പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ ബാവായും പൗലോസ് മാര്‍ പീലക്സിനോസ് (ശ്രേഷ്ഠ പൗലോസ് രണ്ടാമന്‍ ബാവാ) മെത്രാപ്പോലീത്തായുമായി നടത്തിയ കൂടിക്കാഴ്ച

 പ. ബസേലിയോസ് ഗീവര്ഗീസ് രണ്ടാമന് ബാവായും പൗലോസ് മാര് പീലക്സിനോസ് (ശ്രേഷ്ഠ പൗലോസ് രണ്ടാമന് ബാവാ) മെത്രാപ്പോലീത്തായുമായി നടത്തിയ കൂടിക്കാഴ്ച, കോട്ടയം താഴത്തങ്ങാടി പള്ളി താല്ക്കാലിക കൂദാശ:

24 വ്യാഴം. കാതോലിക്കേറ്റ് ആരമന. രാവിലെ മാനേജര് യാക്കോബ് കത്തനാരും ഉപ്പൂട്ടില് കുഞ്ഞച്ചനും കൂടെ ഇവിടെ വന്നു നമ്മെ കാണുകയും പൗലോസ് മാര് പീലക്സിനോസ് മെത്രാച്ചന് നാളെ നമ്മെ വന്നു കാണുവാന് ആഗ്രഹിക്കുന്നുണ്ടെന്നും മറ്റുമുള്ള കാര്യങ്ങള് പറയുകയും ചെയ്തു. കുമരകം പള്ളിവികാരി കോശി കത്തനാരും ഇവിടെ വന്നു നമ്മെ കാണുകയുണ്ടായി. പുത്തനങ്ങാടിയില് ചക്കാലപ്പറമ്പിലെ യോഹന്നാന് കത്തനാരുടെ (ബഥനി) അനുജന് നമ്മെ വന്നു കാണുകയും അവന്റെ സഹോദരിയുടെ കല്യാണം അടുത്ത ഞായറാഴ്ച ചെറിയ പള്ളിയില് വച്ചു നടത്തുകയാണെന്നും മാളിയേക്കല് കുട്ടിയപ്പന്റെ അനുജന്റെ കല്യാണം നാം അവിടെ വച്ചു നടത്തുന്നു എന്നറിഞ്ഞു നമ്മോടു ആ വിവരം കൂടെ അറിയിക്കാന് വന്നതാണെന്നും പറഞ്ഞു. അവര് ഒരു കുപ്പി വീഞ്ഞും നമുക്ക് കാഴ്ച തന്നു. 5 മണി കഴിഞ്ഞ് നാം ഏലിയാ ചാപ്പലിലേക്കു പോയി. മല്പാന് യോഹന്നാന് കത്തനാരും നമ്മോടു കൂടെ പോന്നു. നാളെ യല്ദോയാണ്. 6 മണിക്കു സന്ധ്യാനമസ്കാരം ഏലിയാ ചാപ്പലില് നടത്തി. നമുക്ക് 50 രൂപ കൈമുത്ത് തന്നു. അത്താനാസിയോസ് മെത്രാച്ചനും ഉണ്ടായിരുന്നു. സന്ധ്യാ നമസ്കാരം കഴിഞ്ഞ് നാം താഴത്തങ്ങാടിക്കു പോയി. പള്ളിയിലെത്തി താല്ക്കാലിക കൂദാശ നടത്തി. അതിനുശേഷം അവിടെ മുറിയില് വിശ്രമിച്ചു. യല്ദോ ശുശ്രൂഷ അവിടെയാണ്. കൂടാതെ ആ പള്ളിയുടെ ത്രോണോസിന്റെ കല്ലിടീല് നടത്തി. 6 മണിയോടു കൂടി കുര്ബ്ബാന കഴിഞ്ഞു. കര്ത്താവിന്റെ ജനനത്തെക്കുറിച്ചും പുതിയ പള്ളിയെക്കുറിച്ചും അതിനോടു പെരുമാറുന്നതിനെപ്പറ്റിയും നാം വേണ്ട ഗുണദോഷം കൊടുത്തു. അനന്തരം കാപ്പി കഴിഞ്ഞു വിശ്രമിച്ചു. അവിടുത്തെ വികാരി കെ. എം. അലക്സാണ്ടര് കത്തനാരും മല്പാന് യോഹന്നാന് കത്തനാരും മറ്റും ഉണ്ടായിരുന്നു. നമുക്ക് 75 രൂപ കൈമുത്ത് തന്നു. 8 മണിയോടു കൂടി നാം പഴയ സെമിനാരിയിലേക്കു പോയി. പോയ വഴി കോട്ടയം ചെറിയപള്ളിയിലെത്തി അവിടുത്തെ പണികളെല്ലാം കണ്ടു. അനന്തരം പഴയസെമിനാരിയിലെത്തി വിശ്രമിച്ചു. ഉച്ചഭക്ഷണം കഴിഞ്ഞു 3 മണിയോടു കൂടി ദേവലോകം അരമനയിലേക്കു മടങ്ങിപ്പോന്നു.
മൂന്നു മണി കഴിഞ്ഞു പൗലോസ് മാര് പീലക്സിനോസ് മെത്രാച്ചനും തുകലന് റ്റി. കെ. അബ്രഹാമും തുകലന് റ്റി. പി. പൗലോസു വക്കീലും മറ്റും ഇവിടെ വന്നു നമ്മെ കണ്ടു വര്ത്തമാനങ്ങളെല്ലാം പറഞ്ഞു. ഇത്രയും നാള് നമ്മോടു അകന്നു നിന്നതില് ഒരു സമാധാനവും ഇല്ലായിരുന്നെന്നും നമ്മെ കണ്ടശേഷമാണ് ആശ്വാസമുണ്ടായതെന്നും തെറ്റുകള് എല്ലാം ക്ഷമിക്കണമെന്നും ഇനിയും നമ്മുടെ ആജ്ഞപ്രകാരം എല്ലാം നടന്നുകൊള്ളാമെന്നും മെത്രാന് നമ്മോടു പറഞ്ഞു. ഇവിടെ വന്നു രണ്ടു മൂന്നു ദിവസം താമസിക്കണമെന്നു നാം പറഞ്ഞു. അങ്ങനെ ആകാം എന്നു സമ്മതിച്ചു. കാപ്പി കഴിഞ്ഞു അവര് പോയി. മാനേജര് യാക്കോബ് കത്തനാരും ഉപ്പൂട്ടില് കുഞ്ഞച്ചനും വന്നിട്ടുണ്ടായിരുന്നു. വേറെ വിശേഷമൊന്നുമില്ല.
31. കാതോലിക്കേറ്റ് അരമന. വൈകിട്ട് 5 മണിക്ക് താഴത്തങ്ങാടി പള്ളി കൂദാശ പ്രമാണിച്ച് അവരുടെ ആഗ്രഹപ്രകാരം ചെറിയപള്ളിയില് എത്തി. അവിടെ നിന്നും അനേകം കാറുകളുടെ അകമ്പടിയോടു കൂടി താഴത്തങ്ങാടി പള്ളിയിലേക്ക് എതിരേല്പുണ്ടായിരുന്നു. നാമും, (ഔഗേന്) മാര് തീമോത്തിയോസ്, ആലുവാ (ഗീവര്ഗീസ്) മാര് ഗ്രീഗോറിയോസ്, (പത്രോസ്) മാര് ഒസ്താത്തിയോസ്, ഈവാനിയോസ്, അത്താനാസ്യോസ് എന്നീ മെത്രാച്ചന്മാരും ഇതില് സംബന്ധിച്ചു. പള്ളിയില് എത്തി ലുത്തിനിയാ കഴിഞ്ഞ് വിശ്രമിച്ച ശേഷം സന്ധ്യാനമസ്കാരവും പള്ളികൂദാശയുടെ പ്രഥമ ഭാഗവും നടത്തി. വലിയ ജനക്കൂട്ടം ഇതില് സംബന്ധിച്ചു. ഒന്നര ലക്ഷം രൂപാ ചെലവാക്കി ബേബിയുടെ അത്യുത്സാഹം കൊണ്ട് പണി കഴിപ്പിച്ചിട്ടുള്ള ഈ പള്ളി വളരെ മനോഹരവും വലിപ്പമുള്ളതുമാണ്. ഇത്രയും വലുതും മനോഹരവുമായ പള്ളി നമുക്ക് വേറെ ഉണ്ടെന്നു തോന്നുന്നില്ല. എട്ടു മണിയോടു കൂടി താഴത്തങ്ങാടിയില് നിന്നും അരമനയിലേക്കു പോന്നു. മാര് ഗ്രീഗോറിയോസ് മെത്രാച്ചന് കാലില് ചൊറിഞ്ഞു പൊട്ടി സുഖമില്ലാതിരുന്നതുകൊണ്ട് അദ്ദേഹം സന്ധ്യയോടുകൂടി ആലുവായിക്കു പോയി.
(പ. ബസേലിയോസ് ഗീവര്ഗീസ് രണ്ടാമന് ബാവായുടെ 1959-ലെ ഡയറിയില് നിന്നും. സമ്പാദകന് - ജോയ്സ് തോട്ടയ്ക്കാട്)

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്

മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍