പത്രോസ് പാത്രിയര്‍ക്കീസ് ബോംബെയില്‍

ഇങ്ങനെ ഇരിക്കുമ്പോള്‍ പിന്നേയും ലണ്ടനില്‍ നിന്നും പാത്രിയര്‍ക്കീസ് ബാവായുടെ കല്പന മക്കുദിശായ്ക്കും പുലിക്കോട്ട് മെത്രാച്ചനും മേട മാസം 9-ന് വന്നു. മെത്രാച്ചന്‍ കോട്ടയത്ത് ആയിരുന്നതിനാല്‍ അദ്ദേഹത്തിന്‍റേത് കോട്ടയത്തേക്കും മക്കുദിശായുടേത് തിരുവല്ലായ്ക്കും കൊച്ചിയില്‍ നിന്നും തപാല്‍ വഴി അയച്ചു. 

കല്പനയിലെ സാരം: ഇവിടെ നിന്നും നമുക്ക് ലഭിപ്പാനുള്ളതൊക്കെയും കിട്ടിയിരിക്കുന്നു എന്നും ഇനി ഇവിടെ നിന്നും നാം യാത്ര പുറപ്പെടുവാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നും ഇനി ഇവിടേക്കായി നമ്മുടെ പേര്‍ക്ക് യാതൊരു എഴുത്തും അയക്കേണ്ടെന്നും അങ്ങോട്ടുള്ള നമ്മുടെ യാത്ര ഉറച്ചാലുടനെ നിങ്ങളെ കമ്പി വഴിയായി അറിയിക്കുമെന്നും എഴുതി അയച്ചു. ഇങ്ങനെ ഇരിക്കുമ്പോള്‍ പിന്നെയും ഇടവ മാസം 6-ന് കൊച്ചി വഴിയായി പുലിക്കോട്ടില്‍ മെത്രാപ്പോലീത്തായ്ക്കും ആലപ്പുഴ വഴിയായി മക്കുദിശായ്ക്കും ബോംബെയില്‍ നിന്നും പാത്രിയര്‍ക്കീസ് ബാവാ കമ്പി അറിയിച്ചു. ബോംബെയില്‍ നിന്ന് കമ്പി കിട്ടിയ ഉടന്‍ പുലിക്കോട്ട് മെത്രാച്ചന്‍ കോട്ടയത്തു നിന്നും കൊച്ചിയില്‍ വന്ന് വടക്കുള്ള എല്ലാ പള്ളികള്‍ക്കും സാധനം എഴുതി അയച്ചു. 10-ന് ശനിയാഴ്ച അസ്തമിച്ച് ബോംബെയ്ക്ക് പോകുന്നതിനായി കുന്നംകുളങ്ങരയ്ക്ക് പോകയും ചെയ്തു.

സാധനത്തിന്‍റെ പകര്‍പ്പ്: നിങ്ങള്‍ക്ക് വാഴ്വ്. നമ്മുടെ വിശുദ്ധ പിതാവാകുന്ന അന്ത്യോഖ്യായുടെ മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് എന്ന പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സു കൊണ്ട് മലയാളത്തിലുള്ള അവിടത്തെ മക്കളായ നമ്മള്‍ എല്ലാവരെയും നമുക്കുള്ള പള്ളികളെയും ദര്‍ശിക്കുന്നതിനു വേണ്ടി ലണ്ടനില്‍ നിന്ന് യാത്ര പുറപ്പെട്ട് ഇന്നലെ പകല്‍ 11 മണിക്ക് ബോംബെയില്‍ എത്തിയിരിക്കുന്നപ്രകാരവും ഇങ്ങോട്ടുള്ള എഴുന്നള്ളത്ത് നാം ബോംബെയില്‍ എത്തിയതിന് മേല്‍ എന്ന് നിശ്ചയിച്ച് ഉടനടി ബോംബെയില്‍ നാം എത്തണമെന്നും നമുക്ക് കമ്പി വന്നിരിക്കുന്നതിനാല്‍ ഇതാ നാം ബോംബെയ്ക്ക് യാത്ര പുറപ്പെട്ടിരിക്കുന്നു. അവിടെ നാം എത്തിയ ഉടനെ കൊച്ചിയ്ക്ക് ഇന്നപ്പോള്‍ എത്തണമെന്നുള്ള വിവരം നിങ്ങള്‍ പള്ളിക്കാരെ അറിയിപ്പാന്‍ തക്കവണ്ണം നാം ബോംബെയില്‍ നിന്ന് കമ്പി അയക്കുമെങ്കിലും ആ കമ്പി വര്‍ത്തമാനം വന്ന് രണ്ടാമത് നിങ്ങളെ തിരിയപ്പെടുത്തി എതിരേല്‍പിന് വേണ്ടി കൊച്ചിക്ക് നിങ്ങള്‍ ഒരുങ്ങപ്പെടുമ്പോഴേക്ക് എഴുന്നള്ളത്ത് കൊച്ചിയില്‍ എത്തി എതിരേല്പിന് സംഗതി വരാതെ പോകുമോ എന്ന് സംശയിക്കുന്നു. കൊച്ചിയില്‍ അന്യ മതക്കാര്‍ അധികപ്പെട്ടിരിക്കുന്ന മുറയ്ക്ക് നമ്മുടെ വിശുദ്ധ പിതാവ് കപ്പലില്‍ നിന്ന് എറങ്ങുന്ന സമയം തക്ക എതിരേല്‍പില്ലാതെ പോകുന്നത് നമ്മുടെ ജാതിയോടു കൂടെ വലിയ അപമാനമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. അതിനാല്‍ പ്രിയമുള്ളവരേ, ഇന്നു മുതല്‍ പത്തു ദിവസത്തിന് നിങ്ങള്‍ക്കുള്ള പള്ളിയുടെ സകല പൊന്ന്, വെള്ളി, വ്യഞ്ജനാദി കോപ്പുകളോടു കൂടെ നമ്മുടെ വിശുദ്ധ പിതാവിന്‍റെ എതിരേല്‍പിനായി കൊച്ചിയില്‍ നിങ്ങള്‍ വന്ന് ചേരണം. എന്തെന്നാല്‍ ഇവിടെനിന്ന് ബോംബെയ്ക്ക് നാം എത്തി യാത്ര പുറപ്പെട്ട് കൊച്ചിയില്‍ എത്തുന്നതിന് പത്തു ദിവസത്തില്‍ അധികം വേണ്ടി വരുന്നതല്ലായ്ക കൊണ്ടത്രേ ഇന്ന് മുതല്‍ പത്താം ദിവസത്തിന് നിങ്ങള്‍ ഒരുങ്ങപ്പെട്ട് വരണമെന്ന് എഴുതിയിരിക്കുന്നത്. നമ്മുടെ കര്‍ത്താവീശോ മിശിഹായുടെ കൃപയും സമാധാനവും നിങ്ങള്‍ എല്ലാവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ.

എന്ന് 1875 ഇടവം 11-ന്, കൊച്ചി പള്ളിയില്‍ നിന്നും.

പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ട് ബോംബെയില്‍ എത്തിയ വിവരത്തിനും മറ്റും 9-ന് ആലപ്പുഴ വഴിയായി മക്കുദിശായ്ക്ക് തിരുവല്ലായില്‍ കമ്പി വന്നു.12 ആ സമയത്ത് നിരണത്തു പള്ളിയില്‍ പാലക്കുന്നത്ത് അത്താനാസ്യോസ് മെത്രാപ്പോലീത്താ ഉണ്ടായിരുന്നു. ഉടനെ അദ്ദേഹത്തിന്‍റെ അടുക്കലേക്ക് വിവരങ്ങള്‍ പറഞ്ഞ് ആലോചിപ്പാന്‍ സ്തേഫാനോസ് ശെമ്മാശനെ തിരുവല്ലായില്‍ നിന്നും മക്കുദിശാ പറഞ്ഞയച്ചു. അവിടെ ചെന്ന് ആലോചന പറഞ്ഞാറെ പാത്രിയര്‍ക്കീസ് ബാവാ ഇതുവരെ എന്‍റെ പേര്‍ക്ക് യാതൊരു എഴുത്തുകളും എഴുതാതെ ഇരിക്കുന്ന സമയം ഞാന്‍ വരുന്നില്ലെന്നും എന്നെ അറിയിച്ചാല്‍ ഞാന്‍ വന്ന് കല്പന പോലെ കേട്ടു കൊള്ളാമെന്നും അതിനോടിടയില്‍ എന്‍റെ കാര്യം വഴിയേ നോക്കുന്നതിനായി തിരുവനന്തപുരത്തേക്കു പോകുന്നു13 എന്നും മറ്റും സമാധാന വാക്കുകളെ പറഞ്ഞു. ശെമ്മാശന്‍ ഉടന്‍തന്നെ തിരുവല്ലായ്ക്ക് പോരുകയും 11-ന് അസ്തമിച്ച് അദ്ദേഹം നിരണത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകയും ചെയ്തു. 12-ന് അസ്തമിച്ച് മക്കുദിശായും ശെമ്മാശനും കൂടി പുറപ്പെട്ടു. മദ്രാസിനു പോകുവാന്‍ വേണ്ടി 15-ന് അസ്തമനത്തോടു കൂടി മക്കുദിശായും ശെമ്മാശനും ബോട്ട് കയറി പോകുകയും ചെയ്തു. ഇതിനിടയില്‍ പുലിക്കോട്ട് മെത്രാപ്പോലീത്തായുടെ സാധനം പള്ളികളില്‍ എത്തിയശേഷം പാത്രിയര്‍ക്കീസ് ബാവായുടെ എതിരേല്‍പിനായി വെട്ടിയ്ക്കല്‍ നിന്ന് ചാത്തുരുത്തി ഗീവറുഗീസ് റമ്പാച്ചനും പാമ്പാക്കുട കോനാട്ട് കുഞ്ഞുവര്‍ക്കി കത്തനാരച്ചനും മറ്റ് ഏതാനും പട്ടക്കാരും കൂടെ 12 മുതല്‍ കൊച്ചിയില്‍ ചെന്ന് താമസിച്ചു വരുന്നു.

പിന്നീട് അങ്കമാലി, കോതമംഗലം, കുറുപ്പംപടി, റാക്കാട് മുതലായി ഏതാനും പള്ളിക്കാര്‍ എതിരേല്‍പിന് വേണ്ടി വെള്ളിക്കുരിശ്, മുത്തുക്കുട, തഴക്കുട മുതലായി പള്ളിവക സാമാനങ്ങളോടു കൂടെ കൊച്ചിയില്‍ എത്തി താമസിച്ചു വരുന്നതിനിടയില്‍ മദ്രാസില്‍ നിന്നും 19-ാം തീയതി തിങ്കളാഴ്ച പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ സാധനം കമ്പി വഴിയായി റമ്പാച്ചന്‍റെ പേര്‍ക്ക് വന്നതില്‍ ബോംബെയില്‍ നിന്ന് മദ്രാസിന് പാത്രിയര്‍ക്കീസ് ബാവാ വരുന്നവഴി മേല്‍വച്ച് ഞാന്‍ കണ്ടു എന്നും ഗവര്‍ണര്‍ ഇവിടെനിന്നും നീലഗിരിക്ക് പോയിരിക്കുന്നതിനാല്‍ ഇന്ന് ഞങ്ങള്‍ നീലഗിരിക്ക് പോകുന്നു എന്നും ഇവിടെനിന്നും അങ്ങോട്ടുള്ള യാത്ര കുന്നംകുളങ്ങര വഴി എന്നു തോന്നുന്നു എന്നും14 അതിനാല്‍ റമ്പാനും പാമ്പാക്കുട മല്പാനും ശേഷംപേരും ഉടനെ കുന്നംകുളങ്ങര വന്നുചേരണമെന്നും ഇവിടെനിന്നും യാത്ര പുറപ്പെടുന്ന സമയം മുന്‍കൂട്ടി അറിയിച്ചുകൊള്ളാമെന്നും മറ്റും വര്‍ത്തമാനം വന്നത് കൂടാതെ ഉടനെ പാത്രിയര്‍ക്കീസ് ബാവായുടെ അടുക്കല്‍ എത്തണമെന്നും മറ്റും ബാവായുടെ കല്പനപ്രകാരം കോട്ടയത്തുകാരന്‍ കുന്നംപുറത്തു കുര്യന്‍ റൈട്ടറുടെ പേര്‍ക്കും കമ്പി വന്നിട്ടുണ്ടായിരുന്നു. ഉടനെ റൈട്ടര്‍ ചൊവ്വാഴ്ച തന്നെ തിരുമുമ്പാകെ എത്തുന്നതിന് വേണ്ടി കൊച്ചിയില്‍ നിന്നും പുറപ്പെട്ട് നീലഗിരിക്ക് പോകയും ചെയ്തു.

***

96-ാമത് ലക്കം. കൊച്ചിയില്‍ എത്തിയശേഷം 14-ാം തീയതി വിശുദ്ധപിതാവിന്‍റെ പേര്‍ക്ക് കമ്പി അയച്ചു. 

പകര്‍പ്പ്: ബോംബെയ്ക്ക് ദാവീദ് സാസാന്‍ മുഖാന്തിരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്. കൊച്ചിയില്‍ നിന്നും പൗലൂസ് അത്താനാസ്യോസ് മെത്രാപ്പോലീത്താ. ബോംബെയില്‍ എപ്പോള്‍ എത്തി എന്നും സുഖമായിരിക്കുന്നോ എന്നും അറിവാന്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. എന്ന് 1877 ഇടവം 14-ാം തീയതി.

മറുപടി: കൊച്ചിക്ക്. പൗലോസ് അത്താനാസ്യോസ് മെത്രാപ്പോലീത്തായ്ക്ക്. ബോംബെയില്‍ നിന്ന് അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്. 12-ാം തീയതി വ്യാഴാഴ്ച ഇവിടെ എത്തി സുഖമായിരിക്കുന്നു. 16-ാം തീയതി ഇന്ന് തിങ്കളാഴ്ച കപ്പല്‍ കേറുവാന്‍ ഉറച്ചിരിക്കുന്നു. ബോട്ട് വിറ്റ രൂപാ7 സാസോന്‍ മുഖാന്തിരം അയക്കണം. നിങ്ങളെ വാഴ്ത്തുമാറാകട്ടെ. എന്ന് 1877 ഇടവം 16-ാം തീയതി. 

(ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് രചിച്ച കണ്ടനാട് ഗ്രന്ഥവരിയില്‍ നിന്നും)

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്