പുലിക്കോട്ടില്‍ സഭാതേജസ് ജോസഫ് മാര്‍ ദീവന്നാസ്യോസിന്‍റെ സുസ്താത്തിക്കോന്‍ (1865)



കാരണങ്ങളുടെ കാരണവും ദാനങ്ങളുടെ കര്‍ത്തവ്യവും ആയവന്‍റെ (തിരു) നാമത്താല്‍ ബലഹീനനായ രണ്ടാമത്തെ യാക്കോബ് എന്ന അന്ത്യോക്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്‍റെ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസ്. 

ദൈവ (തിരു) വചനത്താല്‍ മോക്ഷത്തിന്‍റെ താക്കോലുകള്‍ കരസ്തപ്പെട്ടിരിക്കുന്നവനായ പ്രധാന പുരോഹിതസ്ഥാനത്തിന്‍റെ സിംഹാസനത്തുമ്മേല്‍ ഇരിക്കുന്നവനും പട്ടത്വത്തുമ്മേല്‍ അധികാരപ്പെട്ടിരിക്കുന്നവനും ആയവനാല്‍ (എഴുതുന്നതു).

     (മുദ്ര)                 (മുദ്ര)         (മുദ്ര)

നല്ലതും പരിപൂര്‍ണ്ണമുള്ളതും ആയ സകല ദാനവും പ്രകാശങ്ങളുടെ പിതാവിന്‍റെ അടുക്കല്‍ നിന്നു മേലില്‍ നിന്നു ഇറങ്ങുന്നു. 

     (മുദ്ര)                 (മുദ്ര)         (മുദ്ര)

മനസ്സാകുന്നവന്‍റെ കൈകളിലും അല്ലാ - ഓടി എത്തുന്നവന്‍റെ കൈകളിലും അല്ലാ - അനുഗ്രഹം ചെയ്യുന്നവനായ ദൈവത്തിന്‍റെ തൃക്കൈകളില്‍ അത്രെ.

     (മുദ്ര)                 (മുദ്ര)         (മുദ്ര)

സകലത്തെയും ദൈവീകത്തിനടുത്താക്കിത്തീര്‍ത്ത ദൈവത്വത്തില്‍ നിന്നുള്ള ദൈവങ്ങളുടെ ദൈവം നിശ്ചമായിട്ടു അവന്‍ ദൈവവും ദെയ്വികം നല്‍കുന്നവനും ആകുന്നു. 

സകലത്തിന്‍റെയും സ്രഷ്ടാവും സകലത്തിന്‍റെയും രക്ഷ തന്‍റെ തൃക്കൈകളില്‍ ഇരിക്കുന്നവനും സകലത്തിന്‍റെയും ആരംഭം തന്നാല്‍ ഉണ്ടായവനും സകലത്തിന്‍റെയും അവസാനം തന്‍റെ അടുക്കല്‍ ഇരിക്കുന്നവനും ആയി ജീവനുള്ള ദൈവത്തിന്‍റെ തിരുനാമത്താല്‍ സകലത്തില്‍ നിന്നും തനിക്കു സ്തുതിയും സകലത്തില്‍ നിന്നും തനിക്കു സ്തോത്രവും അത് ഇപ്പോഴും എന്നേക്കും ആമ്മീന്‍.
സുസ്താത്തിക്കോന്‍

സര്‍വ്വ വല്ലഭനായി കാതല്‍ത്വം തിങ്ങപ്പെട്ടിരിക്കുന്ന ആദ്യന്തമില്ലാത്ത സ്വയംഭൂവിന്‍റെ തിരുനാമത്താല്‍ രണ്ടാമത്തെ യാക്കോബ് എന്ന അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്‍റെ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസ്.

     (മുദ്ര)                 (മുദ്ര)         (മുദ്ര)

തന്‍റെ അനുഗ്രഹങ്ങള്‍ സകലത്തിന്മേലും ചിതറപ്പെട്ടിരിക്കുന്നവനും തന്‍റെ കൃപ സംക്ഷേപിക്കപ്പെടുവാന്‍ വഹിയാത്തതും തന്‍റെ തിരുവചനം എല്ലാ മനുഷ്യരില്‍ നിന്നും ആദര്‍ശമായിരിക്കുന്നതും ആയ സ്രഷ്ടാവായ ദൈവത്തിന്‍റെ വചനമായ നമ്മുടെ കര്‍ത്താവീശോമശിഹായുടെ ദാസന്മാരുടെ ദാസനായ അന്ത്യോഖ്യായുടെ വലിയ സിംഹാസനത്തിന്‍റെ ഇഗ്നാത്ത്യോസ് പാത്രിയര്‍ക്കീസ്. വാത്സല്യമുള്ളവരും സ്വര്‍ഗ്ഗരാജ്യത്തിന്‍റെ  അവകാശികളും ദൈവീക രഹസ്യങ്ങളെ അറിയുന്നവരും ശുദ്ധീകരിക്കപ്പെട്ട ജനവും അനുഗ്രഹിക്കപ്പെട്ട കൂട്ടവും തിരഞ്ഞെടുക്കപ്പെട്ട ഗോത്രവും ആയി ആദ്യമെ പള്ളിചട്ട (പ്രകാരം) അഹറോന്നടുത്ത പ്രകാശിക്കപ്പെട്ട പട്ടക്കാറരും സ്തേപ്പാനോസ്സിനടുത്ത വെടിപ്പുള്ള ശെമ്മാശന്മാരും സ്വാതന്ത്ര്യമുള്ള (എന്നതു അധികാരമുള്ള) എപ്പിത്രോപ്പെന്മാരും വിഗാരിമാരും തലവന്മാരും പ്രധാനികളും നിറമുള്ള ജ്ഞാനികളും വലിയ കച്ചവടക്കാരും വിശ്വാസമുള്ള പ്രഭുക്കന്മാരും വേല ചെയ്യുന്നവരും ബഹുമാനമുള്ള വൃദ്ധന്മാരും കൗതുകമുള്ള വാലിഭക്കാറരും പൈതങ്ങളും ശിശുക്കളും സ്ത്രീകളും പുത്രിമാരും കന്യകമാരും വലിയവരും ചെറിയവരുമായി ആര്‍ത്താറ്റുപള്ളി, കുന്നംകുളങ്ങരെ പള്ളി, ചെറളയത്തു പള്ളി, പഴഞ്ഞിപ്പള്ളി, ചാലിശ്ശേരി പള്ളി, ശ്രായിപള്ളി, നടമേല്‍ പള്ളി, കരിങ്ങാശ്ര പള്ളി, മുളന്തുരുത്തി പള്ളി, രാമങ്ങലത്തു പള്ളി, കൊച്ചി പള്ളി, കോട്ടയത്തു വലിയപള്ളി, കോട്ടയത്തു ചെറിയപള്ളി, പുതുപ്പള്ളിപ്പള്ളി, നീലംപേരൂര്‍ പള്ളി, കോലഞ്ചേരിപ്പള്ളി, കുറിച്ചി പള്ളി, വാകത്താനത്തു പള്ളി, കല്ലുംകത്ര പള്ളി, കോതമംഗലത്തു പള്ളി, കുറുപ്പും പടി പള്ളി, കടമറ്റത്തു പള്ളി, കുന്നക്കുരുടി പള്ളി, റാക്കാട്ടു പള്ളി, മാമ്മലശ്ശേരി പള്ളി, കണ്ടനാട്ടു പള്ളി, അങ്കമാലി പള്ളി, പള്ളിക്കര പള്ളി, പാമ്പാക്കുട പള്ളി, കോട്ടയത്തു സിമ്മനാരി (മുതലായ) മാര്‍ത്തോമ്മാ ശ്ലീഹായുടെ ഇടവകയായ ഇന്ത്യാ രാജ്യത്തില്‍ വസിച്ചു പാര്‍ക്കുന്നവര്‍ എല്ലാവരും ആയ നമ്മുടെ മക്കള്‍ക്കു ദൈവിക സമാധാനവും ശുദ്ധമുള്ള സമാധാനവും അയച്ചു പറയുന്നു. ഏവന്‍ഗേലിസ്തന്മാരുടെ നിയമപ്രകാരം ഇടവിടാതെയുള്ള പ്രാര്‍ത്ഥനയും നാം അയക്കും. ദൈവത്തിന്‍റെ ശക്തിയും യുദ്ധശാലികളായ തന്‍റെ സൈന്യങ്ങളും അവരെ കാത്തുകൊള്ളുമാറാകട്ടെ. ആമ്മീന്‍. നാം നല്കിയതും നല്‍കാനിരിക്കുന്നതുമായ വളരെ സമാധാനത്തിന്‍റെയും അധിക അപേക്ഷയുടെയും ഇടവിടാതെയുള്ള പ്രാര്‍ത്ഥനകളുടെയും ശേഷം നിങ്ങളുടെ സത്യസ്നേഹത്തോടു അറിവിക്കുന്നതു. 

ദൈവം തിന്മയായിട്ടുള്ള യാതൊന്നും നിങ്ങളോടു അറിവിക്കാതെ ഇരിക്കട്ടെ. എന്തെന്നാല്‍ വൃഥാ കലങ്ങപ്പെടുന്ന ചിലര്‍ ഉള്ളതുകൊണ്ടു (അവരെപ്പോലെ) നാം വൃഥാ കലങ്ങപ്പെടരുതെന്നു ദൈവിക രഹസ്യങ്ങളുടെ ഉപദേഷ്ടാവായ പൗലൂസ് ശ്ലീഹാ നമ്മെ സൂഷ്മപ്പെടുത്തി പറയുന്നു. തിരഞ്ഞെടുക്കപ്പെട്ടവനും പരിശുദ്ധാത്മാവിന്‍റെ വാസസ്ഥലവും ആയ പൗലോസ് പിന്നെയും പറയുന്നത് എന്തെന്നാല്‍ സകല നല്ല ദാനവും സകല പൂര്‍ണ്ണ അധികാരവും തന്നില്‍ നിന്ന് നല്‍കപ്പെടുന്നതുകൊണ്ട് മനസ്സാകുന്നവന്‍റെ കൈകളിലും അല്ലാ ഓടി എത്തുന്നവന്‍റെ കൈകളിലും അല്ലാ ജീവനുള്ള ദൈവത്തിന്‍റെ തൃക്കൈകളില്‍ ഇരിക്കുന്നു. അതു പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ അത്രെ (നല്‍കപ്പെടുന്നതു). അവരുടെ വിശ്വാസത്തിന്‍റെ ഉറപ്പിനു വേണ്ടിയും വിശുദ്ധ ചട്ടങ്ങളെയും ഏവന്‍ഗേലിയോന്നടുത്ത  കല്പനകളെയും ആചരിക്കുന്നതിനുള്ള അവരുടെ വൈരാഗ്യത്തിനു വേണ്ടിയും മാര്‍ത്തോമ്മാശ്ലീഹായുടെ ഇടവകയായ ഇന്ത്യായിലേക്കു അയപ്പാന്‍ ഇടയനും ഭരിക്കുന്നവനുമായി (ഒരുവനെ) എവിടെനിന്നു തിരഞ്ഞെടുക്കേണ്ടു എന്നു ബലഹീനനായ നമ്മുടെ ബോധം കൊണ്ടു പരിശോധിക്കപ്പെട്ടു വളരെ വ്യസനത്തോടും വിചാരങ്ങളോടും കൂടിയിരിക്കുമ്പോള്‍ ഇതിനെപ്പറ്റി വൈരാഗ്യം നമ്മെ സൂഷ്മപ്പെടുത്തി ഈ പ്രവൃത്തി യോഗ്യമില്ലാത്തതായി തീരാതെയും ഭോഷന്മാരില്‍ നിന്നും ഹൃദയ കുരുടന്മാരില്‍ നിന്നും നാം നിന്ദ ഏല്ക്കാതെയും ഇരിപ്പാനായിട്ടു വളരെ നാം പ്രയാസപ്പെട്ട് പലരും വിരുദ്ധപ്പെട്ടതായി നമ്മുടെ കണ്ണുകള്‍ കൊണ്ടു കാണുകയും ചെവികള്‍ കൊണ്ടു കേള്‍ക്കയും ചെയ്തപ്രകാരം നാം നിരസിക്കപ്പെടാതെയും വിരുദ്ധത്തിന്‍റെ പാറയില്‍ വിരുദ്ധപ്പെടാതെയും ഇരിക്കേണ്ടുന്നതിനായിട്ടും പരിശോധന കൂടാതെയും പരീക്ഷ കൂടാതെയും ഈ വലിയ രഹസ്യം വേഗം ചെയ്വാന്‍ നമുക്കു ഇഷ്ടമായില്ല. ഈ വലിയ പ്രയാസം കഴിച്ചതിന്‍റെ ശേഷം നമ്മുടെ വാത്സല്യപുത്രന്‍ യൗസേപ്പു കത്തനാരുടെ യോഗ്യതയിലും അവസ്ഥയിലും ബോധംകൊണ്ടു പരിശോധിച്ചു നോക്കിയാറെ ദാവീദു രാജാവിന്‍റെ നേരെ ശമുയേല്‍ ദീര്‍ഘദര്‍ശിയുടെ കൈകളാല്‍ (അഭിഷേകതൈലം) കൊമ്പു തിളച്ചപ്രകാരം അവന്‍റെ നേരം രഹസ്യം ഇളകപ്പെട്ടു. മുന്‍കൂട്ടി ഈ സംഗതി നിവൃത്തിക്കപ്പെട്ടില്ലാ. സകലവും അതാതിന്‍റെ സമയത്തില്‍ (വേണ) മെന്നും സകല (സംഗതികള്‍) ക്കും സകല പ്രവൃത്തിക്കും അദ്ധ്വാനത്തിന്നും സമയം ഉണ്ടെന്നും പരിപൂര്‍ണ്ണതയ്ക്കു സമയം ആവശ്യമാകുന്നു എന്നും പറയപ്പെട്ടിരിക്കുന്നപ്രകാരം ഈ സംഗതി ദൈവികവേലയില്‍ നിന്നല്ലാതെ വിരോധമായിട്ടും ഞെരുക്കത്തോടും അല്ല. ദൈവം തിരുമനസ്സായി തന്‍റെ ദാസനായ ഇവനെ വേര്‍തിരിച്ചതുവരെയും ഈ സംഗതി മേല്‍നിന്നു വിരോധിക്കപ്പെട്ടു. നാമും ഭരണക്കാറരും പിതാക്കന്മാരുടെ സുന്നഹദോസും കൂടി ആലോചന കഴിച്ചാറെ അപ്പോള്‍ നമ്മുടെ ബലഹീനതയ്ക്കും സുന്നഹദോസിന്നും ദൈവിക രഹസ്യങ്ങളുടെ രഹസ്യമായ ദൈവീകരഹസ്യം വെട്ടപ്പെട്ടു. (ആ) സമയം എല്ലാവനും അത്ഭുതത്തെ പ്രത്യക്ഷപ്പെടുത്തി. സമീപവും അകലെയും ഉള്ള സകല വായും നാവും ഈ പ്രവൃത്തി ദൈവത്തില്‍ നിന്നാകുന്നു എന്നും തിരഞ്ഞെടുക്കുകയും തിരഞ്ഞെടുക്കുന്നു എന്ന സ്ഥലത്തു വസിക്കുകയും ന്യായമാകുന്നു എന്നയവിടെ തിരഞ്ഞെടുക്കുകയും അവന്‍റെ ഉദയത്താല്‍ ദൈവിക അറിവിന്‍റെ പ്രകാശത്തില്‍ ബോധം പ്രകാശിക്കപ്പെടുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്‍റെ വിളിയാകുന്നു എന്നും ഏറ്റു പറഞ്ഞു അറുവിച്ചു. ഇപ്രകാരം എറമിയാ നിബ്യായെപ്പോലെ അവന്‍റെ മാതാവിന്‍റെ വയറ്റില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവനായി ഉത്തമനും പരിശുദ്ധാത്മാവിന്‍റെ വാസസ്ഥലവും ആയ ഈ കശ്ശീശ്ശാ യൗസേപ്പിനെ ഈ ദൈവികവേലയ്ക്കായി വിളിക്കപ്പെട്ടു. അവന്‍റെ പരിപൂര്‍ണ്ണത കൊണ്ടും സകല നന്മകളിലും (ഉള്ള) അവന്‍റെ ഉത്സാഹം കൊണ്ടും അടക്കമൊതുക്കം കൊണ്ടും താഴാഴ്മ കൊണ്ടും നോമ്പു കൊണ്ടും ഇടവിടാതെയുള്ള പ്രാര്‍ത്ഥന കൊണ്ടും ആത്മിക പഠിത്വത്താല്‍ ദരിദ്രന്മാരോടുള്ള സ്നേഹം കൊണ്ടും വിശുദ്ധ പുസ്തകങ്ങളുടെ വ്യാഖ്യാനം കൊണ്ടും മേല്പട്ടസ്ഥാനത്തിനു അവന്‍ സത്യമായിട്ടു യോഗ്യനും കൊള്ളാകുന്നവനും ആകുന്നു. ശരീരകണ്ണുകൊണ്ടു അവനെ നോക്കി ബോധത്തിന്‍റെ കാഴ്ച അവനില്‍ പരിശോധിക്കപ്പെട്ടപ്പോള്‍ ഇതു മനുഷ്യനില്‍ നിന്നല്ലാ, മനുഷ്യന്‍ മുഖാന്തിരവും അല്ലാ, ജീവനുള്ള ദൈവത്താല്‍ അത്രെ എന്നു സകല വായും നാവും അട്ടഹസിച്ചു. ഇതു നിമിത്തമായിട്ട് ഈ വിളി പരിശുദ്ധാത്മാവില്‍ നിന്നാകുന്നതിനാല്‍ ശബ്ദങ്ങളില്‍ ശബ്ദങ്ങള്‍ വര്‍ദ്ധിച്ചു. അവന്‍ വിളിക്കു യോഗ്യമാകപ്പെട്ടതുപോലെ മാര്‍ ദീവന്നാസ്യോസ് എന്ന നാമത്തിനും യോഗ്യനാകുന്നു. ഇപ്പോള്‍ നാമും ശുദ്ധമുള്ള സകല എപ്പിസ്ക്കോപ്പന്മാരും പട്ടക്കാരും ശെമ്മാശന്മാരും ഏക ശബ്ദത്തോടെ അട്ടഹസിച്ചു പട്ടത്വത്തിന്നടുത്ത സകല കൂട്ടവും ആ സമയത്തില്‍ നമ്മോടുകൂടെ അക്സിയോസ്സ്, അക്സിയോസ്സ്, അക്സിയോസ്സ് ഇടയനും മേല്പട്ടക്കാരനും ആയ യൗസേപ്പു മെത്രാപ്പോലീത്താ ആകുന്ന മാര്‍ ദീവന്നാസ്യോസ്സ് യോഗ്യനും കൊള്ളാകുന്നവനും ആകുന്നുവെന്നു അട്ടഹസിച്ചു. 

ദൈവത്വത്തിനു വാസസ്ഥലം ആകുവാനായിട്ടു ദൈവത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടു എന്ന നല്ല പുരുഷന്‍റെ തിരഞ്ഞെടുപ്പു സമയത്തു മാലാകെന്മാരുടെ സകല സൈന്യങ്ങള്‍ക്കും വലിയ സന്തോഷം ഉണ്ടായതുകൊണ്ടു അവരും നമ്മോടുകൂടെ അട്ടഹസിച്ചു. നമ്മുടെ കര്‍ത്താവായ ഈശോമിശിഹായില്‍ നിന്നു ശുദ്ധമുള്ള ശ്ലീഹന്മാര്‍ക്കു നല്‍കപ്പെട്ടപ്രകാരം ഇപ്പോള്‍ നമ്മുടെ ബലഹീനത മൂലം കെട്ടുവാനും അഴിപ്പാനും ന്യായങ്ങളും ശട്ടങ്ങളും വിധിപ്പാനും നിയമങ്ങളെ ഏര്‍പ്പെടുത്തുവാനും പള്ളികളും മദുബഹാകളും കൂദാശ ചെയ്വാനും കോറിമാരെയും പട്ടക്കാരെയും ശെമ്മാശന്മാരെയും എവുപ്പദിയോക്കന്മാരെയും കാറോയന്മാരെയും മ്സമറാനെന്മാരെയും പട്ടംകെട്ടുവാനും ക്രമങ്ങള്‍ക്കും സ്ഥാനങ്ങള്‍ക്കും യോഗ്യമാകുന്ന സകലവും നിവൃത്തിച്ചുകൊള്ളുവാനും പരിശുദ്ധാത്മാവില്‍ നിന്നു അവന്നു പൂര്‍ണ്ണ അധികാരം കൊടുക്കപ്പെട്ടു. പള്ളികളുടെ ദ്രവ്യവും പള്ളികളിലുള്ള സകലവും അവന്‍റെ അധികാരത്തിന്‍കീഴായിരിക്കണം. ബഹുമാനപ്പെട്ട യൗസേപ്പു മെത്രാപ്പോലീത്താ ആയ മാര്‍ ദീവന്നാസ്യോസ് ബാവാ യാതൊരു മനുഷ്യനെയും ബന്ധിച്ചാല്‍ ആ മനുഷ്യന്‍ (അവന്‍റെ) വചനത്തുംകീഴായിരിക്കയും ദൈവത്തില്‍ നിന്നും നമ്മുടെ ബലഹീനതയില്‍ നിന്നും ശപിക്കപ്പെട്ടവനും തള്ളപ്പെട്ടവനും ആകുകയും ചെയ്യും. ഈ നിങ്ങളുടെ പിതാവു ബന്ധിച്ച മനുഷ്യന്‍ കോറി ആയാലും പട്ടക്കാരനായാലും ശെമ്മാശനായാലും അല്‍മ്മേനി ആയാലും വലിയവനായാലും ചെറിയവനായാലും വൃദ്ധനായാലും യൗവ്വനക്കാരനായാലും പുരുഷനായാലും സ്ത്രീ ആയാലും അവനില്‍ നിന്നല്ലാതെ അഴിവും മോചനവും ഉണ്ടാകയില്ല.  മേല്‍പറഞ്ഞ പിതാവു വാഴ്ത്തുന്ന മനുഷ്യന്‍ ഒക്കെയും ദൈവത്തില്‍ നിന്നു വാഴ്വുകളും നമ്മുടെ ബലഹീനതയില്‍ നിന്നു പ്രാര്‍ത്ഥനകളും കൈക്കൊള്ളുന്നു. (പിന്നെയും) നിങ്ങളുടെ സത്യസ്നേഹത്തോടു അപേക്ഷിക്കുന്നതു എന്തെന്നാല്‍ ആത്മികസന്തോഷത്തോടെ നിങ്ങള്‍ ഒരുങ്ങപ്പെട്ടവരായി നിങ്ങളുടെ വായ ബഹുമാനവും സ്തോത്രവും നിറെച്ചു ആത്മിക മഹത്വവും സന്തോഷവും പുകഴ്ചയും ആകുന്ന ഓശാനകളുടെ കൊമ്പുകള്‍ നിങ്ങളുടെ കൈകളില്‍ എടുത്തു നിങ്ങളുടെ ആത്മിക പിതാവായ ഈ നല്ല ഇടയന്‍റെ എതിരേല്പിനു നിങ്ങള്‍ പുറപ്പെടുകയും അക്സിയോസ്, അക്സിയോസ്, അക്സിയോസ്, ബഹുമാനപ്പെട്ട യൗസേപ്പു മെത്രാപ്പോലീത്താ ആകുന്ന ശുദ്ധമുള്ള ആബൂന്‍ മാര്‍ ദീവന്നാസ്യോസ് യോഗ്യനും കൊള്ളാകുന്നവനും ആകുന്നു എന്നു അടക്കം കൂടാതെ ഏകശബ്ദത്തോടെ അവന്‍റെ മുമ്പാകെ നിങ്ങള്‍ അട്ടഹസിച്ചു പറകയും വേണം. ശുദ്ധമുള്ള ഇടയന്‍റെ പട്ടംകൊട സമയത്തു നാമും ഉണ്ടായിരുന്ന എപ്പിസ്ക്കോപ്പന്മാരും അട്ടഹസിച്ചതുപോലെ തന്നെ. ദൈവഇഷ്ടത്തെ നിവൃത്തിച്ചു ആ സമയത്ത് ഞങ്ങള്‍ അട്ടഹസിച്ചതുപോലെ തന്നെ നിങ്ങളും ഈ റൂഹായ്ക്കടുത്ത ശബ്ദത്തെ ഞങ്ങളോടുകൂടെ അട്ടഹസിപ്പിന്‍. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ സന്തോഷം ആത്മാവും പ്രകാരവും ജഡപ്രകാരവും ആകുവാനായിട്ടു ഉറച്ച ശബ്ദത്തോടെ അട്ടഹസിപ്പിന്‍.  ഇപ്പോള്‍ നമ്മുടെ വാത്സല്യ മക്കളെ നിങ്ങളോടു നാം പറയുന്നതു സൂക്ഷിച്ചു കേള്‍പ്പീന്‍. എന്തെന്നാല്‍ നമ്മുടെ കര്‍ത്താവായ യേശുമിശിഹാ ശുദ്ധമുള്ള ശ്ലീഹന്മാര്‍ക്കു നല്‍കിയതുപോലെ നമ്മുടെ വചനം അവന്‍റെ വായിലേക്കു പകരുകയും അവനു പൂര്‍ണ്ണ അധികാരം കൊടുക്കപ്പെടുകയും ചെയ്തു, ന്യായമാകുന്ന സകല ചട്ടങ്ങളെയും അവനുണ്ടാക്കിക്കൊള്ളുന്നു. നിങ്ങള്‍ക്കു പിതാവിനെപോലെയും ഇടയനെ പോലെയും ഭരിക്കുന്നവനെ പോലെയും അവനായിരിക്കണം. അവനെ ബഹുമാനിക്കാനും സ്നേഹിപ്പാനും ശെമഓന്‍ കീപ്പായുടെ കല്പന പോലെ അവന്‍റെ വചനവും അവന്‍റെ കല്പനകളും കേള്‍പ്പാനും നിങ്ങള്‍ക്കു ന്യായമാകുന്നു. അവനെ കൈക്കൊള്ളുന്നവനൊക്കെയും ദൈവത്തില്‍ നിന്നും നമ്മുടെ ബലഹീനതയില്‍ നിന്നും അനുഗ്രഹിക്കപ്പെട്ടവനായിരിക്കും. കേള്‍ക്കാതെയും കൈയ്ക്കൊള്ളാതെയും ഇരിക്കുന്നവന്‍ ദൈവത്തില്‍ നിന്നും നമ്മുടെ ബലഹീനതയില്‍ നിന്നും അകലപ്പെട്ടവനായിരിക്കും. നിങ്ങളുടെ അടുക്കലേക്കുള്ള അവന്‍റെ വരവ് അനുഗ്രഹിക്കപ്പെട്ടതാകുവാനും അവന്‍ വന്നുചേരുമ്പോള്‍ നിങ്ങള്‍ സന്തോഷിപ്പാനുമായിട്ടു ബലഹീനന്മാരായ ഞങ്ങള്‍ ദൈവത്തില്‍ നിന്നു അപേക്ഷിക്കയും ചെയ്യും. പിന്നെയും നമ്മുടെ ആത്മിക മക്കളെ, നിങ്ങളുടെ സ്നേഹത്തോടു അറിവിക്കുന്നതു എന്തെന്നാല്‍, ഈ നിങ്ങളുടെ പിതാവിനോടു പള്ളികളെക്കുറിച്ചും ദയറാകളെക്കുറിച്ചും സത്യത്തിന്‍റെ വഴിയില്‍ നിന്നു വിട്ടു നടക്കരുതെന്നും അന്യായത്തില്‍ നിന്നും അത്യാഗ്രഹത്തില്‍ നിന്നും മുഖസ്തുതിയില്‍ നിന്നും അകലപ്പെട്ടുകൊള്ളണമെന്നും പൂര്‍വ്വ പിതാക്കന്മാരുടെ വഴിയില്‍ നടന്നുകൊള്ളുന്നതല്ലാതെ സഭാചട്ടം വിട്ട ആചാര്യമര്യാദ നിങ്ങളുടെ മേല്‍ പുതുതായി ഏര്‍പ്പെടുത്തരുതെന്നും ഒരുത്തനോടും അവസ്ഥയില്‍ അധികമൊന്നും യാചിക്കരുതെന്നും പട്ടത്വത്തിന്‍റെ ക്രമത്തെ വ്യത്യാസം കൂടാതെ കൈക്കൂലിയാല്‍ നിരസിക്കരുതെന്നും നാം കല്പിച്ചു ഓര്‍മ്മപ്പെടുത്തിയിട്ടുണ്ടു. പിന്നെയും നമ്മുടെ വാത്സല്യ മക്കളെ നിങ്ങളോടു കല്പിക്കുന്നതെന്തെന്നാല്‍, ഈ നിങ്ങളുടെ ആത്മികപിതാവിന്‍റെ അടുക്കല്‍ നിങ്ങളുടെ സ്നേഹത്തെ കാണിക്കണം. അവനു വിരോധമായി നില്‍ക്കയും അവന്‍റെ വചനം അനുസരിക്കാതിരിക്കയും ചെയ്യുന്ന എല്ലാ മനുഷ്യനും നിങ്ങള്‍ വിരോധികളായിരിക്കണം. അവന്‍റെ പക്കല്‍ നിങ്ങളുടെ വൈരാഗ്യത്തെ കാണിക്കയും എല്ലാ നേരത്തിലും സഹായികളായി ഇരിക്കയും വേണം. നിങ്ങള്‍ക്കു വേണ്ടി അവന്‍ നമസ്ക്കരിക്കയും അപേക്ഷിക്കയും ചെയ്വാനായിട്ടു അധികാരികളുടെ പക്കലാകട്ടെ ന്യായാധിപതിമാരുടെ പക്കലാകട്ടെ പ്രധാനികളുടെ പക്കലാകട്ടെ ആവശ്യപ്പെട്ടിരിക്കുന്ന സകലത്തിലും അവന്‍റെ കൂടെ നിങ്ങള്‍ നിന്നുകൊള്ളണം. പള്ളികളുടെയും ദയറാകളുടെയും അവന്‍ പാര്‍ക്കുന്ന സ്ഥലങ്ങളുടെയും പണിക്കു അവനെ നിങ്ങള്‍ സഹായിക്കണം. അതു നാം കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മേല്‍ വാഴ്വുകളെ വര്‍ദ്ധിപ്പിക്കയും സൈത്തുകളുടെ മലയില്‍ വച്ചു തന്‍റെ ശുദ്ധമുള്ള തൃക്കൈകളെ നീട്ടി ശുദ്ധമുള്ള തന്‍റെ ശ്ലീഹന്മാരെ വാഴ്ത്തുകയും പരിശുദ്ധാത്മാവിനെ അയയ്ക്കാമെന്നു അവരോടു വാഗ്ദത്തം ചെയ്കയും ചെയ്തു എന്ന നമ്മുടെ കര്‍ത്താവായ യേശുമിശിഹാ തന്‍റെ ശുദ്ധമുള്ള തൃക്കൈകളെ നീട്ടി നിങ്ങളുടെമേലും നിങ്ങളുടെ ഭവനങ്ങള്‍മേലും നിങ്ങളുടെ മക്കള്‍മേലും നിങ്ങളുടെ വിത്തുകള്‍മേലും വിളവുകള്‍മേലും അനുഗ്രഹിക്കുന്നതിനും അനുഗ്രഹങ്ങളുടെ വാതില്‍ നിങ്ങളുടെ നേരെ തുറന്നു തരുന്നതിനും തന്‍റെ വാഴ്വുകളും നന്മകളും നിങ്ങള്‍ എല്ലാവരുടെമേലും ധാരാളപ്പെടുത്തുന്നതിനും നിങ്ങള്‍ ജീവനോടിരിക്കുന്ന ദിവസങ്ങള്‍ ഒക്കെയും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും കാലം നിങ്ങള്‍ക്കു തരുന്നതിനും നിങ്ങളുടെ വൃദ്ധന്മാരെ ദൈവം താങ്ങുന്നതിനും നിങ്ങളുടെ വാലിഭക്കാരെ കര്‍ത്താവു കാത്തുകൊള്ളുന്നതിനും നിങ്ങളുടെ പൈതങ്ങളെ വളര്‍ത്തുന്നതിനും ദൈവം നിങ്ങളുടെ നോമ്പുകളും നമസ്ക്കാരങ്ങളും കൈക്കൊള്ളുന്നതിനും നിങ്ങളുടെ കുറുബാനകളും ധര്‍മ്മങ്ങളും നേര്‍ച്ചകളും ദശാംശങ്ങളും കൈക്കൊള്ളുന്നതിനും കര്‍ത്താവ് നിങ്ങളുടെ പാപങ്ങളെ ക്ഷമിക്കുന്നതിനും നിങ്ങളുടെ ചെറുപ്പങ്ങളെ മായിക്കുന്നതിനും കര്‍ത്താവ് തന്‍റെ സത്യമുള്ള വാഗ്ദത്തങ്ങള്‍ നിങ്ങളുടെ കൂടെ നിവൃത്തിക്കുന്നതിന്നും കര്‍ത്താവ് രണ്ടു ലോകങ്ങളുടെയും നന്മകള്‍ നിങ്ങള്‍ക്കു തരുന്നതിനും ഈ ലോകത്തില്‍ നിങ്ങളുടെമേലും നിങ്ങളുടെ ഭവനങ്ങള്‍മേലും സമ്പാദ്യങ്ങള്‍മേലും നന്മകളും വാഴ്വുകളും വസിപ്പിപ്പാനും ആ ലോകത്തില്‍ നിങ്ങളെയും അനുകൂലപ്പെട്ടിരിക്കുന്ന നിങ്ങളുടെ മരിക്കപ്പട്ടവരെല്ലാവരെയും നീതിമാന്മാരോടും പുണ്യവാന്മാരോടും കൂടെ സ്വര്‍ഗ്ഗരാജ്യം അവകാശമായി അനുഭവിപ്പിക്കുമെന്നും എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പട്ടവരേ എന്‍റെ അടുക്കല്‍ നിങ്ങള്‍ വന്നു പ്രവേശിച്ചു ലോകാരംഭത്തിനു മുമ്പേ നിങ്ങള്‍ക്കു ഒരുക്കിയിരിക്കുന്നു എന്ന ആ മോക്ഷം നേടിക്കൊള്‍ക എന്നു വലത്തേതിന്‍റെ പുത്രന്മാരോടു അരുളിചെയ്യുന്ന മഹത്വമുള്ള ശബ്ദം നിങ്ങളെയും അവരെയും കേള്‍പ്പിക്കുന്നതിനും ആയിട്ട് (തന്നില്‍) നിന്നു അപേക്ഷിക്കയും ചെയ്യും. അതു ദൈവത്തെ പ്രസവിച്ച മറിയത്തിന്‍റെയും സകല സഹദേന്മാരുടെയും പരിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയാല്‍ തന്നെ. പിതാവായ ദൈവത്തിന്‍റെ സ്നേഹവും തനിയന്‍ പുത്രന്‍റെ കൃപയും വന്ദിക്കപ്പെട്ട ശുദ്ധമുള്ള റൂഹായുടെ സംബന്ധവും എല്ലാ നേരത്തിലും നിങ്ങള്‍ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ ആമ്മീന്‍. 

(മുദ്ര) മിശിഹാകാലം 1865-മാണ്ടു (മുദ്ര)

എന്നാല്‍ ബലഹീനനായ അത്താനാസ്യോസ് സ്തേപ്പാനോസ്സ് എപ്പിസ്ക്കോപ്പാ ആയ ഞാന്‍ മലയാളത്തിന്‍റെ മാര്‍ ദീവന്നാസ്യോസ് യൗസേപ്പു മെത്രാപ്പോലീത്തായ്ക്കു കൊടുക്കപ്പെട്ട ഈ സുസ്താത്തിക്കോന്‍ കണ്ടപ്പോള്‍ ബഹുമാനപ്പെട്ട മാര്‍ ഇഗ്നാത്യോസ് യാക്കോബ് പാത്രിയര്‍ക്കീസിന്‍റെ കല്പനപ്രകാരം ഈ ആബൂന്‍ മാര്‍ ദീവന്നാസ്യോസിനായിട്ടു മൂന്നു പ്രാവശ്യം അക്സിയോസ്, അക്സിയോസ്, അക്സിയോസ് അവന്‍ യോഗ്യനും കൊള്ളാകുന്നവനും ആകുന്നു എന്നു ഇവിടെയുള്ള പിതാക്കന്മാരോടു കൂടെ അട്ടഹസിച്ചു. 

മിശിഹാകാലം  1865-മാണ്ടു ശ്രേഷ്ഠന്മാരുടെ പട്ടണമായ ഗൊസര്‍ത്തായില്‍ വച്ചു ഇവയുണ്ടായി. (മുദ്ര) (മുദ്ര)

മിശിഹാകാലം 1865-മാണ്ടു ഇന്ത്യാദേശത്തിലേക്കു മെത്രാപ്പോലീത്തായായ നമ്മുടെ സഹോദരന്‍ മാര്‍ ദീവന്നാസ്യോസിനെ സ്ഥിരപ്പെടുത്തിയപ്പോള്‍ ഓമ്മീദിന്‍റെ ഗ്രീഗോറിയോസ് ഗീവറുഗീസ് എപ്പിസ്ക്കോപ്പായായ ബലഹീനനായ ഞാനും മൂന്നു പ്രാവശ്യം അക്സിയോസ്, അക്സിയോസ്, അക്സിയോസ് എന്നു ഉണ്ടായിരുന്ന പിതാക്കന്മാരോടുകൂടെ അട്ടഹസിച്ചു. കര്‍ത്താവ് അവനെ അനുഗ്രഹിച്ചിരിക്കുന്നു. (മുദ്ര)

മിശിഹാകാലം 1865-മാണ്ടു ഗീവറുഗീസ്സാകുന്ന ഇപ്പോള്‍ മൂസലില്‍ ഇരിക്കുന്ന കൂറിലോസ് മെത്രാപ്പോലീത്തായായ ബലഹീനനായ ഞാന്‍ ഇന്ത്യയുടെ അല്ലെങ്കില്‍ മലബാറിന്‍റെ മെത്രാപ്പോലീത്തായായ ആബൂന്‍ മാര്‍ ദീവന്നാസ്യോസിന്‍റെ കയ്യില്‍ സുസ്താത്തിക്കോന്‍ കണ്ടപ്പോള്‍ ഉണ്ടായിരുന്ന പിതാക്കന്മാരോടുകൂടെ മൂന്നു പ്രാവശ്യം അക്സിയോസ്, അക്സിയോസ്, അക്സിയോസ് എന്നു അട്ടഹസിച്ചു. കര്‍ത്താവ് അവനെ അനുഗ്രഹിച്ചിരിക്കുന്നു. (മുദ്ര)

ശിഷ്യന്മാരില്‍ ചെറിയവനായ മത്ത്യാസെന്ന ജനിക്കപ്പെട്ടവരില്‍ ഹീനതയുള്ള പാപപ്പെട്ടവന്‍ എഴുതി അവന്‍റെ തലെ (വേല) യുടെ കൂലി നശിക്കാതെയിരിപ്പാനായിട്ടു ചിന്തപ്പെട്ട കണ്ണുനീരുകളെ ഒഴുക്കുന്നു. 

തര്‍ജ്ജമക്കാരന്‍ കോനാട്ടു മത്തായി ശെമ്മാശന്‍. (ഒപ്പ്)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)