പരുമല സുന്നഹദോസ് നിശ്ചയങ്ങള്‍ (1878)

കൊല്ലം 1053-ന് 1878 കുഭം 6-ാം തീയതി പരുമല സിമ്മനാരിയില്‍ കൂടിയ സുന്നഹദോസിലെ നിശ്ചയങ്ങള്‍:

അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്‍റെ അധികാരിയും നമ്മുടെ വിശുദ്ധ പിതാവുമായ മൂന്നാമത്തെ പത്രോസ് എന്ന മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ട് 1876 മിഥുനം 15-ാം തീയതി മുളന്തുരുത്തിപ്പള്ളിയില്‍ കൂടപ്പെട്ട സുന്നഹദോസില്‍ വച്ച് മലങ്കരെ ഉള്ള നമ്മുടെ യാക്കോബായ സുറിയാനി സഭയ്ക്ക് ഒരു സമൂഹവും ആയതിന് സുറിയാനി ക്രിസ്ത്യാനി അസോസ്യേഷന്‍ എന്ന പേരും അതില്‍ 24 മെമ്പര്‍മാരും ഒരു പ്രസിഡണ്ടും കൂടിയതായ കമ്മട്ടിയും അവരാല്‍ നടത്തപ്പെടേണ്ടതായ അനേക കാര്യങ്ങളുടെ കൂട്ടത്തില്‍ പൊതുമുതല്‍ കച്ചീട്ടുംപ്രകാരം ഉണ്ടാക്കി വ്യവഹാരം മുതലായത് നടത്തേണ്ടതിനെപ്പറ്റി തീര്‍ച്ചയാക്കി നിശ്ചയിക്കപ്പെട്ടതല്ലാതെ35 ഇതുവരെ യാതൊന്നും നടക്കാതെയും നടത്തിക്കാതെയും നമ്മുടെ സഭ പരിതപിക്കേണ്ട സ്ഥിതിയില്‍ ആയിരിക്കുന്നതും കമ്മട്ടിക്കാരില്‍ ചിലര്‍ സ്ഥാനത്താലും രണ്ടാള്‍ മരണത്താലും രോഗത്താലും വേര്‍പെട്ടും ഇരിക്കുന്നതും ഒന്നില്‍ ചില്വാനം വത്സരങ്ങള്‍ ആയി സമൂഹം ബാല്യസ്ഥിതിയില്‍ ഇരിക്കുന്നതും വിളംബരത്തിന്‍റെ കാലം അതിക്രമിച്ച് സ്ഥാനതര്‍ക്കം കാലഹരണത്തില്‍ ആകുന്നതിന് കാലം സമീപിച്ചിരിക്കുന്നതും ആകയാല്‍ അതേക്കുറിച്ചു ചിന്തിക്കുന്നതിനും കാലവിളംബം കൂടാതെ വ്യവഹാരം തുടങ്ങുന്നതിനും വേണ്ടി ആര്‍ക്കും വ്യസനം തോന്നത്തക്കവണ്ണം എല്ലാവര്‍ക്കും കല്പന അയച്ചു വരുത്തീട്ടുള്ളതും ആകയാല്‍ വേണ്ടുന്ന നിശ്ചയങ്ങള്‍ ഉണ്ടാകണമെന്ന് പ്രസിഡണ്ട് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ കല്പിക്കുകയും അയച്ച കല്പന വായിക്കുകയും ചെയ്തു. കല്പനയുടെ പകര്‍പ്പും ഹാജരുള്ള പള്ളിക്കാരുടെ പേരുവിവരം പട്ടികയും ഇതോടൊന്നിച്ച് ഫയല്‍ ചെയ്തു.

സുന്നഹദോസില്‍ പ്രസിഡണ്ടായ യോസേപ്പ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് മുഖ്യാസനപതി ആയിരിപ്പാന്‍ അപേക്ഷിക്കണമെന്ന് യോഗം നിശ്ചയിച്ചു. തിരുമനസ്സുകൊണ്ട് സമ്മതിക്കുകയും യോഗത്തെ അനുഗ്രഹിക്കുകയും ചെയ്തു.

പിതാവിന്‍റെ കല്പനയും ജനങ്ങളുടെ മനസ്സും നിശ്ചയവും ഏകീകരിക്കാതെയും ആരംഭിച്ചതായ കടശ്ശീട്ടുകള്‍ മുഴുവനാകാതെയും പൊതുമുതല്‍ ഉണ്ടാക്കുന്നതിനുള്ള ശ്രമം ഇല്ലാതെയും തീര്‍ന്നതിനാല്‍ സംഭവിച്ചതിന് വിഘ്നമാകയാല്‍ അതുണ്ടാകുന്നതിനുള്ള ഉത്സാഹം അത് ആവശ്യവും അങ്ങനെയുള്ള കച്ചീട്ടുകൊണ്ട് മുതലുണ്ടാകുന്നതിനുള്ള ശ്രമത്തോടുകൂടി പ്രസിഡണ്ട് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ കൂടാതെ ഉള്ള മെത്രാപ്പോലീത്തന്മാരെയും സ്ഥാനത്താലും മരണത്താലും വേര്‍പെട്ടുപോയ ആളുകള്‍ക്കു പകരമായി വേണ്ടിവരുന്നവരോടുകൂടി നാല്പത് ആളുകളെയും കമ്മട്ടിക്കാരായി നിശ്ചയിക്കുകയും ആ നാല്പത് ആളുകള്‍ കൂടി 500 വീതം രൂപാ വരെ ആളാംപ്രതി എടുത്ത് സമൂഹമുതലാക്കി വ്യവഹാരം മുതലായത് നടത്തുകയും കടശ്ശീട്ടുകൊണ്ടോ സമൂഹം വക വേറെ പിരിവുകള്‍കൊണ്ടോ ആ കടം വീട്ടുകയും ചെയ്താല്‍ എളുപ്പത്തില്‍ കാര്യനടപ്പിന് സംഗതി വരുന്നതാണെന്ന് നിശ്ചയിച്ചതിനെ യോഗം ഉറപ്പിച്ചു.

കമ്മട്ടിക്കാരുടെ പേര്‍ ഇവിടെ ചേര്‍ക്കുകയും മുന്‍ നിശ്ചയിച്ചവര്‍ക്ക് 'എ' എന്നും ഇപ്പോള്‍ നിശ്ചയിച്ചവര്‍ക്ക് 'ബി' എന്നും അടയാളം ഇടുകയും ചെയ്തു.

കമ്മറ്റിക്കാര്‍ 1. മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ
2. മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ
3. മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ
4. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ
5. മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ
6. മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ

എ.


മാവേലിക്കര വടക്കേത്തല അലക്സന്ത്രയോസ് കത്തനാര്‍
നീലംപേരൂര്‍ മാലിത്തറ ഏലിയാസ് കത്തനാര്‍
തെക്കന്‍പറവൂര്‍ തോപ്പില്‍ ലൂക്കോസ് കത്തനാര്‍
പുതുപ്പള്ളില്‍ എളന്തുരുത്തില്‍ പീലിപ്പോസ് കോറി
കോട്ടയത്ത് കുന്നുംപുറത്തു കുരിയന്‍ റൈട്ടര്‍
കുന്നംകുളങ്ങര പനക്കല്‍ പാത്തപ്പന്‍ ഐപ്പൂരു
കണ്ടനാട്ട് തുകലന്‍ പൗലോസ്
മുളന്തുരുത്തില്‍ ചാലില്‍ ചെറിയ
കുമരകത്തു മുറിപ്പുരക്കല്‍ കുരുവിള മേനോന്‍
വെളിനാട്ട് പുത്തന്‍പുരയ്ക്കല്‍ തോമ്മാ
പള്ളത്ത് എടത്തുംപടിക്കല്‍ കുര്യന്‍
പുത്തന്‍കാവില്‍ കൊല്ലംപറമ്പില്‍ ഈപ്പന്‍
പാമ്പാക്കുട കോനാട്ട് ഇട്ടന്‍പിള്ള
കുറുപ്പംപടിക്കല്‍ കല്ലറയ്ക്കല്‍ കുഞ്ഞുവര്‍ക്കി
മാമ്മലശ്ശേരില്‍ എടയത്ത് ചെറിയ
മുളന്തുരുത്തി ചാത്തുരുത്തി വര്‍ക്കി
അങ്കമാലില്‍ വയല്‍പ്പറമ്പില്‍ ഇട്ടൂപ്പ്

ബി.

നിരണത്ത് പുതുപ്പള്ളി ഗീവറുഗ്ഗീസ്
ചാത്തന്നൂര്‍ കോയിപ്പുറത്ത് ചാക്കോ
കൈപ്പട്ടൂര്‍ തേരകത്ത് കൊച്ചുകോശി
ചെങ്ങന്നൂര്‍ കടന്തോട്ടില്‍ മാമ്മന്‍
കല്ലൂപ്പാറ അടങ്ങപ്പുറത്ത് ഈപ്പന്‍ പണിക്കര്‍
നിരണത്ത് എലഞ്ഞിക്കല്‍ പെരുമാള്‍
കാരക്കല്‍ മൂലമണ്ണില്‍ ചെറിയാന്‍
റാന്നിയില്‍ കല്ലപറമ്പില്‍ ചാക്കോ
മേപ്രാല്‍ പൂതിയോട്ട് പുത്തന്‍പുരയ്ക്കല്‍ മാത്തു
കണ്ടനാട് കരവട്ട്വീട്ടില്‍ കോരാ
കുമരകത്ത് ഉമ്മാശ്ശേരി ഇട്ടി
കോട്ടയത്ത് എറികാട്ട് മാത്തു
വാകത്താനത്ത് ചെട്ടിപ്പറമ്പില്‍ തൊമ്മന്‍
കുറിച്ചിയില്‍ കല്ലാശ്ശേരില്‍ ഉലഹന്നാന്‍
കുറിഞ്ഞിയില്‍ പാലാല്‍ ഇട്ടന്‍
കല്ലൂപ്പാറ മാരേട്ട് അവ്സേപ്പ്
കല്ലൂപ്പാറ കണ്ടത്തില്‍ പോത്ത
കോട്ടയത്ത് തെക്കേത്തലക്കന്‍ കുര്യന്‍ വക്കീല്‍
അങ്കമാലി ചക്കരയകത്തൂട്ട് തരിയന്‍
നിരണം മാന്നാനത്ത് വെങ്ങാഴിയില്‍ യോഹന്നാന്‍
പുതുപ്പള്ളില്‍ പാറയ്ക്കല്‍ ഈശോ

മേല്‍പ്പറഞ്ഞ കടംശീട്ട് വകക്ക് കടശ്ശീട്ടുകൊണ്ടോ മറ്റോ പൊതുമുതല്‍ ഉണ്ടാക്കുന്നതിന് മെത്രാപ്പോലീത്തന്മാര്‍ മുഖ്യചുമതലക്കാരും കമ്മട്ടി മെമ്പര്‍മാര്‍ സഹായികളും ആയിരിക്കേണ്ടതും മെത്രാപ്പോലീത്തന്മാര്‍ പള്ളികള്‍തോറും വെവ്വേറെയോ ഒന്നിച്ചോ നടന്ന് പൊതുമുതല്‍ ഉണ്ടാക്കുന്നതിന് ഉത്സാഹിച്ച് ഉണ്ടാക്കി കടം വീട്ടുകയും വേണ്ടതാണെന്ന് നിശ്ചയിച്ചതിനെ യോഗം ഉറപ്പിച്ചു.

മുതല്‍ ഉണ്ടാക്കി വ്യവഹാരം ആരംഭിക്കുന്നതിന് ഇനി ഒട്ടും താമസം പാടില്ലാത്തതിനാല്‍ ഒരു ചുരുങ്ങിയ അവധിയായ മീനം 15-ാം തീയതി 40 മെമ്പര്‍മാര്‍ കൂടി 150 രൂപാ വീതം 6000 രൂപാ തല്ക്കാലം ശേഖരപ്പെടുത്തി മെത്രാപ്പോലീത്തന്മാരോടോ മെത്രാപ്പോലീത്തായോ കൂടി തിരുവനന്തപുരത്തു ചെന്ന് വ്യവഹാരത്തിനുള്ള മാര്‍ഗ്ഗവും തരവും ചിന്തിച്ച് ആരംഭിക്കേണ്ടത് അത്യാവശ്യമെന്ന് പറഞ്ഞതിനെ യോഗം ഉറപ്പിച്ചു.
ശേഖരപ്പെടുത്തുന്ന മുതല്‍ വാങ്ങി രശീതി കൊടുക്കുന്നതിന് മെമ്പര്‍മാരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടതായ ഒരു തല്‍ക്കാല മുതല്‍പിടിയും കണക്കു മുതലായ എഴുത്തുകുത്തുകള്‍ക്ക് ഒരു തല്‍ക്കാല സിക്രട്ടറിയും വേണ്ടതാകയാല്‍ മുതല്‍പിടിവേലയ്ക്ക് പുതുപ്പള്ളി ഗീവറുഗ്ഗീസും സിക്രട്ടറി വേലക്ക് കാരിക്കല്‍ കുരുവിള ഈപ്പനെയും ഏര്‍പ്പെടുത്തുകയും കമ്മട്ടിക്കാരുടെ അനുമതിയിന്മേല്‍ പ്രസിഡണ്ടിന്‍റെ മുദ്രയോടുകൂടി സിക്രട്ടറി ഒപ്പിട്ടു കൊടുക്കുന്ന പ്രമാണം പിടിച്ച് മുതല്‍പിടി പണം ചെലവിടേണ്ടതും ആയി നിശ്ചയിച്ചാല്‍ കൊള്ളാമെന്ന് ആവശ്യപ്പെട്ടത് യോഗം ഉറപ്പിച്ചു. 

കമ്മട്ടി മെമ്പര്‍മാരില്‍ പണച്ചുമതലക്കാരായവര്‍ സമയാസമയങ്ങളില്‍ ഓഹരിപ്രകാരം മുതല്‍ എടുക്കാതെയും ആവശ്യപ്പെടുമ്പോള്‍ അവരോ അധികാരപത്രക്കാരോ ഹാജരാകാതെയും ഉദാസീനത കാണിച്ചാല്‍ കമ്മട്ടിക്കാരില്‍ അധികപക്ഷക്കാരുടെ സമ്മതപ്രകാരം നീക്കി വേറെ ആളുകളെ ഏര്‍പ്പെടുത്തുന്നതിനും കമ്മട്ടിക്കാര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്ന് യോഗം നിശ്ചയിച്ച് ഉറപ്പിച്ചു.

കമ്മട്ടി മെമ്പര്‍മാരില്‍ മെത്രാപ്പോലീത്തന്മാര്‍ക്ക് കടശ്ശീട്ടിന്‍റെ ചുമതല വച്ചിട്ടുണ്ടെങ്കിലും ശേഷം മെമ്പര്‍മാരുടെ സ്വാധീനത്തില്‍ ഉള്ളവരെക്കൊണ്ട് ആവക കടച്ചീട്ടുകള്‍ തീര്‍പ്പിക്കുന്നതിന് 20 വീതം ചീട്ടുകളില്‍ കുറയാതെ ബ്രോക്ക (ര്‍) ചീട്ടുകള്‍ കൊടുത്തേല്പിക്കുന്നത് കൊള്ളാമെന്ന് നിശ്ചയിച്ചതിനെ യോഗം ഉറപ്പിച്ചു.

കച്ചീട്ടിന്‍റെ ചുമതലകള്‍ സാധാരണയായി മെത്രാപ്പോലീത്തന്മാര്‍ എല്ലാവരുടെമേലും വച്ചിട്ടുള്ളതല്ലാതെ അവര്‍ ആളാംപ്രതി നടത്തുന്ന ഉത്സാഹം കാണ്മാന്‍ ഇടവരുന്നതല്ലായ്കയാല്‍ അതിന് പ്രത്യക്ഷപ്പെടുത്തിക്കാണിപ്പാന്‍ മാസംതോറും ഏര്‍പ്പെടുത്തുന്ന ശീട്ടുകള്‍ക്ക് വിവരം പട്ടികയോടുകൂടെ കമ്മട്ടി മുതല്‍പിടിയില്‍ ഏല്പിക്കേണ്ടതാകുന്നു എന്നും ആവക പട്ടികകള്‍ കമ്മട്ടി റിക്കാര്‍ഡില്‍ ഇരിക്കേണ്ടതാകുന്നു എന്നും യോഗം നിശ്ചയിച്ച് ഉറപ്പിച്ചു. 

ഈ സുന്നഹദോസിന് ചില പള്ളിക്കാര്‍ കൂടിയിട്ടില്ലാത്തതും ഇപ്പോഴത്തെ നിശ്ചയങ്ങള്‍ എല്ലാവരും സമ്മതിച്ചപ്രകാരം ലക്ഷ്യങ്ങള്‍ ഇല്ലാത്തതും ഒരു സമ്മതപത്രം കമ്മട്ടിയില്‍ വേണ്ടതും ആകയാല്‍ അങ്ങനെ ഒരു സമ്മതപത്രം പ്രസിഡണ്ട് അവര്‍കള്‍ കല്പിച്ച് അച്ചടിച്ച് അയച്ച് ഒപ്പ് ഇടുവിച്ച് വാങ്ങി റിക്കാര്‍ഡില്‍ ചേര്‍ക്കേണ്ടതാണെന്ന് യോഗം നിശ്ചയിച്ച് ഉറപ്പിച്ചു.

കടശ്ശീട്ട് തീര്‍ക്കേണ്ടതിന് ചുമതലപ്പെടുത്തിയിരിക്കുന്ന മെത്രാപ്പോലീത്താമാരുടെ പേരുവിവരം ആ വകയ്ക്ക് തിരിച്ചിട്ടുള്ള അതിര്‍ത്തികളും കാണിച്ച് കമ്മറ്റിയില്‍നിന്നും എല്ലാ പള്ളികള്‍ക്കും ഒരു കല്പന അയയ്ക്കേണ്ടത് ആവശ്യമെന്ന് നിശ്ചയിച്ചതിനെ യോഗം ഉറപ്പിച്ചു.
ഈ നിശ്ചയങ്ങള്‍ മെത്രാപ്പോലീത്താമാരും മെമ്പര്‍മാരും അന്യോന്യം സമ്മതിച്ചു എന്നും അതുപ്രകാരം നടക്കയും നടത്തിക്കയും ചെയ്യുമെന്നും ഉള്ള സമൂഹത്തിന്‍റെ സമ്മതത്തിനും ഉറപ്പിനുംവേണ്ടി പ്രസിഡണ്ട് തന്‍റെ ഒപ്പും മുദ്രയും ഇടുന്നതല്ലാതെ കമ്മട്ടിക്കാരും ഒപ്പുകള്‍ ഇട്ട് ഉറപ്പിക്കേണ്ടതെന്ന് യോഗം നിശ്ചയിച്ചതിനെ സ്ഥിരപ്പെടുത്തി ഒപ്പുകള്‍ ഇട്ടിരിക്കുന്നു.

സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കമ്മറ്റിയുടെ പ്രസിഡണ്ട് 
മലയാളത്തിനുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ (ഒപ്പ്)
തുമ്പൊന്‍ ഇടവകയുടെ മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ (ഒപ്പ്)
കോട്ടയം ഇടവകയുടെ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ (ഒപ്പ്)
കണ്ടനാട് ഇടവകയുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ (ഒപ്പ്)
കൊച്ചി ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ (ഒപ്പ്)
അങ്കമാലി ഇടവകയുടെ കൂറിലോസ് മെത്രാപ്പോലീത്താ (ഒപ്പ്)
നിരണം ഇടവകയുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ (ഒപ്പ്)
മാവേലിക്കല വടക്കേത്തല അലക്സന്ത്രയോസ് കത്തനാര്‍ (ഒപ്പ്)

ഇപ്രകാരം കമ്മട്ടിക്കാര്‍ എല്ലാവരും അപ്പോള്‍ ഉണ്ടായിരുന്നവര്‍ എല്ലാവരും പേര്‍ എഴുതി ഒപ്പിട്ട് പിരിഞ്ഞു.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)