ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പല്‍ കൂദാശ (1956 ഓഗസ്റ്റ് 15)
12 ഞായര്‍. കാലത്ത് ഏഴു മണിക്ക് ഈവാനിയോസ് മെത്രാച്ചന്‍ വന്നു. പള്ളിയില്‍ പോയി മെത്രാച്ചന്‍ കുര്‍ബ്ബാന ചൊല്ലുകയും പ്രസംഗിക്കുകയും ചെയ്തു. 15-നു കൂദാശയുടെ കാര്യങ്ങളും പെരുന്നാളിനെയും കുറിച്ച് നാം വിളിച്ചു പറഞ്ഞു. 10 മണിക്കു കുര്‍ബ്ബാന കഴിഞ്ഞ് മുറിയില്‍ വന്നു വിശ്രമിക്കുകയും മറ്റും ചെയ്തു. പതിനൊന്നര മണിക്ക് മെത്രാച്ചന്‍ മാങ്ങാനം ദയറായിലേക്കു പോകുകയും ചെയ്തു. പെരുനാള്‍ പ്രമാണിച്ച് നാലു മണിക്ക് കൊടിമരം ഇടുകയും മറ്റും ചെയ്തു. അബ്രഹാം കത്തനാരും യാക്കോബ് കത്തനാര്‍, മാനേജരച്ചന്‍ എന്നിവരും ചുറ്റുമുള്ള ഇടവകകളില്‍ നിന്ന് ആളുകളും നേതാക്കന്മാരും വരികയും സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തശേഷം പോകുകയും ചെയ്തു.
13 തിങ്കള്‍. പെരുന്നാള്‍ പണികള്‍ വളരെ വേഗത്തില്‍ നടത്തിക്കുന്നുണ്ടായിരുന്നു. പരുമല മാനേജര്‍ കത്തനാരും മണലില്‍ കത്തനാരും ജയിക്കബ് കത്തനാര്‍, അബ്രഹാം കത്തനാര്‍ എന്നിവരും ഉണ്ടായിരുന്നു. ഉച്ചയോടുകൂടി മാര്‍ തീമോത്തിയോസ് മെത്രാച്ചനും കുന്നംകുളത്ത് കാക്കശ്ശേരി യൗസേഫ് കത്തനാരും പുതുതായി മെത്രാച്ചന്‍ പട്ടംകൊടുത്ത തെക്കേക്കര ദാവീദ് കത്തനാരും മറ്റും കൂടി വരികയും ഇവിടെ താമസിക്കുകയും ചെയ്തു.
14 ചൊവ്വ. കൂദാശയും പെരുന്നാളുമായിരുന്നു. ഉച്ചകഴിഞ്ഞ് പാമ്പാടിയില്‍ നിന്നും ഗ്രീഗോറിയോസ് മെത്രാച്ചനും ഒസ്താത്തിയോസ്, ഈവാനിയോസ്, അത്താനാസ്യാസ്, പീലക്സിനോസ് എന്നീ മെത്രാച്ചന്മാരും വന്നുചേര്‍ന്നു. അച്ചന്മാരും ശെമ്മാശന്മാരും ധാരാളം വന്നു. വലിയ ജനക്കൂട്ടവും ഉണ്ടായിരുന്നു. 6 മണിക്ക് സന്ധ്യാനമസ്കാരവും ആരംഭിച്ചു. നമസ്കാരശേഷം കൂദാശയുടെ കുറച്ചു ഭാഗങ്ങള്‍ തീര്‍ത്തു. അതിനെ തുടര്‍ന്ന് റാസ നടത്തുകയും വളരെ ഭംഗിയായി വാദ്യമേളങ്ങളോടു കൂടിയും ദീപകാഴ്ചകളും വെടിക്കെട്ടുകളും മറ്റും നടത്തി. പത്തു മണിയോടു കൂടി വിശ്രമിക്കുകയും ചെയ്തു.
15 ബുധന്‍. രാത്രി നമസ്കാരം 5 മണിക്ക് നടത്തി. 7 മണിക്ക് മെത്രാച്ചന്മാരും നാമും കൂടി പള്ളിയിലേക്കു പോയി പ്രഭാത നമസ്കാരവും അതിനെ തുടര്‍ന്ന് മൂറോനഭിഷേകത്താലുള്ള കൂദാശയും നടത്തി. നാമും തീമോത്തിയോസ് മെത്രാച്ചനും പാമ്പാടി മെത്രാച്ചനും കൂടി കൂദാശ നടത്തി. ധാരാളം തബലീത്താ പലകകളും കൂദാശ ചെയ്തു. പിന്നീട് ഞങ്ങള്‍ മൂവരും കൂടി മൂന്നിന്മേല്‍ കുര്‍ബ്ബാനയും ചൊല്ലി. കൂടാതെ ഈവാനിയോസ്, ഒസ്താത്തിയോസ്, അത്താനാസ്യോസ്, പീലക്സിനോസ് എന്നീ മെത്രാച്ചന്മാരും ഉണ്ടായിരുന്നു. ഏഴു മണിക്ക് ആരംഭിച്ച നമസ്കാരങ്ങളും ശുശ്രൂഷകളും പന്ത്രണ്ടര മണിയോടു കൂടി അവസാനിച്ചു. അല്പസമയം നാം പ്രസംഗിക്കുകയും ചെയ്തു. പിന്നീട് റാസ, നേര്‍ച്ചവിളമ്പ് എന്നിവ നടത്തി. നാലു മണിക്ക് പാമ്പാടി മെത്രാച്ചനും ഈവാനിയോസ് മെത്രാച്ചനും തിരിച്ചുപോയി. മഴയുടെ വലിയ ഉപദ്രവം ശുശ്രൂഷാ സമയത്ത് ഉണ്ടായില്ല. അത്താനാസ്യോസ് മെത്രാച്ചനും വെളിയില്‍ നിന്നു വന്നിട്ടുള്ള അച്ചന്മാരും ശെമ്മാശന്മാരും കൂടാതെ ജനങ്ങളും പിരിഞ്ഞുപോയി. അടുത്ത ദിവസം സുന്നഹദോസ് ഉണ്ടാകുന്നതുകൊണ്ട് മറ്റു മെത്രാച്ചന്മാര്‍ നമ്മോടു കൂടി താമസിച്ചു.
(പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവായുടെ 1956-ലെ ഡയറിയില്‍ നിന്നും. സമ്പാദകന്‍ - ജോയ്സ് തോട്ടയ്ക്കാട്)
Comments
Post a Comment