ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകള്‍
എ.ഡി. 451-ല്‍ നടന്ന കല്‍ക്കദോന്യ സുന്നഹദോസിനെയും അതിനുശേഷം ആ സുന്നഹദോസിനെ സ്ഥിരീകരിച്ചുള്ള മറ്റു സഭാസമ്മേളനങ്ങളെയും അംഗീകരിക്കാത്ത സഭകളെയാണ് 'ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകള്‍' എന്നു വിളിക്കുന്നത്. കോപ്റ്റിക് സഭ (അലക്സന്ത്രിയന്‍ സഭ), അന്ത്യോക്യന്‍ സുറിയാനി സഭ, അര്‍മ്മീനിയന്‍ സഭ, എത്യോപ്യന്‍ സഭ, മലങ്കര ഓര്‍ത്തഡോക്സ് സഭ എന്നീ അഞ്ചു സഭകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. (ഓരോന്നിനെക്കുറിച്ചുമുള്ള വിശദീകരണം പ്രത്യേകമായി കാണുക).
ചരിത്രം: പ്രസ്തുത സഭകളില്‍ റോമാസാമ്രാജ്യത്തിന്‍റെ പരിധിക്കുള്ളിലായിരുന്ന അലക്സന്ത്രിയന്‍ (കോപ്റ്റിക്) സഭയും അന്ത്യോക്യന്‍ സഭയും മാത്രമേ പ്രതിനിധികള്‍ മുഖേന കല്‍ക്കദോന്യ സുന്നഹദോസില്‍ നേരിട്ടു പങ്കെടുക്കുകയും എ.ഡി. 451 മുതല്‍തന്നെ അതിനെ ഔദ്യോഗികമായി എതിര്‍ക്കുകയും ചെയ്തിരുന്നുള്ളു. മേല്‍പ്പറഞ്ഞ കാലഘട്ടത്തില്‍ ചക്രവര്‍ത്തിപദം അലങ്കരിച്ചിരുന്ന മാര്‍സിയണും, സഹധര്‍മ്മിണി പുള്‍ക്കേറിയയും സുന്നഹദോസിനെ അംഗീകരിക്കുകയും, അതിനോടുള്ള എതിര്‍പ്പുകളെ അടിച്ചമര്‍ത്തുവാന്‍ യത്നിക്കുകയും ചെയ്തു. പിന്നീട് മാറിമാറിവന്ന ചക്രവര്‍ത്തിമാരുടെ പക്ഷപാതമനുസരിച്ച്, 518 വരെ ഇരുവിഭാഗക്കാരുടെയും ശക്തി കൂടിയും കുറഞ്ഞുമിരുന്നു. ലിയോ ക (457-474), സീനോ (477-491), ജസ്റ്റിന്‍ (518-527) എന്നിവരുടെ കാലത്ത് സുന്നഹദോസിനെ അംഗീകരിക്കുന്നവര്‍ ശക്തിപ്പെട്ടുവെങ്കില്‍, ബസലിസ്കസ് (475-476), അനസ്താസിയോസ് (491-518) എന്നിവരുടെ കാലത്ത് എതിരാളികളുടെ ശക്തി വര്‍ദ്ധിച്ചുവന്നു. സീനോ തന്‍റെ 'ഹെനോത്തിക്കോണ്‍' മൂലം ഈജിപ്റ്റിലെ ഇരുവിഭാഗങ്ങളെയും യോജിപ്പിച്ച് പൗരസ്ത്യസഭയെ ആകമാനം ഐക്യത്തില്‍ വരുത്തുവാന്‍ ചെയ്ത ശ്രമവും, ജസ്റ്റിനിയന്‍ (527-565) 536 വരെ നടത്തിയ ഐക്യയത്നങ്ങളും ഫലപ്രദമായില്ല. കല്‍ക്കദോന്യ സുന്നഹദോസിനെ സാമ്രാജ്യത്തിലെ ക്രിസ്ത്യാനികള്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്ന വിളംബരം എ.ഡി. 536-ല്‍ ചക്രവര്‍ത്തി പ്രസിദ്ധീകരിച്ചു. കല്‍ക്കദോന്യ വിരുദ്ധര്‍ രചിച്ചിട്ടുള്ള സകല കൃതികളും നശിപ്പിക്കുവാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടു. അതിനു ശേഷം വന്ന ചക്രവര്‍ത്തിമാരില്‍ പലരും കല്‍ക്കദോന്യ വിരുദ്ധരെ പല തരത്തിലും പീഡിപ്പിച്ചു. ആറാം നൂറ്റാണ്ടിന്‍റെ മദ്ധ്യം മുതല്‍ കല്‍ക്കദോന്യ സുന്നഹദോസിനെ എതിര്‍ത്തവര്‍ വെവ്വേറെ സഭകളായി തീര്‍ന്നു.
റോമാസാമ്രാജ്യത്തിനു വെളിയിലായിരുന്ന മറ്റു മൂന്നു സഭകളും ഓരോ സാഹചര്യത്തിന്‍റെ ഫലമായി സുന്നഹദോസിനെ നിരാകരിച്ചു. ഈ സഭകള്‍ക്ക് പൊതുവായ ഒരു പേരില്ലാതിരുന്നതിനാല്‍ 1964 മുതല്‍ 'ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ്' എന്ന പേര്‍ അവര്‍ സ്വയം സ്വീകരിച്ചു.
ക്രിസ്തുശാസ്ത്രം: കല്‍ക്കദോന്യ സുന്നഹദോസിലെ മുഖ്യ തര്‍ക്കവിഷയം ക്രിസ്തുവിന്‍റെ സ്വഭാവം, ആളത്തം എന്നിവ ആസ്പദമാക്കിയായിരുന്നു. ക്രിസ്തുവില്‍ ജഡവത്ക്കരണത്തിനു ശേഷവും മനുഷ്യത്വം, ദൈവത്വം എന്നിവ രണ്ടായി സ്ഥിതിചെയ്യുന്നുവെന്ന കല്‍ക്കദോന്യ നിര്‍വ്വചനത്തെ അംഗീകരിക്കാതെ, സുന്നഹദോസിന്‍റെ എതിരാളികള്‍, സ്വഭാവങ്ങള്‍ യോജിച്ച് ഒരു സ്വഭാവം ഉളവായി എന്ന നിലപാട് നിഷ്കര്‍ഷിച്ചു. എന്നാല്‍ അതിനെ അടിസ്ഥാനമാക്കി 'ഏകസ്വഭാവവാദികള്‍' അഥവാ 'മോണോഫിസൈറ്റ്സ്' എന്ന് മറുപക്ഷക്കാര്‍ അവരെ വിളുച്ചുപോന്നു. കല്‍ക്കദോന്യേതര പിതാക്കന്മാരായ ദീയസ്കോറോസ്, തീമോത്തി ഏലൂറസ്, അന്ത്യോക്യയിലെ സേവേറിയോസ്, മാബൂഗിലെ പീലക്സീനോസ് തുടങ്ങിയ പിതാക്കന്മാരാരും ക്രിസ്തുവില്‍ മനുഷ്യത്വം, ദൈവത്വം എന്നീ സ്വഭാവങ്ങള്‍ ഭേദം കൂടാതെ നിലനിന്നിരുന്നുവെന്ന തത്ത്വത്തെ ഒരിക്കല്‍പോലും നിഷേധിച്ചിട്ടില്ല. വചനത്തിന്‍റെ ജഡധാരണത്തില്‍ ഇരുസ്വഭാവങ്ങളും തമ്മില്‍ യോജിക്കയായിരുന്നു. അതിനു ശേഷം യോജിച്ചിരിക്കുന്നവയെ വേറെവേറെയായി തിരിച്ചു പറയുവാന്‍ ഇവരാരും സമ്മതിച്ചിരുന്നില്ല. വേര്‍തിരിയാത്തവിധം ദൈവസ്വഭാവവും മനുഷ്യസ്വഭാവവും യേശുവില്‍ കൂടിച്ചേര്‍ന്നുവെന്ന് കല്‍ക്കദോന്യേതരരായ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ വിശ്വസിക്കുന്നു. ഏകസ്വഭാവവാദവും ഈ വാദവും ഒന്നല്ല. ഇക്കാരണത്താല്‍ത്തന്നെ 'മോണോഫിസൈറ്റ്സ്' എന്ന നാമം ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ക്ക് ചേര്‍ന്നതല്ല. അലക്സന്ത്രിയായിലെ കൂറീലോസിന്‍റെ കാലം മുതല്‍ക്കെങ്കിലും ക്രിസ്തീയസഭയുടെ പൗരസ്ത്യ വേദശാസ്ത്ര പാരമ്പര്യത്തില്‍ ശക്തമായി വേരൂന്നിയിരുന്ന 'വചനമാം ദൈവത്തിന്‍റെ ജഡധാരണം ചെയ്ത ഒരു സ്വഭാവം' എന്ന മുദ്രാവാക്യമാണ് ഈ സഭകളുടെ ക്രിസ്തുശാസ്ത്രത്തിന്‍റെ അടിസ്ഥാനം. 'ഒരു സ്വഭാവം' എന്നത് ഇരുസ്വഭാവങ്ങളും കൂടിച്ചേര്‍ന്ന ഒന്നിനെയാണ് കുറിക്കുന്നത്. ജഡധാരണത്തിനു ശേഷവും ക്രിസ്തു പൂര്‍ണ്ണമനുഷ്യനും പൂര്‍ണ്ണദൈവവുമായിരുന്നു. എവുത്തിക്കൂസിനെയും, നെസ്തോറിയോസിനെയും വേദവിപരീതികളായാണ് ഈ സഭകള്‍ കണക്കാക്കുന്നത്. ഓറിയന്‍റല്‍ സഭകളുടെ ക്രിസ്തുശാസ്ത്രം കുറ്റമറ്റതാണെന്ന് റോമന്‍ കത്തോലിക്കാസഭയിലെയും ബൈസന്‍റയിന്‍ ഓര്‍ത്തഡോക്സ് സഭകളിലെയും ആധുനിക വേദശാസ്ത്രജ്ഞന്മാര്‍ സ്വന്ത നിലയിലും ഔദ്യോഗികതലങ്ങളിലും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇതര സഭകളുമായി നടന്ന സംഭാഷണങ്ങള്‍
ബൈസന്‍റയിന്‍ സഭകളുമായി ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ നടത്തിയ നാല് അനൗദ്യോഗിക സംഭാഷണങ്ങളും (1964 ആര്‍ഹൂസ്, 1967 ബ്രിസ്റ്റല്‍, 1970 ജനീവ, 1971 ആഡിസ് അബാബ) വളരെ ഫലവത്തായിരുന്നു. ആദ്യത്തെ സംഭാഷണത്തില്‍തന്നെ ക്രിസ്തുവിനെ സംബന്ധിക്കുന്ന വിശ്വാസസത്തയില്‍ തങ്ങള്‍ പൂര്‍ണ്ണമായി യോജിക്കുന്നതായി ഇരുപക്ഷങ്ങളും പരസ്പരം അംഗീകരിച്ചു. വ്യത്യസ്തങ്ങളായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ചെങ്കിലും അതിലൂടെ ഒരേ സത്യമാണ് പ്രകടിപ്പിക്കപ്പെട്ടതെന്ന് ഇരുപക്ഷക്കാര്‍ക്കും മനസ്സിലായി. തുടര്‍ന്നുള്ള സംഭാഷണങ്ങളില്‍, ക്രിസ്തുശാസ്ത്രത്തില്‍ മാത്രമല്ല, സഭാജീവിതത്തെയും വിശ്വാസത്തെയും സംബന്ധിക്കുന്ന മറ്റെല്ലാ കാര്യങ്ങളിലും, അടിസ്ഥാന പാരമ്പര്യത്തില്‍നിന്ന് ഇരുവിഭാഗവും വ്യതിചലിച്ചിട്ടില്ലെന്ന് അന്യോന്യം സമ്മതിച്ചു. ഇരുവിഭാഗങ്ങളും ചേര്‍ന്നു നിയമിച്ച ഔദ്യോഗിക സംയുക്ത സമിതി, സഭകളുടെ ഔദ്യോഗിക അംഗീകരണത്തിന് സമര്‍പ്പിക്കപ്പെടുവാനായി. 1989 ജൂണ്‍ മാസത്തില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍, ക്രിസ്തുശാസ്ത്രത്തില്‍ മാത്രമല്ല എല്ലാ മേഖലകളിലും ആദിമ നൂറ്റാണ്ടുകളിലെ അവിഭജിത സഭയുടെ വിശ്വാസം ഇരുവിഭാഗങ്ങളും മുറുകെ പിടിക്കുന്നതായി അംഗീകരിക്കുന്നു.
റോമന്‍ കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തില്‍ വിയന്ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'പ്രോഓറിയന്‍റെ' എന്ന എക്യൂമെനിക്കല്‍ സംഘടനയാണ് റോമന്‍ കത്തോലിക്കരും ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളിലെ വേദശാസ്ത്രജ്ഞന്മാരും തമ്മിലുള്ള അനൗദ്യോഗിക സംഭാഷണങ്ങള്‍ക്ക് വേദിയൊരുക്കിയത്. വിയന്നായില്‍വച്ചു നടന്ന അഞ്ചു സംഭാഷണങ്ങളും (1971, 1973, 1976, 1978, 1988), ക്രിസ്തുശാസ്ത്രത്തെ സംബന്ധിച്ച് അഭിപ്രായാന്തരമുണ്ടായത,് ഇരുവിഭാഗങ്ങളും ഉപയോഗിച്ചിരുന്ന പദപ്രയോഗത്തിന്‍റെ അപര്യാപ്തത മൂലമാണെന്നും, ആശയസത്തയില്‍ ഇരുവരുടെയും നിലപാട് ഒന്നുതന്നെയാണെന്നും വ്യക്തമാക്കി. അതനുസരിച്ചുള്ള സംയുക്തപ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. ആരാധനാക്രമങ്ങളിലും മറ്റും കാണുന്ന പരസ്പരശാപങ്ങള്‍ ഒഴിവാക്കണമെന്നും അഭിപ്രായം ശക്തിപ്പെട്ടു. എന്നാല്‍ മാര്‍പാപ്പയുടെ അധികാരത്തെ സംബന്ധിക്കുന്ന പ്രശ്നത്തില്‍ ഏകാഭിപ്രായത്തിലെത്തുവാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴും വിശ്വാസപരവും സംഘടനാപരവും കാനോന്‍പരവുമായ പല കാര്യങ്ങളും ഇരുസഭകളുടെയും യോജിപ്പിന് വിഘാതമായി നില്‍ക്കുന്നു.
2013 ഫെബ്രുവരിയില്‍ ഒരിക്കല്‍ക്കൂടി മീറ്റിങ് നടന്നു. വിയന്നായിലെ അര്‍മ്മീനിയന്‍ ബിഷപ്പ് ക്രിക്കോറിയാന്‍, ഫാ. ഡോ. ബി. വര്‍ഗീസ് എന്നിവര്‍ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളായി, മേല്‍പ്പറഞ്ഞ രണ്ടു മീറ്റിങ്ങുകളില്‍ സംബന്ധിച്ചു.
ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള സഹകരണം
വിശ്വാസൈക്യം കാത്തുസൂക്ഷിക്കുന്ന ഈ അഞ്ചു സഭകളും തമ്മില്‍ കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതാണെന്ന ചിന്തയുടെ ഫലമായി സഭാതലവന്മാരുടെ ഒരു യോഗം 1965-ല്‍ ആഡിസ് അബാബായില്‍ സംഘടിപ്പിക്കപ്പെട്ടു. മലങ്കരസഭയുടെ തലവനായിരുന്ന ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ ഇതില്‍ സംബന്ധിച്ചിരുന്നു. വിവിധതലങ്ങളിലുള്ള ക്രിസ്തീയ അഭ്യസനം, സഭാഭരണരീതി മുതലായ കാര്യങ്ങളില്‍ കഴിയുന്നത്ര ഐകരൂപ്യം വരുത്തുവാനും, ലോകസമാധാനം, ഇതരസഭകളുമായുള്ള ബന്ധം, സുവിശേഷഘോഷണം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുവാനും തീരുമാനിച്ചു. തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് ഓരോ സഭയില്‍ നിന്നും രണ്ടുപേര്‍ വീതം അടങ്ങുന്ന ഒരു സ്റ്റാന്‍ഡിംങ് കമ്മറ്റിയെ നിയമിക്കുകയുണ്ടായി. എല്ലാ തീരുമാനങ്ങളും വേണ്ടവിധത്തില്‍ നടപ്പാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും, ക്രിസ്തീയ വിദ്യാഭ്യാസം, മറ്റു സഭകളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളില്‍ സാരമായ നേട്ടം കൈവരിക്കുവാനും, അഗാധമായ ഐക്യബോധം ജനിപ്പിക്കുന്നതിനും ഇതുമൂലം സാധിച്ചു.
Source: മലങ്കര ഓര്‍ത്തഡോക്സ് ശബ വിജ്ഞാനകോശം, ഓര്‍ത്തഡോക്സ് സെമിനാരി, കോട്ടയം, 1993.
Comments
Post a Comment