എ.ഡി. 451-ല്‍ നടന്ന കല്‍ക്കദോന്യ സുന്നഹദോസിനെയും അതിനുശേഷം ആ സുന്നഹദോസിനെ സ്ഥിരീകരിച്ചുള്ള മറ്റു സഭാസമ്മേളനങ്ങളെയും അംഗീകരിക്കാത്ത സഭകളെയാണ് 'ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകള്‍' എന്നു വിളിക്കുന്നത്. കോപ്റ്റിക് സഭ (അലക്സന്ത്രിയന്‍ സഭ), അന്ത്യോക്യന്‍ സുറിയാനി സഭ, അര്‍മ്മീനിയന്‍ സഭ, എത്യോപ്യന്‍ സഭ, മലങ്കര ഓര്‍ത്തഡോക്സ് സഭ എന്നീ അഞ്ചു സഭകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. (ഓരോന്നിനെക്കുറിച്ചുമുള്ള വിശദീകരണം പ്രത്യേകമായി കാണുക). ചരിത്രം: പ്രസ്തുത സഭകളില്‍ റോമാസാമ്രാജ്യത്തിന്‍റെ പരിധിക്കുള്ളിലായിരുന്ന അലക്സന്ത്രിയന്‍ (കോപ്റ്റിക്) സഭയും അന്ത്യോക്യന്‍ സഭയും മാത്രമേ പ്രതിനിധികള്‍ മുഖേന കല്‍ക്കദോന്യ സുന്നഹദോസില്‍ നേരിട്ടു പങ്കെടുക്കുകയും എ.ഡി. 451 മുതല്‍തന്നെ അതിനെ ഔദ്യോഗികമായി എതിര്‍ക്കുകയും ചെയ്തിരുന്നുള്ളു. മേല്‍പ്പറഞ്ഞ കാലഘട്ടത്തില്‍ ചക്രവര്‍ത്തിപദം അലങ്കരിച്ചിരുന്ന മാര്‍സിയണും, സഹധര്‍മ്മിണി പുള്‍ക്കേറിയയും സുന്നഹദോസിനെ അംഗീകരിക്കുകയും, അതിനോടുള്ള എതിര്‍പ്പുകളെ അടിച്ചമര്‍ത്തുവാന്‍ യത്നിക്കുകയും ചെയ്തു. പിന്നീട് മാറിമാറിവന്ന ചക്രവര്‍ത്തിമാരുടെ പക്ഷപാതമനുസരിച്ച്, 518 വരെ ഇരുവിഭാഗക്കാരുട...