മിസ് ബ്രൂക്സ് സ്മിത്ത്

മധ്യതിരുവിതാംകൂറിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ജീവിതം മാറ്റിവച്ച വിദേശ വനിത. കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള തുടക്കം കുറിച്ച തിരുമൂലപുരം ബാലികാമഠം സ്കൂളില്‍ അധ്യാപികയായാണ് 1920 മാര്‍ച്ചില്‍ ബ്രൂക്സ് സ്മിത്ത് തിരുവല്ലയിലെത്തിയത്. അന്നത്തെ പ്രഥമാധ്യാപിക മിസ് ഹോംസിനൊപ്പം കൊല്‍ക്കത്തയില്‍ നിന്നാണ് 24-ാം വയസ്സില്‍ ഇവിടെ എത്തിയത്. യു.കെ. യില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയിരുന്നു.

ഹോംസ് മടങ്ങിയശേഷം 1924 മുതല്‍ 1956 വരെ പ്രഥമാധ്യാപികയായി. സ്കൂളിന്‍റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ അവര്‍ക്കായി. വിരമി ച്ചശേഷം 1974 വരെ മാനേജരായി പ്രവര്‍ത്തിച്ചതടക്കം നീണ്ട 52 വര്‍ഷങ്ങള്‍ അവര്‍ സ്കൂളില്‍ സേവനം ചെയ്തു. അവിവാഹിതയായ ബ്രൂക്സ് സ്മിത്ത് ജീവിതം മുഴുവനും ബാലികാമഠം സ്കൂളിനും തിരുമൂലപുരത്തിനും വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് അവര്‍ സ്വദേശത്തു പോയിരുന്നത്.

പെണ്‍കുട്ടികള്‍ക്കു സംഗീതം, കായിക പരിശീലനം, തയ്യല്‍, നാടക അഭിനയം, പൂന്തോട്ട പരിപാലനം എന്നിവയില്‍ ബ്രൂക്സ് സ്മിത്ത് പരിശീലനം നല്‍കി. രണ്ടാം ലോകയുദ്ധ കാലത്ത് അനുഭവപ്പെട്ട അവശ്യസാധന ങ്ങളുടെ ദൗര്‍ലഭ്യം നേരിടാന്‍ വിദ്യാര്‍ഥിനികള്‍ക്കു പ്രത്യേക പരിശീലനം നല്‍കി. ഒഴിവു സമയങ്ങളില്‍ കമ്പിളി വസ്ത്രങ്ങളുണ്ടാക്കി റെഡ്ക്രോസ് മുഖേന സൈനികര്‍ക്ക് എത്തിച്ചുകൊടുത്തു.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കുട്ടികള്‍ക്ക് ഉപരിപഠനത്തിനും തൊഴില്‍ പരിശീലനത്തിനും സഹായം നല്‍കി. ബ്രൂക്സ് സ്മിത്തിന്‍റെ നേതൃത്വത്തില്‍ സ്ഥാപിച്ച തുകലശേരിയിലെ 'തിരുവല്ല സൂയിങ് ഗില്‍ഡ്' അനേകം പെണ്‍കുട്ടികള്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്താന്‍ സഹായമായി.

ബ്രൂക്സ് സ്മിത്തിനു കേരള വിദ്യാഭ്യാസ വകുപ്പിലെ പരീക്ഷാ ബോര്‍ഡ് പാഠപുസ്തക സമിതിയില്‍ പ്രമുഖ സ്ഥാനമുണ്ടായിരുന്നു. അവരുടെ ഒട്ടേറെ പ്രബന്ധങ്ങള്‍ വിവിധ മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1974 ഓഗസ്റ്റ് 5-ന് അന്തരിച്ചു. മരണശേഷം അവരുടെ ഭൗതികശരീരം സംസ്ക്കരിച്ചതും ബാലികാമഠം സ്കൂള്‍ മുറ്റത്തു തന്നെയാണ്.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)