തിരുവിതാംകൂറിലെ പൗരാവകാശസമത്വവാദങ്ങള്‍ | ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്

തിരുവിതാംകൂറിലെ സമുദായങ്ങളായ ക്രൈസ്തവര്‍, ഈഴവര്‍, മുസ്ലീംങ്ങള്‍, മറ്റ് അധഃസ്ഥിതര്‍ തുടങ്ങിയ 51 ലക്ഷം ജനസംഖ്യയില്‍ 26 ലക്ഷം ആളുകള്‍ക്ക് ഈ രാജ്യത്തിന്‍റെ നട്ടെല്ലായ റവന്യൂ വകുപ്പില്‍ പ്രവേശനം നിരോധിച്ചിരുന്നു. കര്‍ണ്ണല്‍ മണ്‍ട്രോയുടെ വേര്‍പാടോടു കൂടി ക്രിസ്ത്യാനികളെ ചുമതലപ്പെട്ട ഗവണ്മെന്‍റ് ഉദ്യോഗങ്ങളില്‍ നിന്ന് ഒരു പ്രത്യേക കാര്യം പ്രമാണിച്ച് നിഷ്ക്കാസനം ചെയ്തതു മുതല്‍ ദേവസ്വം വകുപ്പിനോട് സംയോജിച്ച് കിടന്നിരുന്ന റവന്യൂ വകുപ്പില്‍ അവര്‍ക്ക് പ്രവേശനം ഇല്ലെന്നായി. കഴിഞ്ഞ തലമുറയിലുള്ളവര്‍ ഗവണ്മെന്‍റിന്‍റെ ഈ അപനയത്തെപ്പറ്റി ശക്തിയുക്തം പ്രതിഷേധം പുറപ്പെടുവിച്ചുകൊണ്ടിരുന്നെങ്കിലും ഗവണ്മെന്‍റ് ഒട്ടുംതന്നെ ഗണ്യമാക്കിയില്ല. 1917-ല്‍ ദേവസ്വം വകുപ്പ് റവന്യൂ വകുപ്പില്‍ നിന്ന് വിടര്‍ത്തി റവന്യൂ വകുപ്പില്‍ പൗരസമത്വം സ്ഥാപിക്കണമെന്ന് പല ക്രിസ്ത്യന്‍ പത്രങ്ങള്‍ വാദിച്ചുകൊണ്ടിരുന്നു. ഇക്കൂട്ടത്തില്‍ 'കേരളീയാഭിമാനി', 'നസ്രാണിദീപിക' എന്നീ പത്രങ്ങള്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചു. 

തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിതമാണെന്നും രാജ്യം നായന്മാരുടെ വകയാണെന്നും രാജ്യത്തിനുവേണ്ടി രക്തം ചൊരിഞ്ഞിട്ടുള്ളത് നായന്മാരാണെന്നും അതിനാല്‍ റവന്യൂവകുപ്പിലും പട്ടാളവകുപ്പിലും ക്രൈസ്തവര്‍ തുടങ്ങിയവര്‍ക്കു പ്രവേശനം നല്‍കുവാന്‍ പാടില്ലെന്നും നായര്‍ പ്രമുഖന്മാരും അവരുടെ പത്രങ്ങളും വാദിച്ചു (സമദര്‍ശി ഒഴിച്ചുള്ള നായര്‍ പത്രങ്ങള്‍). ഈ വാദങ്ങള്‍ക്ക് സമര്‍ത്ഥമായ മറുപടി പറഞ്ഞ് പ്രതിപക്ഷകക്ഷികളുടെ നാവ് അടപ്പാന്‍ ഭാഗ്യമുണ്ടായത് എനിക്കായിരുന്നു. തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിക്കപ്പെട്ടതാണോ? എന്നുള്ള എന്‍റെ ഒരു ദീര്‍ഘലേഖനം പൊതുവെ നായന്മാരില്‍ വലിയ കോളിളക്കമുണ്ടാക്കി. നായന്മാരുടെ രാജ്യസമര്‍പ്പണവാദവും രക്തംചീന്തല്‍ വാദവും ഞാന്‍ ഭസ്മീകരിച്ചു 1917-ലെ കേരളീയാഭിമാനി പത്രത്തിന്‍റെ മേടം ലക്കത്തില്‍ 'പൗരാവകാശ സമത്വവാദം' എന്ന പ്രധാന തലക്കെട്ടിലായിരുന്നു പ്രസ്തുത ലേഖനം പ്രസിദ്ധപ്പെടുത്തിയത്. 

ഇതിനെ തുടര്‍ന്ന് 1911 ആഗസ്റ്റ് 9 മുതല്‍ മാന്നാനം നസ്രാണി ദീപിക പത്രത്തില്‍ 'പുരാതന സുറിയാനിക്കാരുടെ യുദ്ധവൈദഗ്ദ്ധ്യം' എന്ന തലക്കെട്ടില്‍ പത്രങ്ങളില്‍ ഒമ്പതു നമ്പരായി ഒരു ദീര്‍ഘലേഖനപരമ്പര ഞാന്‍ എഴുതുകയുണ്ടായി. നസ്രാണികളുടെ ആയോധനവീര്യത്തെയും രാജ്യസേവനത്തെയും സംബന്ധിച്ച് പ്രസ്തുത ലേഖനത്തില്‍ ഞാന്‍ വിശദമായി തെളിയിച്ചിരുന്നു. 

ഇതിനും പുറമെ 'പൗരസമത്വവാദവും രാജ്യോല്‍ക്കര്‍ഷവും' എന്ന ലേഖനപരമ്പര 1095 വൃശ്ചികം 17-ന് മുതലുള്ള നസ്രാണിദീപികയിലും സുപ്രസിദ്ധമായ ഒരു പഴയ രേഖ എന്ന തലക്കെട്ടില്‍ നാലു നമ്പരായി ഒരു ദീര്‍ഘലേഖനം 1919 ഏപ്രില്‍ 15-ലെ ദീപികയിലും സുറിയാനി ക്രിസ്ത്യാനികളുടെ ജാത്യൗല്‍കൃഷ്ട്യം എന്ന ലേഖനം മകരം മുതല്‍ക്കുള്ള നസ്രാണിദീപികയില്‍ അഞ്ചു നമ്പരായും ഞാന്‍ പ്രസിദ്ധപ്പെടുത്തി. ഇതുകൂടാതെ 'ലോകസംസ്കാരവും പൗരാവകാശ സ്ഥാപനവും' എന്നൊരു ലേഖനപരമ്പര വൃശ്ചികം കേരളീയാഭിമാനിയിലും ഞാന്‍ എഴുതുകയുണ്ടായി. തിരുവിതാംകൂര്‍ ഗവണ്മെന്‍റ് 'ഒരു ഹിന്ദു ഗവണ്മെന്‍റോ?' എന്നൊരു ലേഖനം 1918 ഏപ്രില്‍ 24-ലെ കേരളീയാഭിമാനിയില്‍ എഴുതിയിരുന്നത്, തിരുവിതാംകൂര്‍ ഗവണ്മെന്‍റ് ഒരു ഹിന്ദു ഗവണ്മെന്‍റാണ് തന്മൂലം ഇവിടെ ഇതര മതസ്ഥര്‍ക്ക് രാഷ്ട്രീയാവകാശപരമായി ന്യായവാദം ചെയ്വാന്‍ അര്‍ഹതയില്ലെന്നുള്ള നായര്‍ പത്രങ്ങളുടെ വാദത്തെ നിശ്ശേഷം ഹനിക്കുന്നതായിരുന്നു. 

തിരുവിതാംകൂര്‍ രാജ്യം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പിടിച്ചടക്കി അദ്ദേഹത്തിന്‍റെ കുലദൈവമായ ശ്രീപത്മനാഭന് സമര്‍പ്പിച്ചതിനാല്‍ ഇത് ഒരു ഹിന്ദു ഗവണ്മെന്‍റായിപ്പോയി എന്നുള്ള വാദം കേരളീയാഭിമാനിയിലെ പ്രസ്തുത ലേഖനം കൊണ്ട് നിശ്ശേഷം ഖണ്ഡിക്കപ്പെട്ടുവെങ്കിലും ബ്രിട്ടീഷ് ഗവണ്മെന്‍റ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നതായ ഘട്ടത്തില്‍ റവന്യൂവില്‍ ചേര്‍ന്നതായ ഇവിടുത്തെ ദേവസ്വം സ്വത്തുക്കള്‍ക്ക് പ്രതിഫലമായി തിരുവിതാംകൂര്‍ ഗവണ്മെന്‍റ് ദേവസ്വം ഡിപ്പാര്‍ട്ടുമെന്‍റിലേക്ക് നല്‍കുവാന്‍ നിശ്ചയിച്ച തുക വര്‍ദ്ധിപ്പിക്കേണ്ടതാണെന്ന നിലയില്‍ തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിക്കപ്പെട്ടുപോയതാണെന്ന വാദം വീണ്ടും നായര്‍ പത്രങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. പൊതുമുതലെടുപ്പില്‍ നിന്ന് ഹൈന്ദവട്രസ്റ്റികളെ ഏല്പിക്കേണ്ടതായ തുകയെ സംബന്ധിച്ചുള്ള വാദം അതിന്‍റെ ഉച്ചകോടിയില്‍ എത്തിയ സന്ദര്‍ഭത്തില്‍ 'തിരുവിതാംകൂര്‍ രാജ്യസമര്‍പ്പണവാദം' എന്ന തലക്കെട്ടില്‍ മലയാള മനോരമ പത്രത്തില്‍ ഞാന്‍ 1949 മെയില്‍ വീണ്ടും ഒരു ദീര്‍ഘലേഖനം കൂടി പ്രസിദ്ധപ്പെടുത്തിയെന്നുകൂടി സന്ദര്‍ഭവശാല്‍ പറയേണ്ടിയിരിക്കുന്നു. ഇതിനും പുറമെ ഇടക്കാലത്ത് പേരോടുചേര്‍ന്നുള്ള അമ്മ ശബ്ദത്തിനുള്ള അവകാശം നായന്മാര്‍ക്ക് മാത്രമാണെന്ന് ഏതാനും നായര്‍ പത്രങ്ങള്‍ വാദിച്ചുകൊണ്ടിരുന്നു. 

നസ്രാണി ബാലികമാരെ പള്ളിക്കൂടത്തില്‍ ചേര്‍ക്കുവാന്‍ കൊണ്ടുചെന്നാല്‍ നായര്‍ സ്ത്രീകളായ പ്രഥമാദ്ധ്യാപികകള്‍ മറിയാമ്മ, അന്നമ്മ എന്നതിനുപകരം മറിയ, അന്ന, ശോശ എന്നിങ്ങനെ മാത്രമെ എഴുതുകയുള്ളു എന്ന് ഒരു നിര്‍ബന്ധവും പുറപ്പെടുവിച്ചു തുടങ്ങി. ഇതിനെ സംബന്ധിച്ച് വലിയ ബഹളമായി. ഏകദേശം 1909 മുതല്‍ നായന്മാരില്‍ വിവരംകെട്ട ചിലരും ഇതര സമുദായ സ്പര്‍ദ്ധാലുക്കളുമായ ചിലര്‍ മുറയ്ക്ക് വളമിട്ട് വളര്‍ത്തിക്കൊണ്ടുവന്നതായ ഈ വാദത്തെ ഖണ്ഡിച്ച് ക്രൈസ്തവ വനിതകളുടെ അഭിമാനം സംരക്ഷിക്കേണ്ടത് അപരിത്യാജ്യമായ ഒരു ആവശ്യമായിത്തീര്‍ന്നു. അങ്ങനെ ഞാന്‍ 'അമ്മ'ക്കാര്യവുമായി രംഗപ്രവേശം ചെയ്തു. ഇന്നാവട്ടെ അധഃസ്ഥിതരായി കഴിയുന്ന പുലയര്‍ തുടങ്ങിയുള്ളവര്‍ പോലും സ്വന്തം സ്ത്രീകളുടെ പേരോടുകൂടി അമ്മ ശബ്ദം ഉപയോഗിക്കുന്നതും മറ്റുള്ളവര്‍ ആവിധം തന്നെ സംബോധന ചെയ്തുപോരുന്നതും സര്‍വ്വസാധാരണമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും 1909 മുതല്‍ 1922 വരെ നായന്മാരും നായര്‍ സ്ത്രീകളും നസ്രാണി സ്ത്രീകളെപ്പോലും വെറും പേരു മാത്രമെ വിളിക്കയുള്ളുവെന്നുള്ള ദുശ്ശാഠ്യം ഏറ്റവും അഭിമാനരഹിതമായ ഒന്നായി കരുതപ്പെട്ടു. 

ഞാനാവട്ടെ പൗരാണിക ചരിത്രരേഖകളില്‍ നിന്നും ഐതിഹ്യകഥകളില്‍ നിന്നും സാഹിത്യകൃതികളില്‍നിന്നും നസ്രാണി സ്ത്രീ നാമധേയങ്ങളായ ആണ്ടമ്മ, താണ്ടമ്മ, തേനമ്മ, കുഞ്ഞുണ്ണിയമ്മ, പീത്തമ്മ, ഇളച്ചമ്മ, മന്നാണ്ടമ്മ, എറത്തമ്മ, ഉണ്ണൂണ്ണിയമ്മ, കുഞ്ഞൂഞ്ഞമ്മ, ഏലമ്മ, കച്ചത്തിയാരമ്മ, തെറത്തമ്മ, കാണ്ടേമ്മ എന്നിത്യാദി പേരുകളും നായര്‍ സ്ത്രീകളുടെ പുരാതന നാമധേയങ്ങളായ ചക്കി, ചിരുത, ഉട്ടൂലി, കോത, ഉണ്ണൂലി, ഇച്ചിരിയത്തി, പാറോതി, തേവി എന്നിത്യാദി പേരുകളും ധാരാളമായി ഉദ്ധരിച്ചുകൊണ്ട് കേരളീയാഭിമാനിയില്‍ 'അമ്മക്കാര്യം' എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴുതി. ഇതിനും പുറമെ 'നസ്രാണി നാമധേയങ്ങള്‍' എന്ന പേരില്‍ നസ്രാണിദീപികയിലും പ്രസിദ്ധപ്പെടുത്തി. 

നായര്‍ സമുദായത്തില്‍ പണ്ട് രാജസ്വരൂപങ്ങളുടെ കീഴില്‍ ഭരണാധികാരം വഹിച്ചിരുന്ന മാടമ്പി നായന്മാരുടെ സ്ത്രീകള്‍ക്ക് കുഞ്ഞമ്മ ശബ്ദത്തിന് അവകാശമുണ്ടായിരുന്നുവെന്നല്ലാതെ സാധാരണ നായര്‍ സ്ത്രീകള്‍ക്ക് അമ്മ ശബ്ദം പേരോടുകൂടി ചേര്‍ക്കുവാന്‍ മാടമ്പി നായന്മാര്‍ പോലും അനുവദിച്ചിരുന്നില്ലെന്ന് ഞാന്‍ സ്ഥാപിച്ചതോടുകൂടി മേല്‍പറഞ്ഞ വര്‍ഗീയ സ്പര്‍ദ്ധാലുക്കളായ നായന്മാരും നായര്‍ അദ്ധ്യാപികമാരും അവരുടെ നിര്‍ബന്ധബുദ്ധി ഉപേക്ഷിക്കുകയും നസ്രാണി സ്ത്രീകളെ അമ്മ ശബ്ദം ചേര്‍ത്തു സംബോധന ചെയ്തു തുടങ്ങുകയും ചെയ്തു. 

മേല്‍ചേര്‍ത്ത കാരണങ്ങള്‍ മൂലം പല നായന്മാരും പല നായര്‍ സാഹിത്യകാരന്മാരും എന്നെ കഠിനമായി വിദ്വേഷിച്ചിരുന്നു. ഇക്കൂട്ടരായിരുന്നു ഗദ്യകവിതയ്ക്കായി എനിക്കു തരുവാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്ന മെഡല്‍, പ്രദര്‍ശന പദാര്‍ത്ഥങ്ങള്‍ക്കായി മാറ്റിമറിപ്പാന്‍ അപ്പന്‍ തമ്പുരാനെ വഴിപ്പെടുത്തിയത്. ദിവാന്‍ രാഘവയ്യായുടെ കാലത്ത് തിരുവനന്തപുരം കോളജ് വിദ്യാര്‍ത്ഥികളെ പട്ടാളം മര്‍ദ്ദിച്ചമര്‍ത്തിയതിനെ സംബന്ധിച്ചുണ്ടായ ബഹളത്തെ മുന്‍നിര്‍ത്തി 'എന്തുകൊണ്ട് ലഹളക്കമ്മീഷനെ ഞങ്ങള്‍ അനുകൂലിക്കുന്നില്ല' എന്ന തലവാചകത്തില്‍ 1922-ല്‍ കേരളീയാഭിമാനിയില്‍ ഞാന്‍ എഴുതിയ ലേഖനവും നായന്മാരെ വളരെയധികം ക്ഷോഭിപ്പിച്ചിരുന്നു. വാസ്തവത്തില്‍ വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ട് രാഘവയ്യായുടെ ഭരണം കുഴപ്പത്തിലാക്കി റീജെന്‍റു മഹാറാണിയെ ചൊല്‍പ്പടിക്ക് പാകപ്പെടുത്തണമെന്നുള്ളതായിരുന്നു തിരുവനന്തപുരം നായന്മാരുടെ നിഗൂഢ ലക്ഷ്യം.

36. ജേക്കബ് കുര്യനും പൗരസമത്വവാദവും

1917-ല്‍ പുതിയകാവില്‍ പിടിഞ്ഞാറെത്തലയ്ക്കല്‍ ശ്രീ. ജേക്കബ് കുര്യനായിരുന്നു പൗരസമത്വവാദം ഒരു സജീവ വാദമായി രംഗപ്രവേശം ചെയ്യിച്ചത്. അതിനു മുമ്പ് നടന്നിരുന്ന ശ്രീമൂലം പ്രജാസഭയില്‍ അന്നത്തെ ക്രൈസ്തവ പ്രതിനിധികളായ കന്നുകുഴിയില്‍ കുരുവിള ഇഞ്ചനീയര്‍, കോവൂര്‍ ദിവ്യശ്രീ അയ്പ് തോമാ കത്തനാര്‍, കണ്ടത്തില്‍ കെ. എം. കൊച്ചുമാമ്മന്‍ വക്കീല്‍ മുതലായവര്‍ ദേവസ്വം റവന്യൂ വകുപ്പുകളെ വേര്‍തിരിച്ച് ക്രിസ്ത്യാനികള്‍, ഈഴവര്‍, മുഹമ്മദീയര്‍ തുടങ്ങിയുള്ള അസമത്വവര്‍ഗ്ഗങ്ങള്‍ക്ക് റവന്യൂ വകുപ്പില്‍ പ്രവേശനം നല്‍കണമെന്ന് ശക്തിയായി വാദിക്കയും 'നോട്ടു ചെയ്തിരിക്കുന്നുവെന്ന് ഗവണ്മെന്‍റ് സമാധാനം പറഞ്ഞതു കേട്ട് പിന്‍തിരിയുകയും ഉണ്ടായി.' എന്നാല്‍ ശ്രീ. ജേക്കബ് കുര്യന്‍ കേരളീയാഭിമാനി പത്രം പുറപ്പെടുവിച്ചതോടെ പത്രത്തിന്‍റെ പ്രചാരത്തെയും പുതുമയെയും കരുതി ശ്രീമൂലം പ്രജാസഭയിലെ ക്രൈസ്തവ പ്രതിനിധികളുടെ 'പൗരാവകാശവാദത്തെ' ഒരു പ്രത്യേക ലക്ഷ്യമായി സങ്കല്പിച്ച് അതിനുവേണ്ടി പ്രയത്നം ആരംഭിച്ചു. 

കേരളീയാഭിമാനിയില്‍ തുടരെ മുഖപ്രസംഗങ്ങളും ലേഖനങ്ങളും എഴുതുക എന്നുള്ളതില്‍ കവിഞ്ഞ് അത് പൊതുസമുദായങ്ങളുടെ ഏകാഭിപ്രായത്തില്‍ അധിഷ്ഠിതമായ ഒരു വാദമാണെന്ന് സ്ഥാപിപ്പാന്‍ ശ്രീ. ജേക്കബ് കുര്യന് കഴിഞ്ഞില്ല. 'പൗരാവകാശ സമത്വവാദം' എന്നായിരുന്നു ജേക്കബ് കുര്യന്‍ പ്രസ്തുത പ്രസ്ഥാനത്തിന് നല്‍കിയിരുന്ന പേര്‍. ഈ പ്രസ്ഥാനത്തിന്‍റെ സര്‍വ്വ നേതൃത്വവും തന്നില്‍ത്തന്നെ സ്ഥിതിചെയ്യണമെന്നുളള ഒരു അഭിനിവേശം ജേക്കബ് കുര്യനുള്ളതായി പത്രത്തിന്‍റെ സ്വരത്തില്‍ നിന്നും പലര്‍ അനുമാനിക്കയാല്‍ ആദ്യകാലത്ത് കേരളീയാഭിമാനിയിലെ ലേഖനങ്ങളെ പിന്‍താങ്ങി മലയാള മനോരമ, കേരളഭാരതി, നസ്രാണിദീപിക, ദേശാഭിമാനി എന്നീ പത്രങ്ങള്‍ ഒരു അക്ഷരവും ശബ്ദിക്കയുണ്ടായില്ല. 

ശ്രീ. ജേക്കബ് കുര്യനെ സംബന്ധിച്ച് കഠിനമായ ഒരു മുന്‍വിധി പലര്‍ക്കും ഉണ്ടായിരുന്നു. ജേക്കബ് കുര്യന്‍ കേരളീയാഭിമാനിയില്‍ ഈ വിഷയം സംബന്ധിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിനു പുറമെ ശ്രീമൂലം പ്രജാസഭയില്‍ ഒരു മെമ്പര്‍ എന്ന നിലയില്‍ പ്രസംഗിക്കുക മാത്രമല്ല പ്രാദേശികമായി അവിടവിടെ സമീപസ്ഥലങ്ങളില്‍ യോഗങ്ങള്‍ വിളിച്ചുകൂട്ടി പ്രസംഗിക്കുകയും ചെയ്തു. കേരളീയാഭിമാനിയില്‍ പൗരാവകാശസമത്വവാദപരമായി ഞാനും പല ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നതിനു പുറമെ പ്രാദേശിക യോഗങ്ങളില്‍ പ്രസംഗിക്കുന്നതിനായി എന്നെക്കൂടി ക്ഷണിക്കുകയും ചെയ്തിരുന്നു. 

വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളെയും പരിഗണനകളെയും അതിലംഘിച്ച് പ്രസ്തുത വാദത്തെ ശക്തിപ്പെടുത്തുകയും ത്വരിപ്പിക്കുകയും ചെയ്യേണ്ടത് ക്രൈസ്തവ വര്‍ഗത്തിന്‍റെയും ഇതരവര്‍ഗങ്ങളുടെയും ഒന്നുകൊണ്ടും ഒഴിച്ചുകൂടാത്ത ഒരു ആവശ്യമാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. പക്ഷേ, തലയിരിക്കെ വാലാട്ടുക എന്ന വിധം ക്രൈസ്തവ സമുദായത്തില്‍ ശ്രീ. ഇ. ജെ. ജോണ്‍ വക്കീല്‍, ശ്രീ. കെ. സി. മാമ്മന്‍ മാപ്പിള മുതലായവര്‍ നേതൃസ്ഥാനത്ത് പരിലസിക്കവെ ശ്രീ. ജേക്കബ് കുര്യന്‍ അവരോടൊന്നും ആലോചിക്കുകയും പറയുകയും ചെയ്യാതെ പൗരാവകാശസമത്വവാദത്തിന്‍റെ സൂത്രധാരത്വം സ്വയം കൈയേറ്റു നടത്തുക എന്നുള്ളത് പ്രമാണിമാരായ പലര്‍ക്കും അസുഖകരമായിരുന്നു. ഇങ്ങനെയൊരു പ്രാതികൂല്യം പ്രസ്പഷ്ടമായതോടെ പ്രസ്ഥാനത്തിന്‍റെ വിജയത്തിന് സമുദായത്തില്‍ പേരും പെരുമയുമുള്ള എല്ലാ പ്രമുഖന്മാരുടെയും ആനുകൂല്യം ആവശ്യമാണെന്നും അവരെയൊക്കെ അവഗണിച്ച് പ്രസ്ഥാനം പുലര്‍ത്തുക സാധ്യമല്ലെന്നും ജേക്കബ് കുര്യനു ബോധിച്ചു. തല്‍ഫലമായി കോട്ടയത്ത് ഒരു മഹായോഗം വിളിച്ചുകൂട്ടുന്നതിന് വേണ്ട ഒത്താശകള്‍ ചെയ്യുന്നതിലേക്ക് ജേക്കബ് കുര്യന്‍ കോട്ടയം പി. കെ. കൊച്ചീപ്പന്‍ തരകന്‍റെ സഹായം അവലംബിക്കുകയും അങ്ങനെ 1919-ല്‍ കോട്ടയത്തുവെച്ച് ഏബ്രഹാം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ഒരു മഹായോഗം നടത്തപ്പെടുകയും ചെയ്തു. 

ഈ മഹായോഗത്തില്‍ പ്രസിദ്ധ വാഗ്മിയും ചിന്തകനുമായ ശ്രീ. എ.എം. വര്‍ക്കി എം.എ. ബി.എല്‍. ഒരു പ്രധാന പ്രസംഗകനായിരുന്നു. പ്രസംഗം ഇംഗ്ലീഷിലായിരുന്നുവെങ്കിലും മാവേലിക്കര വെച്ച് അതിനൊരു പരിഭാഷകൂടെ തയ്യാറാക്കിയിരുന്നു. ഈ വിഷയത്തില്‍ എ. എം. വര്‍ക്കിക്ക് എന്‍റെ എളിയ കഴിവുകള്‍ സാമാന്യം ഉപയോഗപ്പെടുകയുണ്ടായി. പൗരാവകാശസമത്വവാദം എന്നതിനെ ശ്രീ. എ. എം. വര്‍ക്കി പൗരസമത്വവാദം എന്നു തിരുത്തി. അതുമുതല്‍ പൗരസമത്വവാദമായി പൗരാവകാശസമത്വവാദം രൂപാന്തരപ്പെട്ടു. ശ്രീ. എ. എം. വര്‍ക്കി എം.എ., ബി.എല്‍. ന്‍റെ പ്രസംഗം അത്യുല്‍കൃഷ്ടമായ രാഷ്ട്രീയ പരിജ്ഞാനത്തിന്‍റെയും ഉന്നത ചിന്തകളുടെയും ഒരു നിദര്‍ശനമായിരുന്നു. തികഞ്ഞ സന്മാര്‍ഗിയും വിദ്വജ്ജനസമ്മതനും സംപൂജ്യനുമായ വലിയൊരു രാഷ്ട്രീയ ചിന്തകനും ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ വാഗ്മിയുമായ ശ്രീ. എ. എം. വര്‍ക്കിയുടെ പ്രസംഗം മലയാള മനോരമ, കേരളഭാരതി, നസ്രാണിദീപിക, ദേശാഭിമാനി (ഈഴവരുടെ) എന്നീ പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തി. പ്രസ്തുത പ്രസംഗം തിരുവിതാംകൂര്‍ ഗവണ്മെന്‍റിന്‍റെ കണ്ണുതുറപ്പിക്കുവാന്‍ പര്യാപ്തമായിരുന്നു. 

37. കോട്ടയം യോഗം

ഈ പ്രസ്ഥാനത്തെ വളര്‍ത്തി ശക്തിപ്പെടുത്തേണ്ടത് തിരുവിതാംകൂറിലെ അസമത്വസമുദായങ്ങളുടെ സര്‍വ്വപ്രധാനമായ രാഷ്ട്രീയാവശ്യമാകയാല്‍ അതിലേക്ക് ഒരു ശരിയായ സംഘടന രൂപീകരിക്കയെന്നതായിരുന്നു കോട്ടയം യോഗത്തിന്‍റെ മറ്റൊരു ലക്ഷ്യം. കോട്ടയം യോഗത്തില്‍ മലങ്കര സുറിയാനിക്കാര്‍, മാര്‍ത്തോമ്മാക്കാര്‍, റോമന്‍ കത്തോലിക്കര്‍, മുസ്ലീങ്ങള്‍, ഈഴവര്‍ എന്നിവര്‍ സമുദായഭേദമെന്യേ സംബന്ധിച്ചിരുന്നു. യോഗാവസ്ഥയില്‍ അഖില തിരുവിതാംകൂര്‍ പൗരസമത്വവാദക്കമ്മിറ്റി എന്ന പേരില്‍ ഒരു കമ്മിറ്റിയെ രൂപീകരിച്ചു. സെക്രട്ടറിമാരായി ശ്രീ. ജോണ്‍ ചാണ്ടി, പി. കെ. കൊച്ചീപ്പന്‍ തരകന്‍ എന്നിവരെ തെരഞ്ഞെടുത്തു. പക്ഷേ, ജോണ്‍ ചാണ്ടിയുടെ സ്ഥാനത്ത് ജനറല്‍ സെക്രട്ടറിയായി തന്നെ തെരഞ്ഞെടുക്കുമെന്നായിരുന്നു ശ്രീ. ജേക്കബ് കുര്യന്‍ പ്രതീക്ഷിച്ചിരുന്നത്. കോട്ടയം യോഗത്തിന്‍റെ പ്രധാന പ്രവര്‍ത്തകനെങ്കിലും രംഗത്ത് തലകാണിക്കാതെ സൂത്രധാരത്വം വഹിച്ചിരുന്ന കെ. സി. മാമ്മന്‍ മാപ്പിളയുടെ ക്ലിക്ക് പണിയും പകവീട്ടലുമാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തന്നെ നിയമിക്കാത്തതിന്‍റെ പ്രധാന കാരണമെന്ന് ജേക്കബ് കുര്യന്‍ കരുതി. 

ശ്രീ. കെ. സി. മാമ്മന്‍ മാപ്പിളയും ശ്രീ. ജേക്കബ് കുര്യനും മരണപര്യന്തം അസുഖത്തില്‍ കഴിയുന്നതിന് ഇതു ഒരു കാരണമായിത്തീര്‍ന്നു. ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിപ്പാന്‍ ജേക്കബ് കുര്യന് വേണ്ടത്ര യോഗ്യത ഇല്ലെന്നായിരുന്നു കോട്ടയം യോഗത്തില്‍ സംബന്ധിച്ചിരുന്ന സമുദായ പ്രമാണികളായ എല്ലാവരുടെയും അന്തരംഗത്തില്‍ കുടികൊണ്ടിരുന്ന അഭിപ്രായം. തന്നെ ജനറല്‍ സെക്രട്ടറി ആക്കിയില്ലെന്നുള്ള സംഗതി ജേക്കബ് കുര്യനെ വളരെയധികം ഇച്ഛാഭംഗപ്പെടുത്തിയെങ്കിലും പൗരസമത്വവാദ പ്രസ്ഥാനത്തില്‍ നിന്ന് പിന്തിരിയുവാന്‍ ജേക്കബ് കുര്യനു നിര്‍വ്വാഹമില്ലായിരുന്നു. 'പൗരാവകാശവാദ' പ്രസ്ഥാനം മുതല്‍ പൗരസമത്വവാദപ്രസ്ഥാനം വരെയ്ക്കുള്ള പദ്ധതികളില്‍ ഭാഗഭാക്കാകാതെ നിന്നിരുന്ന മനോരമയും കെ. സി. മാമ്മന്‍ മാപ്പിളയും ഇവിടം മുതല്‍ പൗരസമത്വവാദ വിജയത്തിനുവേണ്ടി കൊണ്ടുപിടിച്ച് ഉത്സാഹിച്ചു തുടങ്ങി. അതോടുകൂടി ഈഴവസമുദായ നേതാവായ ടി. കെ. മാധവനും സി. വി. കുഞ്ഞുരാമനും മുസ്ലീം സമുദായ നേതാവായ പി. എസ്. മുഹമ്മദും പൗരസമത്വവാദ പ്രസ്ഥാനത്തിന്‍റെ വിജയത്തിനായി പ്രയത്നം ആരംഭിച്ചു. മനോരമ പത്രവും കെ. സി. മാമ്മന്‍ മാപ്പിളയും മുന്നിട്ടിറങ്ങിയതോടു കൂടിയാണ്  ഈഴവര്‍, മൂസ്ലീങ്ങള്‍ തുടങ്ങിയുള്ള ഇതര സമുദായങ്ങള്‍ നിര്‍ഭയം പൊതുവെ പൗരസമത്വവാദ പ്രസ്ഥാനത്തെ അവലംബിച്ചതും അതിനുവേണ്ടി പോരാടുവാന്‍ സന്നദ്ധമായതും. പ്രഥമഘട്ടത്തില്‍ ഗവണ്മെന്‍റിന്‍റെയും മഹാരാജാവിന്‍റെയും അതൃപ്തിയെ ഭയന്ന് മനോരമ കേവലം മൗനം അവലംബിക്കയാണ് ചെയ്തത്. 

മനോരമയുടെ ഈ ദുസ്സഹമൗനം ക്രൈസ്തവരെ പൊതുവെ ക്ഷുബ്ധരാക്കിത്തീര്‍ക്കുമെന്നുള്ള ഒരു ഘട്ടത്തില്‍ മാത്രമാണ് മി. മാമ്മന്‍ മാപ്പിള ഇതിനെ കൈയിലേന്തിയത്. എന്നാല്‍ പൗരസമത്വവാദപ്രസ്ഥാനം, പൗരാവകാശവാദപ്രസ്ഥാനമായും പൗരാവകാശസമത്വവാദപ്രസ്ഥാനമായും മുട്ടിന്മേലിഴയുന്ന കാലത്ത് അങ്ങനെയൊരു പ്രസ്ഥാനവും പ്രക്ഷോഭണവും രൂപീകരിച്ച് അതിനുവേണ്ടി പ്രവര്‍ത്തിപ്പാനും അതിനു നേതൃത്വം കൊടുപ്പാനും മുന്നിട്ടിറങ്ങിയത് ശ്രീ. ജേക്കബ് കുര്യന്‍ മാത്രമായിരുന്നു. ജേക്കബ് കുര്യനെ സഹായിപ്പാനും പിന്തുണ നല്‍കുവാനും ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ വിനീതനായ ഞാന്‍ മാത്രം. ആദ്യകാലത്ത് ഈ വിഷയം സംബന്ധിച്ച് ലേഖനങ്ങള്‍ എഴുതുവാന്‍ ഞങ്ങള്‍ രണ്ടാളുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. പേര്‍ വെച്ചും പേര്‍ വെയ്ക്കാതെയും പല ലേഖനങ്ങള്‍ ഞാന്‍ കേരളീയാഭിമാനിയില്‍ എഴുതിയിട്ടുണ്ട്. പേര്‍ വെച്ചെഴുതിയിട്ടുള്ള ലേഖനങ്ങളില്‍ ചിലവയുടെ പേരും എഴുതിയ ആണ്ടും താഴെ ചേര്‍ക്കുന്നു. 

ലോകസ്മാരകവും പൗരാവകാശ സ്ഥാപനവും (കേരളീയാഭിമാനി). 

ഗാന്ധിനാമവും ഗൂഢാസ്ത്രപ്രയോഗവും (കേരളീയാഭിമാനി). 

സ്വരാജ്യകക്ഷിയും വിദേശീയ മേധാവിത്വവും (കേരളീയാഭിമാനി).

പുരാതന സുറിയാനിക്കാരുടെ യുദ്ധവൈദഗ്ദ്ധ്യം (നസ്രാണിദീപിക).

നായന്മാരും നസ്രാണികളും (സമദര്‍ശി) 

തിരുവിതാംകൂറിനുവേണ്ടി രക്തം ഒഴുക്കിയവര്‍ ആരൊക്കെ (നവഭാരതി).

പൗരസമത്വവാദപരമായ ലേഖനങ്ങള്‍ എഴുതുന്നതിനു പുറമെ അവിടവിടെ പൗരസമത്വവാദ മഹായോഗങ്ങള്‍ നടത്തുന്നതിനും ഞങ്ങള്‍ തീരുമാനിച്ചു. അതനുസരിച്ച് മദ്ധ്യതിരുവിതാംകൂറില്‍ പല സ്ഥലത്തും ഞങ്ങള്‍ ഒരുമിച്ച് യോഗങ്ങള്‍ വിളിച്ചുകൂട്ടുകയും പ്രസംഗിക്കുകയും ചെയ്തു. മി. ജേക്കബ് കുര്യന്‍റെ വാഗ്മിത്വ കല ഏറ്റവും ഹൃദയാകര്‍ഷകവും ഉജ്ജ്വലവുമായിരുന്നു. എന്‍റെ പ്രസംഗങ്ങള്‍ എല്ലാംതന്നെ പൂര്‍വ്വിക സുറിയാനി ക്രിസ്ത്യാനികളുടെ യുദ്ധസേവനം, രാജ്യസേവനം എന്നു തുടങ്ങിയുള്ള പഴയ വിഷയങ്ങള്‍ മാത്രമായിരുന്നു. 

38. പൗസമത്വവാദ സമ്മേളനങ്ങള്‍

കേരളീയാഭിമാനിക്ക് ഉത്തരതിരുവിതാംകൂറില്‍ അധികമൊന്നുംതന്നെ പ്രചാരമുണ്ടായിരുന്നില്ല. എന്നാല്‍ നസ്രാണി ദീപികയിലെ എന്‍റെ ലേഖനപരമ്പരകള്‍ വഴിക്ക് ഞാന്‍ ഉത്തരതിരുവിതാംകൂറിലെ റോമന്‍ കത്തോലിക്കരുടെ ഇടയില്‍ സാമാന്യം നല്ലതിന്മണ്ണം അറിയപ്പെട്ടിരുന്നു. അതിനാല്‍ പൗരസമത്വവാദ യോഗങ്ങളില്‍ പ്രസംഗിക്കുന്നതിനുള്ള ക്ഷണക്കത്ത് വന്നുചേര്‍ന്നാലുടന്‍ ജേക്കബ് കുര്യന്‍ എന്നെ നിര്‍ബന്ധിക്കുന്നതില്‍ ഒരു അമാന്തവും വിചാരിച്ചിരുന്നില്ല. എന്‍റെ തൊഴില്‍ മുടക്കിയശേഷം യാത്ര ചെയ്യുകയെന്നത് എനിക്ക് പ്രയാസമായിരുന്നു. എന്നിരിക്കിലും ജേക്കബ് കുര്യന്‍റെ നിര്‍ബന്ധം മൂലം തിരുവല്ലാ, ചങ്ങനാശ്ശേരി, മൂവാറ്റുപുഴ, കോതമംഗലം, ആരക്കുഴ മുതലായ സ്ഥലങ്ങളില്‍ വെച്ചു നടത്തപ്പെട്ട പൗരസമത്വവാദ മീറ്റിംഗുകളില്‍ ഞാന്‍ കൂടി സംബന്ധിച്ചിരുന്നു. പുത്തന്‍കാവ്, പള്ളിക്കല്‍, കല്ലിശ്ശേരി എന്നീ സ്ഥലങ്ങളില്‍ വെച്ച് നടത്തപ്പെട്ട മഹായോഗങ്ങളിലും ഞാന്‍ പ്രസംഗിക്കുകയുണ്ടായി. ഓമല്ലൂര്‍ വെച്ച് മി. എ. എം. വര്‍ക്കി എം.എ. ബി.എല്‍. ന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ പൗരസമത്വവാദ മഹായോഗത്തില്‍ ഞാന്‍ ചെയ്തതായ പ്രസംഗം യുവാക്കന്മാര്‍ക്ക് പ്രചോദനം നല്‍കി. കേരളീയ നസ്രാണികളുടെ പൂര്‍വ്വചരിത്രം എന്തായിരുന്നുവെന്ന് മനസ്സിലാകുംതോറും ഓരോ ക്രൈസ്തവ യുവാവും മുന്നോട്ടു കുതിക്കയായി. അങ്ങനെ രാഷ്ട്രീയാവകാശ സ്ഥാപനത്തിനു വേണ്ടിയുള്ള ശ്രമത്തില്‍ ക്രൈസ്തവരുടെ അഭിമാനധൈഷ്ണ്യം മറ്റുള്ളവര്‍ക്കും പ്രചോദനഹേതുകമായിത്തീര്‍ന്നു. പൗരസമത്വവാദത്തിനുവേണ്ടി പോരാടിയ ധീരനേതാക്കന്മാരുടെ പേരുകള്‍ കൂടി ഇവിടെ രേഖപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് വിചാരിക്കുന്നു. കോതമംഗലം ഇലഞ്ഞിക്കല്‍ തര്യതു കുഞ്ഞിത്തൊമ്മന്‍, ജോണ്‍ നിധിയിരി വക്കീല്‍, എ. പി. മാമ്മന്‍ കശ്ശീശ, പി. ജേക്കബ് കുര്യന്‍, ഇ. ജെ. ജോണ്‍ വക്കീല്‍, കെ. സി. മാമ്മന്‍ മാപ്പിള, പി. കെ. കൊച്ചീപ്പന്‍ തരകന്‍, പുത്തന്‍പറമ്പില്‍ കെ. ഐ. കൊച്ചീപ്പന്‍ മാപ്പിള, കണ്ടത്തില്‍ കൊച്ചുമാമ്മന്‍ വക്കീല്‍, പുത്തന്‍കാവ് സി. ഒ. ഉമ്മന്‍, ഇഞ്ചക്കലോടിയില്‍ ഏബ്രഹാം വക്കീല്‍, മൂവാറ്റുപുഴ പിട്ടാപ്പിള്ളി ഉതുപ്പു വൈദ്യന്‍, അയിരൂര്‍ സി. പി. തോമസ്, ചാണ്ടി മുക്കാടന്‍, കോമലേഴുത്തു ടി. കെ. മാധവന്‍, ആലുവാ മക്കാര്‍പിള്ള, പി. എസ്. മഹമ്മദ്, (കണ്ടത്തില്‍) കെ. സി. ഈപ്പന്‍, എ. എം. വര്‍ക്കി, പുത്തന്‍കാവ് കെ. ജി. ചെറിയാന്‍, ആവിയോട്ട് എം. ജി. മാത്യു എന്നിവരുടെ പേരുകള്‍ പ്രത്യേകം സ്മരണീയമാണ്. രാജസഭാഭൂഷണന്‍ കെ. ചാണ്ടി, റാവു ബഹദൂര്‍ ഒ. എം. ചെറിയാന്‍ എന്നിവര്‍ ഈ വിഷയത്തില്‍ രംഗത്ത് പ്രത്യക്ഷപ്പെടാതെ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍. ഹൈക്കോര്‍ട്ട് ജഡ്ജി കെ. കെ. ചാക്കോ ഈ വിഷയത്തില്‍ വളരെ പ്രേരണ ചെലുത്തിയിരുന്നു. 

റോമാ സഭാംഗമായ റവ. ഫാ. വെട്ടിക്കാപ്പള്ളിയും വളരെയധികം മുന്നിട്ടുനിന്നു പ്രവര്‍ത്തിച്ച ഒരു ദേഹമായിരുന്നു. മേല്‍പ്പറഞ്ഞവരെല്ലാം ദേവസ്വം റവന്യൂ വിഭജനം മൂലം അസമത്വവര്‍ഗ്ഗങ്ങള്‍ക്ക് പബ്ലിക് സര്‍വീസിലും തിരുവിതാംകൂര്‍ പട്ടാളവകുപ്പിലും തുല്യാവകാശം ലഭിക്കുന്നതിനുവേണ്ടി വിവിധരൂപത്തില്‍ പ്രവര്‍ത്തിച്ചവരാണെങ്കിലും ഇങ്ങനെയൊരു സമത്വം അനുവദിപ്പാന്‍ തിരുവിതാംകൂര്‍ മഹാരാജാവിനെയും (ശ്രീമൂലം രാമവര്‍മ്മ) ഗവണ്മെന്‍റിനെയും സുശക്തമായി പ്രേരിപ്പിച്ചത് മദ്രാസ് ഗവര്‍ണ്ണര്‍ ലോര്‍ഡ് വെല്ലിംഗ്ടണ്‍ പ്രഭുവിന്‍റെ പ്രസംഗമായിരുന്നു. ഗവര്‍ണ്ണരുടെ പ്രസംഗം തിരുവിതാംകൂര്‍ ഗവണ്മെന്‍റിന് നയതന്ത്രപരമായ ഒരു ആജ്ഞ കൂടിയായിരുന്നു. ഇതനുസരിച്ച് 1919-ല്‍ ദേവസ്വം റവന്യൂ വിഭജനം ഉണ്ടാവുകയും സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് പ്രജകളുടെ ജാതിയും മതവും തടസ്സമായിരുന്ന പഴയ പാരമ്പര്യം എന്നേക്കുമായി അവസാനിക്കുകയും ചെയ്തു.

(എന്‍റെ ജീവിതയാത്ര (ആത്മകഥ), ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്, ജീവന്‍ പബ്ലിക്കേഷന്‍സ്, ചുനക്കര, 2002)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)