സസ്പെന്‍ഷന്‍ കേസ് | അഡ്വ. കെ. മാത്തന്‍

വട്ടിപ്പണക്കേസില്‍ തിരുവിതാംകൂര്‍ ഹൈക്കോടതിയുടെ അന്തിമവിധിയിലൂടെ ആത്യന്തിക വിജയം കൈവരിച്ച മലങ്കര മെത്രാപ്പോലീത്താ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസിനെ, ആ കേസിലെ തങ്ങളുടെ ലക്ഷ്യം സാധിച്ചു കിട്ടുന്നതിനു വേണ്ടി പാത്രിയര്‍ക്കീസ് പക്ഷം വീണ്ടും കോടതി കയറ്റുകയുണ്ടായി. പാത്രിയര്‍ക്കാ പ്രതിനിധി മാര്‍ യൂലിയോസ് ഏലിയാസിനെക്കൊണ്ട് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യിക്കുക, അതിന്‍റെ ബലത്തില്‍ ഹര്‍ജി കൊടുത്തുകൊണ്ട് വട്ടിപ്പണപ്പലിശ വാങ്ങുന്നതില്‍ നിന്ന് മെത്രാപ്പോലീത്തായെ തടയുക, ഇതായിരുന്നു അവരുടെ പദ്ധതി. "മലങ്കര യാക്കോബായ സുറിയാനിക്കാരുടെ വൈദിക മേലദ്ധ്യക്ഷന്‍" എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ഏലിയാസ് മാര്‍ യൂലിയോസ് 1104 ചിങ്ങം 2-നു (1928 ഓഗസ്റ്റ് 17-നു) മെത്രാപ്പോലീത്തായെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് നോട്ടീസ് പുറപ്പെടുവിച്ചു. സസ്പെന്‍ഷന് കാരണം പാത്രിയര്‍ക്കീസിന്‍റെ അധികാരത്തെ നിഷേധിച്ചു, അന്ത്യോഖ്യാ സിംഹാസനത്തിനും, സഭയുടെ വിശ്വാസാചാരങ്ങള്‍ക്കും എതിരായ പല കുറ്റങ്ങളും ചെയ്തു തുടങ്ങിയവയാണ്. (പാത്രിയര്‍ക്കീസിന്‍റെ ലൗകികാധികാരം അംഗീകരിച്ചുള്ള) ഒരു ഉടമ്പടി രണ്ടു ദിവസത്തിനകം അയച്ചുതരണമെന്നും മാര്‍ യൂലിയോസ് നോട്ടീസില്‍ മെത്രാപ്പോലീത്തായോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ വട്ടിപ്പണപ്പലിശ മെത്രാപ്പോലീത്തായ്ക്ക് കൊടുക്കരുതെന്ന് കാണിച്ച് അദ്ദേഹം തിരുവിതാംകൂര്‍, മദ്രാസ് ഗവണ്‍മെന്‍റുകള്‍ക്ക് എഴുതുകയും ചെയ്തു. 

ഇതേത്തുടര്‍ന്ന് തിരുവാര്‍പ്പ് ചേരിക്കല്‍ ചുമ്മാരു വര്‍ക്കി തുടങ്ങി 18 പേര്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ, മാര്‍ ബസ്സേലിയോസ് ഗീവറുഗീസ് പ്രഥമന്‍ കാതോലിക്കാ (വാകത്താനം), മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, കുണ്ടറ (പിന്നീട് മാര്‍ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ), ബഥനിയുടെ ഗീവറുഗീസ് മാര്‍ ഈവാനിയോസ് (പിന്നീട് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ്), പാലപ്പിള്ളില്‍ മാണി പൗലൂസ് കത്തനാര്‍ (വൈദിക ട്രസ്റ്റി), വലിയപാറേട്ട് മാത്യൂസ് കത്തനാര്‍ (പിന്നീട് മാത്യൂസ് മാര്‍ ഈവാനിയോസ്), ചിറക്കടവില്‍ കോരുള ഏബ്രഹാം (അത്മായ ട്രസ്റ്റി), ഇ. ജെ. ജോണ്‍, തിരുവനന്തപുരം, ഇ. ജെ. ജോസഫ്, എറികാട്ട്, ഇന്ത്യാ സ്റ്റേറ്റ് സെക്രട്ടറി മുതലായവരെ പ്രതികളാക്കി കോട്ടയം ജില്ലാക്കോടതിയില്‍ ഫയല്‍ ചെയ്ത 1104-ലെ ഒ.എസ്. 2-ാം നമ്പര്‍ കേസ് ആണ് സസ്പെന്‍ഷന്‍ കേസ് എന്ന് അറിയപ്പെടുന്നത്. 

കേസ് നടപടികള്‍ മുറപോലെ നടന്നു. സാക്ഷിവിസ്താരങ്ങള്‍ ഏറെ ദിവസങ്ങള്‍ നീണ്ടു നിന്നു. എന്നാല്‍ വാദികള്‍ കമ്മീഷന്‍പടി ഒടുക്കാതിരുന്നതിനാല്‍ 1106 മകരം 10-നു (1931 ജനുവരി 23-നു) കേസ് തള്ളിക്കൊണ്ട് ജഡ്ജി എന്‍. കുമാരന്‍ വിധിയായി. വിധിയില്‍ ഇപ്രകാരം പറയുന്നു. വാദികള്‍ അപേക്ഷിച്ചപ്രകാരം നിയമിക്കപ്പെട്ട കമ്മീഷണരുടെ പടി ഒടുക്കാന്‍ ഇന്നത്തേക്ക് അവധി വച്ചിരുന്നു. പടി ഒടുക്കുന്നതിനായി വാദികള്‍ നേരത്തെ പല അവധികള്‍ വാങ്ങിയിരുന്നു. അവസാനത്തെ അവധി ദിവസമായ ഇന്നുപോലും അവര്‍ പടി ഒടുക്കിയില്ല. ഇന്നു വാദികളോ അവരുടെ വക്കീലോ ഹാജരായതുമില്ല. ഒരു അവധിക്ക് അപേക്ഷപോലും തന്നതുമില്ല. അതിനാല്‍ അന്യായം ചെലവു സഹിതം തള്ളിയിരിക്കുന്നു. കമ്മീഷണര്‍ എം. ജെ. ജോസഫ് മേല്‍ നടപടി സ്വീകരിച്ച് പടിയായുള്ള രൂപാ 389/- ഒമ്പതു ശതമാനം പലിശ സഹിതം വാദികളില്‍ നിന്ന് ഈടാക്കാന്‍ അനുവദിച്ചിരിക്കുന്നു. 

കേസ് വീണ്ടും ഫയലില്‍ സ്വീകരിപ്പിക്കാനുള്ള അപേക്ഷ കോടതി 1931 സെപ്റ്റംബര്‍ 29-നു തള്ളി. കീഴ്ക്കോടതി വിധിക്കെതിരെ വാദികള്‍ 1107 ധനു 20-നു (1932 ജനുവരി 4-നു) ഹൈക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചെങ്കിലും ഇതിന്മേല്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കുന്നതിന് ആവശ്യമായ പടി പോലും വാദികള്‍ ഒടുക്കാഞ്ഞതിനാല്‍ അപ്പീല്‍ തള്ളിക്കൊണ്ട് കോടതി ഉത്തരവായി.

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

നിരണം പള്ളി കൂദാശ (1912)

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍