(2002 മാര്‍ച്ച് 20-ലെ പരുമല അസോസിയേഷനില്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ ചെയ്ത അദ്ധ്യക്ഷ പ്രസംഗം) പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായ തോമസ് മാര്‍ തീമോത്തിയോസ് തിരുമേനി, നമ്മുടെ സഹോദര മെത്രാപ്പോലീത്തന്മാരേ, സമാദരണീയനായ ജസ്റ്റീസ് വി. എസ്. മളിമഠ്, വാത്സല്യമുള്ള വൈദികരെ, വൈദിക അത്മായ ട്രസ്റ്റിമാരെ, മലങ്കരസഭയുടെ അരുമസന്താനങ്ങളായ പള്ളിപ്രതിപുരുഷന്മാരെ, സുഹൃത്തുക്കളേ, ഭാരതത്തില്‍ തന്‍റെ സഭയെ നട്ടുവളര്‍ത്തി അതിനെ ആഗോള സഭയായി ഉയര്‍ത്തിയ സര്‍വ്വശക്തനായ ദൈവത്തിന് നന്ദി നിറഞ്ഞ ഹൃദയത്തോടും ദൈവസ്നേഹത്തില്‍ പൂരിതമായ ആത്മാവോടും കൂടി സ്തുതിയും സ്തോത്രവും അര്‍പ്പിക്കുന്നു. വാര്‍ദ്ധക്യത്തിന്‍റെ പ്രയാസങ്ങള്‍ വിസ്മരിച്ചുകൊണ്ടും വര്‍ദ്ധിച്ച സന്തോഷത്തോടും ആത്മ നിര്‍വൃതിയോടും കൂടിയാണ് നാം നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്. ഇപ്രകാരം ഒരവസരത്തിനുവേണ്ടി നാം ഏറെ പ്രാര്‍ത്ഥനയോടെ ദൈവത്തില്‍ ആശ്രയിച്ചു. മലങ്കരസഭയുടെ തനിമയും സ്വാതന്ത്രവും നിലനിര്‍ത്തുന്നതിന് ചരിത്രത്തിന്‍റെ ഗതിവിഗതികള്‍ക്കു നടുവില്‍ നിര്‍ണ്ണായകമായ അഗ്നിശോധനകള്‍ നാം നേരിടേണ്ടി വന്നു. എങ...