ്ചിനിയര്‍ ആയിരുന്നു. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ഡയറക്ടറായി റിട്ടയര്‍ ചെയ്തു. രണ്ടാമന്‍ ഡോ. മാത്യു ജോണ്‍ മെക്കാനിക്കല്‍ എഞ്ചിനിയര്‍ ആയിരുന്നു. സ്കോളര്‍ഷിപ്പ് കിട്ടി ജര്‍മ്മനിയില്‍ എത്തി ഡോക്ടറേറ്റ് നേടി. വോക്സ് വാഗന്‍ കമ്പനിയില്‍ ജോലി ചെയ്തു. രണ്ടുപേരും അന്തരിച്ചു. മറിയാമ്മ ജേക്കബ്, അന്നമ്മ സൈമണ്‍ എന്നീ പുത്രിമാരെ തുടര്‍ന്ന് അഞ്ചാമനായി പിറന്ന ഡോ. ജേക്കബ് ജോണ്‍ ശിശുരോഗ ചികിത്സാ വിദഗ്ദ്ധനാണ്. വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ആന്‍ഡ് വൈറോളജി മേധാവിയായിരുന്നു. 1990-ല്‍ ഡോ. ബി. സി. റോയി അവാര്‍ഡ് നേടി. അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളജിലെ പിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ നിന്നു റിട്ടയര്‍ ചെയ്ത തോമസ് ജോണാണ് ആറാമന്‍. കാര്‍ഡിയോളജിസ്റ്റായി ജര്‍മ്മനിയില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. അലക്സാണ്ടര്‍ ജോണാണ് പിതാവിനെക്കുറിച്ചു 'ആലുവായിലെ ജോണച്ചന്‍' എന്ന ഗ്രന്ഥം എഴുതിയത് (ആലുവാ, 2020). എട്ടാമത്തെയാള്‍ ഏലിയാമ്മ വര്‍ഗീസ്. 

1957 മാര്‍ച്ച് 17-നു മലങ്കര കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. 1970 ജൂലൈ 20-നു അന്തരിച്ചു. ആലുവാ സെന്‍റ് ജോണ്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍ സംസ്കരിച്ചു. 

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)