കുറിച്ചി ചെറിയപള്ളിയുടെ ശിലാസ്ഥാപനം (1956 ഓഗസ്റ്റ് 19)
18 ശനി. അബ്രഹാം കത്തനാര് കുര്ബ്ബാന ചൊല്ലി. മറ്റു വിശേഷങ്ങള് ഒന്നുമില്ല. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇവിടെ നിന്നും കുറിച്ചി പള്ളിയിലേക്കു പോയി. പോകുന്ന വഴി പുതുതായി സ്ഥാപിക്കുന്നതും കല്ലിടുവാന് നിശ്ചയിച്ചിരിക്കുന്നതുമായ കുറിച്ചി ചാപ്പലില് ഇറങ്ങി കണ്ടശേഷം അവിടെ നിന്നും കുറിച്ചി പള്ളിയില് ചെന്ന് ലുത്തിനിയാ നടത്തി അവിടെ താമസിച്ചു. വീട്ടുകാരും മറ്റും വന്നു കാണുകയുണ്ടായി.
19 ഞായര്. കുറിച്ചി പള്ളിയില് നാം തന്നെ കുര്ബ്ബാന ചൊല്ലുകയും പ്രസംഗം പറയുകയും ചെയ്തു. പള്ളിയിലെ ആരാധനകള് കഴിഞ്ഞ് പള്ളികെട്ടിടത്തില് വിശ്രമിക്കുകയും മറ്റും ചെയ്തു. അനുജന് വക്കീലും മറ്റും വന്നിട്ടുണ്ടായിരുന്നു. രണ്ടര മണിക്ക് പാമ്പാടിയിലെ മെത്രാച്ചന് കുറിച്ചി പള്ളിയില് വന്നുചേര്ന്നു. മൂന്നു മണിക്ക് നമ്മെയും മെത്രാച്ചനെയും കൂടി പള്ളിക്കാര് എതിരേറ്റ് കല്ല് ഇടുവാന് ഉദ്ദേശിക്കുന്ന പുതിയ ചാപ്പലിലേക്കു കൊണ്ടുവരികയും അവിടെ വച്ച് നാം മര്ത്തമറിയാമിന്റെയും യൂഹാനോന് ശ്ലീഹായുടെയും നാമത്തില് കല്ല് ഇടുന്നതായ ശുശ്രൂഷയും നടത്തി. പാമ്പാടി മെത്രാച്ചനെ കൂടാതെ ഈവാനിയോസ് മെത്രാച്ചനും അത്താനാസ്യോസ് മെത്രാച്ചനും അച്ചന്മാരും മറ്റും ഉണ്ടായിരുന്നു. ധാരാളം ആളുകളും ശുശ്രൂഷയില് സംബന്ധിക്കുകയുണ്ടായി. തുടര്ന്ന് നടത്തിയ മീറ്റിംഗില് അത്താനാസ്യോസ് മെത്രാച്ചനും റ്റി. എസ്. അബ്രഹാം കോറെപ്പിസ്കോപ്പായും പ്രസംഗിച്ചു. കൂടാതെ നാമും അവിടെ കൂടിയിരുന്നവരോട് അല്പം ഗുണദോഷരൂപത്തില് പ്രസംഗിക്കുകയും കാപ്പിമേശയ്ക്കു ശേഷം അഞ്ചര മണിക്കു അവിടെ നിന്നു കോട്ടയത്തിനു തിരിക്കുകയും ആറ് മണിക്കു ദേവലോകം അരമനയില് വന്നുചേരുകയും ചെയ്തു. ഇവിടുത്തെ പള്ളിയില് തിരുവിതാംകോട്ടു ഗീവറുഗീസ് റമ്പാച്ചന് കുര്ബ്ബാന ചൊല്ലുകയും നാം മടങ്ങി വന്നശേഷം റമ്പാച്ചന് പോകുകയും ചെയ്തു. സന്ധ്യാനമസ്കാരം നടത്തിയശേഷം വിശ്രമിക്കുകയും ചെയ്തു.
(പ. ഗീവര്ഗീസ് രണ്ടാമന് ബാവായുടെ 1956-ലെ ഡയറിയില് നിന്നും. സമ്പാദകന് - ജോയ്സ് തോട്ടയ്ക്കാട്)
Comments
Post a Comment