വി. മൂറോന്‍ കൂദാശ: പൗലോസ് മാര്‍ അത്താനാസ്യോസിന്‍റെ കല്പനയും തൃശൂര്‍ പള്ളിയുടെ മറുപടിയും (1932)

 ദൈവകൃപയാല്‍ അങ്കമാലി, കൊച്ചി ഇടവകകളുടെ പൗലൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും. 

(മുദ്ര)

നമ്പര്‍ 18

നമ്മുടെ തൃശ്ശൂര്‍ പള്ളിയിലെ വികാരിയും ദേശത്തുപട്ടക്കാരും കൈക്കാരനും ശേഷം ജനങ്ങളും കൂടിക്കണ്ടെന്നാല്‍ നിങ്ങള്‍ക്ക് വാഴ്വ്.

പ്രിയരെ, സുറിയാനിക്കണക്കിന് നീസോന്‍ മാസം 9-ാം തീയതിക്ക് കൊല്ലവര്‍ഷം 1107-ാമാണ്ട് മേടമാസം 10-ാം തീയതി വെള്ളിയാഴ്ച കോട്ടയം പഴയസെമിനാരി ചാപ്പലില്‍ വച്ച് മൂറോന്‍ കൂദാശ നടത്തണമെന്ന് നിശ്ചയിച്ച് രണ്ടാമത്തെ ഗീവറുഗ്ഗീസ് ആയ ബസേലിയോസ് കാതോലിക്കാ എന്നു പറഞ്ഞുവരുന്ന ആള്‍ നമ്മുടെ അധികാരത്തില്‍ വന്ന പള്ളികള്‍ക്ക് ടി ആവശ്യത്തിലേക്ക് ദ്രവ്യസഹായം ചെയ്യണമെന്നും വൈദികന്മാരും ജനങ്ങളും ആ കര്‍മ്മത്തില്‍ സംബന്ധിക്കണമെന്നും കാണിച്ച് ഒരു രേഖ അയച്ചിരിക്കുന്നതായി നാം അറിയുന്നു.

വി. മൂറോന്‍ കൂദാശ നടത്തുന്നതിന് ടി രേഖാകര്‍ത്താവിന് അധികാരവും അവകാശവും ഇല്ലെന്നുള്ള സംഗതി നിങ്ങള്‍ക്ക് അറിവുള്ളതാണെന്ന് നാം വിചാരിക്കുന്നു. വിശുദ്ധ അന്തോഖ്യാ സിംഹാസനത്തില്‍ വാഴുന്ന പാത്രിയര്‍ക്കീസന്മാരല്ലാതെ ആരും സ്വമേധയായി ഇന്നുവരെ നടത്തിയിട്ടില്ലാത്ത ഈ കര്‍മ്മം നടത്താമെന്ന് വിചാരിക്കുന്ന ആളിന്‍റെ ഈ സാഹസിക പ്രവൃത്തിയെപ്പറ്റി നാം എന്തു പറയേണ്ടൂ. നമ്മുടെ ഇടയില്‍ എഴുന്നള്ളി കാലം ചെയ്ത നി. വ. ദി. മ. ശ്രീ. മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് ഏലിയാസ് പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ട് കൊല്ലവര്‍ഷം 1106-ാമാണ്ട് മിഥുന മാസം 22-ാം തീയതി കുറുപ്പംപടി പള്ളിയില്‍ മലയാളത്തുള്ള നമ്മുടെ എല്ലാ പള്ളികളിലെയും പ്രതിപുരുഷന്മാരെ വിളിച്ചുകൂട്ടി മലയാളത്തേക്കുള്ള തിരുമനസ്സിലെ എഴുന്നള്ളത്തു മുതല്‍ ടി തിയതി വരെയുള്ള ചരിത്രം ചുരുക്കമായി പ്രസ്താവിച്ചും സ്ഥാനഭ്രംശം ചെയ്യപ്പെട്ട അബ്ദല്‍ മശിഹായില്‍ നിന്ന് ലഭിച്ചു എന്ന് പറയുന്ന കാതോലിക്കാ സ്ഥാനം അസാധു ആണെന്നും കാതോലിക്കാ സ്ഥാപനം സഭയില്‍ ഏര്‍പ്പെടുത്തുവാന്‍ തിരുമനസ്സിലേക്ക് നിവൃത്തിയില്ലെന്നും മറ്റും വിവരിച്ചും ഏറ്റവും വ്യക്തമായും ആര്‍ക്കും മനസ്സിലാകത്തക്കവിധത്തിലും അതിഗംഭീരമായി ചെയ്ത പ്രസംഗം നിങ്ങളില്‍ അനേകപേരും നേരിട്ട് കേട്ടിട്ടുള്ളതിനാല്‍ കൂടുതലായി ഈ സംഗതിയെപ്പറ്റി നാം നിങ്ങളെ എഴുതി അറിയിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

അതിനാല്‍ മേല്‍ വിവരിച്ച കര്‍മ്മത്തില്‍ നിങ്ങള്‍ സംബന്ധിക്കുകയാകട്ടെ അതിലേക്ക് ദ്രവ്യസഹായം ചെയ്യുകയാകട്ടെ ചെയ്യരുതെന്ന് മാത്രമല്ല ആ സാധനം വാങ്ങി ഉപയോഗിക്കുകയും അരുത് എന്ന് നാം നിങ്ങളെ അറിയിച്ചിരിക്കുന്നു.

ദൈവകൃപ നിങ്ങള്‍ എല്ലാവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. 

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ... ഇത്യാദി.

എന്ന് 1932-ന് 1107 മീന മാസം 27-ാം തീയതി ആലുവാ തൃക്കുന്നത്ത് സെമിനാരിയില്‍ നിന്നും. 

ഒപ്പ്

മറുപടി

നിതാന്ത വന്ദ്യ ദിവ്യശ്രീ അങ്കമാലി ഇടവകയുടെ പൗലൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ തിരുമനസ്സിലേക്ക്,

നിതാന്ത വന്ദ്യ പിതാവേ, തിരുമനസ്സുകൊണ്ട് 1107 മീനം 27-ാം തീയതി വച്ച് 18-ാം നമ്പര്‍ ആയി ഈ പള്ളിക്ക് അയച്ച കല്പന കിട്ടി വായിച്ചു കണ്ടതില്‍ എത്രയും ആശ്ചര്യപ്പെടുന്നു. തിരുമേനി കൊച്ചി ഇടവകയുടെ മെത്രാന്‍ കൂടി ആണെന്ന് ഇവിടെ അംഗീകരിക്കുകയോ അംഗീകരിക്കാന്‍ അര്‍ഹതയുണ്ടാകയോ ചെയ്തിട്ടില്ലെന്നുള്ള വസ്തുത തിരുമനസ്സിലേക്ക് അറിയാവുന്നതാണല്ലോ. ആ അവസ്ഥയ്ക്ക് ഈ പള്ളി തിരുമനസ്സിലെ അധികാരത്തില്‍പ്പെട്ടതാണെന്ന് ധരിച്ച് കല്പന ഇങ്ങോട്ടയപ്പാന്‍ അവകാശമില്ലാത്തതാണെന്ന് സവിനയം അറിയിച്ചുകൊള്ളുന്നു. പരദൂഷണമായ ഈ കല്പന ഇവിടുത്തെ പള്ളിക്ക് സ്വീകാര്യമല്ല. അതിങ്ങോട്ട് അയച്ചതിന്‍റെ സാധ്യം എന്തെന്ന് മനസ്സിലാകുന്നില്ല. ഇപ്പോള്‍ മലങ്കരയില്‍ വാഴുന്ന മോറാന്‍ മാര്‍ ബസേലിയോസ് കാതോലിക്കാ ബാവാ ഈ പള്ളി സന്ദര്‍ശിക്കുകയും ഇടവകജനങ്ങള്‍ അത്യാദരം ആ തിരുമേനിയെ അംഗീകരിക്കുകയും ചെയ്തിട്ടുള്ള വസ്തുത ആലുവായില്‍ ഇരിക്കുന്ന തിരുമേനിയുടെ തിരുമനസ്സില്‍ ഗ്രഹിക്കായ്കയോ ഗ്രഹിച്ചിട്ട് മറന്നുപോയതോ ഏതാണ് ഈ കല്പനയ്ക്ക് വഴികാട്ടിയെന്ന് അടിയങ്ങള്‍ക്ക് ആലോചിച്ചിട്ട് ഉണ്ടാകുന്നില്ല.

കുറുപ്പംപടി യോഗത്തെപ്പറ്റിയും മറ്റും കല്പനയില്‍ പ്രസ്താവിച്ചിട്ടുള്ളത് വാസ്തവവിരുദ്ധമല്ലയോ എന്ന് ഒന്നുകൂടി തിരുമനസ്സുകൊണ്ട് മനസ്സിരുത്തി ആലോചിച്ചു നോക്കുവാന്‍ അപേക്ഷയുണ്ട്. മോറാന്‍ മാര്‍ ഏലിയാസ് പാത്രിയര്‍ക്കീസ് ബാവാ കുറുപ്പംപടി പള്ളിയില്‍ നമ്മുടെ മലയാളത്തുള്ള എല്ലാ പള്ളിയിലെയും പ്രതിപുരുഷന്മാരെ വിളിച്ചുകൂട്ടി എന്ന് പറയുന്നത് വാസ്തവവിരുദ്ധമല്ലേ. ഇവിടുത്തെ പള്ളിക്ക് അങ്ങനെ ഒരു കല്പന തിരുമേനി മുഖാന്തിരമോ തിരുമേനിയുടെ അറിവിലോ അയച്ചിട്ടുണ്ടോ എന്ന് അവിടത്തെ റിക്കാര്‍ട്ടുകള്‍ ഒന്നുകൂടെ പരിശോധിച്ച് തൃപ്തിപ്പെടേണ്ടിയിരിക്കുന്നു. അങ്ങനെ ഒരു കല്പന ഇവിടെ കിട്ടിയിട്ടില്ല; അയച്ചിട്ടില്ല എന്ന് തീര്‍ത്തും പറയാം. അവിടെച്ചെന്ന് ചേര്‍ന്നവരെ ബാവാ, പോലീസുകാര്‍ ആദിയായ അധികാരസ്ഥന്മാര്‍ മുഖാന്തിരം ആട്ടി ഓടിക്കാന്‍ ഒരുമ്പെട്ട വേളയില്‍ തിരുമനസ്സുകൊണ്ട് അവിടെ സന്നിഹിതനായിരുന്നുവോ. ഒടുവില്‍ ഗത്യന്തരമില്ലാതെ ബാവാ ഒരു ശകാര പ്രസംഗം ചെയ്തു. അന്ന് ബാവാ ഉപായത്തില്‍ അപായംകണ്ട് വീറോടെ ഇരുന്ന് ചിലതെല്ലാം പറഞ്ഞു എന്നാണ് ദൃക്സാക്ഷികള്‍ക്ക് തോന്നിയത്. 

അതിനെ തിരുമേനി ഈ കല്പന മൂലം സാരഗര്‍ഭമാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് പരദേശത്തുകാരുടെ വാല് പിടിച്ച് നില്‍ക്കുന്നവരെ തൃപ്തിപ്പെടുത്തുവാന്‍ മാത്രമാണെന്നാന്ന് ഈയുള്ളവര്‍ വിലമതിക്കുന്നത്. 

മൂറോന്‍ കൂദാശയെപ്പറ്റി തിരുമേനിയുടെ അഭിപ്രായം കാനോന്‍ നിയമത്തിനും സഭാചട്ടത്തിനും അനുസരിച്ചിരിക്കുന്നില്ല. ഈ പള്ളിക്ക് ഇതേവരെ മൂറോന്‍ തിരുമനസ്സുകൊണ്ട് സംഭരിച്ചിട്ടുള്ളതില്‍ നിന്ന് തരികയോ വാങ്ങി ഉപയോഗിക്കുകയോ ഉണ്ടായിട്ടില്ലാത്ത അവസ്ഥയ്ക്ക് ഈ കല്പന ആ വിധത്തിലും അസ്ഥാനത്തില്‍ ആണെന്ന് ഉണര്‍ത്തിച്ചുകൊണ്ട് ചുരുക്കുന്നു.

എന്ന് തിരുമനസ്സുണര്‍ത്തിപ്പാന്‍ 

തൃശ്ശൂര്‍പള്ളി കൈക്കാരന്‍ കെ. വി. ഇയ്യാക്കു (ഒപ്പ് ) 5-9-07

ഇതാണ് തൃശ്ശൂര്‍ പള്ളിയുടെ സംസ്കാരം: സുതാര്യത. പറയാനുള്ളത് മുഖത്തുനോക്കി പറയും. 

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)