ബേബിച്ചായന്‍: നിസ്വാര്‍ത്ഥനായ സഭാനേതാവ് | ജോയ്സ് തോട്ടയ്ക്കാട്

മലങ്കരസഭയുടെ അല്‍മായ നേതാക്കളില്‍ മുന്‍നിരയില്‍ നില്‍ക്കുവാന്‍ ഏതുവിധേനയും അര്‍ഹനായ ഒരു മഹദ് വ്യക്തിത്വമാണ് ഇ. ജെ. ജോസഫ് എറികാട്ട് എന്ന പേരില്‍ ലോകമറിയുന്ന ബേബിച്ചായന്‍. 

പ. വട്ടശ്ശേരില്‍ തിരുമേനിയുടെ പരീക്ഷണകാലത്തു വലംകൈയായി നിന്ന അന്നത്തെ സമുദായ ട്രസ്റ്റി എറികാട്ട് കുഞ്ചപ്പന്‍ എന്നറിയപ്പെട്ടിരുന്ന ഇ. ഐ. ജോസഫ് ബേബിച്ചായന്‍റെ പിതാവാണ്. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ വലംകൈയായി അദ്ദേഹത്തിന്‍റെ പരീക്ഷണകാലത്ത് മലങ്കര അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ ബേബിച്ചായന്‍ കൂടെയുണ്ടായിരുന്നു. സഭ നേരിട്ട അഗ്നിപരീക്ഷണത്തിന്‍റെ ഘട്ടങ്ങളില്‍ മലങ്കരസഭയുടെ അതിപ്രഗത്ഭരായ രണ്ട് സഭാതലവന്മാരുടെ വലംകൈയായി വര്‍ത്തിക്കുവാന്‍ കോട്ടയം താഴത്തങ്ങാടി എറികാട്ട് കുടുംബത്തിലെ പിതാവിനും പുത്രനും ഭാഗ്യമുണ്ടായി.

വട്ടിപ്പണക്കേസിന്‍റെ ഒരു ഘട്ടത്തില്‍ സഭാ സ്വത്തുക്കള്‍ പലതും പൂട്ടി മുദ്രവച്ച സമയത്ത് അന്നത്തെ സമുദായ ട്രസ്റ്റിയായിരുന്ന ഇ. ഐ. ജോസഫിന്‍റെ ഭവനവും സര്‍ക്കാര്‍ അധീനതയില്‍ വരികയും അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കുമായി ഏതാനും ചില മുറികള്‍ മാത്രം ഉപയോഗിക്കുവാന്‍ അനുവദിക്കുകയും ചെയ്ത ഘട്ടത്തില്‍, അന്ന് ബാലനായിരുന്ന ബേബിച്ചായന്‍ പീഡാനുഭവത്തിന്‍റെ മൂശയില്‍ വാര്‍ത്തെടുക്കപ്പെടുകയായിരുന്നു. ബി. എ., ബി. എല്‍. ബിരുദങ്ങള്‍ നേടി പ്രഗത്ഭനായ അഭിഭാഷകന്‍ എന്ന നിലയില്‍ ഖ്യാതി നേടിയ ബേബിച്ചായന്‍ ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചു. നിസ്വാര്‍ത്ഥമായ സഭാസേവനത്തിനിടയില്‍ സ്വന്തം കൈയിലെ പണമെടുത്ത് സഭാകാര്യങ്ങള്‍ക്കുപയോഗിച്ചതും മറ്റും മൂലം ബാങ്കിംഗ് സ്ഥാപനം തകര്‍ന്നെങ്കിലും സഭാസേവന രംഗത്തുനിന്നും അദ്ദേഹം പിന്മാറാന്‍ തയ്യാറായില്ല. 

കുടുംബത്തേക്കാള്‍ സഭയെ സ്നേഹിച്ച ബേബിച്ചായന്‍റെ സ്വഭാവത്തെക്കുറിച്ച് ഭാര്യ ഓര്‍മിക്കുന്നത്, തന്‍റെ പ്രസവമടുത്ത സമയത്ത് തന്നെ ദൈവത്തെ ഏല്പിച്ചിട്ട് സഭാകാര്യങ്ങള്‍ക്കായി പോയ സംഭവമാണ്.

കോട്ടയത്തിനടുത്തുള്ള താഴത്തങ്ങാടിയിലെ മാര്‍ ബസ്സേലിയോസ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയെ സംബന്ധിച്ചിടത്തോളം ആ ദേവാലയം ബേബിച്ചായനോട് കടപ്പെട്ടിരിക്കുന്നതുപോലെ ഒരു ദേവാലയവും ഒരു വ്യക്തിയോടും കടപ്പെട്ടിരിക്കാന്‍ സാദ്ധ്യതയില്ല. താഴത്തങ്ങാടിയില്‍ ഒരു ദേവാലയമുണ്ടാവുക എന്ന ആശയം ഉടലെടുക്കുന്നത് ഇ. ഐ. ജോസഫിന്‍റെ കാലത്താണ്. എന്നാല്‍ അതിനെ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുന്നതിന് നിയോഗമുണ്ടായത് പുത്രനായ ഇ. ജെ. ജോസഫിനാണ്. 

താഴത്തങ്ങാടിയിലുള്ളവര്‍ക്കും സഭയ്ക്ക് മൊത്തത്തിലും അഭിമാനിക്കാവുന്ന മനോഹരമായ ഈ ദേവാലയം സ്ഥാപിക്കപ്പെട്ടത് ബേബിച്ചായന്‍റെ സന്മനസ്സുകൊണ്ടു മാത്രമാണ്. 1951-ല്‍ 18,000/- രൂപ കൈയില്‍നിന്നും കൊടുത്ത് വസ്തു വാങ്ങി പള്ളിക്ക് ദാനം ചെയ്തതും ബേബിച്ചായന്‍ ആണ്. താല്‍ക്കാലിക പള്ളിയും, പള്ളിമുറിയും, ഇപ്പോഴുള്ള പള്ളിയും പണിതത് ബേബിച്ചായന്‍ തന്നെ. ഇപ്പോഴുള്ള പള്ളിയുടെ പണിക്ക് തന്നെ മൂന്നു ലക്ഷം രൂപ ചെലവായി. ഒരു ചാക്ക് സിമന്‍റിന് നാലര രൂപയും ഒരാശാരിക്ക് തച്ച് 2 രൂപയും ആയിരുന്ന കാലത്താണ് ഇത്രയും രൂപ ചെലവാക്കിയതെന്ന് ഓര്‍ക്കുമ്പോള്‍ അന്നത്തെ ചെലവാക്കിയ രൂപായുടെ മൂല്യം ഊഹിക്കാവുന്നതാണ്. നാട്ടുകാരില്‍ നിന്ന് ആകെ പിരിഞ്ഞു കിട്ടിയത് 7,000/- രൂപ മാത്രമായിരുന്നു. താല്‍ക്കാലിക പള്ളിയുടെയും ഇപ്പോഴത്തെ പള്ളിയുടെയും ഗംഭീരമായ കൂദാശാ ചടങ്ങുകളും അതു സംബന്ധിച്ച് നടന്ന ആഘോഷങ്ങള്‍ക്കും എല്ലാ ചെലവുകളും ബേബിച്ചായന്‍ തന്നെയാണ് നടത്തിയത്. 

പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ഭരണകാലത്ത് 1951 മുതല്‍ 1966 വരെ 15 വര്‍ഷവും പ. മാത്യൂസ് പ്രഥമന്‍ ബാവായുടെ ഭരണകാലത്ത് 1980 മുതല്‍ 1985 വരെ അഞ്ചു വര്‍ഷവും അദ്ദേഹം സ്തുത്യര്‍ഹമായി അസോസിയേഷന്‍ സെക്രട്ടറി സ്ഥാനം വഹിച്ചു. 

1951-ലെ മലങ്കരസഭയ്ക്കെതിരായ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കൊട്ടാരക്കര നിന്നും കോട്ടയത്തേക്ക് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായ്ക്കു നല്‍കിയ സ്വീകരണം, 1958-ലെ ചരിത്രപ്രസിദ്ധമായ സുപ്രീംകോടതി വിധിയും സഭാ യോജിപ്പും, 1958 ഡിസംബര്‍ 26-ന് നടന്ന പുത്തന്‍കാവ് അസോസിയേഷന്‍, 1982-ല്‍ സഭയാകമാനം ആഘോഷിച്ച കാതോലിക്കേറ്റ് സപ്തതി, അതിന്‍റെ ഭാഗമായി കോട്ടയത്തു നടന്ന സമ്മേളനം, 1984-ല്‍ ആഘോഷിച്ച പ. വട്ടശ്ശേരില്‍ തിരുമേനിയുടെ ചരമ കനക ജൂബിലി, അതോടനുബന്ധിച്ച് കോട്ടയത്തു നടന്ന മഹാസമ്മേളനം തുടങ്ങി അദ്ദേഹം അസോസിയേഷന്‍ സെക്രട്ടറിയായിരിക്കെ നടന്ന പ്രധാന സംഭവങ്ങള്‍ നിരവധിയാണ്.

ബേബിച്ചായന്‍റെ നിസ്വാര്‍ത്ഥ സഭാസേവനത്തിന് ദൈവം നല്‍കിയ പ്രതിഫലമെന്നവണ്ണം അദ്ദഹത്തിന്‍റെ നാലു മക്കളും അതിപ്രശസ്തമായ രീതിയില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുകയും പ്രഗത്ഭരായിത്തീരുകയും ചെയ്തു.

1917-ല്‍ ജനിച്ച ബേബിച്ചായന്‍ 96-ാം വയസ്സിലും സഭയെന്നു കേട്ടാല്‍ ഉത്സുകനാകും. പ്രായത്തിന്‍റെ ശാരീരിക അസ്വസ്ഥതകളും കാഴ്ചക്കുറവും കേള്‍വിക്കുറവും ഒക്കെയുണ്ടെങ്കിലും മലങ്കരസഭ അദ്ദേഹത്തിന്‍റെ ഹൃദയത്തിലിന്നുമുണ്ട്. നിസ്വാര്‍ത്ഥനായ ഈ സഭാസ്നേഹിയെത്തേടി പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവാ, ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. സഖറിയാ മാര്‍ അപ്രേം തുടങ്ങിയ സഭയുടെ നേതൃനിര ഇപ്പോഴും ഉപദേശത്തിനായും സൗഹൃദം പുതുക്കാനും എത്താറുണ്ടെന്ന് പറയുമ്പോള്‍, കുടുംബത്തെപ്പോലും അവഗണിച്ച് സഭാ സേവനത്തിനിറങ്ങിയ ബേബിച്ചായനെക്കുറിച്ച് ഏറെ സങ്കടപ്പെട്ട ഭാര്യയുടെ മുഖത്തും സന്തോഷം.

(2013-ല്‍ എഴുതിയത്)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)