വര്‍ഗീസ് കളത്തില്‍ (1918-1975)
ആലപ്പുഴ തലവടി സ്വദേശിയായ വര്‍ഗീസ് കളത്തില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിച്ചിരുന്ന പൗരശക്തി പത്രത്തില്‍ അസോഷ്യേറ്റ് എഡിറ്ററായി 1944-ല്‍ ആണു പത്രപ്രവര്‍ത്തനം ആരംഭിച്ചത്. 1949-50 ല്‍, കോഴിക്കോട്ടു നിന്നു തന്നെ പ്രസിദ്ധീകരിച്ചിരുന്ന 'ഹിന്ദ്' പത്രത്തിന്‍റെ പ്രധാന പത്രാധിപരായി. തുടര്‍ന്ന് 1950-ല്‍ ആണ് അദ്ദേഹം മലയാള മനോരമയില്‍ ചേര്‍ന്നത്. 1956 വരെ സ്പെഷല്‍ എഡിറ്ററായി സേവനമനുഷ്ഠിച്ചു. മനോരമയുടെ വജ്ര ജൂബിലി സ്മാരക ഗ്രന്ഥത്തിന്‍റെ പ്രസിദ്ധീകരണച്ചുമതലയ്ക്കു ശേഷം 1956-ല്‍ ആണു മനോരമ ആഴ്ചപ്പതിപ്പിന്‍റെ പത്രാധിപരായത്. ചുരുങ്ങിയ കാലംകൊണ്ട് സാധാരണ വായനക്കാരുടെ ഇടയില്‍ ആഴ്ചപ്പതിപ്പിനെ ഏറെ പ്രചാരത്തിലെത്തിച്ചു. ഇന്ത്യയില്‍ പ്രചാരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ മനോരമ പ്രസിദ്ധീകരണമായി ആഴ്ചപ്പതിപ്പിനെ വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് വര്‍ഗീസ് കളത്തിലാണ്. ഇന്ത്യന്‍ കോഫി ഹൗസ് നടത്തിയിരുന്ന സഹകരണസംഘത്തിന്‍റെ ആദ്യകാല പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു. ഗ്രന്ഥകാരന്‍ കൂടിയായിരുന്നു. 'അറിവിന്‍റെ പാദമുദ്രകള്‍' ആണ് ഏറ്റവും ഒടുവിലത്തെ പുസ്തകം. കേരളത്തിലെ ക്രൈസ്തവാചാരങ്ങളിലും ചരിത്രത്തിലും ആഴത്തില്‍ അറിവുണ്ടായിരുന്ന അദ്ദേഹം കേരള ഹിസ്റ്ററി അസോസിയേഷന്‍ രണ്ടു വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയ 'കേരള ചരിത്ര'ത്തില്‍ സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്തിന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1975 ജൂലൈ 22-നു അന്തരിച്ചു. ഭാര്യ: തിരുവല്ല വള്ളക്കാലില്‍ പരേതനായ പാപ്പച്ചന്‍റെ പുത്രിയും 'അരുണ' മാസികയുടെ പത്രാധിപരുമായിരുന്ന അച്ചാമ്മ.
Comments
Post a Comment