യൂയാക്കിം മാര്‍ ഈവാനിയോസ് (1858-1925)

തുമ്പമണ്, കണ്ടനാട് ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്താ (1913-25) ആയിരുന്നു. കണ്ടനാട് കരോട്ടുവീട്ടില് കോരയുടെ പുത്രനായി 1858-ല് ജനിച്ചു. കോനാട്ട് മാര് യൂലിയോസ് മെത്രാപ്പോലീത്തായുടെ ശിക്ഷണത്തില് സുറിയാനിയും സഭാവിശ്വാസപ്രമാണങ്ങളും പഠിച്ചു. പ. പത്രോസ് മൂന്നാമന് പാത്രിയര്ക്കീസില് നിന്ന് 1876 മെയ് 5-ന് (മേടം 23) കണ്ടനാട് പള്ളിയില് വച്ച് യൗഫ്പദിയക്കിനോ പട്ടം സ്വീകരിച്ചു. 1882 ഏപ്രില് 6-ന് (മീനം 25) ശെമവൂന് മാര് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില് നിന്ന് കടുങ്ങമംഗലം പള്ളിയില് വച്ച് പൂര്ണ്ണ ശെമ്മാശുപട്ടം സ്വീകരിച്ചു. കോട്ടയം പഴയ സെമിനാരി ചാപ്പലില് വച്ച് പുലിക്കോട്ടില് മാര് ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 1892 ഏപ്രില് 14-ന് കശീശാപട്ടം നല്കി. ദീര്ഘകാലം പഴയ സെമിനാരിയിലും പരുമല സെമിനാരിയിലും താമസിച്ചു. യെരുശലേമില് വച്ച് 1908-ല് അബ്ദള്ളാ പാത്രിയര്ക്കീസ് റമ്പാന് സ്ഥാനം നല്കി. അബ്ദള്ളാ പാത്രിയര്ക്കീസ് മലങ്കര വന്ന് ലൗകികാധികാരം കൈയടക്കുവാന് ശ്രമിച്ചപ്പോള്, ഇദ്ദേഹം വട്ടശ്ശേരില് തിരുമേനിയോടൊപ്പം നിന്ന് അതിനെ ശക്തിയായി എതിര്ത്തു. 1913 ഫെബ്രുവരി 9-ന് ചെങ്ങന്നൂര് പഴയ സുറിയാനി പള്ളിയില് വച്ച് പ. അബ്ദല് മശിഹാ പാത്രിയര്ക്കീസിന്റെ സാന്നിദ്ധ്യത്തില് പ. ബസേലിയോസ് പൗലോസ് പ്രഥമന് കാതോലിക്കായും മറ്റു മെത്രാന്മാരും കൂടി യൂയാക്കിം മാര് ഈവാനിയോസ് എന്ന പേരില് മേല്പട്ടസ്ഥാനം നല്കി. പരുമല ആസ്ഥാനമാക്കി തുമ്പമണ്, കണ്ടനാട് എന്നീ ഭദ്രാസനങ്ങളുടെ ഭരണസാരഥ്യം വഹിച്ചു. 1925 ജൂണ് 6-ന് കാലം ചെയ്തു. പരുമല സെമിനാരിയില് അന്ത്യവിശ്രമം കൊള്ളുന്നു.

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

നിരണം പള്ളി കൂദാശ (1912)

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്