കെ. എം. അന്നമ്മ (മദര്‍ ഹന്ന)

ചെങ്ങഴശ്ശേരി മണ്ണില്‍ കണ്ടത്തില്‍ മാമ്മച്ചന്‍റെയും ചെങ്ങന്നൂര്‍ പൂവത്തൂര്‍ അന്നമ്മയുടേയും മകളായി 1895 കുംഭം 2-നു കൊച്ചന്നാമ്മ ജനിച്ചു. മലങ്കര സുറിയാനി സഭയില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള മര്‍ത്ത മറിയം വനിതാസമാജത്തിന്‍റെയും ഓതറ മര്‍ത്ത മറിയം മന്ദിരത്തിന്‍റെയും സ്ഥാപകയാണ്. മലങ്കരസഭാ ഭാസുരന്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ സഹോദരപുത്രനായ ഫീലിപ്പോസാണ് കൊച്ചന്നമ്മയെ വിവാഹം ചെയ്തിരുന്നത്. എന്നാല്‍ പത്തൊന്‍പതാമതു വയസ്സില്‍ വൈധവ്യം ഏറ്റുവാങ്ങേണ്ടി വന്ന കൊച്ചന്നാമ്മ കേവലം ഒന്നര വയസു മാത്രം പ്രായമായ തന്‍റെ ഏക മകനെ അമ്മയുടെ സംരക്ഷണയില്‍ വിട്ടിട്ട് ദൈവവേലയ്ക്കായി തന്നെത്താന്‍ പ്രതിഷ്ഠിച്ച് ഇറങ്ങി. അനന്തരം മാര്‍ത്തോമ്മാ സഭയുടെ കറ്റോട്ടുള്ള വനിതാ മന്ദിരത്തില്‍ ചേര്‍ന്ന് ഇംഗ്ലീഷ് വനിത മിസ്സ് കെല്ലവിയുടെ നേതൃത്വത്തില്‍ രണ്ടു വര്‍ഷം ബൈബിള്‍ പഠനം നടത്തി. പിരിഞ്ഞുപോകുന്ന സമയത്ത് 'നീ ഇവിടെ നിന്നാല്‍ മതി' എന്ന് മിസ്സ് കെല്ലവി നിര്‍ബന്ധിച്ചു. അപ്പോള്‍ കൊച്ചന്നാമ്മ "എന്‍റെ സഭയില്‍ സ്ത്രീകളുടെ ഇടയില്‍ യാതൊരു പ്രവര്‍ത്തനവുമില്ല. ആയതിനാല്‍ എനിക്ക് അവിടെ പോകണം" എന്ന് പ്രതികരിച്ചു. അതിന്‍റെ ശേഷം തിരുമൂല ബഥനി മഠത്തില്‍ മാര്‍ ഈവാനിയോസ് തിരുമേനിയുടെ മേല്‍നോട്ടത്തില്‍ സഭാചരിത്രവും വിശ്വാസാചാരങ്ങളും ഹൃദിസ്ഥമാക്കി. അനന്തരം മാതൃഇടവകയായ കവിയൂര്‍ സ്ലീബാ പള്ളിയില്‍ സംഘടിപ്പിച്ച സ്ത്രീകളുടെ കൂട്ടായ്മയാണ് ഇന്ന് അഖില ലോക തലത്തില്‍ പടര്‍ന്ന് പന്തലിച്ച് തഴച്ചു വളരുന്ന മര്‍ത്തമറിയം സമാജമായി രൂപാന്തരം പ്രാപിച്ചത്. കവിയൂര്‍ സ്ലീബാ പള്ളിയില്‍ കൊല്ലവര്‍ഷം 1104 ഇടവം 15-നു കതിരുകള്‍ക്കായുള്ള വി. ദൈവമാതാവിന്‍റെ പെരുനാള്‍ ദിവസമാണ് മര്‍ത്തമറിയം വനിതാസമാജം ആരംഭിച്ചത്. ഫാ. ബര്‍സ്ക്കീപ്പാ ആയിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. കവിയൂര്‍ സ്ലീബാ പള്ളി ഇടവകയില്‍പ്പെട്ട സ്ത്രീകളുടെ ആത്മീയ പുരോഗതിയെ ലാക്കാക്കിയാണ് സ്ത്രീസമാജം ആരംഭിച്ചത്. തുടര്‍ന്ന് ദീര്‍ഘനാളത്തെ പരിശ്രമഫലമായി സ്ത്രീസമാജങ്ങള്‍ രൂപീകരിച്ചു. പല ഇടവകകളിലും കാര്‍മേഘപടലങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടും കോളിളക്കങ്ങളാല്‍ ഇളകിമറിഞ്ഞും കിടന്ന സുറിയാനി സഭയില്‍ ഇത്തരം ഒരു സംരംഭം എത്ര കണ്ട് വിജയപ്രാപ്തിയിലെത്തും എന്നു പലരും സംശയിച്ചു. എങ്കിലും മനുഷ്യരാല്‍ അസാധ്യമായത് ദൈവത്താല്‍ സാധ്യം എന്ന ഉറപ്പും വിശ്വാസവും അക്ഷീണമായ പ്രവര്‍ത്തനത്വരയുടെ മനസ്സും ഒത്തുചേര്‍ന്ന ഈ മഹിളാരത്നം തന്‍റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. പിന്നീട് അലക്സിയോസ് മാര്‍ തേവോദോസ്യോസ് അദ്ധ്യക്ഷനായി മര്‍ത്ത മറിയം സമാജ രൂപീകരണ കമ്മിറ്റി രൂപീകരിച്ചു. ക്രമേണ മര്‍ത്ത മറിയം സമാജം അഭിവൃദ്ധി പ്രാപിച്ചുവന്നു. കെ. എം. അന്നമ്മ (പിന്നീട് മദര്‍ ഹന്ന), എന്‍. ജി. കുര്യന്‍ ക്ലേറി (പിന്നീട് കത്തനാര്‍), പാത്താമുട്ടം എം. സി. കുറിയാക്കോസ് കത്തനാര്‍ (പിന്നീട് റമ്പാന്‍) എന്നിവരാണ് മര്‍ത്തമറിയം സമാജത്തിന്‍റെ പ്രാരംഭ കെട്ടുപണിക്കാര്‍. ആദ്യ മൂന്നു വര്‍ഷം (1930, 31, 32) കവിയൂര്‍ പള്ളിയിലാണ് വാര്‍ഷികം ആഘോഷിച്ചത്. 1933-ല്‍ കോട്ടയത്തു വെച്ചു നടന്നതും പ. വട്ടശ്ശേരില്‍ തിരുമേനി സംബന്ധിച്ചതുമായ 1933-ലെ വാര്‍ഷികത്തോടെയാവണം മര്‍ത്തമറിയം സമാജത്തിന് അഖില മലങ്കര അടിസ്ഥാനത്തില്‍ അംഗീകാരം ലഭിച്ചത്. തുടക്കത്തില്‍ മര്‍ത്ത മറിയം സമാജത്തിന്‍റെ തിരുവല്ലായില്‍ കേന്ദ്ര ഓഫീസ് വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വന്നത്. പിന്നീട് പലനാളത്തെ പരിശ്രമത്തിന്‍റേയും പ്രാര്‍ത്ഥനയുടേയും ഫലമായി ചെങ്ങന്നൂര്‍ ഇരവിപേരൂര്‍ റോഡരികില്‍ ഓതറയില്‍ പത്ത് ഏക്കറോളം സ്ഥലം വാങ്ങി ഒരു മന്ദിരം പണിതു. മന്ദിരത്തോടൊപ്പം ഒരു യു.പി. സ്കൂളും ആരംഭിച്ചു. സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കണ്ടത്തില്‍ കുടുംബാംഗങ്ങളുടെ സഹകരണത്തില്‍ മൂലമുറിയില്‍ ക്യാപ്റ്റന്‍ ഡോ. കെ. മാത്തുള്ള ഒരു ആശുപത്രി ആരംഭിച്ചെങ്കിലും ചില പ്രത്യേക കാരണങ്ങളാല്‍ അതു നിന്നുപോയി. 1965-ല്‍ ഈ സ്ഥാപനം ഒരു കോണ്‍വന്‍റ് ആക്കി. യാമപ്രാര്‍ത്ഥന, ധ്യാനം, നോമ്പ്, ഉപവാസം മുതലായ നിഷ്ഠാജീവിതത്തില്‍ മന്ദിരാംഗങ്ങള്‍ കഴിയുന്നു. പരിശുദ്ധ കാതോലിക്കാബാവാ ഇപ്പോള്‍ മന്ദിരത്തിന്‍റെ വിസിറ്റര്‍ ബിഷപ്പാണ്. 1975 ഏപ്രില്‍ 2-നു എണ്‍പതാമത്തെ വയസ്സില്‍ മന്ദിര സ്ഥാപകയായ മദര്‍ ഹന്ന അന്തരിച്ചു. മന്ദിരത്തോടു ചേര്‍ന്നുള്ള കല്ലറയില്‍ കബറടക്കി.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)