പശ്ചിമതാരക

കേരളത്തിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ആദ്യത്തെ ലക്ഷണമൊത്ത വൃത്താന്തപത്രമാണ് വെസ്റ്റേൺ സ്റ്റാർ. അതിന്റെ മലയാളം പതിപ്പായിരുന്നു പശ്ചിമതാരക.

1860-ൽ പോൾ മെൽവിൻ വാക്കർ സായ്‌പ്പ്, അക്കര കുര്യൻ റൈറ്റർ, ദേവ്‌ജി ഭീംജി സേട്ട് തുടങ്ങി ഏഴ് ധനാഢ്യർ ചേർന്ന് കൊച്ചിയിൽ സ്ഥാപിച്ച മലബാർ പ്രിന്റിങ് കമ്പനി എന്ന അച്ചുകൂടത്തിൽ നിന്നാണ് ദി വെസ്റ്റേൺ സ്റ്റാർ എന്ന ഇംഗ്ലീഷ് വൃത്താന്തപത്രം അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്നത്.
1864-ലാണ് പശ്ചിമതാരകയുടെയും പ്രസാധനം കൊച്ചിയിൽ നിന്ന് ആരംഭിച്ചത്. അക്കര കുര്യൻ റൈറ്റർ തന്നെയായിരുന്നു പശ്ചിമതാരകയുടെയും മുഖ്യതേരാളി.
ടി. ജെ. പൈലി, ഇട്ടൂപ്പ് റൈറ്റർ, കല്ലൂർ ഉമ്മൻ ഫിലിപ്പോസ് തുടങ്ങിയവരായിരുന്നു പശ്ചിമതാരക പത്രത്തിന്റെ ആദ്യകാല പത്രാധിപന്മാർ. എൺപത് വർഷക്കാലം പ്രസാധനം തുടർന്നുകൊണ്ടുപോകാൻ വെസ്റ്റേൺ സ്റ്റാറിന് കഴിഞ്ഞുവെങ്കിലും പശ്ചിമതാരകയ്ക്ക് ഏറെക്കാലം പിടിച്ചുനില്ക്കാൻ കഴിഞ്ഞില്ല.
പശ്ചിമതാരകയ്ക്ക് ആഴ്ച്ചപ്പതിപ്പായി ഒരു പുനർജന്മം ഉണ്ടായത് 1977ലാണ്. കുര്യൻ റൈറ്ററുടെ പൗത്രന്മാരിൽ ഒരാളായ സി. കോരയുടെ രണ്ടാമത്തെ മകനായ സി. ചെറിയാൻ ആയിരുന്നു പശ്ചിമതാരക ആഴ്ചപ്പതിപ്പിന്റെ ഉടമയും മുഖ്യ പത്രാധിപരും. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫാം. ബിരുദം നേടിയ അരോമാറ്റിക് കെമിസ്റ്റ് ആയിരുന്നു ചെറിയാൻ. കൽക്കത്തയിലെ ഡാബർ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഇംഗ്ലണ്ടിൽ പോയി ഉപരിപഠനം നടത്തി സോണി ബോൻ ലാബറട്ടറീസ് എന്ന പേരിൽ ഒരു അരോമാറ്റിക് & പെർഫ്യൂമറി കെമിക്കൽ ഫാക്റ്ററി സ്ഥാപിച്ചു. സിന്തറ്റിക് പെർഫ്യൂമുകൾ നിർമ്മിക്കുന്ന തെക്കേ ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണിത്.
കോട്ടയത്ത് താഴത്തങ്ങാടിയിലുള്ള ചെറിയാന്റെ വലിയ മാളികവീട്ടിലായിരുന്നു പശ്ചിമതാരക ആഴ്ചപ്പതിപ്പിന്റെ ഓഫീസും പ്രസ്സും പ്രവർത്തിച്ചിരുന്നത്. ടി. എ. പാലമൂട്, ജോസ് പനയമ്പാല, നടുവട്ടം സത്യശീലൻ, ടൈറ്റസ് കെ. വിളയിൽ എന്നിവർ വിവിധ കാലങ്ങളിലായി പശ്ചിമതാരകയുടെ പത്രാധിപന്മാരായിരുന്നിട്ടുണ്ട്. പി. അയ്യനേത്ത്, പെരുമ്പടവം ശ്രീധരൻ, ചെമ്പിൽ ജോൺ, മാത്യു മറ്റം, തോമസ് ടി. അമ്പാട്ട് തുടങ്ങി നിരവധി എഴുത്തുകാരുടെ രചനകളാൽ സമ്പന്നമായിരുന്നു പശ്ചിമതാരകയുടെ താളുകൾ. ആർട്ടിസ്റ്റുമാരായ പി. കെ. രാജൻ, സോമൻ കടയനിക്കാട്, യു. ആർ. വർമ്മ തുടങ്ങിയവർ പശ്ചിമതാരകയിൽ ഇലസ്ട്രേഷൻസ് നിർവ്വഹിച്ചവരാണ്.
കോട്ടയം സി. എം. എസ്. കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ജോൺ ഇ. എബ്രഹാമിനെ ഓണററി എഡിറ്ററായി പശ്ചിമതാരക പ്രസിദ്ധപ്പെടുത്തിയിരുന്ന ബാലപ്രസിദ്ധീകരണമായിരുന്നു പൂഞ്ചോല. പ്രസിദ്ധമായ ടിങ്കിൾ മാസികയുടെ മലയാളം പതിപ്പായിരുന്നു അത്. മുംബൈയിലെ ഇന്ത്യാ ബുക്ക് ഹൗസ് കുട്ടികൾക്കായി ഒരുക്കിയ നിരവധി ചിത്രകഥകൾ മലയാളത്തിൽ ആദ്യം നമ്മൾ വായിച്ചത് പൂഞ്ചോലയിലാണ്. കാലിയ, ശിക്കാരി ശംഭു, ശുപ്പാണ്ടി, നാസറുദ്ദീൻ ഹോജ തുടങ്ങിയ കോമിക് കഥാപാത്രങ്ങളൊക്കെ ആദ്യമായി മലയാളത്തിലെത്തിയതും പൂഞ്ചോലയിലൂടെയാണ്.
ഓഫീസിലും പ്രസ്സിലും ഉടലെടുത്ത തൊഴിൽപ്രശ്നങ്ങളെത്തുടർന്ന് 1984-ൽ പശ്ചിമതാരകയുടെ പ്രസാധനം നിലച്ചു.

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

നിരണം പള്ളി കൂദാശ (1912)

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്