കോട്ടയം ചെറിയപള്ളി ഇടവകാംഗങ്ങളായ പ്രമുഖ വൈദികരും അല്‍മായരും

ഉപ്പൂട്ടില്‍ ഇട്ടൂപ്പ് യാക്കോബ് കത്തനാര്‍

കോട്ടയം ചെറിയപള്ളി വികാരിയായി വൈദികവൃത്തി ആരംഭിച്ചു. കടവില്‍ പൗലോസ് മോര്‍ അത്താനാസിയോസ് കോട്ടയം ഭദ്രാസനത്തിന്‍റെ വികാരി ജനറാളായി നിയമിച്ചു. ഇടവകയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കോട്ടയം ചെറിയപള്ളിയില്‍ നിന്നും മാറി ചെങ്ങളത്തെ ഇരുപതില്‍ ഭവനത്തില്‍ താമസമാക്കി. ചെങ്ങളം സെന്‍റ് തോമസ് സുറിയാനിപ്പള്ളിയുടെ പ്രാരംഭ കാലത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുത്തു. ചെങ്ങളം സെന്‍റ് തോമസ് പള്ളിയുടെ ഇടവകാംഗമായ പ്രഥമ വികാരിയായിരുന്നു. വാര്‍ദ്ധക്യക്ഷീണം കൊണ്ട് സ്വയം വികാരി സ്ഥാനത്തു നിന്ന് 1905-ല്‍ ഒഴിഞ്ഞു. ഭാര്യ മീനടം പുത്തന്‍പുരയ്ക്കല്‍ മറിയാമ്മ. ആറ് മക്കള്‍. 1928 ഏപ്രില്‍ 7-ന് (1103 മീനം 25) 87-ാമത്തെ വയസില്‍ അന്തരിച്ചു. കോട്ടയം പുത്തന്‍പള്ളിയില്‍ കബറടക്കി. 

അക്കര കുര്യന്‍ റൈട്ടര്‍

കോട്ടയം അക്കര കുടുംബത്തില്‍ കോര ഇട്ടീരയുടെ പുത്രനായി 1826-ല്‍ ജനിച്ചു. പ്രമുഖ വ്യാപാരി, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ രാജ്യങ്ങളിലെ അബ്കാരി കുത്തക ഏറ്റെടുത്ത് നടത്തി. ധനാഢ്യന്‍. 1860-ല്‍ വെസ്റ്റേണ്‍ സ്റ്റാര്‍ എന്ന ഇംഗ്ലീഷ് പത്രവും 1865-ല്‍ പശ്ചിമതാരക എന്ന മലയാളപത്രവും ആരംഭിച്ച് നടത്തി. പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ സതീര്‍ത്ഥ്യനും ഉറ്റ മിത്രവും. പില്ക്കാലത്ത് മെത്രാപ്പോലീത്തായുമായി പിണങ്ങി പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനിയുടെ വലംകൈയായി മാറി. അദ്ദേഹത്തെ മേല്പട്ടസ്ഥാനമേല്‍ക്കുവാന്‍ അന്ത്യോഖ്യയ്ക്കു പോകുവാന്‍ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. നവീകരണക്കാര്‍ക്കെതിരായ വ്യവഹാരത്തിലും മുളന്തുരുത്തി സുന്നഹദോസിന്‍റെ നടത്തിപ്പിലും നിര്‍ണ്ണായക നേതൃത്വം നല്‍കി. ക്ഷിപ്രകോപിയായിരുന്ന പത്രോസ് തൃതീയന്‍റെ പോലും സ്നേഹവാത്സല്യങ്ങള്‍ക്ക് പാത്രമായി. പുലിക്കോട്ടില്‍ തിരുമേനിയുമായി പിണങ്ങിയ പത്രോസ് തൃതീയനെ നയത്തില്‍ സമീപിച്ച് ഇരുവരെയും തമ്മില്‍ വെളിയനാട് പള്ളിയില്‍ വച്ച് അനുരഞ്ജനപ്പെടുത്തി. മലങ്കരസഭാ അല്‍മായ ട്രസ്റ്റിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സി. ജെ. കുര്യന്‍ സഹോദരപുത്രനും ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍ സഹോദരീപുത്രനുമാണ്. രണ്ടു പേരെയും പഠിപ്പിക്കുകയും സഭാ രംഗത്തേക്ക് വരുവാന്‍ പ്രോത്സാഹനം കൊടുക്കുകയും ചെയ്തത് അദ്ദേഹമാണ്. 1886-ല്‍ നിര്യാതനായി.

വല്യപറമ്പില്‍ കുഞ്ഞൂഞ്ഞ്/കുഞ്ഞൂഞ്ഞ് മുതലാളി

കുന്നുംപുറത്ത് കുര്യന്‍ ചെറിയാന്‍: കോട്ടയം അക്കര കുര്യന്‍ റൈട്ടറുടെ ഏക പുത്രന്‍.   1893-ല്‍ കല്ലട മുതലാളിയുടെ സഹോദരി അക്കാമ്മയെ വിവാഹം കഴിച്ചു. സമുദായ വഴക്കില്‍ ബന്ധുവായ ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീലിന്‍റെ സ്വാധീനത്താല്‍ വട്ടശ്ശേരില്‍ തിരുമേനിക്കൊപ്പം നില കൊണ്ടു. 1087 ചിങ്ങം 22-ന് കോട്ടയത്ത് എം.ഡി. സെമിനാരിയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഇദ്ദേഹത്തെ അല്‍മായട്രസ്റ്റിയായി തിരഞ്ഞെടുത്തുവെങ്കിലും അദ്ദേഹം ആ സ്ഥാനം സ്വീകരിക്കാതെ വന്നതിനെ തുടര്‍ന്നാണ് കോട്ടയത്ത് ചിറക്കടവില്‍ കോരുള ഏബ്രഹാമിനെ ആ സ്ഥാനത്ത് നിയമിച്ചത്. 51-ാം വയസ്സില്‍ 1923 മെയ് 6-നു അന്തരിച്ചു.

ചിറക്കടവില്‍ കോരുള അബ്രഹാം

മലങ്കരസഭാ അല്‍മായ ട്രസ്റ്റി ആയിരുന്നു (07-09-1911 - 31-05-1931). കക്ഷിവഴക്കു കാലത്ത് വട്ടശ്ശേരില്‍ തിരുമേനിക്കൊപ്പം വിശ്വസ്തനായി നിലകൊണ്ടു. സ്വര്‍ണ്ണ വ്യാപാരി ആയിരുന്നു. കോട്ടയം ചെറിയപള്ളി ഇടവകാംഗം. 1931 മെയ് 31-നു അന്തരിച്ചു.

വാരിക്കാട്ടു നൈനാന്‍ (1041-1126). കോട്ടയം വാരിക്കാട്ടു കുടുംബാംഗം. തിരുവല്ല കോയിപ്പുറത്തു താമസിച്ച ഇദ്ദേഹം മെട്രിക്കുലേഷന്‍ വരെ പഠിച്ചു. കുറെനാള്‍ ഗവണ്‍മെന്‍റ് പ്രസ്സില്‍ ജോലി നോക്കിയശേഷം കൃഷി കാര്യാദികളില്‍ ഏര്‍പ്പെട്ടു. തിരുവല്ലാ കോടിയാട്ട് കുര്യച്ചന്‍റെ ഏക പുത്രി ഏലിയാമ്മയാണ് (വട്ടശ്ശേരില്‍ തിരുമേനിയുടെ സഹോദരിപുത്രി) ഭാര്യ. 29-10-1126-ല്‍ 85-ാം വയസ്സില്‍ അന്തരിച്ചു. ഒരു പുത്രനും രണ്ടു പുത്രിമാരും.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)