കൈതളാവില്‍ കെ. എം. ജേക്കബ് കത്തനാര്‍ (1914-1977)
തോട്ടയ്ക്കാട്ടു കൈതളാവില്‍ കോശി മാത്തന്‍റെയും അക്കമ്മയുടെയും പുത്രനായി 1914-ല്‍ ജനിച്ചു. തോട്ടയ്ക്കാട്ടും കോട്ടയത്തുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1933 വൃശ്ചികം 22-ന് പാമ്പാടി കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും ശെമ്മാശുപട്ടം സ്വീകരിച്ചു. പിന്നീട് വൈദികപഠനം നടത്തി.
1942-ല്‍ മല്ലപ്പള്ളി മോടയില്‍ ഡോ. എം. പി. ചാക്കോയുടെ പുത്രി ഗ്രേസിയെ വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് ഒരു മകള്‍ ഉണ്ട്. 1943-ല്‍ തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളിക്കു വേണ്ടി ഇടവകപട്ടക്കാരനായി കശ്ശീശാപട്ടം സ്വീകരിച്ചു.
1945-ല്‍ വാകത്താനം വെട്ടിക്കുന്നേല്‍ പള്ളി സഹവികാരിയായി നിയമിതനായി. 1946-ല്‍ അവിടെതന്നെ വികാരിയായി ചുമതലയേറ്റു. 1950 ജനുവരി മുതല്‍ 1951 ഓഗസ്റ്റ് വരെ മദ്രാസ് സെന്‍റ് ജോര്‍ജ് പള്ളിയില്‍ സേവനമനുഷ്ഠിച്ചു. കൂടാതെ പരിയാരം സെന്‍റ് തോമസ്, പരിയാരം സെന്‍റ് പീറ്റേഴ്സ് എന്നീ പള്ളികളിലും വൈദിക ശുശ്രൂഷ നിര്‍വഹിച്ചു.
വാകത്താനം യു.പി. സ്കൂള്‍ അദ്ധ്യാപകനായിരുന്നു. വലിയൊരു ശിഷ്യസമ്പത്തിനുടമയായിരുന്നു. വാകത്താനം യുണൈറ്റഡ് സണ്ടേസ്കൂള്‍, കണ്ണഞ്ചിറ പബ്ലിക് ലൈബ്രറി എന്നിവ സ്ഥാപിച്ചു വാകത്താനത്തെ ആദ്യകാല വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ പ്രാവര്‍ത്തികമാക്കിയതില്‍ നേതൃത്വം വഹിച്ചു.
തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളിയുടെ പുനര്‍ നിര്‍മ്മാണത്തില്‍ പുത്തേട്ടുകടുപ്പിലച്ചനോടൊപ്പം സഹകരിക്കുകയും പഴയ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് നേതൃത്വം കൊടുക്കുകയും ചെയ്തു. വാകത്താനം വെട്ടിക്കുന്നേല്‍ പള്ളിയുടെ വികാരിയായി ജീവിതാന്ത്യംവരെ ശുശ്രൂഷ ചെയ്തു.
ആചാരാനുഷ്ഠാനങ്ങളില്‍ നിഷ്ടയുള്ള ഒരു വൈദികനും, ഗായകസംഘങ്ങളുടെ സഹായത്താല്‍ ആരാധന ഭംഗിയാക്കാന്‍ വളരെയധികം പരിശ്രമിച്ചിരുന്ന വ്യക്തിയുമാണ്.
1977 നവംബര്‍ 4-ന് ദിവംഗതനായി. നവംബര്‍ 5-ന് ജോസഫ് മാര്‍ പക്കോമിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളിയില്‍ സംസ്ക്കരിക്കപ്പെട്ടു.
Comments
Post a Comment