പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനി ബോംബെയില്‍
ബോംബെ നഗരം (മേടം 22 - ഇടവം 9)
കണ്ണൂര്‍ക്കാരനും നമുക്കു പരിചിതനുമായ ഒരു കച്ചവടക്കാരന്‍ ബോംബയ്ക്കായി കപ്പല്‍ കേറിയ വിവരം ഇതിനു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ബോംബയില്‍ എത്തിയ ഉടനെ ഇദ്ദേഹത്തിന്‍റെ വീട്ടില്‍ താമസിക്കുന്നതിനായിട്ടാണു ഞങ്ങള്‍ പുറപ്പെട്ടത്. അവിടെ എത്തിയപ്പോള്‍ ആ വീടു വളരെ ചെറുതാണെന്നു കാണുകയാല്‍ സാമാനങ്ങള്‍ അവിടെ വെച്ചിട്ടു ഞങ്ങള്‍ അവിടുത്തെ അര്‍മ്മേനിയന്‍ പള്ളി അന്വേഷിച്ചു പുറപ്പെട്ടു. വഴിയില്‍ കണ്ട പലരോടും അര്‍മ്മേനിയന്‍ പള്ളി എവിടെയാണെന്നു ചോദിച്ചിട്ടു ഒരു ഫലവും ഉണ്ടായില്ല. ഒടുവില്‍ ഒരു പോലീസ് കണ്‍സ്റ്റബിളിനെ കണ്ടു. പള്ളി കാണിച്ചു കൊടുത്താല്‍ നാലണ (25 പൈസ - എഡി.) കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ അയാള്‍ക്കു വലിയ സന്തോഷമായി. ഞങ്ങളുടെ മാര്‍ഗ്ഗദര്‍ശിയായി ഈ കണ്‍സ്റ്റബിള്‍ കുറേ നടന്നതിന്‍റെ ശേഷം അയാള്‍ ഞങ്ങളെ ഒരു വലിയ ഗോപുരത്തിന്‍റെ ഉള്ളിലേക്കു കൊണ്ടുപോയി. അകത്തു ചെന്നപ്പോള്‍ വെള്ളത്തലപ്പാവു ധരിച്ച അനേകം അറബികളും തുലുക്കരും ഇരിക്കുന്നതു കണ്ടിട്ടു ഇതാണോ അര്‍മ്മേനിയന്‍ പള്ളി എന്ന് നാം സംശയഭയങ്ങളോടു കൂടി കണ്‍സ്റ്റബിളിനോടു ചോദിച്ചാറെ അതേ എന്നു അയാള്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു എങ്കിലും ഞങ്ങള്‍ അയാളുടെ പിന്നാലെ ചെല്ലാതെ മടിച്ചു നിന്നു. ഇതു കണ്ട് അവിടെ ഇരുന്നിരുന്നവര്‍ കണ്‍സ്റ്റബിളിനോടു ചോദ്യം ചെയ്യാന്‍ തുടങ്ങി. അവരില്‍ രണ്ടുമൂന്നു പേര്‍ ഞങ്ങളുടെ അടുക്കലും വന്നു വിവരം ചോദിച്ചറിഞ്ഞു. ഉടനെ അവര്‍ തിരിയെ ചെന്നു കണ്‍സ്റ്റബിളിനെ അടിക്കാന്‍ ഭാവിച്ചു. ഇതു കണ്ടപ്പോള്‍ ഞങ്ങള്‍ പരിഭ്രമിച്ചു പുറത്തേക്കു ഓടി. ഉടനെ രണ്ടുമൂന്നു പേര്‍ ബദ്ധപ്പെട്ടു വന്നു ഓടീട്ടു ആവശ്യമില്ലെന്നും അതൊരു അറബിപ്പള്ളിയാണെന്നും 'അര്‍മ്മെനിയന്‍' എന്ന ശബ്ദം 'അറബി' എന്നു കണ്‍സ്റ്റബിള്‍ തെറ്റിദ്ധരിച്ചതിനാലാണു ഈ കുഴപ്പങ്ങളൊക്കെ ഉണ്ടായതെന്നും സാക്ഷാല്‍ അര്‍മ്മേനിയന്‍ പള്ളി കാണിച്ചുതരാന്‍ കണ്‍സ്റ്റബിളിനോടു ശട്ടം കെട്ടീട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഈ അറബിപ്പള്ളിയിലുണ്ടായിരുന്നവരെല്ലാം വൃദ്ധന്മാരും മര്യാദക്കാരും ആയിരുന്നതുകൊണ്ടു അപകടമൊന്നും പറ്റിയില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ.
അനന്തരം കണ്‍സ്റ്റബിള്‍ സാക്ഷാല്‍ അര്‍മ്മേനിയന്‍ പള്ളിയിലേക്കു തന്നെ വഴി കാണിച്ചു. ഞങ്ങളെ അവിടെ കൊണ്ടുചെന്നാക്കി. ഈ പള്ളിയില്‍ അന്നിരുന്ന പുരോഹിതന്‍ ഒരു വൃദ്ധനും ഈറാന്‍ നാട്ടുകാരനും പാന്ഥന്മാരെ പള്ളിയില്‍ കേറ്റിത്താമസിപ്പിക്കുന്നതില്‍ പ്രകൃത്യാ വൈമനസ്യമുള്ള ഒരാളുമായിരുന്നു. നമ്മുടെയും ഗീവറുഗീസു കത്തനാരുടെയും കുപ്പായങ്ങള്‍ വെറും വെള്ള ആയിരുന്നതിനാല്‍ ഞങ്ങള്‍ സുറിയാനിപ്പട്ടക്കാരല്ലെന്നു അദ്ദേഹം തര്‍ക്കിക്കുക കൂടി ചെയ്തു. എങ്കിലും അവിടെ അപ്പോള്‍ വന്നു താമസിച്ചിരുന്ന കോജാ യാക്കോബ് എന്ന ആള്‍ ഈ തര്‍ക്കത്തെ കേട്ടു അടുത്തുവരികയും ഞങ്ങളുടെ വാക്കു സത്യമെന്നു അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടതിനാല്‍ ഞങ്ങളെ പള്ളിയില്‍ താമസിക്കാന്‍ അനുവദിക്കണമെന്നു അദ്ദേഹം നിര്‍ബന്ധിച്ചതിനെ അര്‍മ്മേനിയന്‍ പട്ടക്കാരന്‍ സമ്മതിക്കുകയും ചെയ്തു. ഉടനെ ഞങ്ങള്‍ ആദ്യം സാമാനങ്ങള്‍ വെച്ച സ്ഥലത്തു ചെന്നു അതുകള്‍ എടുപ്പിച്ചു കൊണ്ടു വന്നു പള്ളിയില്‍ ഞങ്ങള്‍ക്കായി ഒഴിച്ചുതന്ന ഒരു മുറിയില്‍ വെച്ചു. ഇതെല്ലാം കഴിഞ്ഞപ്പോഴേക്കു സൂര്യന്‍ അസ്തമിച്ചു. അന്നു ഞങ്ങള്‍ ജലപാനം കഴിച്ചിട്ടില്ലായിരുന്നു. താമസിക്കാന്‍ സ്ഥലം കിട്ടിയപ്പോഴാണു ഭക്ഷണകാര്യം ഓര്‍ത്തതു. ഉടനെ അങ്ങാടിയില്‍ പോയി കുറേ ഭക്ഷണ സാധനങ്ങള്‍ വാങ്ങി. രാത്രി പതിനൊന്നു മണിയോടു കൂടി ഭക്ഷണം കഴിച്ചു കിടന്നുറങ്ങുകയും ചെയ്തു.
പിറ്റേദിവസം രാവിലെ എഴുന്നേറ്റു ഞങ്ങള്‍ കത്തനാരന്മാര്‍ രണ്ടു പേരും കുളിച്ചു കറുത്ത കുപ്പായം മുതലായവ ധരിച്ചപ്പോള്‍ അര്‍മ്മേനിയന്‍ പാതിരിയുടെ സംശയങ്ങള്‍ മുഴുവനും തീര്‍ന്നു. അന്നു മുതല്‍ ബസാറായിക്കു കപ്പല്‍ പോകുന്നുണ്ടൊ എന്നു ഞങ്ങള്‍ ദിവസംതോറും അന്വേഷിക്കാന്‍ തുടങ്ങി.
ഇതിനിടയ്ക്കു വേറൊരു സംഗതി ഉണ്ടായി. അന്ത്യോക്യയില്‍ ചെല്ലുമ്പോള്‍ പാത്രിയര്‍ക്കീസു ബാവായിക്കു കൊടുക്കണമെന്നു പറഞ്ഞു മലയാളത്തു നിന്നു ചിലര്‍ നമ്മുടെ സഹായിയായി യാത്ര ചെയ്യുന്ന ഗീവറുഗീസു കത്തനാരുടെ പക്കല്‍ ചില എഴുത്തുകള്‍ കൊടുത്തിരുന്നു. പരമാര്‍ത്ഥിയായ ഇദ്ദേഹം ഈ എഴുത്തുകള്‍ എഴുതിയ ആളുകളുടെ അശുദ്ധോദ്ദേശ്യങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല. ഈ എഴുത്തുകളുടെ സ്വഭാവത്തെപ്പറ്റി അറിഞ്ഞപ്പോള്‍ നമുക്കു അപാരമായ ദുഃഖവും സങ്കടവുമു ണ്ടായി. അന്ത്യോക്യയിലേക്കു പുറപ്പെടുന്നതിനു മുമ്പു തന്നെ നമുക്കും ന്യായത്തിനും വിരോധമായി എഴുത്തുകുത്തുകള്‍ നടത്താന്‍ ആളുകള്‍ ഉണ്ടായസ്ഥിതിക്കു നാം മലയാളം വിട്ടതിന്‍റെ ശേഷം ഈ വകക്കാര്‍ക്കു ഉല്‍സാഹം വളരെ വര്‍ദ്ധിക്കാനെ തരമുള്ളല്ലോ. ഈ സ്ഥിതിക്കു നാം അന്ത്യോക്യയില്‍ എത്തുമ്പൊഴേക്കു നമുക്കു പ്രതികൂലമായ ഒരഭിപ്രായം പാത്രിയര്‍ക്കീസുബാവായുടെ മനസ്സില്‍ ഉണ്ടായിക്കഴിഞ്ഞിരിക്കും. പിന്നെ നാമെന്തിനാണു ഇത്രയൊക്കെ കഷ്ടപ്പെട്ടു പരദേശയാത്ര ചെയ്യുന്നത്? അതുകൊണ്ടു മടങ്ങിപ്പോകയാണു നല്ലതു എന്നൊക്കെ നമുക്ക് തോന്നി എന്നു മാത്രമല്ല കൊച്ചീക്കുപോകുന്ന കപ്പല്‍ അന്വേഷിക്കാനുള്ള ഭാവവുമായി. ഇതറിഞ്ഞപ്പോള്‍ കൂട്ടുകാര്‍ രണ്ടുപേരും വല്ലാതെ വ്യസനിച്ചു. ഇവര്‍ ഓരോ സമാധാനം പറഞ്ഞു നമ്മുടെ ഈ ചാപല്യത്തെ മാറ്റാന്‍ ശ്രമിച്ചു. നാം അന്ത്യോക്യയിലേക്കു പോകുവാന്‍ പണപ്പിരിവു തുടങ്ങിയപ്പോള്‍ നാം ഒരിക്കലും അവിടംവരെ പോകുന്നതല്ലെന്നു ശത്രുക്കള്‍ ധാരാളമായി സംസാരിച്ചിരുന്നു. പണ്ടൊരിക്കല്‍ ഒരു ഈയപ്പന്‍ കത്തനാര്‍ അന്ത്യോക്യയിലേക്കു പോകാനെന്നും പറഞ്ഞു പണം പിരിച്ചു കൊച്ചിയിലോളം പോയി തിരിച്ചു പൊരികയുണ്ടായിട്ടുണ്ടു. നാം ഈ ഇയ്യപ്പന്‍ കത്തനാരേക്കാള്‍ സമര്‍ത്ഥനാകയാല്‍ പക്ഷേ ബോംബെ വരെ പോയേക്കുമെന്നും അവിടെ റഷ്യന്‍ യുദ്ധക്കപ്പലുകള്‍ വന്നു കിടക്കുന്നതുകൊണ്ടു പോകാന്‍ നിവൃത്തിയില്ലെന്നു പറഞ്ഞു തിരിച്ചു പോരു മെന്നും അന്നുതന്നെ വിരോധികള്‍ പറഞ്ഞു നടന്നതാണ്. അതുകൊണ്ടു നാം മടങ്ങിപ്പോയാല്‍ ഈ അപവാദം അര്‍ത്ഥവത്തായിപ്പോകുമെന്നു ഗീവറുഗീസു കത്തനാരും താരപ്പനും നിര്‍ബന്ധമായിപ്പറയാന്‍ തുടങ്ങി. നമുക്കു കയ്യും കളയാന്‍ പാടില്ല, വളയും കളയാന്‍ പാടില്ല എന്ന സ്ഥിതിയായി. യാതൊന്നും തീര്‍ച്ചയാക്കാതെ ഒരാഴ്ചയോളം ദുഃഖിച്ചു കഴിച്ചുകൂട്ടി. ഒടുവില്‍ എന്തെങ്കിലും ദൈവഹിതം പോലെ ആകട്ടെ എന്നു നിശ്ചയിച്ചു നാം ആരും ഇല്ലാത്ത സമയം നോക്കി അര്‍മ്മേനിയന്‍ പള്ളിയുടെ മദ്ബഹായില്‍ പ്രവേശിച്ചു, മനസ്സിനെ ഏകാഗ്രമാക്കിയും കഠിനമായ നിഷ്ഠയോടുകൂടിയും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അല്പബുദ്ധികളായ മനുഷ്യരുടെ തീരുമാനത്തേക്കാള്‍ സര്‍വ്വജ്ഞനായ ദൈവത്തിന്‍റെ ഹിതവും തീരുമാനവും സര്‍വ്വപ്രകാരേണ ആദരണീയമാകയാല്‍ അതറിയാനായി ദൈവസന്നിധിയില്‍ ഇങ്ങനെ ഒട്ടുനേരം മുട്ടുപാടു പാര്‍ത്തു (മുട്ടിന്മേല്‍ നിന്നു - എഡി.). അനന്തരം പെട്ടെന്നു മനസ്സിന്‍റെ ഭാരം കുറഞ്ഞതു പള്ളിയില്‍നിന്നു പുറത്തുവന്നപ്പോള്‍ മുഖത്തും പ്രകാശിച്ചിരിക്കാം. അന്ത്യോക്യയിലേക്കു പോകുന്ന വകയ്ക്കു ശേഖരിച്ച ധനം വേറൊരു വകയ്ക്കു ഉപയോഗിക്കുന്നതു യുക്തമല്ല. ദുഷ്ടന്മാരുടെ ഉപദ്രവം നിമിത്തം നമുക്കു മെത്രാന്‍സ്ഥാനം കിട്ടാതെ വന്നേക്കാം. എന്നാലെന്താണ്? മലങ്കരസഭയുടെ ദയനീയാവസ്ഥയേ പരിശുദ്ധ സിംഹാസനത്തിങ്കല്‍ അറിയിക്കാനും യോഗ്യനായ ഒരു മെത്രാപ്പോലീത്തായെ തെരഞ്ഞെടുത്തു മലയാളത്തേക്കു അയയ്ക്കണമെന്നു അപേക്ഷിക്കുന്നതിനും പരാശ്രയം ആവശ്യമില്ലല്ലൊ. ബലഹീനനായ നമ്മെക്കൊണ്ട് ദൈവം ഇതു സാധിച്ചു എങ്കില്‍ ഇതു തന്നെയാണു നമ്മുടെ ജന്മോദ്ദേശ്യം. അതിനാല്‍ ഉടനെ അന്ത്യോക്യയിലേക്കു പുറപ്പെടുക തന്നെ. പ്രാര്‍ത്ഥനാനന്തരം നമ്മുടെ മനോഗതം ഇപ്രകാരമായിരുന്നു. സഫലമായ ഈ പ്രാര്‍ത്ഥനയുടെ ശേഷം അന്ത്യോക്യയിലേക്കു പോകുന്നതിനുള്ള ഒരുക്കങ്ങള്‍ ചെയ്തതു എത്രത്തോളം തിടുക്കത്തിലായിരുന്നു എന്നു വിവരിക്കാന്‍ പ്രയാസം. കൊച്ചിയില്‍ നിന്നു കപ്പല്‍ കയറിയപ്പോള്‍ പട്ടിണി കിടക്കേണ്ടി വന്ന അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ ചെയ്തു. ബസോറായിലേക്കുള്ള കപ്പല്‍ക്കൂലി മൂന്നു പേര്‍ക്കും കൂടി 96 രൂപാ അടച്ചു രശീതി വാങ്ങി, ഇടവം 9-ാം തീയതി വൈകുന്നേരം മൂന്നു പേരും കൂടി വീണ്ടും കപ്പല്‍ കേറുകയും ചെയ്തു. ബോംബയിലുണ്ടായിരുന്ന അര്‍മ്മേനിയന്‍ കൃസ്ത്യാനികള്‍ ഞങ്ങളുടെ ഒപ്പം കപ്പലിലോളം വന്നു യാത്ര പറഞ്ഞാണു പിരിഞ്ഞത്.
***
ബോംബെ - മലങ്കര (1039 കര്‍ക്കടകം 25 - 1040 കന്നി 4)
നാം ബോംബെയില്‍ താമസിച്ചതു പഴയ അര്‍മ്മേനിയന്‍ പള്ളിയില്‍ തന്നെയാണു. കൊച്ചിയില്‍ നിന്നു പുറപ്പെട്ടപ്പോള്‍ ബോംബയിലെ ഒരു കോളജിലെ പ്രിന്‍സിപ്പലായ ഡാക്ടര്‍ വില്‍സന്നു ഒരു പരിചയക്കത്തു കിട്ടിയിരുന്നു. അന്ത്യോക്യയിലേക്കു പോകുന്നവഴിക്കു അന്വേഷിച്ചപ്പോള്‍ സായ്പു പൂനായിലായിരുന്നതിനാല്‍ കാണ്മാന്‍ തരമായില്ല. മടക്കത്തില്‍ ഇദ്ദേഹത്തെ കോളജില്‍ ചെന്നു കണ്ടു. സായ്പിനു ഹിന്തുസ്താനി അറിയാമായിരുന്നു. നമ്മെ കണ്ടതില്‍ ഇദ്ദേഹത്തിനു വളരെ സന്തോഷമുണ്ടായി. സായ്പു ഒരു സുറിയാനി മസുമുറാപുസ്തകം കയ്യില്‍ തന്നതു നാം വായിച്ചപ്പോള്‍ അദ്ദേഹവും വിദ്യാര്‍ത്ഥികളും വളരെ സന്തോഷിച്ചു. അതിന്‍റെ ശേഷം സായ്പു സുറിയാനി ഭാഷയുടെ മാഹാത്മ്യത്തേയും മലങ്കരസുറിയാനി സഭയേയും കുറിച്ചു പ്രസ്താവിച്ചതില്‍ യേശുക്രിസ്തു സംസാരിച്ച ഭാഷ സുറിയാനിയാണെന്നും മറ്റും കൂടി തന്‍റെ ശിഷ്യന്മാരെ പറഞ്ഞു മനസ്സിലാക്കി. ഡോക്ടര്‍ വില്‍സന്‍ നമുക്കു വളരെ സഹായങ്ങളൊക്കയും ചെയ്തുതന്നതു കൂടാതെ നമ്മെ അര്‍മ്മേനിയന്‍പള്ളിയില്‍ വന്നു കാണുകയും ചെയ്തു.
നാം ബോംബെയില്‍ നിന്നു കപ്പല്‍ കേറി ചിങ്ങമാസം 23-ാം തീയതി രാത്രി 12 മണിക്കു കൊച്ചിയില്‍ എത്തി. ആഘോഷമായി ഒരു എതിരേല്‍പ്പിനു പലരും ഈ സമയം കൊച്ചിയില്‍ തയാറുണ്ടായിരുന്നു എങ്കിലും അര്‍ദ്ധരാത്രിയില്‍ വന്നെത്തിയതുകൊണ്ടു അതിനൊന്നിനും സംഗതിയായില്ല.
Comments
Post a Comment