ചെറിയമഠത്തില്‍ സി. ജെ. സ്കറിയാ മല്പാന്‍ (1894-1952)
കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരി മല്പാനും പ്രിന്‍സിപ്പലുമായിരുന്നു. ചെറിയമഠത്തില്‍ വലിയ യാക്കോബു കത്തനാരുടെ പുത്രനായി 1894-ല്‍ (1069 മിഥുനം 12) ജനിച്ചു. കോട്ടയം എം.ഡി. സെമിനാരിയിലെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1914-ല്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്ന് ശെമ്മാശ പട്ടം സ്വീകരിച്ചു. തുടര്‍ന്ന് സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ (കല്‍ക്കട്ട) ചേര്‍ന്ന് വേദശാസ്ത്രപഠനം പൂര്‍ത്തിയാക്കി. 1919-ല്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അദ്ദേഹത്തിന് കശീശ്ശാ സ്ഥാനം നല്‍കുകയും പഴയസെമിനാരിയില്‍ അദ്ധ്യാപകനായി നിയമിക്കുകയും ചെയ്തു. സമുദായക്കേസുകള്‍ മൂലം സെമിനാരി അടച്ചിടപ്പെട്ട കാലത്ത് സ്കറിയാ മല്പാന്‍ മാങ്ങാനം എബനേസര്‍ ദയറാ സ്ഥാപിച്ച് അവിടെ താമസിച്ചു. 1923-ല്‍ വട്ടശ്ശേരില്‍ തിരുമേനിയോടൊപ്പവും 1934-ല്‍ പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായോടൊപ്പവും ദമാസ്ക്കസും വിശുദ്ധ നാടുകളും സന്ദര്‍ശിച്ചു. 1924-25 വര്‍ഷങ്ങളില്‍ ബ്രഹ്മവാര്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. വൈദിക സെമിനാരി പുനരാരംഭിച്ചപ്പോള്‍ അവിടെ അദ്ധ്യാപനവൃത്തി തുടര്‍ന്നു. 1943-47 കാലഘട്ടത്തില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. സെമിനാരിയില്‍ നിന്ന് വിരമിച്ചശേഷം മദ്രാസിലും തിരുവനന്തപുരം സെന്‍റ് ജോര്‍ജ് ഇടവകയിലും സേവനമനുഷ്ഠിച്ചു. 1952 മെയ് 11-ന് (1127 മേടം 29) തിരുവനന്തപുരത്തു വച്ച് അന്തരിച്ചു. ഭൗതികദേഹം വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ കബറടക്കി. ഉത്തമനായ ഒരു ദയറാക്കാരന്‍, സുറിയാനി ഭാഷാ പ്രവീണന്‍, ശ്രേഷ്ഠാദ്ധ്യാപകന്‍, ജനഹൃദയം കവര്‍ന്ന അജപാലകന്‍, കൃത്യനിഷ്ഠയും സത്യസന്ധതയും തികഞ്ഞ ഒരു കര്‍മ്മയോഗി ഇതെല്ലാമായിരുന്നു അദ്ദേഹം.
Comments
Post a Comment