പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് / ഇസ്സഡ്. എം. പാറേട്ട്



മലങ്കര നസ്രാണികളെ സംബന്ധിച്ചിടത്തോളം, അത്യന്തം വിപല്‍കരമായ ഒരു ഘട്ടത്തിലാണ് മാര്‍ ജോസഫ് ദീവന്നാസ്യോസ് എന്ന നക്ഷത്രം ഉദിച്ചത്. മെത്രാന്‍ എന്നാല്‍ പരിശുദ്ധന്‍ എന്ന് ഒരു വയ്പ്. പരിശുദ്ധന്‍ എന്നാല്‍ ലോകപ്രകാരമോ, ബുദ്ധിസാമര്‍ത്ഥ്യം ആവശ്യമുള്ള സംഗതികളിലൊ കാശിനു കൊള്ളാത്തവന്‍ എന്നു വേറെ ഒരു വയ്പും ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നു. ഭസ്മാദികള്‍ക്കും കുപ്പായങ്ങള്‍ക്കും പ്രാധാന്യവും പ്രാമാണ്യവും നല്‍കുന്ന രണ്ടാം വയ്പ് കള്ളസന്യാസികളെയും കപടഭക്തിക്കാരെയും സൃഷ്ടിച്ചു രക്ഷിക്കുന്നതിനു വളരെ സഹായിച്ചിട്ടുണ്ട്. സഹായിക്കുന്നുണ്ട്. മാര്‍ ജോസഫ് ദീവന്നാസ്യോസിന്‍റെ ജീവചരിത്രത്തിലേക്കു കടക്കണമെന്നു ഞങ്ങള്‍ക്ക് ഉദ്ദേശ്യമില്ല. അതിവിടെ സംഗതവുമല്ല. മലങ്കര നസ്രാണികളെ ഒരു കാലഘട്ടത്തില്‍ നയിക്കുന്നതിനു ഈശ്വരനിയോഗം അനുസരിച്ച് നേതൃസ്ഥാനത്തു വന്ന അദ്ദേഹം, സ്വധര്‍മ്മം കഴിവനുസരിച്ച് ആത്മാര്‍ത്ഥതയോടും വൈദഗ്ദ്ധ്യത്തോടും വിജയകരമായും നിര്‍വഹിച്ചു എന്നുള്ളതില്‍ സംശയമില്ല. പ്രൊട്ടസ്റ്റന്‍റു മിഷ്യനറിമാരുടെ ഉപദേശങ്ങളാല്‍ ആകൃഷ്ടരായി "നവീകരണ"ത്തിന് പുറപ്പെട്ടവരില്‍ ചിലര്‍ അന്നു സമുദായത്തിന്‍റെ ഉന്നതതലത്തില്‍ സ്ഥാനമുള്ളവരായിരുന്നു. സി.എം.എസ്. കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരായതുകൊണ്ട് അവരില്‍ പലര്‍ക്കും പാശ്ചാത്യ വിദ്യാഭ്യാസരീതി അനുസരിച്ചുള്ള അഭ്യസനമൊ അറിവൊ ലഭിച്ചിട്ടുമുണ്ടായിരുന്നു. ആവിധം ചിന്തിക്കുമ്പോള്‍, നല്ല തുടമുള്ള കായ്കളായിരുന്നു അവര്‍ എന്നു പറയാം. പണ്ഡിതന്മാരെന്നു വയ്ക്കാവുന്നവരും, സി.എം.എസ്. കാരുമായുള്ള സമ്പര്‍ക്കംമൂലം അധിരാജപ്രതിനിധികളുടെ സഹായം തേടുന്നതിനു സൗകര്യം ഉള്ളവരും ആയ സ്വജനങ്ങളോടു തുറന്നു പടവെട്ടേണ്ട ദുര്‍യോഗമാണ് ജോസഫ് ദീവന്നാസ്യോസിനുണ്ടായത്. നവീകരണത്തിന്‍റെ ആക്രമണത്തെ തടഞ്ഞുനിര്‍ത്തുന്നതിനു കഴിവുള്ള വിധത്തിലെല്ലാം അദ്ദേഹം ശ്രമിച്ചിട്ടു ഫലം ഉണ്ടായില്ല. ഇ. എം. പീലിപ്പോസിന്‍റെ ഒരു പ്രസ്താവന, ഞങ്ങള്‍ ഒന്നുരണ്ടു പ്രാവശ്യം എടുത്തു കാണിച്ചിട്ടുള്ളത്, ഒരിക്കല്‍കൂടെ ആവര്‍ത്തിക്കുകയാണ്. "എല്ലാ പ്രകാരത്തിലും ഭഗ്നാശയനായ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ അവസാനക്കൈയായി തന്‍റെ പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചു." അന്ത്യോഖ്യാ പാത്രിയര്‍ക്കീസില്‍നിന്നു മെത്രാന്‍സ്ഥാനം ലഭിച്ച തനിക്ക്, പാത്രിയര്‍ക്കീസിന്‍റെ അധികാരത്തെ അവഗണിച്ചു പ്രവര്‍ത്തിക്കുന്ന ആളോടു മല്ലിടാന്‍ ആ മഹാപുരോഹിതന്‍റെ സഹായം കിട്ടുമെന്നു ജോസഫ് ദീവന്നാസ്യോസിനു നിശ്ചയമുണ്ടായിരുന്നു. എന്നിട്ടും മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുംകൊണ്ടു ഫലം കിട്ടാതെ വന്നതിനുശേഷം മാത്രമാണ് "അവസാനക്കൈയായി" പാത്രിയര്‍ക്കീസിനെ സമീപിച്ചത്. മാര്‍ ദീവന്നാസ്യോസിന്‍റെ സെക്രട്ടറിയെന്നൊ മറ്റൊ ഉള്ള നിലയില്‍ വളരെക്കാലം അദ്ദേഹത്തോടു നന്നായി അടുത്തു പെരുമാറിയ ആളാണ് ഇ. എം. പീലിപ്പോസ്. പാത്രിയര്‍ക്കീസിനെ ഏതെങ്കിലും തരത്തില്‍ വിമര്‍ശിക്കുകയൊ വിമര്‍ശിക്കാന്‍ ഇടവരുത്തുന്ന വിധത്തില്‍ എഴുതുകയൊ ചെയ്യാമെന്ന് അദ്ദേഹം സ്മരിക്കുമെന്നു തന്നെ സംശയിക്കാനുമില്ല. അങ്ങിനെയുള്ള ദേഹമാണ് "അവസാനക്കൈയായി"ട്ടാണ് ജോസഫ് ദീവന്നാസ്യോസ് പാത്രിയര്‍ക്കീസിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചതെന്നു പറയുന്നത്.

ഇ. എം. പീലിപ്പോസും ദീര്‍ഘദര്‍ശിമാരുടെ കൂട്ടത്തില്‍ പെടുന്നു എന്നാണൊ മനസ്സിലാക്കേണ്ടത്. അതോ അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ "അറം" മലങ്കര നസ്രാണികളുടെ തലയില്‍ പതിച്ചു എന്നാണോ? മാര്‍ ജോസഫ് ദീവന്നാസ്യോസിന്‍റെ, "അവസാനക്കൈ" ഏതെല്ലാം വൈതരണികളിലാണ് മലങ്കര നസ്രാണികളെ കൊണ്ടു ചാടിച്ചത്! മാര്‍ത്തോമ്മാ ഒന്നാമന്‍റെ സ്ഥാനം ക്രമപ്പെടുത്താനാണ് അന്ത്യോഖ്യാ ഇദംപ്രഥമമായി മലങ്കരയില്‍ കാല്‍വച്ചത്. അന്നത്തെ അധികാരികളും,  അതിനുശേഷം അന്ത്യോഖ്യായില്‍ അധികാരത്തില്‍ വന്നവരും "പാലും തേനും ഒഴുകുന്ന" മലങ്കര എന്ന കനാന്‍ദേശത്തെപ്പറ്റി ഓര്‍ത്ത് ഈള ഒലിപ്പിച്ചിട്ടുണ്ടാവും. മാത്യൂസ് അത്താനാസ്യോസ് ആണ് ഇദംപ്രഥമമായി പാത്രിയര്‍ക്കീസില്‍ നിന്ന് പട്ടം ഏറ്റത്. ജോസഫ് ദീവന്നാസ്യോസ് രണ്ടാമതും. പിന്നെ പത്രോസ് തൃതീയന്‍റെ വരവുകൂടെ ആയപ്പോള്‍ ബാന്ധവം മുറുകി. അതിന്‍റെ ഫലമൊ? ഇനിയും അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയൊ എന്നു നിശ്ചയമില്ലാത്തതുകൊണ്ട് ഫലം എന്തൊക്കെ എന്നു നിശ്ചയിച്ചു കൂടാ. തിരുവിതാംകൂര്‍ - കൊച്ചി ബ്രിട്ടീഷ് റസിഡന്‍റും രസികശിരോമണിയും കേരള സൗന്ദര്യാരാധകനും ആയിരുന്ന സി. ഡബ്ലിയും ഈ. കോട്ടന്‍ കുന്ദംകുളം മുസ്സാവരിയില്‍ വച്ചു പറഞ്ഞു "മലങ്കര സുറിയാനിസഭ മദ്രാസിലെ ബ്രാഹ്മണ വക്കീലന്മാരുടെ സ്വര്‍ണ്ണഖനിയാണ്" (ആര്‍ത്താറ്റ് പള്ളിച്ചരിത്രം, പേജ് 55) എന്ന്. ഈ ഖനി ഉടമകളുടെ കൂട്ടത്തില്‍ ഉത്തരേന്ത്യക്കാരും ഉള്‍പ്പെട്ടു എന്നൊരു മാറ്റം പിന്നീട് ഉണ്ടായി.

സമീപ ഭൂതകാലത്തുണ്ടായ സംഭവവികാസങ്ങള്‍ ആ നിലയ്ക്കു മാറ്റംവരുത്താന്‍ ഇടയില്ലെ എന്നും തോന്നുന്നുണ്ട്. കാതോലിക്കോസിന്‍റെ സ്ഥാനാരോഹണം സംബന്ധിച്ചു ചെലവു നിയന്ത്രിക്കാത്തപക്ഷം ആശയും സംശയവും എല്ലാം ആസ്ഥാനത്താകും. ആശയ്ക്കു ഇടനല്‍കുന്ന ഇന്നത്തെ നിലയ്ക്കു അസ്ഥിവാരം ഉറപ്പിച്ചതും മാര്‍ ജോസഫ് ദീവന്നാസ്യോസ് ആയിരുന്നു എന്നു സ്മരിക്കേണ്ടതാണ്. 1084-ല്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് മലങ്കര സന്ദര്‍ശിക്കുന്നതിനു മുമ്പുള്ള കാലത്ത്, "മലങ്കര മഫ്രിയാനാ"യെ ആനന്ദസന്ദായകമായ ഒരു സ്വപ്നമായി കാണാറുണ്ടായിരുന്നു. ഒന്നാമത്തെ മഫ്രിയാനാ ആയി തടിച്ചുകൊഴുത്ത സുമുഖനായ അദ്ദേഹത്തെയും, സ്വപ്നം കണ്ടവര്‍ സ്വപ്നത്തില്‍ കണ്ടു. സ്വപ്നരാജ്യത്തു നിന്നും മനോരാജ്യത്തു നിന്നും നമുക്ക് 1051-ലെ മലങ്കരയിലേക്കു മടങ്ങാം.

മുളന്തുരുത്തി സുന്നഹദോസ് നടന്ന ദിവസങ്ങളില്‍ അഭിപ്രായവ്യത്യാസത്തിന്‍റെയൊ മത്സരത്തിന്‍റെയൊ കരിനിഴല്‍ അവിടെങ്ങും പതിഞ്ഞതായി "രേഖ" കണ്ടാല്‍ തോന്നുകയില്ല. ലക്ഷ്യത്തില്‍ എത്താം എന്നുള്ള പ്രതീക്ഷ പത്രോസ് തൃതീയനും മാര്‍ ദീവന്നാസ്യോസിനും ഉണ്ടായിരുന്നതായിരിക്കാം അവിടെ അപസ്വരങ്ങള്‍ കേള്‍ക്കാഞ്ഞതും കരിനിഴല്‍ കാണാഞ്ഞതും. രണ്ടാം കാനോനാ തന്നെ നോക്കുക. അന്ത്യോഖ്യയിലെ സ്തുതിചൊവ്വാകപ്പെട്ട - എന്നുവച്ചാല്‍ ഓര്‍ത്തഡോക്സ് - വിശ്വാസത്തിലും ചൊല്ലുവിളിയിലും സ്ഥിരപ്പെട്ടു നില്‍ക്കാമെന്നുള്ളതിന് മുഖ്യമായി ഇടവകപട്ടിക തയ്യാറാക്കി കൂടുന്നിടത്തോളം വേഗം പാത്രിയര്‍ക്കീസിന്‍റെ മുമ്പാകെ എത്തിക്കണം. അതു വിശ്വാസത്തെ സ്ഥിരപ്പെടുത്തുന്നതിനു ഉപയോഗമായി വരുന്നതു കൂടാതെ റീശീസ്സാ പിരിച്ചെടുക്കുന്നതിന് ഒരു കണക്ക് ആയും ഉപയോഗപ്പെടും എന്നാണല്ലൊ അതില്‍ കാണുന്നത്. ഓര്‍ത്തഡോക്സ് വിശ്വാസത്തില്‍ എന്നും ഉറച്ചുനിന്നവരാണ് മലങ്കര നസ്രാണികള്‍. മാര്‍ത്തോമ്മാ ശ്ലീഹായില്‍നിന്നു പൂര്‍വ്വന്മാര്‍ക്കു കിട്ടിയ "വില മതിക്കാനാവാത്ത മുത്ത്"- വിശ്വാസം - നിര്‍മ്മലമായി കാത്തുരക്ഷിക്കുന്നതില്‍ അവര്‍ എന്നും എരിവുള്ളവരായിരുന്നു." ".... കുരിശിനെ ആരാധിക്കുന്നതുകൊണ്ട് അവരുടെ ഭക്തിവിശ്വാസങ്ങള്‍ സംതൃപ്തമായി. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്നു വിട്ടുമാറി ജീവിച്ചുവന്നതിനാല്‍ സഹസ്രാബ്ദകാലത്തെ പുരോഗതിയുടെ പ്രയോജനം ഉണ്ടായില്ലെങ്കില്‍ അക്കാലയളവില്‍ ഉണ്ടായ കളങ്കങ്ങളും അവരെ ബാധിച്ചില്ല" (The Decline and fall of the Roman Empire, Vol. 5, p. 56) എന്ന് മഹാചരിത്രകാരനായ ഗിബ്ബന്‍ എഴുതിയിട്ടുള്ളത് ആയിരിക്കണം മുളന്തുരുത്തിയിലും നസ്രാണികളെ നയിച്ച തത്വം. ഓര്‍ത്തഡോക്സ് വിശ്വാസം പുലര്‍ത്താമെന്ന് എവിടെയും എങ്ങിനെയും ഉടമ്പെടുകയൊ സത്യംചെയ്കയൊ ചെയ്യാം. അതിനപ്പുറം, അല്ലെങ്കില്‍ ഇപ്പുറം കടക്കില്ല. കിടക്കില്ല. അധികാരത്തില്‍ കണ്ണുവയ്ക്കേണ്ടാ എന്ന് ഒരു മുന്നറിയിപ്പ്, ആ നിശ്ചയത്തിലൂടെ പാത്രിയര്‍ക്കീസിനു നല്‍കുന്നതായിട്ടായിരിക്കണം നസ്രാണികള്‍ ഗ്രഹിച്ചത്. അതേസമയം തന്‍റെ അധികാരം പൂര്‍ണ്ണമായി അംഗീകരിച്ചു എന്നു പാത്രിയര്‍ക്കീസ് ധരിച്ചു. അതുകൊണ്ട് കാര്യങ്ങള്‍ സുഗമമായി മുമ്പോട്ടുപോയി എന്നു വിചാരിക്കാം. സുന്നഹദോസ് ഭംഗിയായി അവസാനിച്ചു. ഖരാര്‍ ഉടമ്പടി പ്രവാഹം പ്രതീക്ഷിച്ചുകൊണ്ടാവാം പാത്രിയര്‍ക്കീസ് രണ്ടുമൂന്നു മാസം മുളന്തുരുത്തിയില്‍ താമസിച്ചത്. പ്രതീക്ഷിച്ച പ്രവാഹമൊ, ഇറ്റിക്കല്‍ എങ്കിലുമൊ കാണാഞ്ഞപ്പോള്‍ അദ്ദേഹം പുറത്തേക്കിറങ്ങി കൊടുങ്കാറ്റിന്‍റെ വേഗത്തില്‍ അതിന്‍റെ ശക്തിയോടെ ആഞ്ഞടിച്ച് ആവശ്യമുള്ള ഉടമ്പടികളും മറ്റും വാങ്ങിയതിനെപ്പറ്റി ഇതിനു മുമ്പ് പ്രതിപാദിച്ചിട്ടുണ്ടല്ലൊ. ഒക്കെ കണ്ടും അറിഞ്ഞും അക്ഷോഭ്യനായി, അനുസരണമുള്ള ഒരു ശിഷ്യനെപ്പോലെ മാര്‍ ദീവന്നാസ്യോസ് അകന്നും അടുത്തും ദിവസങ്ങള്‍ കഴിച്ചുകൊണ്ടിരുന്നു.

സുന്നഹദോസ് കഴിഞ്ഞ് ആറേഴു മാസത്തിനുള്ളില്‍ എന്തെല്ലാമാണ് പത്രോസ് തൃതീയന്‍ ചെയ്തത് - സാധിച്ചത്! ഏതാണ്ട് പന്ത്രണ്ടു പ്രധാന പള്ളികളും അവയുടെ സ്ഥാവരജംഗമസ്വത്തുക്കളും എല്ലാം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ സ്വന്തമാണെന്ന് അതത് ഇടവകക്കാരില്‍ നിന്ന് രജിസ്തര്‍ പ്രമാണങ്ങള്‍ വാങ്ങി. അത്രമാത്രമൊ, മലങ്കരയുള്ള എല്ലാ പള്ളികളും അവയുടെ ആസ്തികളും പാത്രിയര്‍ക്കീസിന്‍റെ വകയാണെന്ന് ആ പന്ത്രണ്ടു പള്ളിക്കാരെക്കൊണ്ട്, രജിസ്തര്‍ ഉടമ്പടികളില്‍ സാക്ഷ്യപ്പെടുത്തിക്കുകയും ചെയ്തു. അങ്ങിനെ "ലൗകികം" ശരിപ്പെടുത്തി. ആറുപേരെ മെത്രാന്‍സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ നിശ്ചയിച്ച് അവരെ രജിസ്തര്‍ ഉടമ്പടി ചങ്ങലകള്‍കൊണ്ട് പൂട്ടി ആത്മീക ലൗകികാധികാരങ്ങള്‍ അഷ്ടബന്ധമിട്ട് ഉറപ്പിച്ചു. ആ ആറു പേര്‍ക്കുമായി മലങ്കര ഭാഗം ചെയ്തു കൊടുക്കുകയും ചെയ്തു. വാത്സല്യവാനായ ദീവന്നാസ്യോസിനൊ? കണ്ണുകാണാന്‍ വയ്യാതിരുന്ന ഇസഹാക്ക്, അനുഗ്രഹങ്ങള്‍ എല്ലാം യാക്കോബിനു കൊടുത്തുകഴിഞ്ഞ് എത്തിയ ഏശാവിന് കുറെ അനുഗ്രഹങ്ങള്‍ "നുള്ളിപ്പെറുക്കി എടുത്ത്" കൊടുത്തല്ലൊ. അതുപോലെ ദീവന്നാസ്യോസിനും കൊടുത്തു കൊല്ലം ഇടവക. അന്ന് അവിടെ എത്ര പള്ളികള്‍ ഉണ്ടായിരുന്നു എന്നും, അവയില്‍ മേല്‍ക്കൂര ഉള്ളവ എത്ര ആയിരുന്നു എന്നും കാണിക്കുന്ന ഒരു കണക്ക് ഉണ്ടായിരുന്നു എങ്കില്‍ ആ മഹാ ഇടവകയുടെ മാഹാത്മ്യം മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. "കുറുക്കന്‍റെ വകയായി കുറെ കല്യാണ പള്ളികളാണ്"ڔകൊല്ലം ഇടവകയില്‍ ഉള്ളത് എന്ന് (പസ്സാരം കൊടുക്കാതെ കല്യാണം നടത്താന്‍ വയ്ക്കുന്ന, ആറു കാലുള്ള മാടം തന്നെ) പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ബഥനി മെത്രാച്ചന്‍ പറഞ്ഞത് ഞങ്ങള്‍ ഓര്‍ക്കുന്നു. അതിനും ഒരു അറുപതു വര്‍ഷത്തോളം മുമ്പാണ് അസോസിയേഷന്‍ പ്രസിഡന്‍റും വാത്സല്യപുത്രനുമായ ദീവന്നാസ്യോസിനെ ആ സെന്‍റ് ഹെലിനായിലേയ്ക്കു തട്ടിയത്. അതുകൊണ്ടും ക്ഷോഭിച്ചില്ല അദ്ദേഹം. "ഈ കോലാഹലകലാപങ്ങള്‍ എല്ലാം കഴിഞ്ഞ് പിതാവ് അങ്ങ് പോകും" എന്ന് അറിയാമായിരുന്നതുകൊണ്ടാവാം വാല്‍സല്യപുത്രന്‍ അക്ഷോഭ്യനായി, ഉത്തമശിഷ്യനായി "പിതാവിനെ" അനുഗമിക്കുകയും അനുസരിക്കാവുന്ന ഘട്ടങ്ങളില്‍ അനുസരിക്കുകയും ചെയ്തത്. അനുസരിക്കാന്‍ നിവൃത്തിയില്ലാത്ത ഗഡുക്കളില്‍ "ഇല്ല, സാധ്യമല്ല" എന്നു പറഞ്ഞു "കുരുത്തംകെട്ടവന്‍" എന്ന പേരു വാങ്ങാതെ ഒഴിഞ്ഞുമാറുകയും നിവര്‍ത്തനനയം അനുഷ്ഠിക്കുകയും ചെയ്തു. ആറു മെത്രാന്മാരെ വാഴിച്ചതില്‍ ഒന്നിലും ഒരിക്കലും അദ്ദേഹം സംബന്ധിച്ചില്ല. ഒരു മെത്രാന്‍റെയെങ്കിലും സ്താത്തിക്കോനില്‍ ഒപ്പിടുകയൊ, ആശീര്‍വാദവചനങ്ങള്‍ രേഖപ്പെടുത്തുകയൊ ചെയ്തില്ല എന്ന് സെമിനാരിക്കേസില്‍ 1058 വൃശ്ചികം 21-ാം തീയതി അദ്ദേഹം കൊടുത്ത മൊഴിയില്‍ കാണാം (സെമിനാരി കേസ് ബുക്ക്, വാല്യം 2, പേജ് 14). ആതാണ് നിവര്‍ത്തനം.

ആദിമകാലം മുതല്‍ ഒറ്റ ഒരു മെത്രാന്‍ മാത്രം ഭരിച്ചുവന്നിരുന്ന മലങ്കരയെ നുള്ളിക്കീറുകയും, അതിന്‍റെ നാമ്പ് നുള്ളിക്കളയാന്‍ ശ്രമിക്കുകയും ചെയ്തയാളാണ് പത്രോസ് തൃതീയന്‍ എന്ന് അറിയാമായിരുന്നു. എന്നിട്ടും ഗുരുജന ബഹുമാനംകൊണ്ടും, ക്ഷണിച്ചുവരുത്തിയ അതിഥിയെ പൂജിക്കേണ്ടതു ധര്‍മ്മമാണെന്നു വിശ്വസിച്ചിരുന്നതുകൊണ്ടും, വന്ന സമയം കാണിച്ച ബഹുമാനോപചാരങ്ങളോടു കൂടെ, മാര്‍ ദീവന്നാസ്യോസ് ബോംബെ വരെ പാത്രിയര്‍ക്കീസിനെ അനുഗമിച്ചു. നവീകരണക്കാരുമായുള്ള സമരത്തിനു വേണ്ട ഒത്താശകള്‍ ചെയ്തതിനു പ്രതിഫലമായി മലങ്കരയെ അടിമയായി ലഭിച്ചു എന്ന് പാത്രിയര്‍ക്കീസ് വിശ്വസിച്ചിരിക്കണം. "അതിന്‍റെ ആധാരം താലത്തില്‍ വച്ചു കൈമുത്തിയാണ് ദീവന്നാസ്യോസ് യാത്ര പറയേണ്ടത്" എന്ന് പത്രോസ് തൃതീയന് അഭിപ്രായമുണ്ടായിരുന്നിരിക്കാം. അങ്ങിനെ അഭിപ്രായമൊ പ്രതീക്ഷയൊ ഉണ്ടെന്നു മാര്‍ ദീവന്നാസ്യോസ് അറിഞ്ഞിട്ടുമുണ്ടായിരിക്കാം. എന്തായാലും ഒരു കോപ്പ പായസത്തിനുവേണ്ടി ജന്മാവകാശം തീറുകൊടുക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. അതിനു പകരം എന്തെല്ലാം "കാഴ്ചകളൊ നേര്‍ച്ചകളൊ" കൊടുത്താണ് പാത്രിയര്‍ക്കീസിനെ യാത്ര ആക്കിയതെന്ന് നമുക്ക് അറിവില്ല. കഴിവില്‍ കൂടുതല്‍ കൊടുത്തിരിക്കണം; നിശ്ചയം.

ശീതസമരമൊ ശബ്ദരഹിതസമരമൊ?

പത്രോസ് തൃതീയനും മാര്‍ ദീവന്നാസ്യോസും തമ്മില്‍ പൊരുതി, നന്നായി പൊരുതി എന്നതില്‍ സംശയിക്കാനില്ല. രക്തരഹിതവും ശബ്ദരഹിതവും ആയിരുന്നു ആ സമരം. രണ്ടു ചാണക്യന്മാര്‍ തമ്മില്‍ നടന്നതായതുകൊണ്ട് അങ്ങിനെ അല്ലാതെ വരാന്‍ തരമില്ല. യുദ്ധംകൊണ്ട് അസംഖ്യം യുവാക്കന്മാരെയും, യുദ്ധരംഗത്തുനിന്നു വളരെ അകലത്തു താമസിക്കുന്ന ജനങ്ങളെയും കൊന്നൊടുക്കുകയും, രാജ്യങ്ങളെയും ആസ്തികളെയും നശിപ്പിക്കുകയും ചെയ്യുന്നതിനേ പറ്റുകയുള്ളു എന്ന്, മഹാരഥന്മാരായ രാജ്യതന്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചത് ഇരുപതാം നൂറ്റാണ്ടില്‍ പകുതിയോളം പിന്‍തള്ളിക്കഴിഞ്ഞ ശേഷമാണ്. പത്രോസ് തൃതീയനും മാര്‍ ദീവന്നാസ്യോസും ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് ആ വ്യവസ്ഥ മനസ്സിലാക്കി. ഒരാള്‍ ഇടത്തോട്ടു തിരിഞ്ഞു തിരിഞ്ഞു അപരനെ ചുറ്റാനോ ചുറ്റിക്കാനോ മുതിര്‍ന്നെങ്കില്‍, അപരന്‍ വലത്തോട്ടു കറങ്ങിക്കറങ്ങി ചുറ്റഴിച്ചുകൊണ്ടേ ഇരുന്നു എന്നു പറയാം. നവീകരണക്കാരുമായുള്ള വ്യവഹാരത്തിന് കോപ്പുകൂട്ടലിന്‍റെ ഉല്‍ഘാടനമാണല്ലൊ മുളന്തുരുത്തിയില്‍ നടന്നത്. "സെമിനാരിക്കേസ്" കൊണ്ട് നവീകരണ ഭീഷണി ഒഴിഞ്ഞു. നവീകരണ ഭീഷണി ഒഴിക്കാന്‍ സഹായിച്ചതിന് തലയിലേറ്റാന്‍ തുടങ്ങിയ അറബി; അല്ലെങ്കില്‍ അന്ത്യോഖ്യന്‍ ഭീഷണിയും തല്‍ക്കാലത്തേക്ക് ഒഴിക്കാന്‍ മാര്‍ ജോസഫ് ദീവന്നാസ്യോസിന് കഴിഞ്ഞു. റോയല്‍ കോര്‍ട്ട് ഭൂരിപക്ഷ ജഡ്ജ്മെന്‍റ് ഒരു ചുണകെട്ട രേഖ ആണെങ്കിലും, മലങ്കരസഭയുടെ ലൗകികങ്ങളില്‍ പാത്രിയര്‍ക്കീസിനു കാര്യം ഒന്നും ഇല്ലെന്നു സംശയരഹിതമായി അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (Royal Court Judgment, para 347). അക്കഥ കേട്ടപ്പോഴാണ് ആത്മീയവും ലൗകികവും തമ്മില്‍ തിരിക്കാന്‍ സാധിക്കുകയില്ലെന്നും, ചില ജഡ്ജിമാര്‍ വല്ലതും എഴുതിത്തള്ളിയതുകൊണ്ട് പാത്രിയര്‍ക്കീസിന്‍റെ അധികാരത്തിനു കോട്ടംതട്ടുന്നതല്ലെന്നും മറ്റും വിശദീകരിച്ച് പത്രോസ് തൃതീയന്‍ 1068 തുലാം 23-ാം തീയതി മാനേജിങ്ങ് കമ്മറ്റിക്കാര്‍ക്കു കല്പന എഴുതിയത്. .... ആ ശബ്ദരഹിത - രക്തരഹിതസമരം - 1164 കുഭം 4-ാം തീയതിയിലെ റോയല്‍ കോടതി വിധിയോടുകൂടെ അവസാനിച്ചു എന്ന് തോന്നാം. പക്ഷേ, പത്രോസ് തൃതീയന്‍ തന്നെ അതു അവഗണിക്കയാണല്ലൊ ചെയ്തത്. അപ്പോള്‍ പിന്നാലെ വന്നവര്‍ക്ക് അത്രയുംപോലും തൃപ്തി ഉണ്ടാകാഞ്ഞതില്‍ എന്താണ് അത്ഭുതം? ....

പരുമലയോഗം

നമുക്ക് ... പാത്രിയര്‍ക്കീസിനെ വേണ്ടവിധം യാത്രഅയച്ചു മടങ്ങിവന്ന മാര്‍ ജോസഫ് ദീവന്നാസ്യോസിന്‍റെ പ്രവര്‍ത്തനങ്ങളിലേക്കു ശ്രദ്ധ തിരിക്കാം. സമുദായാംഗങ്ങളെ സംഘടിപ്പിച്ചു മുമ്പോട്ടുപോയാല്‍ വിജയിക്കാം എന്നു മാര്‍ ദീവന്നാസ്യോസിനു നിശ്ചയമുണ്ടായിരുന്നു. ഏകനെന്ന നിലയില്‍ ഏതാനും പള്ളിക്കാരുടെ പിന്‍തുണയോടുകൂടെ തുഴഞ്ഞാല്‍ ഒന്നും ആകുകയില്ലെന്നും സംഘടിതശ്രമത്തിന്, സംഘടിപ്പിക്കുന്നതിനു മുളന്തുരുത്തി സുന്നഹദോസ് സ്ഥാപിച്ച അടിസ്ഥാനത്തില്‍ ഉറച്ചുനില്‍ക്കുന്നതിനും അദ്ദേഹം തീര്‍ച്ചപ്പെടുത്തി. കമ്മറ്റിയുടെ വ്യാപ്തിയും അംഗങ്ങളുടെ സംഖ്യയും വര്‍ദ്ധിപ്പിക്കുക, പണം പിരിക്കുക ഇവ രണ്ടും ഉടനടി നടക്കേണ്ട കാര്യങ്ങളാണെന്ന് അദ്ദേഹം കണ്ടു.

പാത്രിയര്‍ക്കീസിന്‍റെ അധികാരം ഉറപ്പാക്കുന്നതിന് മലങ്കര ഏഴു ഇടവകകളായി വിഭജിക്കുകയും ഉടമ്പടി വാങ്ങി ആറു മെത്രാന്മാരെ വാഴിക്കുകയും പള്ളികളും സര്‍വ്വസ്വത്തുക്കളും പാത്രിയര്‍ക്കീസിന്‍റെ തനതാക്കാന്‍ മതിയായതെന്നു അദ്ദേഹം വിശ്വസിച്ച തരം രജിസ്റ്റര്‍ ഉടമ്പടികള്‍ വാങ്ങുകയും ചെയ്തതില്‍ കഥയില്ല. പ്രതിവിധി തേടാന്‍ കാലമുണ്ട്. അത് യഥാവസരം ചെയ്യാം. എന്നാല്‍ "വിഭജിച്ചു ഭരിക്കുക" എന്ന തത്വം അനുസരിച്ച് വിഭജിച്ചതിനെ ഭരിക്കാന്‍ സൃഷ്ടിക്കപ്പെട്ട മെത്രാന്മാരെ ഉടന്‍തന്നെ കൂട്ടത്തില്‍ കൂട്ടണം. മലങ്കരയുടെ ബലം കുറയ്ക്കാന്‍ സ്വീകരിച്ച തന്ത്രം ബലം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കണം എന്ന് നീതികുശലനും നയതന്ത്രജ്ഞനും ആയ ആ മഹാപണ്ഡിതന്‍ തീര്‍ച്ചപ്പെടുത്തി. ആറു മാസത്തിനകം കാര്യം നേരെ ആക്കി. മാര്‍ ജോസഫ് ദീവന്നാസ്യോസിന്‍റെ പ്രാമുഖ്യത പുതിയ മെത്രാന്മാര്‍ വകവച്ചുകൊടുക്കുന്ന കാഴ്ചയാണ് മലങ്കര സഭാംഗങ്ങള്‍ കണ്ടത്. ഏറ്റം ഉത്തമ പ്രതിരോധം ആക്രമണമാണെന്നുള്ള സമരതന്ത്രതത്വത്തില്‍ ഉറച്ചുനിന്നുകൊണ്ടല്ല അദ്ദേഹം ആക്രമണത്തിന് - വാദിയായി വ്യവഹാരത്തിനു - പുറപ്പെട്ടത്. ബലഹീനരുടെ അഭയസ്ഥാനം കോടതി ആണെന്നുള്ള തത്വം അനുസരിച്ചായിരുന്നു.

സര്‍ക്കാര്‍ എക്സിക്യൂട്ടീവ് അധികാരികള്‍ മുഖാന്തിരം കാര്യം സാധിക്കാമെന്നുവച്ച്, അദ്ദേഹം ആ കുറുക്കുവഴിയെ പോയി. പലപ്പോള്‍ പോയി. "കുറിയ വഴിക്കു പകലു പോരാ" എന്ന പഴഞ്ചൊല്ല് ശരിയാണെന്നു അനുഭവിച്ചുതന്നെ അറിഞ്ഞു. അതിനാല്‍ നേര്‍വഴിക്കു നീളം കൂടുമെങ്കിലും അതു സ്വീകരിക്കാന്‍ ഉറച്ചാണ് മുളന്തുരുത്തി സുന്നഹദോസില്‍ വച്ച് ആവശ്യമായ തീര്‍പ്പുകള്‍ക്ക് രൂപം കൊടുത്തത്. സിവിള്‍ കോടതിയില്‍ അഭയം തേടാന്‍ പുറപ്പെടുമ്പോള്‍ പണം വാരി ചിലവിടാന്‍ ഒരുക്കമുണ്ടായിരിക്കണം, നീണ്ടുനില്‍ക്കുന്ന സമരമാണെന്നു മനസ്സിലാക്കി തയ്യാറെടുക്കണം എന്നും അറിയാമായിരുന്നു. ജനങ്ങളില്‍ കൂടുതല്‍ താല്പര്യം ഉളവാക്കി അവരില്‍നിന്നു കൂടുതല്‍ സഹകരണം സമ്പാദിക്കുന്നതിനും, വ്യവഹാരത്തിനു പണം പിരിക്കുന്നതിനുമായി, മുളന്തുരുത്തി സുന്നഹദോസില്‍ വച്ച് രൂപംപ്രാപിച്ച സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റെ ഒരു യോഗം പരുമല സെമിനാരിയില്‍ കൂടണം എന്ന് മാര്‍ ജോസഫ് ദീവന്നാസ്യോസ് നിശ്ചയിച്ചു. നവീകരണ കക്ഷിക്കാര്‍ക്കു കൂടുതല്‍ സ്വാധീനമുണ്ടെന്നു വച്ചിട്ടുള്ള തെക്കന്‍ ഭാഗത്തുള്ള സ്വപക്ഷീയരുടെ സഹകരണം കൂടുതല്‍ കിട്ടാന്‍ അതു സഹായിക്കുമെന്നും, പ്രചരണത്തിനു പ്രയോജനപ്പെടുമെന്നും വച്ചായിരിക്കണം സമ്മേളനരംഗമായി പരുമല തെരഞ്ഞെടുത്തത്. സമ്മേളനരംഗവും തീയതിയും തീര്‍ച്ചപ്പെടുത്തുന്നതിനു മുമ്പ്, പാത്രിയര്‍ക്കീസിന്‍റെ സൃഷ്ടികളായിരുന്ന ആറു പുതിയ മെത്രാന്മാരെയും അദ്ദേഹം പാട്ടിലാക്കി. അത് എങ്ങിനെ സാധിച്ചു എന്ന് അറിഞ്ഞുകൂടാ. ആ ഒറ്റ വിജയത്തിനു മാത്രമായി മാര്‍ ജോസഫ് ദീവന്നാസ്യോസിന് "അത്ഭുതപ്രവര്‍ത്തക" സ്ഥാനം കൊടുത്താല്‍ ഒട്ടും അധികമാവില്ല. പരുമല യോഗത്തിന് ഒരുക്കങ്ങള്‍ പുരോഗമിച്ചു. 1053 കുംഭം 6-ാം തീയതി പരുമല സെമിനാരിയില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസിന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പാത്രിയര്‍ക്കീസ് അമര്‍ത്തിപ്പിടിച്ച് ഉടമ്പടി വാങ്ങിക്കൊണ്ട് സ്ഥാനം കൊടുത്ത ആറു മെത്രാന്മാരില്‍ അഞ്ചുപേരും, നൂറ്റി അമ്പതിലധികം കത്തങ്ങളും, ഒട്ടധികം ശെമ്മാശ്ശന്മാരും നേതാക്കളും അതില്‍ സംബന്ധിച്ചിരുന്നു (Dt. Court Judgment, in O. S. 111/113, para 50). വിഭജിച്ചു ഭരിക്കുന്നതിനായി, മാര്‍ ദീവന്നാസ്യോസിനു എതിരാളികളായി ഉയര്‍ത്തിയ മെത്രാന്മാരെ എല്ലാം പാത്രിയര്‍ക്കീസ് മലങ്കര നിന്നു പോയി ആറു മാസംകൊണ്ട് അദ്ദേഹം ഇണക്കി ശരിപ്പെടുത്തിയത് എങ്ങിനെയാണെന്നു, പരുമലയോഗത്തില്‍ അവരെ കണ്ടവരെല്ലാം അത്യത്ഭുതത്തോടെ ചോദിച്ചു. അവരെ മെരുക്കാന്‍ വന്ന താമസംകൊണ്ടായിരിക്കാം യോഗം കൂടാന്‍ ഇത്രയും താമസിച്ചത് എന്നായിരുന്നു വയ്പ്.

സമുദായംവക ആദായമുള്ള സ്വത്തുക്കളും പ്രധാന പള്ളികളില്‍ വളരെയും പ്രതികളുടെ കൈവശത്തിലും പക്ഷത്തിലും ആയിരുന്നതുകൊണ്ട് വാദിക്കു പണത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നിരിക്കാം. മാനസികമായും പല പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നിരിക്കാം. ഭയന്നും അറച്ചും കൊടുത്ത അന്യായം അനുവദിച്ച് ജില്ലാക്കോടതി വിധിച്ചു. ഹൈക്കോടതിയിലും റോയല്‍ക്കോടതിയിലും പ്രതികള്‍ കൊടുത്ത അപ്പീലുകള്‍ തള്ളപ്പെട്ടു. റോയല്‍ കോര്‍ട്ടിലെ ഡബ്ല്യൂ. ഇ. ഓംസ്ബി എഴുതിയ ന്യൂനപക്ഷ ജഡ്ജ്മെന്‍റ് പ്രതികള്‍ക്ക് അനുകൂലമായിരുന്നു. 1064 മിഥുനം 30-ാം തീയതിയാണ് അവസാന വിധിയുണ്ടായത്.

പത്തു വര്‍ഷം നാലു മാസത്തെ സമരംകൊണ്ട് മാര്‍ ജോസഫ് ദീവന്നാസ്യോസ് സമ്പൂര്‍ണ്ണ വിജയം കൈവരിച്ചു. മലങ്കരസഭയിന്മേല്‍, ലൗകികമായി പരിപൂര്‍ണ്ണാധികാരം ഉറപ്പിക്കാന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ചെയ്ത യജ്ഞം റോയല്‍ കോടതി വിധിയോടെ തകര്‍ന്നു. അത് ജോസഫ് ദീവന്നാസ്യോസിന് ഒരു പ്രത്യേക നേട്ടം തന്നെ ആയിരുന്നു. മലങ്കരയെ അന്ത്യോഖ്യായ്ക്ക് ആത്മീയമായി കീഴ്പ്പെടുത്തിയത് ശരിയായില്ല എന്നോ, അധര്‍മ്മമായിരുന്നു എന്നോ, അഭിപ്രായമുള്ളവര്‍ ഈ ജനകീയ കാലത്തു ധാരാളം ഉണ്ടായിരിക്കാം. മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസ് നടത്തിയ 1096 അസ്സല്‍ 68-ാം നമ്പരില്‍ 1101 മിഥുനം 19-ാം തീയതി തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ ജ. ചാറ്റ് ഫീല്‍ഡ്, ജ. ജോസഫ് തളിയത്ത്, ജ. പരമേശ്വരന്‍ പിള്ള എന്നിവരുടെ ബഞ്ചില്‍ നിന്ന് സമ്പാദിച്ച വിധിയും; മൂന്നാം നസ്രാണി കാതോലിക്കോസ് നടത്തിയ 1113-ല്‍ അസ്സല്‍ 111-ാം നമ്പരില്‍ 1954 മെയ് മാസം 21-ാം തീയതി ഇന്ത്യന്‍ സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റീസ് എസ്. ആര്‍. ദാസ്, ജ. ഭഗവതി, ജ. സിന്‍ഹാ, ജ. സുബ്ബറാവു, ജ. വാഞ്ചു എന്നിവരുടെ ബഞ്ചില്‍ നിന്നുണ്ടായ വിധിയും വഴി സിദ്ധിച്ച അവകാശാദികളും കണക്കില്‍ എടുക്കണം. ജോസഫ് ദീവന്നാസ്യോസ് ഭയന്നും സംശയിച്ചും ഇട്ട അസ്തിവാരത്തിന്മേലാണ് അവ ഉറപ്പിച്ചതെന്ന് ഓര്‍ത്താല്‍ അദ്ദേഹത്തിന്‍റെ ശ്രമഫലം എത്ര വിശിഷ്ടമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. 

എ. ഡി. 235-ലെ വീരകോര്‍ത്തന്‍ ചെപ്പേടും, എ. ഡി. 345-ലെ ക്നായിത്തൊമ്മന്‍ ചെപ്പേടും, ഒമ്പതാം ശതകത്തിലെ തരിസാപ്പള്ളി ചെപ്പേടുകളും, മലങ്കര നസ്രാണികളുടെ നിലയ്ക്കും വിലയ്ക്കും സാക്ഷ്യങ്ങളാണ്. 1599-ല്‍ ഉദയമ്പേരൂര്‍ വച്ച് പറങ്കി മെത്രാന്‍ മെനെസസ്സ് നസ്രാണികളെ കുനിച്ചുനിര്‍ത്തി മുതുകത്ത് കല്ലുവച്ച് ഒപ്പിടുവിച്ച് വാങ്ങിയ കാനോനാകളില്‍ ഒപ്പിട്ടവരുടെ സന്തതികള്‍ 1653-ല്‍ ഉണര്‍ന്ന് തോളോട് തോള്‍ ചേര്‍ന്ന് നിന്നു തട്ടിത്തെറുപ്പിച്ചു അവയെ. ആ നസ്രാണികളുടെ സന്താനങ്ങളില്‍ വളരെപേര്‍ തങ്കക്കാശു വച്ചു പുഴുങ്ങിയ കൊഴുക്കട്ടയും ആ തരത്തിലുള്ള മറ്റ് ഇരകളും കോര്‍ത്തിട്ട ചൂണ്ട വിഴുങ്ങി അടിമത്വം സ്വീകരിച്ചു. പ്രീണനങ്ങളും പീഡനങ്ങളും പ്രയാസങ്ങളും അവഗണിച്ചും സഹിച്ചും പിതാക്കന്മാരുടെ വിശ്വാസത്തില്‍ തുടര്‍ന്നു എന്ന് അഭിമാനിക്കാന്‍ കഴിവുണ്ടായിരുന്ന നസ്രാണികള്‍ക്ക് ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യമായ സംഘടനാസൗകര്യം ആയിരത്തിഎണ്ണൂറ് സംവത്സരകാലത്തേയ്ക്കു മലങ്കരയില്‍ ഇല്ലായിരുന്നു. ആ കുറവ് പരിഹരിച്ച മഹാനാണ് ജോസഫ് ദീവന്നാസ്യോസ്. ചളിവാരി എറിയാന്‍ ആളുകള്‍ ഉണ്ടാകും, ഉണ്ട് എന്നു ശരിക്ക് അറിഞ്ഞ്കൊണ്ട്, മനം പതറാതെ, ഹൃദയം കുലുങ്ങാതെ, കാല്‍ വഴുതാതെ, മുമ്പോട്ടു കുതിച്ച് കേറിയ, സുന്നഹദോസിലും ഭരണത്തിലും മാപ്പിളയ്ക്കുള്ള സ്ഥാനം ശരിക്ക് അംഗീകരിച്ച മഹാനാണ് ദീവന്നാസ്യോസ് അഞ്ചാമന്‍. മുളന്തുരുത്തി സുന്നഹദോസിന്‍റെയും മലങ്കരനസ്രാണികളുടെ വ്യവസ്ഥാപിത ഭരണകൂടത്തിന്‍റെയും മഹാശില്പിയും, ജാതിയുടെ സംഘാടകനും ആയ പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസിനെ നമുക്ക് നമസ്ക്കരിക്കാം. 

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)