തിരുവനന്തപുരം പള്ളിയുടെ കനകജൂബിലി മഹാമഹം (1950)
19-11-1950. തിരുവനന്തപുരം. തിരുവനന്തപുരം പള്ളിയുടെ കനകജൂബിലി മഹാമഹം പ്രമാണിച്ച് ഇവിടെ എത്തി അവരെ ആശീര്‍വദിക്കണമെന്നുള്ള ഇടവകക്കാരുടെ അത്യഗാധമായ താല്പര്യവും അപേക്ഷയും പരിഗണിച്ചാണ് നാം ഇവിടെ എത്തിയത്. ഇടവകയുടെ അഭിവൃദ്ധിയും ജനങ്ങളുടെ ഭക്തിപ്രകടനങ്ങളും നമ്മെ അതീവ സന്തുഷ്ടനാക്കി.
നാമും മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായും, ഗീവറുഗീസ് റമ്പാച്ചനും കൂടെ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. കുര്‍ബ്ബാനമദ്ധ്യേ നാം പ്രസംഗിച്ചു.
ഉച്ചയ്ക്കുശേഷം നാലു മണിക്കു പള്ളി അങ്കണത്തില്‍ കൂടിയ വമ്പിച്ച പൊതുയോഗത്തില്‍ നാം ആദ്ധ്യക്ഷം വഹിച്ചു. മന്ത്രി ജോണ്‍ ഫീലിപ്പോസും തേവോദോസ്യോസ് മെത്രാച്ചനും മാമ്മന്‍ മാപ്പിളയും പ്രസംഗിച്ചു. ചടങ്ങുകള്‍ എല്ലാം വളരെ മംഗളമായിരുന്നു.
20-11-1950. തിരുവനന്തപുരം. വിദ്യാഭ്യാസ പ്രശ്നം സംബന്ധിച്ച് നമ്മുടെ നില മനസ്സിലാക്കുന്നതിന് വിദ്യാഭ്യാസ മന്ത്രി പനമ്പള്ളിയുടെ നിയോഗാനുസരണം മന്ത്രി ജോണ്‍ ഫീലിപ്പോസ് നമ്മെ സന്ദര്‍ശിച്ചു സുദീര്‍ഘം സംസാരിച്ചു. നിയമന സ്വാതന്ത്ര്യം എങ്കിലും കിട്ടേണ്ടതാണെന്നും കൂടുതല്‍ വിട്ടുവീഴ്ചയ്ക്കു തല്‍ക്കാലം നാം തയ്യാറില്ലെന്നും പറയുകയുണ്ടായി. തദവസരത്തില്‍ നിയമ വിദഗ്ദ്ധന്‍ ഇ. ജെ. ഫീലിപ്പോസും, ഡെപ്യൂട്ടി സെക്രട്ടറി നൈനാനും ഉണ്ടായിരുന്നു.
ഉച്ചയ്ക്കുശേഷം നാം കുണ്ടറയ്ക്കു പുറപ്പെട്ടു.
(പ. ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കായുടെ ഡയറിയില്‍ നിന്നും. സമ്പാദകന്‍ - ജോയ്സ് തോട്ടയ്ക്കാട്)
Comments
Post a Comment